വയനാട്: പട്ടിക വര്‍ഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും ഡിസിസി അംഗവുമായ ഒ.എം. ജോര്‍ജിനെതിരെയാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്നാണ് പരാതി.പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഒരാഴ്ച മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ്‌ലൈൻ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍. ഇവരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്. സംഭവം പുറത്തായതോടെ, പണം നല്‍കി ഒതുക്കിതീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഉമര്‍ ശ്രമിച്ചതായി കുട്ടിയുടെ രക്ഷിതാക്കള്‍ വ്യക്തമാക്കി.കുട്ടിയും ജോര്‍ജും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം കേട്ടതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ കൊല്ലുമെന്ന് ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പറഞ്ഞു.കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരാണ് പെണ്‍കുട്ടിയും മാതാപിതാക്കളും.സംഭവം പുറത്തറിഞ്ഞതോടെ ഒ.എം.ജോര്‍ജ്ജ് ഒളിവില്‍ പോയിരിക്കുകയാണ്.
ദേഹാസ്വാസ്ഥ്യം;നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ലാല്‍ മീഡിയയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ശ്രീനിവാസന് ശാരീരിക അവശതയുണ്ടായത്.അവശതയെ തുടർന്ന് കാറിൽ നിന്നും ഇറങ്ങാൻ കഴിയാതെ വന്നതോടെ അതെ കാറിൽ തന്നെ അദ്ദേഹത്തേ ആശുപത്രിയിലേക്ക് എത്തിക്കുകയായിുരന്നു. വിശദ പരിശോധന തുടരുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു
തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു.രാവിലെ 9 മണിക്ക് കവയിത്രി സുഗതകുമാരി ടീച്ചർ ഉൽഘാടനം ചെയ്തു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായിയാണ് അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരത്തിൽ പങ്കെടുക്കുന്നത്.മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
‘ദ്യുതി 2021’; സംസ്ഥാനത്തെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതികണക്ഷനുമായി കെഎസ്‌ഇബി
തിരുവനന്തപുരം:സര്‍ക്കാരിന്റെ ഊര്‍ജ കേരള മിഷന്റെ ഭാഗമായ ‘ദ്യുതി 2021’ ല്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതികണക്ഷനുമായി കെഎസ്‌ഇബി.ലൈഫ് പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിക്കുന്ന ഉദ്ദേശം നാലര ലക്ഷം വീടുകള്‍ക്കും സര്‍ക്കാര്‍ വൈദ്യുതികണക്ഷന്‍ സൗജന്യമായി നല്‍കും. 50 കോടി രൂപയാണ് ‘ദ്യുതി 2021’ നായി മാറ്റിവെച്ചിരിക്കുന്നത്.പോസ്റ്റില്‍നിന്ന് 35 മീറ്ററിനകത്തുള്ള കണക്ഷന്‍ (വെതര്‍ പ്രൂഫ്), 35 മീറ്ററിനകത്ത് പോസ്റ്റ് സ്ഥാപിച്ചുള്ള കണക്ഷന്‍(വെതര്‍ പ്രൂഫ് വിത്ത് സപ്പോര്‍ട്ട്), 200 മീറ്റര്‍വരെ പോസ്റ്റ് സ്ഥാപിച്ച് ലൈന്‍വലിച്ച് നല്‍കേണ്ട കണക്ഷന്‍ (ഓവര്‍ ഹെഡ്ലൈന്‍ 200 മീറ്റര്‍) എന്നീ കണക്ഷനുകള്‍ക്കാണ് ഈ സൗജന്യം ലഭ്യമാകുക. സാധാരണഗതിയില്‍ 200 മീറ്റര്‍ ഓവര്‍ ഹെഡ്ലൈന്‍ വലിക്കുന്നതിന് 60,000രൂപയും വെതര്‍ പ്രൂഫ് വിത്ത് സപ്പോര്‍ട്ട് കണക്ഷന് ആറായിരം രൂപയും വെതര്‍ പ്രൂഫ് വിഭാഗത്തില്‍ കണക്ഷന്‍ നല്‍കുന്നതിന് 1700 രൂപയുമാണ് ചെലവു വരിക. സംസ്ഥാനത്തെ 780 സെക്ഷനുകളിലായി കുറഞ്ഞത് 40,000 ഓവര്‍ ഹെഡ്ലൈന്‍ കണക്ഷന്‍ നല്‍കേണ്ടതായിവരും.
കോഴിക്കോട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
കോഴിക്കോട്:കുറ്റിക്കാട്ടൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രണവ്, സുധീഷ് എന്നിവരെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. സാരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു.
