അഞ്ചരക്കണ്ടി ചാമ്പാട് ഓയിൽ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ട്ടം

Fire in forest
Fire in forest

 

കണ്ണൂർ:അഞ്ചരക്കണ്ടി ചാമ്പാട് ഓയിൽ മില്ലിന് തീപിടിച്ചു.എന്‍.രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള രാസണ്‍സ് ഓയില്‍ മില്ലിനാണ് തീപിടിച്ചത്.കൊപ്ര മില്ലിനോട് ചേര്‍ന്നുള്ള കൊപ്ര ഡ്രയര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. പരിസരത്തുള്ളവരാണ് തീ ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.ഡ്രയര്‍ യൂണിറ്റില്‍ ഉണക്കാന്‍ വെച്ച കൊപ്രയും സംഭരണ യൂണിറ്റില്‍ സൂക്ഷിച്ചിരുന്ന കൊപ്രകളും കത്തിനശിച്ചിട്ടുണ്ട്. 30 ലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നുണ്ട്.

നിപ വൈറസ് പടര്‍ന്നുപിടിച്ച സമയത്ത് ആശുപത്രികളില്‍ സേവനം നടത്തിയ താൽക്കാലിക ജീവനക്കാര്‍ നിരാഹാര സമരത്തിലേക്ക്

keralanews temporary employees who were serving in hospitals at the time of nipah virus outbreak will start hunger strike

കോഴിക്കോട്:നിപ വൈറസ് പടര്‍ന്നുപിടിച്ച സമയത്ത് ആശുപത്രികളില്‍ സേവനം നടത്തിയ താൽക്കാലിക ജീവനക്കാര്‍ നിരാഹാര സമരത്തിലേക്ക്.സന്നദ്ധ സേവനം അനുഷ്ഠിച്ച 42 താല്‍കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അത് നടപ്പാകാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുന്നത്.മെഡിക്കല്‍ കോളജ് അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ രാപ്പകല്‍ സമരം നിരാഹാര സമരമാക്കി മാറ്റാന്‍ സമരസമിതി തീരുമാനിച്ചത്. നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തവരെ ഒഴിവാക്കികൊണ്ടുള്ള നിയമനം അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഈ മാസം 16 മുതല്‍ നിരാഹാരസമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. പത്ത് ദിവസമായി ജീവനക്കാര്‍ രാപ്പകല്‍ സമരം നടത്തുകയാണ്.

ശബരിമല മകരവിളക്ക് നാളെ;ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് കമ്മീഷണർ

keralanews sabarimala makaravilakk tomorrow completed all preparations said devaswom board commissioner

ശബരിമല:ശബരിമലയിൽ മകരവിളക്ക് നാളെ.മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിച്ചു. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്ക് മകര ജ്യോതി തെളിയും.മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും.അതേസമയം ശബരിമലയില്‍ ഹൈക്കോടതി നിരീക്ഷണസമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചതായി ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറിയിച്ചു. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

കൊല്ലം ആയൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 5 പേര്‍ ഉൾപ്പെടെ ആറുപേർ മരിച്ചു

keralanews six including five from one family died in an accident in kollam

കൊല്ലം:കൊല്ലം ആയൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 5 പേര്‍ ഉൾപ്പെടെ ആറുപേർ മരിച്ചു.തലച്ചിറ വടശേരിക്കര റാന്നി കൈലാസ് ഭവനില്‍ മിനി (46), മകള്‍ അഞ്ജന സുരേഷ് (21), കൈലാസ് ഭവനില്‍ മനോജിന്റെ ഭാര്യ സ്മിത, മകള്‍ ഹര്‍ഷ (മൂന്നര) ഇവരുടെ ബന്ധു ആല ചെങ്ങന്നൂര്‍ കോണത്തോത്ത് വീട്ടില്‍ അരുണ്‍ എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റൊരു കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.അരുണായിരുന്നു വാഹനമോടിച്ചിരുന്നത്.തിരുവനന്തപുരം കരിക്കരം ചാമുണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വരുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാറാണ്  ആയൂരില്‍ ദേശീയപാതയ്ക്ക് സമീപത്തെ വളവില്‍ വച്ച്‌ അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറിയെ മറി കടക്കാനുള്ള ശ്രമത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാര്‍ എത്തി വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്.നാലുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഒരാൾ ആശുപത്രിയിൽ എത്തിച്ചതിനു ശേഷവുമാണ് മരിച്ചത്.ദേശീയപാതയില്‍ ആയൂരിനും ചടയമംഗലത്തിനും ഇടയിലുള്ള കൊടുംവളവ് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.ഇന്ന് രാവിലെയാണ് കൊല്ലം പൂയപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചത്. പോസ്റ്റിലിടിച്ച്‌ ബൈക്ക് റോഡിന് സമീപത്തെ കുഴിയിലേക്ക് പോകുകയായിരുന്നു. വെളിനെല്ലൂര്‍ സ്വദേശികളായ അല്‍അമീന്‍, ശ്രീക്കുട്ടന്‍ എന്നിവരാണ് മരിച്ചത്.

