കോഴിക്കോട്:കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്.പുലർച്ചെ ആറുമണിയോടുകൂടിയാണ് സിപിഎം നേതാവ് കെ.പി.ജയേഷിന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായത്.അക്രമത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും
കൊച്ചി:മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും വ്യാപിപ്പിക്കുന്നു.കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും ശ്രീലങ്കന്‍ ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ എന്‍ഐഎ യും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.അതേസമയം, രാജ്യസുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നുമെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ മുനമ്പം,മാല്യങ്കര തുടങ്ങിയ ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍നിന്ന് സുഗമമായി യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ നാട്ടുകാരായ ആരുടെയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം ഉണ്ടെന്ന സംശയത്താൽ സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണപുരോഗതി കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര ഇടപടലുകള്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതുവരെനടന്ന അന്വേഷണറിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കും കൈമാറി.അതേസമയം സംഭവത്തിന്റെ സൂത്രധാരന്‍ ശ്രീകാന്തന്റെ വെങ്ങാനൂര്‍ ചാവടിനടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തമിഴില്‍ എഴുതിയ ചില രേഖകള്‍ പൊലീസ് അവിടെനിന്ന് കണ്ടെടുത്തു. വീട്ടില്‍ കണ്ടെത്തിയ നാണയക്കിഴികള്‍ സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വിസ് ബാങ്ക് നിക്ഷേപരേഖകളും ലഭിച്ചിരുന്നു.ഇയാളുടെ കൂട്ടാളി അനില്‍കുമാറിനെ വെങ്ങാനൂരില്‍ എത്തിച്ച് തെളിവെടുക്കുന്നത് സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് മാറ്റിവെച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരന്ത നഷ്ടപരിഹാരക്കേസില്‍ പ്ലാന്റേഷൻ കോർപറേഷൻ അടക്കമുള്ള 16 കമ്പനി എംഡിമാർ ഹാജരാകണമെന്ന് കോടതി ഉത്തരവ്
തിരുവനന്തപുരം:കാസര്‍ഗോഡ് ജില്ലയെ ദുരിതക്കയത്തിലാഴ്‌ത്തിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നേരിട്ട് നല്‍കിയ 161 കോടി രൂപ 15 എൻഡോസൾഫാൻ കമ്പനികളിൽ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച കേസില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനടക്കം 16 കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ മാര്‍ച്ച് 6 ന് കോടതിയില്‍ ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം സബ് കോടതി ഉത്തരവിട്ടു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാദിയായി ഫയല്‍ ചെയ്ത നഷ്ടപരിഹാരക്കേസ് ഫയലില്‍ സ്വീകരിച്ചാണ് പ്രതികളായ 16 കമ്പനി മേധാവിമാരോട് കോടതിയില്‍ ഹാജരാകാന്‍ സബ് ജഡ്ജി പി.എസ്. ജോസഫ് ഉത്തരവിട്ടത്.എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ നിര്‍മ്മാണ കമ്പനികളായ ബെയര്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയര്‍, ഭാരത് പള്‍വേര്‍സിങ് മില്‍സ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാര്‍ഡമം പ്രോസസ്സിങ് ആന്‍ഡ് മാര്‍ക്കറ്റിങ്, കര്‍ണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, കില്‍പെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിന്‍ ആഗ്രോ കെമിക്കല്‍സ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കര്‍ണ്ണാടക ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മധുസൂധന്‍ ഇന്‍ഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റല്‍ ആഗ്രോ കെമിക്കല്‍സ് ലിമിറ്റഡ്, ഷാ വാലസ് ആന്‍ഡ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് എന്നിവയാണ് പ്രതിപട്ടികയിലുള്ള 16 കമ്പനികൾ.2000 – 2002 വർഷത്തിലാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയില്‍ കാസര്‍ഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്.എന്നാല്‍ 2003 ലാണ് സംസ്ഥാന സർക്കാർ എൻഡോസൾഫാൻ നിരോധിച്ചത്.എന്നിട്ടും കമ്പനികളുടെ ഇടപെടലുകൾ മൂലം നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. വിഷാംശം ശ്വസിച്ച 400 ഓളം ജനങ്ങള്‍ മരണപ്പെടുകയും അനവധി പേര്‍ക്ക് അംഗവൈകല്യങ്ങള്‍ സംഭവിക്കുകയും ചെയ്തു.കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നല്‍കണമെന്ന് 2017ല്‍ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ നേരിട്ട് നഷ്ടപരിഹാരം നല്‍കിയത്. ഇപ്രകാരം സര്‍ക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിള്‍ കേസുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വാദിയായി 15 നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ ആദ്യം കോട്ടയം ജില്ലയിലെ സബ് കോടതിയില്‍ നഷ്ട പരിഹാര കേസ് ഫയല്‍ ചെയ്തിരുന്നു.എന്നാല്‍ കുടിശ്ശിക കോടതി ഫീസായി മുദ്ര വില തീര്‍ത്ത് അടക്കാനുള്ള പണം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പക്കല്‍ ഇല്ലായിരുന്നു. അതിനാല്‍ കോട്ടയത്തെ കേസ് പിന്‍വലിച്ച ശേഷം സര്‍ക്കാര്‍ വാദിയായി തിരുവനന്തപുരം കോടതിയില്‍ പുതിയതായി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കമ്പനി അധികൃതരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാത്തു നിന്നുള്ള ആഭ്യന്തര-വിദേശ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുവാനാണ് മുഖ്യമന്ത്രി വിമാന കമ്പനികളുടെ യോഗം വിളിച്ചത്.മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വ്വീസ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 25 മുതല്‍ ഹൈദ്രാബാദ് ,ചെന്നെ , ഹൂഗ്ലി,ഗോവ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനമായി. ഫെബ്രുവരി അവസാനം ഗോഎയര്‍ മസ്‌ക്കറ്റ് സര്‍വ്വീസും ആരംഭിക്കും.കണ്ണൂരിന്റെ കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സംതൃപ്തിയാണ് ഉള്ളതെന്നും തുടക്കം മുതല്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നതായും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നും എയര്‍ ഇന്ത്യ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന പരാതിയും യോഗത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ്
