കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശിയില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി.കണ്ണൂര്‍ സ്വദേശി ടി ഉനൈസില്‍ നിന്നാണ് ഇരുപത്തി മൂന്ന് സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തത്.മൈക്രോ ഓവനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ദോഹയില്‍ നിന്നും വന്ന ഖത്തര്‍ എയർവേയ്‌സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി;അച്ചടക്കനടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തി
തിരുവനന്തപുരം:സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി.അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തി.താല്‍ക്കാലികമായി ഡിവൈഎസ.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് നല്‍കുന്ന വിശദീകരണം. ആദ്യമായാണ് ഇത്രയും പേരെ തരം താഴ്ത്തുന്നത്. ഇതോടൊപ്പം 11 എഎസ്പിമാരെയും 53 ഡിവൈഎസ്പിമാരേയും സ്ഥലം മാറ്റിയിട്ടുമുണ്ട്.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. നല്ല പ്രകടനം കാഴ്ചവെച്ച 26 സിഐമാര്‍ക്ക് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. വകുപ്പ്തല നടപടി നേരിട്ടവരും ആരോപണ വിധേയരുമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്‌ചയ്‌ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
കെ.എസ്.ആർ.ടി.സി എംഡി സ്ഥാനത്ത് നിന്നും ടോമിൻ തച്ചങ്കരി പടിയിറങ്ങി
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി എംഡി സ്ഥാനത്ത് നിന്നും ടോമിൻ തച്ചങ്കരി പടിയിറങ്ങി.മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ തൽസ്ഥാനത്തു നിന്നും നീക്കാൻ തീരുമാനമായത്.കെഎസ്ആർടിസിയുടെ പുതിയ ചെയർമാൻ ആൻറ് മാനേജിങ് ഡയറക്റ്ററായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി ദിനേശിനെ നിയമിച്ചു.പോലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുമായി സഹകരിച്ചു പോകുന്ന ഉദ്യോഗസ്ഥൻ ഉന്നതതലത്തിൽ വേണമെന്നും എം.പി ദിനേശ് അത്തരത്തിലുള്ളയാളാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യവേ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.ഡിജിപി പദവിയിലുള്ള ടോമിൻ തച്ചങ്കരി നിലവിൽ പോലീസിന്റെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ തലവനാണ്.കെഎസ്ആർടിസി എംഡിയുടെ അധിക ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്.കെഎസ്ആർടിസിയെ ലാഭത്തിലേക്ക് നയിക്കാൻ ടോമിൻ തച്ചങ്കരി നടത്തിയ ശ്രമങ്ങളെ തൊഴിലാളി യൂണിയനുകൾ ഒന്നടംഗം എതിർത്തിരുന്നു.വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തില്‍ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്‍റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നു.
അതേസമയം കെ.എസ്.ആര്‍.ടി.സിയെ താന്‍ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്നും എം.ഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ലെന്നും കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ പ്രസംഗത്തിനിടെ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കെ.എസ്.ആര്‍.ടി.സി എം.ഡി എന്നത് വലിയ പോസ്റ്റല്ലെന്നും ജങ്ങളോടുള്ള ഉത്തരവാദിത്വം കൊണ്ടാണ് സ്ഥാനം ഏറ്റെടുത്തതെന്നും തച്ചങ്കരി വ്യക്തമാക്കി. തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ലെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.സി.എം.ഡി ഓഫീസിലെ മുഴുവൻ ജീവനക്കാരും അണിനിരന്ന വിടവാങ്ങൽ ചടങ്ങിൽ വികാരാധീനനായിട്ടാണ് പടിയിറങ്ങുന്ന തച്ചങ്കരി സംസാരിച്ചത്.2025ലെ മാറുന്ന കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ജീവനക്കാർ സജ്ജരാകണമെന്ന ഉപദേശവും നൽകിയാണ് തച്ചങ്കരി ആനവണ്ടിയോട് വിട പറഞ്ഞത്.
പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി ഭരണസമിതി പ്രസിഡന്റായി എം.വി നികേഷ്‌കുമാറിനെ തിരഞ്ഞെടുത്തു
കണ്ണൂർ:പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി ഭരണസമിതി പ്രസിഡന്റായി എം.വി നികേഷ്‌കുമാറിനെ തിരഞ്ഞെടുത്തു.സിപിഎം അരവിന്ദാക്ഷൻ വിഭാഗം പോളിറ്റ്ബ്യുറോ അംഗമായ ടി.സി.എച് വിജയൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നികേഷിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാട്യം രാജന്‍ നികേഷിന്റെ പേര്‍ നിര്‍ദേശിക്കുകയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടി.സി.എച്ച്. വിജയനും പ്രൊഫ. ഇ. കുഞ്ഞിരാമനും പിന്താങ്ങുകയുമായിരുന്നു.പറശ്ശിനിക്കടവിലെ എം വിആര്‍. സ്മാരക ആയുര്‍വേദ മെഡിക്കല്‍ കോളേജ്, സ്നേക്ക് പാര്‍ക്ക് എന്നിവ നടത്തുന്നത് വിഷചികിത്സാ സൊസൈറ്റിയാണ്. സി.എംപി. അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നതിന് മുന്നോടിയായാണ് അപ്രതീക്ഷിതമായി നികേഷിനെ സൊസൈറ്റി പ്രസിഡന്റാക്കിയതെന്ന വാദം സജീവമാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഎം. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നികേഷാണ് അരവിന്ദാക്ഷന്‍ വിഭാഗത്തെ സിപിഎമ്മില്‍ ലയിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം ചര്‍ച്ചയാകുന്നത്.അതേസമയം വിഷചികിത്സാ സൊസൈറ്റി പ്രസിഡന്റായി നികേഷ്‌കുമാറിനെ തിരഞ്ഞെടുത്തതിന് ലയനവുമായോ സി.എംപി.യിലെ പ്രശ്നങ്ങളുമായോ ബന്ധമില്ലെന്നും സാധാരണ നടപടിയാണെന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സംസ്ഥാന ബജറ്റ്;മലബാർ ക്യാൻസർ സെന്ററിന് 46 കോടി രൂപ;ചാലക്കുന്ന്-തോട്ടട റെയിൽവെ മേൽപ്പാലത്തിന് അഞ്ചുകോടി
കണ്ണൂർ:മലബാർ ക്യാൻസർ സെന്ററിന് ബജറ്റ് വിഹിതമായി 46 കോടി രൂപ അനുവദിച്ചു.പദ്ധതിയിനത്തിൽ 35 കോടിരൂപയും പദ്ധതിയേതരയിനത്തിൽ 11 കോടി രൂപയും ലഭിക്കും.38.5 കോടി രൂപ ചെലവുവരുന്ന പതിനൊന്ന് പദ്ധതികൾക്കാണ് സെന്റർ അധികൃതർ സർക്കാരിനെ സമീപിച്ചിരുന്നത്.ഇതിൽ 35 കോടിയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. പദ്ധതിയേതരയിനത്തിലുള്ള തുക ശമ്പളം,മരുന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ എന്നിവയ്ക്കുപയോഗിക്കും.കഴിഞ്ഞ വർഷം 50 കോടിയോളം രൂപയാണ് മലബാർ ക്യാൻസർ സെന്ററിനായി നീക്കിവെച്ചിരുന്നത്.