ആലപ്പാട് കരിമണല്‍ ഖനനം;സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മേഴ്‌സിക്കുട്ടിയമ്മ

keralanews mining in alappatt govt ready for discussion with protesters

കൊല്ലം:ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.അതേസമയം ഇതിന് മുന്‍കൈയെടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും അവര്‍ പറഞ്ഞു.അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് പറഞ്ഞ മേഴ്‌സിക്കുട്ടിമ്മ നിയമസഭാ പരിസ്ഥിതി സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.തീര സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.ഈ സര്‍ക്കാരിന്റെ കാലത്ത് പുലിമുട്ട് കെട്ടാന്‍ നടപടിയുണ്ടായി.പുലിമുട്ട് ടെന്‍ഡര്‍ ചെയ്ത് ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐആര്‍ഇ ഇത്രയും കാലം ചെയ്ത പോലെ അല്ല മുന്നോട്ട് പോകേണ്ടത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വിശദീകരിച്ചു.കഴിഞ്ഞ ദിവസം ഖനനത്തെ ന്യായീകരിച്ച്‌ മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.അതേസമയം,കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാ സമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.രണ്ടു കമ്പനികളാണ് ഖനനം നടത്തുന്നത്. ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും. ഇവര്‍ വീഴ്ച വരുത്തിയെന്നാണ് സഭാ സമിതി ചൂണ്ടിക്കാട്ടിയത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ട സമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ നടപ്പായിട്ടില്ല.

പിവിസി ഫ്‌ളെക്‌സിന്റെ ഉപയോഗം അപകടകരമാണെന്ന മുന്നറിയിപ്പുമായി സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോര്‍ട്ട്;ഹോര്‍മോണ്‍ തകരാര്‍ മുതല്‍ ക്യാന്‍സറിന് വരെ കാരണമാകും

keralanews suchithwamission report that the use of pvc flex is dangerous and will cause hormone imbalance and cancer

തിരുവനന്തപുരം:പിവിസി ഫ്ലെക്സിന്റെ ഉപയോഗം അപകടകരമാണെന്ന റിപ്പോർട്ടുമായി സംസ്ഥാന ശുചിത്വ മിഷൻ.പ്രത്യുല്‍പാദനത്തിനും ഭ്രൂണവളര്‍ച്ചയ്ക്കും വില്ലനാകുകയും ഹോര്‍മോണ്‍ തകരാര്‍ മുതല്‍ ക്യാന്‍സറിന് വരെയും കാരണമാകുന്ന വസ്തുവാണ് പിവിസി ഫ്‌ളെക്‌സുകള്‍.മാത്രമല്ല പലതരത്തിലുള്ള ക്യാന്‍സറിനും ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ തകരാറിനും ഇത് കാരണമാവുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.പി.വി സി.യും പോളിസ്റ്ററും ചേര്‍ത്തുണ്ടാക്കുന്ന മള്‍ട്ടിലെയര്‍ പ്ലാസ്റ്റിക്കുകളാണ് പി.വി സി. ഫ്‌ളക്‌സ്. പരസ്യബോര്‍ഡുകളുടെ നിര്‍മ്മാണത്തിനും താത്കാലിക ടെന്റുകളുടെയും പന്തലുകളുടെയും നിര്‍മ്മാണത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. പുനഃചംക്രമണം ചെയ്യാന്‍ സാധിക്കാത്ത മാലിന്യമാണ് പിവിസി ഫ്ലെക്സ്. പി.വി സി.യും പോളിസ്റ്ററും വേർതിരിച്ചെടുത്താൽ മാത്രമേ പുനഃചംക്രമണം സാധ്യമാകൂ. നീണ്ടകാലം രാസമാറ്റങ്ങള്‍ക്ക് വിധേയമാകാതെ നമ്മുടെ ചുറ്റുപാടുകളില്‍ ഇവ അവശേഷിക്കുന്നതും വിനാശമാണ്. പി.വി സി. ഫ്‌ളക്‌സ് നിരോധനം പ്രാവര്‍ത്തികമായാല്‍ രാജ്യത്തിനുതന്നെ മാതൃകയാകുന്ന നടപടി ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കണ്ണൂരില്‍ നിന്നും മുംബൈയിലേക്ക് ഗോ എയറിന്റെ പ്രതിദിന സർവീസ് ആരംഭിച്ചു

