കൊച്ചി: പത്ത് വര്‍ഷത്തില്‍ അധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ശിക്ഷാകാലാവധി പ്രകാരം പത്ത് വര്‍ഷമെങ്കിലും ജയിലില്‍ കഴിഞ്ഞവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കാമായിരുന്നത്. എന്നാല്‍, ഇതെല്ലാം മറികടന്ന് തടവുകാരെ മോചിപ്പിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ഹൈക്കോടതി നടപടി.തീരുമാനപ്രകാരമാണ് സംസ്ഥാന ജയില്‍ വകുപ്പ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അന്ന് തന്നെ വിട്ടയക്കുന്നവരെ സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു.ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.4 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. പത്ത് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരാണ്. ഇങ്ങനെ 105 പേര്‍ മാത്രമാണ് 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടി വരും. പുനപരിശോധിക്കുമ്ബോള്‍ ഇളവ് ലഭിച്ച് ജയിലില്‍ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കില്‍ എടുത്ത് ആവശ്യമെങ്കില്‍ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. പുറത്തിറങ്ങിയവരില്‍ 45 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ളവരാണ്.
കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജിന്റെ പുതിയ കെട്ടിടത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
കണ്ണൂർ:ഐ എച്ച് ആർ ഡി യുടെ കീഴിൽ വലിയവെളിച്ചത്ത് നിർമിച്ച കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജിന്റെ പുതിയ കെട്ടിടത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കെട്ടിടത്തിനകത്തുള്ള വയറിങ്ങുകൾ,ഫാനുകൾ,ലൈറ്റുകൾ,ഇലക്ട്രിക്ക് ഉപകരണങ്ങൾ,വാട്ടർ ടാങ്ക്,പൈപ്പുകൾ എന്നിവ അടിച്ചു തകർത്തു.ക്ലാസ് മുറികളുടെ വാതിലുകൾ ഇളക്കി മാറ്റി.ചുമരുകൾ കോറി വരഞ്ഞ് വൃത്തികേടാക്കി.സംഭവത്തിൽ കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2000 ത്തിൽ കൂത്തുപറമ്പ് പഴയനിരത്തിലെ വാടക കെട്ടിടത്തിലാണ് സർക്കാർ സ്ഥാപനമായ സ്കൂൾ ഓഫ് അപ്ലൈഡ് സയൻസ് പ്രവർത്തനം ആരംഭിച്ചത്.18 വർഷമായി വാടക കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിൽ ഒതുങ്ങി കഴിയുകയാണ് 275ഇൽ അധികം വരുന്ന വിദ്യാർഥികൾ.2013-14 കോളജിനായി ചെറുവാഞ്ചേരി വില്ലേജിലെ വലിയവെളിച്ചത്ത് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്.പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങൾ കൊണ്ട് ക്ലാസുകൾ അവിടേക്ക് മാറ്റിയിട്ടില്ല.2016 ഇൽ പി ഡബ്ലിയു ഡി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി ഐ എച്ച് ആർ ഡി ക്ക് കൈമാറി.എന്നാൽ സൈറ്റ് പ്ലാൻ,സർവീസ് പേപ്പർ,കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ പഞ്ചായത്തിൽ സമർപ്പിക്കാത്തതിനാൽ പുതിയ കെട്ടിടത്തിന് ഇതുവരെ പാട്ട്യം ഗ്രാമപഞ്ചായത്തധികൃതർ അനുമതി നൽകിയിട്ടില്ല.
രാജി വാര്‍ത്തകള്‍ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി വാര്‍ത്തകള്‍ തള്ളി എ.പത്മകുമാര്‍. സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പദ്മകുമാര്‍ രാജി എഴുതി നല്‍കിയെന്ന് പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു.കാലാവധി തീരുംവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് സജീവമായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കി.നവംബര്‍ 14 നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നത്.ഇത്തരം വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പദ്മകുമാര്‍ സൂചിപ്പിച്ചു.ശബരിമലയിലെ യുവതീ പ്രവേശനവും അതേ തുടര്‍ന്നുണ്ടായ ശുദ്ധിക്രിയാ വിവാദത്തിലും പത്മകുമാറിന്റെ നിലപാട് സര്‍ക്കാരിന് വിരുദ്ധമായിരുന്നു. പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും തന്നെ അറിയിക്കാതെ യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചതില്‍ പത്മകുമാര്‍ നിരാശനുമായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാര്‍ രാജിവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നത്.