ചാലക്കുന്നിനെ തോട്ടടയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ മിനി ഓവർബ്രിഡ്ജിന് ബജറ്റിൽ അഞ്ചുകോടി രൂപ അനുവദിച്ചു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഉള്ള തോട്ടടയിലേക്ക് റെയിൽപാത മുറിച്ചുകടന്നാണ് ഇപ്പോൾ യാത്രക്കാർ പോകുന്നത്.ഇതോടൊപ്പം നടാൽ ബൈപാസിൽ താഴെചൊവ്വ മുതൽ കീഴ്ത്തള്ളി വരെ പഴയ റോഡ് വീതികൂട്ടാൻ 7 കോടി,കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ വികസനത്തിനായി 7.5 കോടി,കണ്ണൂർ സ്പോർട്സ് ഡിവിഷണൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി,നടാൽ പാലം,കുറുവ പാലം,അയ്യാരത്ത് പാലം എന്നിവയ്ക്കായി 3 കോടി രൂപ വീതവും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
ജില്ലയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്റ്റർ
കണ്ണൂർ:ജില്ലയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്റ്റർ മിർ മുഹമ്മദലി മുന്നറിയിപ്പ് നൽകി.തട്ടുകടകളുടെ സുരക്ഷയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ തട്ടുകടകളില്‍ കര്‍ശന പരിശോധ നടത്താന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോഗ് (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിംഗ് ടു ഗോഡ്) ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോഗ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ഫെബ്രുവരി അവസാന വാരം അവലോകന യോഗം ചേരാനും ബോഗ് പദ്ധതിയെക്കുറിച്ച് ആരാധനാലയങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.ആരാധനാലയങ്ങളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന മായങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരിക്കണമെന്നും യോഗം വ്യക്തമാക്കി. ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള ഓഡിറ്റോറിയങ്ങളും ഭക്ഷ്യസുരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരികയും ഇവിടങ്ങളിലേക്ക് വെള്ളമെടുക്കുന്ന കിണറുകള്‍ പരിശോധിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മായം കണ്ടെത്തേണ്ട രീതികളെക്കുറിച്ചും ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗം വിശദീകരിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബം സെക്രെട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന പട്ടിണി സമരം മൂന്നാം ദിവസത്തിലേക്ക്;റെവന്യൂ മന്ത്രിയുമായി ചർച്ച ഇന്ന്
തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബം സെക്രെട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന പട്ടിണി സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.അതേസമയം സമര സമിതിയുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഇന്ന് രാവിലെ ചര്‍ച്ച നടത്തും.സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീംകോടതി വിധി പ്രകാരം ധനസഹായത്തിന്റെ മൂന്ന് ഗഡുക്കളും നല്‍കി. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.ഒരു വര്‍ഷംമുന്‍പ് ഇതുപോലെ കാസര്‍കോഡ് നിന്നെത്തിയ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം നിര്‍മ്മിക്കാനുള്ള ഫാക്ടറി സ്ഥാപിക്കും
കാസർകോട്:കാസര്‍കോട് ജില്ലയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം നിര്‍മ്മിക്കാനുള്ള ഫാക്ടറി സ്ഥാപിക്കും.ഇതിനായി കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടറേറ്റ് തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കും.ഇതിന് എക്സൈസ് വകുപ്പിന്റെ അനുമതി കൂടി ലഭ്യമാകുന്നതോടെ മദ്യനിര്‍മ്മാണ ഫാക്ടറിയുടെ തുടര്‍ നടപടികള്‍ക്ക് വേഗതയേറും.ജില്ലയില്‍ 4500 ഹെക്റ്ററിലുള്ള കശുമാവിൻ തോട്ടങ്ങളിൽ നിന്നും പ്രതിവര്‍ഷം 1500 ടണ്‍ കശുവണ്ടി ലഭിക്കുമ്ബോള്‍ 15,000 ടണിലേറെയാണ് കശുമാങ്ങ ഉല്‍പാദിപ്പിക്കുന്നത്.