പാലക്കാട്: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ പാലക്കാട് ജില്ലയില്‍ വീണ്ടും സംഘര്‍ഷം. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ വാഹനങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്തു.വിക്ടോറിയ കോളജിനു മുന്നിലെ ബിജെപി പ്രവര്‍ത്തകരെ പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ കോളജിലെ വിദ്യാര്‍ഥികളെ നേരത്തേ പൂട്ടിയിടുകയും ചെയ്തിരുന്നു.
ഹർത്താൽ;സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടരുന്നു;തലശ്ശേരിയിൽ ബോംബേറ്
കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംഥാനത്ത് ബിജെപി പിന്തുണയോടെ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ ആക്രമണം. തലശേരിയില്‍ ബോംബേറുണ്ടായി. സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും തലശേരി ദിനേശ് ബീഡി കമ്ബനിക്ക് സമീപം ബോംബേറുണ്ടാവുകയും ചെയ്തു.പലയിടത്തും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.കണ്ണൂരിൽ ഒൻപത് ഹർത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷമുണ്ടായി. പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെ കല്ലേറുണ്ടാവുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് രാവിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി.പാലക്കാട് മരുതറോഡില്‍ കല്ലേറിയില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്.കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ് ആര്‍ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരുക്കേറ്റു.
നടയടച്ചത് ഗുരുതരവീഴ്ച;തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം തേടും
ശബരിമല:യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശബരിമല നടഅടച്ച സംഭവത്തിൽ തന്ത്രിയോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോർഡ്.ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചിക്കാതെ തന്ത്രി നടയടച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അതിനാല്‍ തന്ത്രി നല്‍കുന്ന വിശദീകരം തൃപ്തികരം അല്ലാത്ത സാഹചര്യം ഉണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.തന്ത്രി ശബരിമല നടയടച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.തന്ത്രിക്ക് ഏകപക്ഷീയമായി നടയടയ്ക്കാനുള്ള അധികാരമില്ല.ഇക്കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാനുവലിൽ പറയുന്നുണ്ട്.ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെന്നും മന്ത്രി പറഞ്ഞു.
കാസർകോട് ഹർത്താലിൽ സംഘർഷം;വാഹനങ്ങൾ തകർത്തു;പോലീസ് ലാത്തി വീശി;ഗ്രനേഡ് പ്രയോഗിച്ചു
കാസർകോഡ്:കാസർകോഡ് ജില്ലയിൽ ഹർത്താലിൽ വ്യാപക ആക്രമണം.ബന്തിയോട്ട് വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ രണ്ടു കാറുകള്‍ തകര്‍ത്തു.വ്യാഴാഴ്ച രാവിലെയാണ് ബന്തിയോട് ടൗണില്‍ ഒരു സംഘം വാഹനങ്ങള്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്.ഒരു ഇന്നോവ കാറും ഒരു സ്വിഫ്റ്റ് കാറും തകര്‍ത്തു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളെ ലാത്തി ഉപയോഗിച്ച് വിരട്ടിയോടിക്കുകയായിരുന്നു. ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്.
ഹർത്താലിനെതിരെ വ്യാപാരികൾ;കോഴിക്കോട് വ്യപാരികൾ കൂട്ടമായെത്തി കടകൾ തുറന്നു
കോഴിക്കോട്:ശബരിമല യുവതീ പ്രവേശനത്തിനെതിരെ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ വ്യാപാരികൾ.കോഴിക്കോട് വ്യാപാരികൾ കൂട്ടമായെത്തി കടകൾ തുറന്നു.നൂറോളം വ്യാപാരികള്‍ സംഘമായി എത്തി കടകള്‍ തുറക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. കൊച്ചിയിലും വ്യാപാരികൾ കടകൾ തുറന്നു.പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് പൊലീസ് നല്‍കുന്നതെന്ന് കൊച്ചിയിലെ വ്യാപാരികള്‍ പറഞ്ഞു. കൊല്ലം പള്ളിമുക്കില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു. പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്.തിരുവനന്തപുരതു കടകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യമെന്നു വ്യാപാരികള്‍ വ്യക്തമാക്കി. പൊലീസ് സംരക്ഷണം കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.ചാലയിൽ ഉള്‍പ്പെടെ കടകള്‍ തുറന്നിട്ടില്ല.