കാഞ്ഞങ്ങാട് ടാങ്കര്‍ ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി
കാഞ്ഞങ്ങാട്:ടാങ്കര്‍ ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാഞ്ഞങ്ങാട് നഗരത്തിലൂടെ പോവുകയായിരുന്ന ടാങ്കറില്‍ നിന്നുമാണ് ഡീസല്‍ ചോര്‍ന്നത്. മംഗളൂരുവില്‍ നിന്നും മാഹിയിലേക്ക് ഡീസലുമായി പോവുകയായിരുന്നു ടാങ്കര്‍.ഡീസൽ ചോരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാർ ഉടന്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഡ്രൈവര്‍ തന്നെ വണ്ടി ഹൊസ്ദുര്‍ഗ് എല്‍ വി ടെമ്ബിളിനു മുമ്ബില്‍ നിര്‍ത്തുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു.മാവുങ്കാലിനു സമീപം തീയണച്ച് അലാമിപ്പള്ളി വഴി മടങ്ങുകയായിരുന്ന ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തി. വാല്‍വ് അടക്കാനുള്ള ശ്രമത്തിനിടെ മറ്റൊരു യൂണിറ്റും സ്ഥലത്തെത്തി. തുടര്‍ന്ന് വാല്‍വിന്റെ താക്കോല്‍ വാഹനത്തില്‍ ഇല്ലാത്തതിനാല്‍ പൂട്ട് പൊളിച്ച് ചോര്‍ച്ച അടക്കുകയായിരുന്നു.വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.
ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂര്‍-മസ്‌ക്കറ്റ് സർവീസ് ആരംഭിക്കും
കണ്ണൂർ:ഫെബ്രുവരി ഒന്ന് മുതൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മസ്ക്കറ്റിലേക്ക് സർവീസ് ആരംഭിക്കാൻ ഗോ എയറിന് ഒമാന്‍ സിവില്‍ വ്യോമയാന പൊതു അതോറിറ്റി അനുമതി നല്‍കി.ആഴ്ചയില്‍ ഏഴു സർവീസുകളാണ് നടത്തുക.180 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ബസ് 320 വിമാനമാണ് സർവീസ് നടത്താൻ ഉപയോഗിക്കുക. കണ്ണൂരില്‍നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 10.15നാണ് മസ്കത്തിലെത്തുക. മസ്കത്തില്‍നിന്ന് 11.15ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും.
ദേശീയ പണിമുടക്കിനിടെ ട്രെയിൻ തടഞ്ഞവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ
തിരുവനന്തപുരം:സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തിയ രണ്ടുദിവസത്തെ പണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചവർക്കെതിരെ കർശന നടപടിക്കൊരുങ്ങി റെയിൽവേ.ട്രെയിനുകള്‍ തടഞ്ഞ് ഗതാഗതം താറുമാറാക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉന്നത റെയില്‍വേ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം.രാജ്യത്ത് മറ്റൊരിടത്തും സംഭവിക്കാത്ത തരത്തില്‍ കേരളത്തില്‍ മാത്രം ട്രെയിനുകള്‍ തടഞ്ഞിട്ട നടപടിയില്‍ റെയില്‍വേ അധികൃതര്‍ ക്ഷുഭിതരാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ തടഞ്ഞത് സംസ്ഥാനത്തിനു പുറത്തും ട്രെയിന്‍ ഗതാഗതത്തെ താറുമാറാക്കി. ഇതുമൂലം റെയില്‍വേക്കുണ്ടായ നഷ്ടം കണക്കാക്കാനും കേസില്‍ പ്രതികളായവരില്‍ നിന്ന് അത് ജപ്തി നടപടികളിലൂടെ ഈടാക്കാനും റെയില്‍വേ നീക്കം തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ 18 ട്രെയിനുകളും പാലക്കാട് ഡിവിഷനില്‍ 21 ട്രെയിനുകളുമാണ് പണിമുടക്ക് അനുകൂലികള്‍ വിവിധ സ്റ്റേഷനുകളില്‍ തടഞ്ഞിട്ടത്. സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പാടെ തകര്‍ത്ത നടപടിയില്‍ റെയില്‍വേക്ക് വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്.റെയില്‍വേയിലെ ഒരു ജീവനക്കാരനും സംസ്ഥാനത്ത് പൊതുപണിമുടക്കില്‍ പങ്കെടുത്തിട്ടില്ല. ഒരാള്‍ക്കും ലീവ് പോലും കൊടുത്തിട്ടില്ല. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കാത്ത സാഹചര്യത്തില്‍ പുറമേനിന്ന് അതിക്രമിച്ചെത്തിയവരാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാന പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും റെയില്‍വേ സുരക്ഷാ റിപ്പോര്‍ട്ടിലുണ്ട്.ട്രെയിന്‍ തടയാനെത്തിയ എല്ലാവരുടെയും ചിത്രങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി ടിവി കാമറയിലും അതിനു പുറമെ ആര്‍.പി.എഫ് എടുത്ത വീഡിയോ ഫുട്ടേജിലും നിന്ന് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ മേല്‍വിലാസങ്ങള്‍ സമാഹരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. റെയില്‍വേ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് റെയില്‍വേ സംരക്ഷണ നിയമം 146, അവശ്യസേവനം തടസപ്പെടുത്തിയതിന് സെക്‌ഷന്‍ 145 ബി, റെയില്‍വേ ട്രാക്കില്‍ അതിക്രമിച്ച് കയറിയതിന് സെക്‌ഷന്‍ 147, ട്രെയിന്‍ തടഞ്ഞതിനും യാത്രക്കാര്‍ക്ക് സുരക്ഷാപ്രശ്നമുണ്ടാക്കിയതിനും സെക്‌ഷന്‍ 174, ട്രെയിനുകളുടെ മുകളില്‍ കയറി സര്‍വീസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് സെക്‌ഷന്‍ 184 എന്നിവ പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളും നഷ്ടം നികത്തുന്നതിന് സിവില്‍ കേസുകളുമാണ് ചുമത്തുക. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി നഷ്ടമാകാനും ഭാവിയില്‍ സര്‍ക്കാര്‍ ജോലിയും പാസ്പോര്‍ട്ട് പോലുള്ള രേഖകളും ലഭിക്കാന്‍ തടസമാകാനും കാരണമാകുന്ന വകുപ്പുകളാണിതെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംസ്ഥാനത്ത് ഇതാദ്യമായാണ് റെയില്‍വേ ഇത്രയേറെ കടുത്ത നിയമനടപടികളുമായി സമരക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്.
കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചു
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചു.ക്ഷാമബത്ത അനുവദിക്കാത്തതിലും ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് ജനുവരി 16 മുതല്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായതും കുടിശിക നല്‍കാന്‍ പണം അനുവദിച്ചതും. നാലുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതോടെ യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചേക്കുമെന്നാണ് വിവരം.
പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി; ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാം
ന്യൂഡല്‍ഹി:ചരക്ക് സേവനനികുതിക്ക് മേല്‍ പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി. ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാനാണ് അനുമതി നല്‍കിയത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണം എന്നത് കേരളത്തിന് തീരുമാനിക്കാം.ഏത് ഉത്പന്നങ്ങള്‍ക്ക് എത്ര ശതമാനമാണ് സെസ്സെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തരപുനര്‍നിര്‍മ്മാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം.ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനര്‍നിര്‍മ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ.ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിതല ഉപസമിതി തള്ളിയിരുന്നു. അതേസമയം, ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20ല്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇതു നേട്ടമാകും.
വയനാട് കല്‍പ്പറ്റയിലെ മേപ്പാടി ഗ്രാമത്തെ ഭീതിയിലാക്കി ഭൂമിക്കടിയിൽ നിന്നും ഭീമന്‍ പത നുരഞ്ഞ് പൊന്തുന്നു
വയനാട്:ഭൂമിക്കടിയിൽ നിന്നും ഭീമൻ പത നുരഞ്ഞു പൊന്തുന്നു.കല്പറ്റയ്ക്ക് അടുത്ത് മേപ്പാടി ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസം കാണപ്പെട്ടത്.എന്താണ് ഈ അജ്ഞാത ദ്രാവകമെന്നും ഇതിന്റെ പിന്നിലുള്ള കാരണമെന്തെന്നും കണ്ടെത്താന്‍ അധികൃതര്‍ക്കും കഴിയാതെ വന്നതോടെ മേപ്പാടി ഗ്രാമം ഭീതിയില്‍ കഴിയുകയാണ്.ഹാരിസണ്‍ എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്ന പ്രദേശത്താണ് സംഭവം. ഇവിടുത്തെ കുടിവെള്ളക്കണിറിന് സമീപം ചൊവ്വാഴ്ച രാത്രി മുതലാണ് വെളുത്ത പദാര്‍ത്ഥം പതഞ്ഞ് പൊന്തുന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചത്. ചില സമയങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി കൂടുകയും പതയുടെ അളവില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യും. ഇടയ്ക്ക് ഒരാള്‍പ്പൊക്കം വരെ ഉയരത്തില്‍ പത ഉയരുന്നുണ്ട്.അതേസമയം, ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്റര്‍ലോക്കിങ് പണിക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയില്‍ വെള്ളവുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ പതയുണ്ടാകുന്നതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മട്ടന്നൂരിൽ ഗ്യാസ് ഏജൻസി ഓഫീസിൽ മോഷണം;ഒരാൾ പിടിയിൽ
കണ്ണൂർ:മട്ടന്നൂരിൽ ഗ്യാസ് ഏജൻസി ഓഫീസിൽ മോഷണം.മട്ടന്നൂർ-ഇരിട്ടി റോഡിൽ പ്രവർത്തിക്കുന്ന ടി ആർ ഗ്യാസ് ഏജൻസി ഓഫീസിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഓഫീസിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ട്ടാവ് അകത്തുകടന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഓഫീസിലെത്തിയവരാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഓഫീസിനുള്ളിൽ സിസിടിവി ക്യാമറ നശിപ്പിച്ച നിലയിലും മേശയിലെ ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയിലും കണ്ടത്.ഓഫീസിലെ കംപ്യൂട്ടറും നശിപ്പിച്ചിട്ടുണ്ട്.മുഖംമൂടി ധരിച്ചെത്തിയ ഒരു യുവാവ് കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിപൊളിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.ഗ്യാസ് ഏജൻസി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മട്ടന്നൂർ എസ്‌ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരാൾ കസ്റ്റഡിയിലായിരിക്കുന്നത്.ഇയാളെ ചോദ്യം ചെയ്തു വരികയാണ്.കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.