keralanews go air started daily service to mumbai from kannur airport

കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് ഗോ എയറിന്റെ പ്രതിദിന സർവീസ് ആരംഭിച്ചു.വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് മുംബൈയിലേക്കുള്ള സര്‍വീസിന് തുടക്കമായത്. കണ്ണൂരില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന വിമാനം പുലർച്ചെ ഒരുമണിക്ക്  മുംബൈയിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം രാത്രി 12.45-ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45-ന് കണ്ണൂരില്‍ എത്തിച്ചേരും. ഗോ എയറിന്റെ എയര്‍ബസ് 320 ആണ് മുംബൈയിലേക്ക് പറക്കുന്നത്. മുംബൈയിലേക്ക് 3162 രൂപയും തിരിച്ച്‌ കണ്ണൂരിലേക്ക് 2999 രൂപയുമാണ് കുറഞ്ഞ നിരക്ക്.ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയറിന്റെ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങുന്നുണ്ട്. മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വീസുകള്‍.

മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ പോകാൻ അനുമതി തേടി കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ; സമാധാനം നിലനിൽക്കുന്ന ശബരിമലയിലേക്ക് അത് ഇല്ലാതാക്കാനാണോ പോകുന്നതെന്നും കോടതി

keralanews k surendran approached high court seeking permission to visit sabarimala during makaravilakk

കൊച്ചി:മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ പോകാൻ അനുമതി തേടി കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ.താന്‍ കെട്ടു നിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കി.എന്നാല്‍ ഈ സീസണില്‍ തന്നെ പോകണോ എന്നു ചോദിച്ച കോടതി ഏതെങ്കിലും ഒന്നാം തീയതി ശബരിമല ദര്‍ശനം നടത്തിയാല്‍ മതിയാകില്ലേ എന്നും ആരാഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ സ്ഥിതികള്‍ ശാന്തമാണ്. അത് തകര്‍ക്കുമോ എന്നും കോടതി ചോദിച്ചു.അതേസമയം ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സീസണില്‍ ദര്‍ശനം അനുവദിക്കരുതെന്നും അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സുരേന്ദ്രന്റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു. ചിത്തിര ആട്ടവിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണിനായി ശബരിമലയിലെത്തിയ  സ്ത്രീയെ തടഞ്ഞെന്ന കേസിലാണ് കെ.സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 23ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് കോടതി നിര്‍ദേശം.

ശബരിമല ദർശനത്തിനായി ആന്ധ്രാസ്വദേശിനികളായ നാല് യുവതികൾ കോട്ടയത്ത് നിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു

keralanews four young ladies came to visit sabarimala from andra

കോട്ടയം:ശബരിമല ദർശനത്തിനായി ആന്ധ്രാസ്വദേശിനികളായ നാല് യുവതികൾ കോട്ടയത്ത് നിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു.ഇവിടെ നിന്നും പമ്പയിലേക്കെത്തുകയാണു ഇവരുടെ ലക്ഷ്യം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.ഇതിനിടെ ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും.രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളല്‍ തുടങ്ങുന്നത്.

ചാല മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം ബസ്സും കണ്ടൈനര്‍ ലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്

keralanews many injured when bus and container lorry hits in chala kannur

കണ്ണൂർ:ചാല മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം ബസ്സും കണ്ടൈനര്‍ ലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്.ഹൈവേയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബസ്സും കണ്ടെനര്‍ ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിരിക്കുകയായിരുന്നു.അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആതിര (53) രാമ തെരു, വസന്ത (57) കൂത്തുപറമ്പ്, ഗിരിജ (62) രാമതെരു, മംഗള (37)തോട്ടട, ജിതില്‍ (33) രാമതെരു, സ്വാതി കൃഷ്ണ (16) മയ്യില്‍, സന്ധ്യ (42) മയ്യില്‍, സുലോചന (76) രാമതെരു,മനോജ് (43) പുഴാതി എന്നിവരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.