കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മംഗളൂരുവില്‍ എസി ടെക്‌നീഷ്യനായ കടമ്ബാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍ കുമാര്‍ (27), കുമ്ബള ഷിറിയയിലെ വസന്തന്‍ (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം.കടമ്ബാര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനു സമീപത്തായാണ് ഗുരുപ്രസാദിനും കിരണിനും വെട്ടേറ്റത്.മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരു പ്രസാദിന് വയറിന് പിറകുവശത്തും കൈക്കുമാണ് പരിക്ക്. കിരണിന്‍റെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. കുമ്ബള ഷിറിയ സ്‌കൂളിന് സമീപത്താണ് വസന്തന് കുത്തേറ്റത്.ഷിറിയ സ്കൂളിന് സമീപം താമസിക്കുന്ന ദിവാകരന്റെ മകൻ ചരൺ രാജിനെ ഒരു സംഘം മർദിക്കുന്നത് തടയാനെത്തിയപ്പോഴാണ് വസന്തന് വെട്ടേറ്റത്.കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ പുതിയതെരുവിൽ ബിജെപി ഓഫീസിന് തീയിട്ടു
കണ്ണൂർ:കണ്ണൂർ പുതിയതെരുവിൽ ബിജെപി ഓഫീസിന് തീയിട്ടു.റക്കല്‍ ധനരാജ് തിയേറ്ററിന് സമീപത്തുള്ള പഞ്ചായത്ത് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനകത്തുണ്ടായിരുന്ന ബോര്‍ഡുകളും കൊടികളും കത്തിനശിച്ചു. മേല്‍ക്കൂര ഭാഗികമായി തീപിടിച്ചു. ഓഫീസിന് മുന്നില്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സുരേശൻ എന്നയാൾക്ക് പരിക്കേറ്റു.ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ തീയിട്ട ശേഷം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പരിക്കേറ്റയാൾ പൊലീസിന് മൊഴി നൽകി.വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഹർത്താൽ;അക്രമങ്ങളിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും;നഷ്ടപരിഹാരം നൽകിയാൽ മാത്രം ജാമ്യം
തിരുവനന്തപുരം:ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്ത് നടന്ന ഹർത്താലിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ തീരുമാനം.പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രമേ അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടുകയുള്ളൂ.സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും തീരുമാനമായി.സംസ്ഥാനത്താകെ നിലവില്‍ അറുന്നൂറോളം കേസുകളാണ് ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 745 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് .
ശ്രീലങ്കൻ യുവതി ദർശനത്തിനെത്തിയതായി അഭ്യൂഹം;ശബരിമലയിൽ വീണ്ടും സംഘർഷം
ശബരിമല:ശ്രീലങ്കന്‍ യുവതി മലകയറിയെന്ന അഭ്യൂഹം സന്നിധാനത്ത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കി.ഭര്‍ത്താവിനും മകനുമൊപ്പം ശശികല എന്ന യുവതിയാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്. ശശികല മലകയറുന്നു എന്ന വിവരം ലഭ്യമായതിനെ തുടര്‍ന്ന് നടപ്പന്തലില്‍ വലിയ സംഘമാളുകള്‍ നാമജപ പ്രതിഷേധവുമായി കാത്ത് നില്‍ക്കുകയും ചെയ്തു.എന്നാല്‍ ഇവര്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നും പോലീസ് തിരിച്ചയക്കുകയാണ് ഉണ്ടായത് എന്നും ശശികലയുടെ ഭർത്താവ് അറിയിച്ചു.രാത്രി ഒന്‍പതരയോടെ, കുടുംബമായെത്തിയ യുവതി ദര്‍ശനം നടത്തിയെന്നും പതിനൊന്നു മണിയോടെ, മടങ്ങിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.എന്നാല്‍, പതിനൊന്നിന് നടയടച്ച ശേഷം യുവതിയുടെ ഭര്‍ത്താവിനെയും മകനെയും സന്നിധാനത്തു വച്ച് മാധ്യമപ്രവര്‍ത്തകര്‍ കണ്ടു.ചോദ്യങ്ങളോടു പ്രതികരിയ്ക്കാതെ മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറിയ ശശിയുടെ ഭർത്താവ് ശരവണമാരൻ പിന്നീട് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.ഞങ്ങള്‍ ഒരുമിച്ചാണ് മല കയറിയത്. എന്നാല്‍, ഭാര്യ പകുതിക്കുവെച്ച് യാത്ര അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് അതിരൂക്ഷമായിട്ടായിരുന്നു ശശികലയുടെ പ്രതികരണം. ‘’48 ദിവസം പൂര്‍ണവ്രതമെടുത്താണ് താൻ ദർശനം നടത്താനെത്തിയത്.എന്നാല്‍ എനിയ്ക്ക് ദര്‍ശനം നടത്താന്‍ പൊലീസ് അനുമതി നല്‍കിയില്ല. എന്തിനാണ് എന്നെ തടഞ്ഞതെന്ന് അറിയില്ല. പൊലീസ് എന്നെ തിരിച്ചിറിക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന്റെ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ലെന്നും’’ ശശികല പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും സംഘർഷസാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു.അക്രമസംഭവങ്ങൾ തുടരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.ചുരുങ്ങിയത് രണ്ട് ദിവസം കൂടിയെങ്കിലും സംസ്ഥാനത്ത് സംഘർഷം തുടരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. കോഴിക്കോട്, തൃശൂർ, പാലക്കാട്,കൊല്ലം,കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഡിജിപിയുടെ നിർദ്ദേശ പ്രകാരം ഈ ജില്ലകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഇന്നലെ നടന്ന സംഘർഷത്തിൽ കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമായി ഓരോ പോലീസ് സ്റ്റേഷനിലും നാലു പേരടുങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ തലത്തിൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ട്. അക്രമണങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ ഫോട്ടോ ആൽബം തയാറാക്കും.അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തവരെ കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കാനാണ് പോലീസ് നീക്കം.
