പാലക്കാട്:കണ്ണമ്പ്രയിൽ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു.ലോക്കൽ സെക്രെട്ടറി എം.കെ സുരേന്ദ്രനാണ് വെട്ടേറ്റത്.ആലത്തൂർ കോടതി വളപ്പിൽ വെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിൽ പോവുകയായിരുന്ന സുരേന്ദ്രനെ ജീപ്പിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. സുരേന്ദ്രന്റെ അയൽവാസിയും ആർഎസ്എസ് പ്രവർത്തകനുമായ ശിവദാസനാണ് ആക്രമണത്തിന് പിന്നിൽ.സംഭവശേഷം ഇയാൾ ആയുധവുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വയനാട്ടില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങളോടു കൂടി കുരങ്ങുപനി പനി സ്ഥിരീകരിച്ചു
വയനാട്:കർണാടകയെ ആശങ്കയിലാഴ്ത്തിയ കുരങ്ങുപനി കേരളത്തിലേക്കും.വയനാട്ടില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങളോടു കൂടി കുരങ്ങുപനി പനി സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിതീകരിച്ചത്. രോഗബാധ കേരളത്തിലേയ്ക്ക് പടര്‍ന്നത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ വനത്തിനുള്ളില്‍ പോകുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.കര്‍ണാടകയില്‍ നിരവധി പേര്‍ കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു.രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ ഇത് മനുഷ്യരിലേക്കും പകരും.
കണ്ണൂരില്‍ സിപിഎം- ബിജെപി സംഘർഷത്തിൽ ഏഴുപേർക്ക് പരിക്ക്
കണ്ണൂർ:പിണറായി എരുവട്ടിയില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബോംബേറിലും സംഘര്‍ഷത്തിലും ഒരു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇരു വിഭാഗത്തിലുംപെട്ടവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ നാല് സിപിഎം. പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും ബിജെപി. പ്രവര്‍ത്തകരില്‍ ഒരാളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും രണ്ടു പേരെ വടകര ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊട്ടന്‍പാറ ആലക്കണ്ടി ബസാറിനടുത്ത കൊയ്യാളന്‍കുന്ന് ക്ഷേത്ര ഉത്സവത്തിന് സുഹൃത്തിന്റെ ക്ഷണമനുസരിച്ചെത്തിയ സി പി എം പ്രവര്‍ത്തകന്‍ സായന്തിനെ (26) ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് വച്ച് ദണ്ഡ് ഉപയോഗിച്ച് മർദിച്ചതാണ് സംഘർഷത്തിന് തുടക്കം.യുവാവിന്റെ നിലവിളി കേട്ട് മറ്റ് സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ക്ക് നേരെ ബോംബേറുണ്ടായി. സ്ഫോടനത്തിലാണ് സായന്തിന്റെ സഹോദരിയും വിദ്യാര്‍ത്ഥിനിയുമായ ആര്യ (17), മറ്റ് സി പി എം പ്രവര്‍ത്തകരായ കുണ്ടുകുളങ്ങര രാഗേഷ് (26), കാര്‍ത്തിക് (28) എന്നിവര്‍ക്ക് പരിക്കേറ്റത്. പ്രത്യാക്രമണമായി നടന്ന ബോംബേറില്‍ ബിജെപി പഞ്ചായത്ത് സിക്രട്ടറി സി രാജേഷ് (34), പ്രവര്‍ത്തകരായ സി സനോജ്(38), അഭിജിത്ത് (24) എന്നിവർക്ക് പരിക്കേറ്റു.തലക്കും വയറിനും പരിക്കേറ്റ സനോജിന്റെ നില ഗുരുതരമാണ്. ഇയാള്‍ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പോളിഷ് ചെയ്ത് വിപണിയിലിറക്കാൻ സൂക്ഷിച്ച പ്രളയത്തിൽ നശിച്ച നൂറു ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലിൽ നിന്നും കണ്ടെടുത്തു