പന്തളത്ത് സംഘപരിവാർ പ്രകടനത്തിനിടെ കല്ലേറിൽ പരിക്കേറ്റ കർമസമിതി പ്രവർത്തകൻ മരിച്ചു
പന്തളം:ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് കർമ്മസമിതി പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ കർമ്മസമിതി പ്രവർത്തകൻ മരിച്ചു.കുരമ്ബാല സ്വദേശി ചന്ദ്രന്‍ ഉണ്ണിത്താനാണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി മാറിയതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.രാത്രി 10 നാണ് മരണം സംഭവിച്ചത്. സിപിഎം ഓഫീസില്‍ നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് ബിജെപി ആരോപിക്കുന്നു. പൊലീസും സിപിഎമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ചന്ദ്രന്റെ കുടുംബം ആരോപിച്ചു.സംഭവത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരായ കണ്ണന്‍ ,അജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കണ്ണൂരിൽ ഹർത്താലിൽ വ്യാപക അക്രമം;9 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
കണ്ണൂർ:ശബരിമല യുവതീ പ്രതിഷേധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ കണ്ണൂരിൽ ജില്ലയിൽ വ്യാപക അക്രമം.റയിൽവെ സ്റ്റേഷന് മുന്നിൽ പകുതി ഷട്ടർ തുറന്ന് പ്രവർത്തിക്കുകയായിരുന്നു കട അക്രമികൾ അടിച്ചുതകർത്തു.റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹർത്താൽ അനുകൂലികൾ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ലുകൾ അടിച്ചുതകർത്തു.കണ്ണൂര്‍ താളിക്കാവില്‍ ബിജെപി ഓഫീസിനു മുന്നിൽ ഹര്‍ത്താലനുകൂലികള്‍ രോഗികള്‍ക്ക് രക്തം നല്‍കാന്‍ പോയ സന്നദ്ധ സംഘടനയുടെ ജീപ്പ് തകര്‍ത്ത് സന്നദ്ധ പ്രവർത്തകരെ ആക്രമിച്ചു.തണല്‍ വീട് എന്ന വൃദ്ധ മന്ദിരത്തിലെ വാഹനമാണ് തകര്‍ത്തത്. പയ്യന്നൂർ എടാട്ട് കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി.അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഒമ്പതുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്ത് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി;പലയിടത്തും അക്രമം
തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. പ്രതിഷേധവും ഹര്‍ത്താല്‍ ആചരണവും സമാധാനപരമായിരിക്കണമെന്ന് ബി.ജെ.പി സംസ്ഥാനകമ്മിറ്റി അഭ്യര്‍ഥിച്ചിട്ടുണ്ട്. പാല്‍, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീര്‍ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്‌തംഭിച്ച നിലയിലാണ്. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു.നിരവധി സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറുണ്ടായി. വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. യുവതീപ്രവേശനത്തിന് പിന്നാലെ ഇന്നലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഡി.ജി.പിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു യോഗം. ശബരിമല കര്‍മസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും ചീഫ് സെക്രട്ടറി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല യുവതീ പ്രവേശനം;പള്ളിക്കുന്ന് ദേശീയപാതയ്ക്കിരുവശവും പ്രതിഷേധക്കാർ തീയിട്ടു
കണ്ണൂർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർ പള്ളിക്കുന്ന് ദേശീയപാതയിൽ വനിതാ കോളേജിന് സമീപം റോഡിന് ഇരുവശവും തീയിട്ടു.ടയർ കത്തിച്ചു ഇട്ടതിനാൽ വലിയ പുകയാണ് ഉയർന്നത്.ഇതോടെ ദേശീയപാതയിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.ഫയർ ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ടൗൺ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ശബരിമല ദർശനം നടത്തിയ യുവതികളെ പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി
പത്തനംതിട്ട:ശബരിമല ദർശനം നടത്തിയ ബിന്ദുവിനെയും കനകദുർഗ്ഗയെയും പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഇവരെ പമ്പയിൽ നിന്നും പത്തനംതിട്ടയിലേക്ക് മാറ്റി.ഇവിടെ നിന്നും അങ്കമാലിയിലെത്തിച്ച യുവതികളെ കുളിക്കാനും മറ്റുമുള്ള സൗകര്യം ഒരുക്കിയ പോലീസ് ശേഷം ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.യുവതികളെ എങ്ങോട്ടാണ് മാറ്റിയതെന്ന് സുരക്ഷ മുൻനിർത്തി പോലീസ് പുറത്തുവിട്ടിട്ടില്ല.അതേസമയം യുവതിൽ ശബരിമല ദർശനം നടത്തിയെന്ന് സ്ഥിതീകരിച്ചതിനു പിന്നാലെ രണ്ടുപേരുടെയും വീടുകൾക്കും പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിനി ബിന്ദു ഹരിഹരൻ(42),മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗ(45) എന്നിവരാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ ശബരിമല ദർശനം നടത്തിയത്.