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ്.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്നും ദിലീപ് ഇത് യുവതിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നു അപേക്ഷയില്‍ പറയുന്നു. ദിലീപിന്റെ അപേക്ഷ നാളെ ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
തെയ്യത്തെയും തിറയെയും അടുത്തറിയാൻ അണ്ടല്ലൂര്‍ കാവിലെ തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി
കണ്ണൂർ:തെയ്യത്തെയും തിറയെയും അടുത്തറിയാൻ തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി.പ്രശസ്തമായ അണ്ടല്ലൂര്‍ കാവിലാണ് തെയ്യകോലങ്ങളെ അടുത്തറിയാനായി തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ഉത്തര മലബാറില്‍ തെയ്യക്കാലം തുടങ്ങിയ കാലത്ത് തന്നെ ഉത്തര മലബാറില്‍ ഒരു തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം സംസ്ഥാനസര്‍ക്കാര്‍ നാടിന് സമര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ടല്ലൂര്‍ കാവിന്റെ തനിമ ഒട്ടും ചോരാതെ പരമ്ബരാഗത വാസ്തു ശില്‍പ മാതൃകയിലാണ് തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.മ്യൂസിയത്തിനൊപ്പം അതിഥി മന്ദിരവും വിശാലമായ ഊട്ടു പുരയും നിർമിച്ചിട്ടുണ്ട്.തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടിയിലേറെ രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.അണ്ടല്ലൂരിലെ പരിസ്ഥിതിയെ രൂപപ്പെടുത്തിയ കാവുകളെ സംരക്ഷിക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാവുകളേയും ജൈവ വൈവിധ്യത്തെയും കുറിച്ച് പഠിക്കാന്‍ ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലശേരി പൈതൃക നഗരം പദ്ധതിയിലും അണ്ടല്ലൂര്‍ കാവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശബരിമല റിട്ട് ഹർജികൾ ഫെബ്രുവരി 8 ന് സുപ്രീം കോടതി പരിഗണിച്ചേക്കും
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി 8ന് സുപ്രീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയുള്ള താത്കാലിക തീയതിയാണിത്.ശബരിമല വിധിയുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജികള്‍ക്കു ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂയെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.പുനഃപരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കേണ്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി തുടരുന്നതിനാല്‍ 22-ാം തീയതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന തീയതി കോടതി പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന തീയതി നീട്ടിയാല്‍ റിട്ട് ഹര്‍ജി പരിഗണിക്കുന്ന തീയതിയും നീണ്ട് പോകും.
കണ്ണൂർ സിറ്റി പോലീസിന്റെയും കടലോര ജാഗ്രതാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കണ്ണൂർ:കണ്ണൂർ സിറ്റി പോലീസിന്റെയും കടലോര ജാഗ്രതാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.20.01.19 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ കടലായി യു.പി സ്കൂളിലാണ് ക്യാമ്പ് നടന്നത്.നിരവധിയാളുകൾ ക്യാമ്പിൽ പങ്കെടുത്തു.വിദഗ്ദ്ധരായ ഡോക്റ്റർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.
യുവതീ പ്രവേശനത്തെ തുടർന്ന് ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം നല്കാൻ തന്ത്രിക്ക് കൂടുതൽ സമയം അനുവദിച്ചു
ശബരിമല:യുവതീ പ്രവേശനത്തെ തുടർന്ന് സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം നല്കാൻ തന്ത്രിക്ക് കൂടുതൽ സമയം അനുവദിച്ചു.വിശദീകരണം നല്‍കുന്നതിനായി കൂടതല്‍ സമയം വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.അതേസമയം യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധിക്രിയകള്‍ നടത്തിയതിനു തന്ത്രിക്കു ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കര്‍മങ്ങളുടെ കാര്യത്തില്‍ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനില്ലെന്നു ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വദേശി വി. രഞ്ജിത് ശങ്കറാണു ഹര്‍ജി സമർപ്പിച്ചത്.
കോട്ടയം അയർകുന്നത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോട്ടയം:അയർകുന്നത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍. ഇതോടെ സംഭവത്തില്‍ പിടിയിലായ കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അജീഷിനെതിരെ പോക്സോ നിയമ പ്രകാരം കൂടി പോലീസ് കേസെടുത്തു.സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ ഷാള്‍ ചുറ്റി. അപ്പോഴാണ് ശ്വാസംമുട്ടി മരിച്ചത്. തുണിപോലുള്ളവയുപയോഗിച്ച് കഴുത്തില്‍ മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമികറിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുകളും ബലപ്രയോഗം നടന്നതുമൂലമുള്ള പാടുകളും കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്.ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഈ പരിശോധന ഫലം കൂടി ലഭിച്ചാലേ കൂടുതല്‍ കാര്യം വ്യക്തമാകൂ.പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.