തിരുച്ചിറപ്പള്ളി: പോളിഷ് ചെയ്ത് വിപണിയിലിറക്കാൻ സൂക്ഷിച്ച പ്രളയത്തിൽ നശിച്ച നൂറു ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലിൽ നിന്നും കണ്ടെടുത്തു.കേരളത്തിലെ പ്രളയത്തിൽ നശിച്ച,കന്നുകാലികൾക്ക് പോലും നൽകരുതെന്ന് നിർദേശിച്ച അരിയാണ് കണ്ടെടുത്തത്. പോളിഷ് ചെയ്ത് വിപണിയിലിറക്കാനായി കരുതിയിരുന്ന ലോഡ് കണക്കിന് അരിയാണ് തിരുച്ചിറപ്പള്ളി തുറയൂര്‍ ശ്രീ പളനി മുരുകന്‍ ട്രേഡേഴ്‌സിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. പകുതിയോളം അരി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തും സൂക്ഷിച്ചിട്ടുണ്ട്. അരികളില്‍ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ 2 മില്ലുകളുടെയും ലേബലുകളുണ്ട്.കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരിയാണു പോളിഷ് ചെയ്ത് ഇറക്കാന്‍ സൂക്ഷിച്ചതെന്ന് പരിശോധന നടത്തിയ പാലക്കാട്ടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തെ തുടർന്ന് മിൽ ഉടമകൾ ഒളിവിലാണ്.
വെടിയുണ്ടകളുമായി ബാലുശ്ശേരി സ്വദേശിയെ കൂട്ടുപുഴ എക്‌സൈസ് സംഘം പിടികൂടി
ഇരിട്ടി:വീരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന കർണാടക ബസ്സിൽ നിന്നും മൂന്നു വെടിയുണ്ടകളുമായി ബാലുശ്ശേരി സ്വദേശിയെ കൂട്ടുപുഴ എക്‌സൈസ് സംഘം പിടികൂടി.കണ്ണാടിപ്പൊയിൽ പിണ്ടംനീക്കൽ ഹൗസിൽ സന്തോഷാണ് പിടിയിലായത്.കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ എക്‌സൈസ് ഇൻസ്പെക്റ്റർ പി എസ് ക്ലമന്റിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സന്തോഷിന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തത്.മടിക്കേരിയിൽ ജോലിക്ക് പോയ സന്തോഷ് വീരാജ്പേട്ടയിൽ നിന്നാണ് ഇവ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്.വീരാജ്പേട്ടയിൽ നിന്നും ഇത്തരം വെടിയുണ്ടകൾ വ്യാപകമായി കടത്തുന്നുണ്ടെന്നാണ് സൂചന.നായാട്ടുസംഘങ്ങളാണ് ഇവരിലേറെയും. പിടിയിലായ സന്തോഷിനെയും വെടിയുണ്ടകളും എക്‌സൈസ് സംഘം ഇരിട്ടി പൊലീസിന് കൈമാറി.പോലീസ് അന്വേഷണം ആരംഭിച്ചു.
ആധാർ കാർഡിനപേക്ഷിച്ച മൂന്നരവയസ്സുകാരിക്ക് ലഭിച്ചത് വ്യത്യസ്ത നമ്പറിലുള്ള നാല് ആധാർ കാർഡുകൾ
കാസർകോഡ്:ആധാർ കാർഡിനപേക്ഷിച്ച മൂന്നരവയസ്സുകാരിക്ക് ലഭിച്ചത് വ്യത്യസ്ത നമ്പറിലുള്ള നാല് ആധാർ കാർഡുകൾ.മൗവ്വൽ പോസ്റ്റോഫീസ് പരിധിയിലുള്ള തായൽ മൗവ്വലിലെ ടി.എം ഹൗസിലെ എം.എ അസീബയുടെ മകൾ എം.ഫാത്തിമ അഫ്‌റയ്ക്കാണ് തിരിച്ചറിയൽ അതോറിറ്റി ഒന്നിന് പകരം നാല് ആധാർ കാർഡുകൾ അനുവദിച്ചത്.നാലുകാർഡുകളിലും കുട്ടിയുടെ ഫോട്ടോയും ജനനത്തീയതിയും മേൽവിലാസവും ഒരുപോലെയാണ്.എന്നാൽ കാർഡ് നമ്പറുകൾ നാലും വ്യത്യസ്തമാണ്.ഈ നാല് കാർഡുകളും ഒരേ ദിവസമാണ് പോസ്റ്റ് ഓഫീസിൽ എത്തിയത്.