സംഘർഷം തുടരുന്നു;മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്:ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറുണ്ടായി.കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്.പുലർച്ചെ രണ്ടുമണിയോടു കൂടിയാണ് ബോംബേറുണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. ഒന്ന് നിലത്ത് വീണ് പൊട്ടി.പേരാമ്പ്ര പൊലീസ് കേസെടുത്തു. അതേസമയം സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാനും കരുതല്‍ നടപടി സ്വീകരിക്കാനും ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളെ എസ്പിമാരുടെ കീഴില്‍ രൂപീകരിക്കും. അക്രമികളുടെ വിവരങ്ങള്‍ ഇന്‍റലിജന്‍സ് തയ്യാറാക്കും, കുറ്റക്കാരുടെ ഫോട്ടോ പതിച്ച ഡേറ്റാ ആല്‍ബം തയ്യാറാക്കുകയും ചെയ്യും.അക്രമികളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ആയുധ ശേഖരമുണ്ടോയെന്ന് അറിയാനായി വീടുകളില്‍ പരിശോധന നടത്തുകയും വേണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം
മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു;പന്തളത്തെ കർമസമിതി പ്രവർത്തകന്റെ മരണം തലയ്‌ക്കേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പന്തളം:പന്തളത്തെ കർമസമിതി പ്രവർത്തകന്റെ മരണം തലയ്‌ക്കേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങള്‍ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.അതേസമയം ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ പറഞ്ഞിരുന്നു.ഹൃദയസ്തംഭനമുണ്ടായതിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.ഇന്നലെ പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍റെ തലയ്ക്ക് പരിക്കേറ്റത്.തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.
ഹർത്താൽ;അക്രമികളെ കുടുക്കാന്‍ പോലീസിന്റെ ഓപ്പറേഷന്‍ ‘ബ്രോക്കൺ വിന്‍ഡോ’
തിരുവനന്തപുരം:ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം.പലയിടത്തും ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റമുട്ടി.മൂന്നിടങ്ങളിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.വ്യാപാരികള്‍ കടകള്‍ തുറന്നുവെങ്കിലും പ്രതിഷേധക്കാര്‍ കടകള്‍ അടിച്ചു തകര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.സംസ്ഥാനത്തെ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്.അതിനിടെ ഹർത്താലിനെ നേരിടാൻ ‘ബ്രോക്കൺ വിൻഡോ’ എന്ന ഓപ്പറേഷൻ പദ്ധതിയുമായി പോലീസ് രംഗത്തെത്തി.സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.സംസ്ഥാനത്ത് വ്യാപക ആഅക്രമം ഉണ്ടായ സാഹചര്യത്തിലാണ് ബ്രോക്കന്‍ വിന്‍ഡോയ്ക്ക് തുടക്കമിടാന്‍ സംസ്ഥാന പോലീസ് മോധാവി തീരുമാനിച്ചത്. രണ്ടു ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ വിശദമായ അന്വേഷണം നടത്താല്‍ ഓരോ ജില്ലകളിലുമുള്ള പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചവരെയുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ 226 പേരെ കരുതല്‍ തടങ്കലിലും 334 പേര്‍ കരുതല്‍ തടങ്കലിലുമുണ്ട്.സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ന്നുള്ള അവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണമെന്നും ഡിജിപി പറഞ്ഞു. അതേസമയം ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാപോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോഴിക്കോട് ചേവായൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കോഴിക്കോട്: ചേവായൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.അനില്‍ കുമാര്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
കരിങ്കൊടി കാട്ടാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് രണ്ടു കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്
തിരുവനന്തപുരം:കരിങ്കൊടി കാട്ടാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് രണ്ടു കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്.കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് കൃഷ്ണകുമാറാണ് പരിക്കേറ്റവരില്‍ ഒരാള്‍. ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ അദ്ദേഹത്തിന്‍റെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിവേഗത്തില്‍ എത്തിയ അകമ്പടി വാഹനം ഇടിക്കുകയായിരുന്നു.