എന്നാല്‍ ഇവയത്രയും ഇപ്പോള്‍ പാഴാക്കികളയുകയാണ് ചെയ്യുന്നത്. കശുമാങ്ങ വഴി വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇവയ്ക്കായി ഉപയോഗിക്കുന്നത് ഉല്‍പാദനത്തിന്റെ പത്തിലൊന്ന് കശുമാങ്ങ മാത്രമാണ്. അതുകൊണ്ട് തന്നെ പാഴാക്കി കളയുന്ന കശുമാങ്ങയെയും വരുമാനമാക്കി മാറ്റാനാണ് കാര്‍ഷിക സര്‍വ്വകലാശാലയും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ലക്ഷ്യമിടുന്നത്. പരീക്ഷണാര്‍ത്ഥം കാസര്‍കോട് ജില്ലയില്‍ കശുമാങ്ങ മദ്യം നിര്‍മ്മിക്കുന്നത് വിജയകരമായാല്‍ ഇത് സംസ്ഥാന വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്.സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കശുമാങ്ങയിലൂടെ മദ്യം ഉല്‍പാദിപ്പിക്കുമ്ബോള്‍ ഗുണമേന്‍മയുള്ള മദ്യം ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ കഴിയുമെന്ന് കൃഷിവകുപ്പും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും കണക്കു കൂട്ടുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനേക്കാള്‍ കൂടിയ തോതിൽ കര്‍ഷകരും കശുമാവ് കൃഷി നടത്തിവരുന്നുണ്ട്. ഇവരും കശുവണ്ടി ശേഖരിച്ച ശേഷം കശുമാങ്ങ പാഴാക്കി കളയുകയാണ് ചെയ്യുന്നത്.കശുമാങ്ങ ഫാക്ടറി യാഥാര്‍ത്ഥ്യമാകുമ്ബോള്‍ കര്‍ഷകരില്‍ നിന്ന് കൂടി കശുമാങ്ങ സംഭരിക്കുന്നത് കര്‍ഷകര്‍ക്കും ഗുണകരമാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നവകേരള നിർമാണത്തിന് പ്രളയ സെസ് ഏർപ്പെടുത്തി
തിരുവനന്തപുരം:നവകേരള നിർമാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് ഏർപ്പെടുത്തി.ജി.എസ്.ടിയില്‍ 12,18,28 ശതമാനം സ്ലാബുകളില്‍ വരുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഏറെക്കുറെ ഉത്പന്നങ്ങളും ഈ ഗണത്തിലാണ് വരുന്നത്. അതിനാല്‍ വില വര്‍ധന നേരിട്ട് ബാധിക്കുക സാധാരണക്കാരെയാകും. ടൂത്ത് പേസ്റ്റിനും സോപ്പിനും സ്കൂള്‍ ബാഗിനും നോട്ട്ബുക്കിനും കണ്ണടക്കും വില കൂടും. ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും ഒരു ശതമാനം സെസ് ബാധകമാണ്.സിനിമാ ടിക്കറ്റിനും ടിവി,ഫ്രിഡ്ജ് മുതലായ ഗൃഹോപകരണങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വില കൂടും. ഇതിന് പുറമേ വാഹനങ്ങള്‍ക്കും സ്വര്‍ണത്തിനും വെള്ളിക്കും ചെലവേറും.സംസ്കരിച്ച പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറി ഉത്പന്നങ്ങള്‍ക്കും ജി.എസ്.ടിക്ക് പുറമേ ഒരു ശതമാനം സെസ് നല്‍കണം.ഉയര്‍ന്ന വിലയുള്ള സാധനങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ വന്‍ വരുമാന വര്‍ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ മരിച്ചതായി വ്യാജപ്രചരണം;മുഴപ്പിലങ്ങാട് സ്വദേശി പിടിയിൽ
തലശ്ശേരി:പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ മരിച്ചതായി വ്യാജപ്രചരണം നടത്തിയ മുഴപ്പിലങ്ങാട് സ്വദേശി പിടിയിലായി.കെടി ഷല്‍കീറി(38)നെയാണ് തലശ്ശേരി ടൗണ്‍ സിഐ, എംപി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഷല്‍കീറിനെയാണ് പോലീസ് പിടികൂടിയത്.ഇന്നലെ വൈകുന്നേരം മുതലാണ് എരഞ്ഞോളി മൂസ മരിച്ചെന്ന തരത്തിലുള്ള സന്ദേശം വാട്സ്‌ആപ്പിലും ഫേസ്ബുക്കിലുമായി പ്രചരിച്ചു തുടങ്ങിയത്.’ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി’ എന്ന് തുടങ്ങുന്ന സന്ദേശമാണ് സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചത്.തലശ്ശേരി ടൗണിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ സന്ദേശം പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഇത് പങ്കുവെക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട എരഞ്ഞോളി മൂസ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും താന്‍ ജീവിച്ചിരിപ്പുണ്ടെന്നും ഫേസ്ബുക് വീഡിയോയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. വ്യാജ വാര്‍ത്ത സൃഷ്ടിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് മറ്റുള്ളവരിലേക്ക് എത്തിക്കണെമെന്നും വീഡിയോയില്‍ പറയുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതും പ്രതി പിടിയിലാകുന്നതും.