തിരുവനന്തപുരം പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്
തിരുവനന്തപുരം:പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്.ബി നിലവറ ഇത് വരെ തുറന്നിട്ടില്ലെന്നാണ് രാജകുടുംബം അടക്കമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. കൂടാതെ ബി നിലവറയുടെ കാവലാളായി ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, ഈ അറയിലൂടെ കടലിലേക്കുള്ള തുരങ്കമുണ്ടെന്നും അറയുടെ വാതില്‍ തുറന്നാൽ കടല്‍ജലം ഇരച്ച് കയറുമെന്നെല്ലാം ഭക്തര്‍ക്കിടയില്‍ വിശ്വാസങ്ങളുണ്ട്. എന്നാല്‍ 1931 ഡിസംബര്‍ പതിനൊന്നിനിറങ്ങിയ പത്രത്തില്‍ ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്ത അടിച്ച് വന്നതായി വിദഗ്ദ്ധസമിതി കണ്ടെത്തി. രാജാവും,ദിവാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ് നിലവറ തുറന്നതെന്നും, മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഭാരിച്ച ഉരുക്ക് വാതില്‍ തുറന്നതെന്നും വിദഗ്ദ്ധസമിതി ശേഖരിച്ച റിപ്പോർട്ടിലുണ്ട്. ഉരുക്ക് വാതില്‍ തുറന്ന ശേഷം മരം കൊണ്ടുള്ള മറ്റൊരു വാതിലും അവിടെയുണ്ടെന്നും അത് ശ്രദ്ധയോടെ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ സ്വര്‍ണം, ചെമ്പ് നാണയങ്ങളും,കാശും നാലു പിത്തള കുടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടുവെന്നും മൂല്യ നിര്‍ണയത്തിന് ശേഷം അതെല്ലാം അതേപടി വച്ചതിന് ശേഷം തിരികെ ഇറങ്ങിയെന്നും രേഖകളിലുണ്ട്. ഈ മാസങ്ങളില്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലടക്കം ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നെന്നും കോടതിയെ വിദഗ്ദ്ധസമിതി ധരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന കെട്ടുകഥകളില്‍ അടിസ്ഥാനമില്ലെന്നും ബി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്താന്‍ അനുമതി നല്‍കണമെന്നും സമിതി ആവശ്യപ്പെടും.
മാനദണ്ഡങ്ങൾ ലംഘിച്ച് പമ്പുകൾ അനുവദിക്കരുത്
കണ്ണൂർ: പുതിയ പെട്രോൾ പമ്പുകൾക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ അനുമതി കൊടുക്കാവൂ എന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കണ്ണൂർ -കാസർക്കോട് ജില്ലകളുടെ സംയുക്ത യോഗത്തിലാണ് ഡീലർ സർവ്വീസ് സൊസൈറ്റി പ്രസ്തുത ആവശ്യമുന്നയിച്ചത്. അനിയന്ത്രിതമായ തലത്തിൽ പമ്പുകൾ വരുന്നത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, റോഡ് സുരക്ഷയെ സംബന്ധിച്ചുള്ള മോർത്ത് നോംസ് തുടങ്ങിയവയെല്ലാം പരിഗണിച്ചു മാത്രമേ പുതിയ പമ്പുകൾക്കുള്ള എൻ.ഒ.സി നൽകാവൂ എന്നും, സംസ്ഥാനത്ത് എവിടെയെങ്കിലും നിയമലംഘനം നടന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലീഗൽ സർവ്വീസ് സൊസൈറ്റി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ശശിധരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ല സെക്രട്ടറി ശ്രീ.രാമചന്ദ്രൻ ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി, സെക്രട്ടറി ആർ.രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കേടുത്തു.