സന്തോഷ് ട്രോഫി ഫുട്ബോൾ;കേരള ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി:എഴുപത്തിമൂന്നാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു.സീസൺ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗോള്‍കീപ്പര്‍ വി. മിഥുനാണ് ഉപനായകന്‍.മുൻ താരം വി.പി ഷാജിയെ ടീമിന്റെ മുഖ്യ പരിശീലകനായും മിൽട്ടൺ ആൻറണി, സുബീഷ് എന്നിവരെ സഹ പരിശീലകരായും തെരഞ്ഞെടുത്തു. ഫെബ്രുവരി നാലിന് തെലുങ്കാനയുമായിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ ആദ്യ മത്സരം.
ടീം അംഗങ്ങള്‍ :
ഗോള്‍ കീപ്പര്‍ : മിഥുന്‍ വി , മുഹമ്മദ് അസര്‍, ഹജ്മല്‍ എസ്
ഡിഫന്‍ഡര്‍ : മുഹമ്മദ് ഷെയറെഫ് വൈ പി, അലക്സ് ഷാജി, രാഹുല്‍ വി രാജ്, ലിജൊ എസ് , മുഹമ്മദ് സാല, ഫ്രാന്‍സിസ് എസ് , സഫ്‌വാന്‍ എം.
മിഡ് ഫീല്‍ഡര്‍ : സീസണ്‍ എസ് , ഗിഫ്റ്റി സി ഗ്രേഷ്യസ്, മുഹമ്മദ് ഇനായത്ത്, മുഹമ്മദ് പറക്കുട്ടില്‍,ജിപ്സണ്‍ ജസ്ടസ്, ജിതിന്‍ ജി.
സ്ടൈക്കര്‍ : അനുരാഗ് പി സി ക്രിസ്റ്റി ഡേവിസ് , സ്റ്റെഫിന്‍ ദാസ്, സജിത്ത് പൗലോസ്.
രാഹുൽ ഗാന്ധി കേരളത്തിലെത്തി;കൊച്ചിയിൽ ഉജ്ജ്വല വരവേൽപ്പ്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൊച്ചിയില്‍ ഉജ്വല സ്വീകരണം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എംപിയുമായ എം.എ ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടു.ഏകെ ആന്‍റണി , ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്നിക്, ശശി തരൂര്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.തുടർന്ന് മറൈൻ ഡ്രൈവിൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ എല്ലാ ബൂത്ത് ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തിനെത്തി.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കടന്നൽകൂടിളകി;ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നിർത്തിവെച്ചു;നിരവധി കാണികൾക്ക് കടന്നൽക്കുത്തേറ്റു
തിരുവനന്തപുരം:ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കടന്നൽകൂടിളകി.ഇതേ തുടർന്ന് കാണികളെ സ്ഥലത്തുനിന്നും ഒഴിപ്പിക്കുകയും കളി തല്‍ക്കാലം നിര്‍ത്തി വെയ്ക്കുകയും ചെയ്തു.കടന്നല്‍ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കളികാണാനെത്തിയ രണ്ടുപേരാണ് കടന്നൽക്കൂടിന് കല്ലെറിഞ്ഞതെന്നാണ് സൂചന
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്;ഡിസിപി ചൈത്ര തെരേസ ജോണിനെതിരായുള്ള അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്‌ഡുമായി ബന്ധപ്പെട്ട് ഡിസിപി ചൈത്ര തെരേസ ജോണിനെതിരായുള്ള അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വിഷയത്തില്‍ അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ നടിപടിയൊന്നും ശിപാര്‍ശ ചെയ്തിരുന്നില്ല. നിയമപരമായ നടപടി മാത്രമാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വിഷയത്തില്‍ ചൈത്ര അല്‍പംകൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. വിഷയത്തിലെ പോലീസ് നടപടി നിയമസഭയിലും ചര്‍ച്ചാ വിഷയമായിരുന്നു. റെയ്ഡിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്.രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ സമൂഹത്തിന്‍റെ പലഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ടെന്നും ആ ശ്രമത്തിന്‍റെ ഭാഗമാണ് സിപിഎം ഓഫീസില്‍ നടന്ന റെയ്ഡെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം നാളെ ആരംഭിക്കും
തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം നാളെ ആരംഭിക്കും.സമരം സുഗതകുമാരി ടീച്ചർ ഉൽഘാടനം ചെയ്യും.നേരത്തെ സെക്രട്ടറേയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബങ്ങളും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരം പിൻവലിക്കുകയായിരുന്നു.സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ നടപടി എടുക്കാത്ത സാഹചര്യത്തില്‍ ആണ് സമരം വീണ്ടും ആരംഭിക്കുന്നത്. മുഴുവന്‍ ദുതിതബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.