പാലക്കാട്: ദേശീയപാതയില്‍ വടക്ക് മുറിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് ക്‌ളീനർ മരിച്ചു.തമിഴ്‌നാട് കടലൂര്‍ സ്വദേശി കറുപ്പുദുരൈയാണ് മരണപ്പെട്ടത്.ചെന്നെയില്‍ നിന്ന് യാത്രക്കാരുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.അപകടത്തെ അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.
കൂത്തുപറമ്പ് ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്
തലശ്ശേരി: ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. തലശേരി കതിരൂര്‍ ഏഴാം മൈലില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.സിപിഎം കനാല്‍കര ബ്രാഞ്ച് കമ്മറ്റി അംഗം കതിരൂര്‍ ഏഴാം മൈല്‍ റോസില്‍ രഞ്ജിത്ത്, ബിജെപി പ്രവര്‍ത്തകന്‍ തള്ളോട് വാഴയില്‍ അക്ഷയ് എന്നിവരുടെ വീടുകള്‍ക്കു നേരെയായിരുന്നു സ്റ്റീല്‍ ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ രഞ്ജിത്തിന്റെ വീടിന്റെ ഗ്ലാസുകളും വരാന്തയിലെ ടൈല്‍സും തകര്‍ന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സിപിഎം ഓഫീസ് റെയ്ഡ്;എഎസ്പി ചൈത്രയ്‌ക്കെതിരെ നടപടിക്ക് ശുപാർശയില്ല
തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശയില്ല.ഇത് സംബന്ധിച്ച് എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് റിപ്പേര്‍ട്ട് കൈമാറി. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ചൈത്ര കുറച്ചു കൂടി ജാഗ്രത പാലിക്കണമായിരുന്നുവെന്നും പരാമര്‍ശമുണ്ട്. പാർട്ടി ഓഫീസിൽ അനധികൃതമായി റെയ്ഡ് നടത്തിയെന്ന സിപിഎം നേതാക്കളുടെ പരാതിയെ തുടർന്നാണ് എസ്പിക്കെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം.മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.കഴിഞ്ഞ 22-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരേ അമ്ബതോളം ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. പോക്സോ കേസില്‍ അറസ്റ്റിലായ രണ്ടു പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതായിരുന്നു പ്രകോപനം. അക്രമത്തേത്തുടര്‍ന്ന് കഴിഞ്ഞ 24-നു രാത്രി ഡി.സി.പി: ചൈത്രയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. നിലവിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ശബരിമല ഡ്യൂട്ടിയിലായിരുന്നതിനാല്‍ പകരം ചുമതലയിലായിരുന്നു ചൈത്ര.പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഡി.സി.പിയുടെ നടപടി. എന്നാല്‍, പരിശോധനയില്‍ അക്രമികളെ കണ്ടെത്താനായില്ല.
ആന്ധ്രാപ്രദേശില്‍ സ്കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്
ഹൈദരാബാദ്:ആന്ധ്രാപ്രദേശില്‍ സ്കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്.ആന്ധ്രയിലെ ഗുണ്ടൂരിലാണ് സംഭവം. 50ലേറെ കുട്ടികളുമായിപ്പോയ ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്‍റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം.