കേബിള്‍ ടിവി ,ഡിടിഎച്ച് മേഖലയില്‍ നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധിക്കും
കൊച്ചി:കേബിള്‍ ടിവി ,ഡിടിഎച്ച് മേഖലയില്‍ നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധിക്കും.ട്രായ് നിശ്ചയിച്ച പുതുക്കിയ താരിഫ് നിരക്കുകള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്ബത്തിക ബാധ്യത വരുത്തുമെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിക്കുമെന്നും കേബിള്‍ ഓപ്പറേറ്റേഴ്സ് സംയുക്ത സമിതി അറിയിച്ചു.150 ഫ്രീ ടു എയര്‍ ചാനലുകളും നൂറിലേറെ പേ ചാനലുകളും 240 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 20 പേ ചാനലുകള്‍ ഉള്‍പ്പെടെ 170 ചാനലുകള്‍ക്ക് 300 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരുമെന്നാണ് ഇവരുടെ ആരോപണം. പേ ചാനലുകളുടെ പരമാവധി നിരക്ക് 10 രൂപയായി കുറയ്ക്കുക , 150 ചാനലുകള്‍ക്ക് 200 രൂപയായി ബേസിക് നിരക്ക് പുനര്‍നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ടൂറിസ്റ്റ് ബസിനുള്ളിലെ ലൈറ്റ് സംവിധാനങ്ങള്‍ക്കും ഡിജെ സൗണ്ട് സിസ്റ്റങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി
കൊച്ചി:ടൂറിസ്റ്റ് ബസിനുള്ളിലെ ലൈറ്റ് സംവിധാനങ്ങള്‍ക്കും ഡിജെ സൗണ്ട് സിസ്റ്റങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി.ബസിനുള്ളില്‍ ലൈറ്റ് സംവിധാനങ്ങള്‍ക്കൊപ്പം കരോക്കെ സിസ്റ്റവും മറ്റും ഉള്‍പ്പെട്ട ഡിജെ സൗണ്ട് സിസ്റ്റങ്ങളും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ ശല്യവും അപകടവും അസൗകര്യവും ഉണ്ടാക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.തീവ്രതയേറിയ ദൃശ്യ, ശ്രാവ്യ സംവിധാനം ഘടിപ്പിച്ചതിനു റോഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ നോട്ടിസ് നല്‍കിയതിനെതിരെ വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രകാരം വെടിപ്പായ പെയ്ന്റിങ് മാത്രമേ പാടുള്ളൂ. സര്‍വീസ് ഓപ്പറേറ്ററുടെ പേരും വിവരങ്ങളും ചട്ടപ്രകാരം പ്രദര്‍ശിപ്പിക്കണം.സുരക്ഷാ ഗ്ലാസുകള്‍ മറച്ചുള്ള എഴുത്തുകളും വരകളും ടിന്റഡ് ഫിലിമുകളും തുണികൊണ്ടുള്ള കര്‍ട്ടനുകളും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നീക്കണം.രജിസ്ട്രേഷന്‍ നമ്ബര്‍/ രജിസ്ട്രേഷന്‍ മാര്‍ക്ക് അതിനായി നിഷ്‌കര്‍ഷിച്ച സ്ഥലത്ത്, വ്യക്തമായി കാണാവുന്ന തരത്തില്‍ കേന്ദ്ര മോട്ടോര്‍വാഹന ചട്ടവും മോട്ടോര്‍വാഹന (ഡ്രൈവിങ്) ചട്ടവും പ്രകാരം പ്രദര്‍ശിപ്പിക്കണം.ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.