കർണാടക ബന്ദിപ്പൂർ വനത്തിനുള്ളിൽ കടുവയുടെ ആക്രമണത്തിൽ ഒരുമരണം
വയനാട്:കർണാടക ബന്ദിപ്പൂർ വനത്തിനുള്ളിൽ കടുവയുടെ ആക്രമണത്തിൽ ഒരുമരണം.കുണ്ടറ സ്വദേശി ചിന്നപ്പനാണ് മരിച്ചത്.കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്ദിപ്പൂര്‍. ഈ പ്രദേശത്ത് സ്ഥിരമായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന് സമീപ വാസികള്‍ പറഞ്ഞു.വയനാട് പുല്‍പ്പള്ളിയില്‍നിന്ന് 20 കിലോ മീറ്റര്‍ ദൂരെയാണ് ആക്രമണം നടന്നത്.വളര്‍ത്തുമൃഗങ്ങളെ കടുവ കൊണ്ടുപോകുന്നത് പതിവാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തിന് സർക്കാർ തയ്യാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തിന് സർക്കാർ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയില്‍ ചോദ്യത്തോര വേളയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.അടുത്തിടെ സംസ്ഥാനത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ചിലര്‍ ബോധപൂര്‍വം നടത്തിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരായി ഹർത്താലിന് പിന്നിലുള്ളത്. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ ഒന്നും ചെയ്യാത്തവരാണ് അവര്‍. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഹര്‍ത്താലിലൂടെ ക്രമസമാധാനം തകര്‍ക്കാനാണ് ബിജെപി ലക്ഷ്യമിട്ടത്. കലാപശ്രമം മുന്‍കൂട്ടിയറിഞ്ഞ് പൊലീസ് അതു തടഞ്ഞു. ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു
ഇടുക്കി:തൊടുപുഴ മൂലമറ്റത്ത് കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു. കാസര്‍കോട് രാജപുരം നിരവടിയില്‍ പ്രദീപന്‍ (45)ആണ് മരിച്ചത്. മകള്‍ പൗര്‍ണമി (11) മരച്ചില്ലയില്‍ പിടിച്ച് രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. മൂലമറ്റത്തെ ബന്ധുവീട്ടില്‍ കുടുംബസമേതം എത്തിയതായിരുന്നു പ്രദീപന്‍.ഇതിനിടെ കനാലിൽ കുളിക്കാനിറങ്ങുകയായിരുന്നു. പ്രദീപന്റെ ഭാര്യ രാധാമണിയും ഒപ്പമുണ്ടായിരുന്നു.പൗര്‍ണമി ഒഴുക്കില്‍പെട്ടതോടെ കനാലിലേക്ക് ചാടി മകളെ തോളിലേറ്റി നീന്താന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം രാധാമണി തൊട്ടടുത്ത ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി കനാലിനു മുകളില്‍ നിന്ന് കയറിട്ട് കൊടുത്തെങ്കിലും പ്രദീപനു കയറില്‍ പിടിക്കാനായില്ല. അവശനിലയിലായ പ്രദീപന്‍ കനാലിനരികിലെ മരത്തിന് സമീപത്തേക്ക് കുട്ടിയെ തള്ളിവിട്ട ശേഷം വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു. മരച്ചില്ലയില്‍ പിടിച്ച് നിന്ന കുട്ടിയെ സമീപവാസി രഞ്ജിത്ത് രക്ഷിക്കാന്‍ ശ്രമിക്കുകയും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കരയിലെത്തിക്കുകയുമായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൊടുപുഴ:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എഎസ്പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും;കടുത്ത നടപടി ഉണ്ടായേക്കില്ലെന്ന് സൂചന
തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് എഎസ്പി ചൈത്ര തെരേസ ജോണിനെതിരായുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.എ ഡി ജി പി മനോജ് എബ്രഹാമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.എസ്പിക്കെതിരായി കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന.തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് സി ഐ എന്നിവരില്‍ നിന്നെല്ലാം ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. താന്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരം പ്രതി അമ്മയെ ഫോണില്‍ വിളിച്ച് പറയുന്നത് കേട്ടിരുന്നു. പരിശോധന ചട്ടങ്ങള്‍ പാലിച്ചായിരുന്നുവെന്നും പിന്നാലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍; കൊച്ചിയിൽ റിഫൈനറി വികസന പദ്ധതി ഉത്ഘാടനം ചെയ്യും
കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍.കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളില്‍ പങ്കെടുക്കും.രണ്ടാഴ്ചയുടെ ഇടവേളയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്.കൊച്ചി നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് കൊച്ചിന്‍ റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കും.വൈകിട്ട് ആറുമണിയോടെ തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി പിന്നീട് ദില്ലിക്ക് തിരിക്കും.