കണ്ണൂർ സ്വദേശിനിയുടെ ആത്മഹത്യ; കൊടൈക്കനാലിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു

keralanews suicide of kannur native locals blocked road in kodaikkanal

കൊടൈക്കനാൽ:കൊടൈക്കനാലിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് ഉപരോധം നടത്തി.കൊടൈക്കനാല്‍ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാഹി കാനോത്ത് വിട്ടില്‍ എന്‍ കെ ഷാജിന്റെ ഭാര്യ രോഹിണി നമ്ബ്യാരാ(44)ണ് വ്യാഴാഴ്ച രാത്രിയോടെ വീട്ടില്‍ തൂങ്ങി മരിച്ചത്.മുണ്ടേരിയിലെ നാരായണന്‍ നമ്ബ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ് രോഹിണി നമ്ബ്യാര്‍.രോഹിണിക്ക് എട്ടു കുട്ടികളാണുള്ളത്. എട്ടുവര്‍ഷമായി കൊടൈക്കനാലിലാണ് ഇവരുടെ താമസം.അവിടെ വെള്ളംലോറി ജോലിക്കാരനായ ജയശീലന്‍ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ കൊടൈക്കനാലില്‍ത്തന്നെ സംസ്‌കരിക്കണമെന്നും ഭര്‍ത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്നും രോഹിണിയുടെ കുറിപ്പിലുണ്ട്. ജയശീലനെതിരെ നേരത്തേ രോഹിണി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഹിണിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി റോഡ് ഉപരോധിച്ചത്. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ ഷാജ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കി.പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്ക്കരിക്കാനാകില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചത്.കണ്ണുരിലെ താമസക്കാലത്ത് പേസ്റ്റ് രൂപത്തിലുള്ള ഡിറ്റര്‍ജന്റ് സ്വയം വികസിപ്പിച്ചെടുത്ത് വിപണിയിലെത്തിയതോടെ ഷാജ് എന്ന ലാലിയുടെ കുടുംബം നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ദശരഥ് സാഗര്‍നരിമാന്‍, ഹിന്ദ്സൂരജ് നരസിംഹന്‍, റാംസപ്തേശ്വര്‍ ഋഗ്വേദ്, മയ്യഴി സ്വാതിസന്‍സ്‌കൃത, ദ്രുപദ് സന്യാസ് രക്ഷാബന്ധന്‍, ഒക്ടേവിയന്‍ സംവിദ് ഋതധ്യുമ്നന്‍, ഋതുസംയൂജ് ഏര്‍ലിമാന്‍, യാരിയ സംഗീത് നിരഞ്ജന്‍ എന്നിവരാണ് മക്കള്‍.

ഫിറ്റ്‌നസ് സെന്ററുകളില്‍ ശരീര പുഷ്ടിക്കായി നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകൾ;ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

keralanews medicine for animals are supplied in fitness centers for health

കൊച്ചി:ഫിറ്റ്‌നസ് സെന്ററുകളില്‍ ശരീര പുഷ്ടിക്കായി നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകളെന്ന് റിപ്പോർട്ട്.12 ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പരിശോധനയില്‍ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തു.കേരളത്തിലെ പല ജിമ്മുകളിലും ശരീര പുഷ്ടിക്കായി മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പ്രയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുൻപ് എറണാകുളത്ത് നിന്ന് ഇത്തരത്തിലുള്ള മരുന്നുകള്‍ പിടിച്ചെടുത്തു. ഇതോടെയാണ് ഡ്രഗ്‌സ് വിഭാഗം പരിശോധന ശക്തമാക്കിയത്.തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഫോര്‍ച്യൂണ്‍ ഫിറ്റ്‌നസ് എന്ന സ്ഥാപനത്തില്‍ നിന്ന് മരുന്നുകളും സിറിഞ്ചും കണ്ടെടുത്തു. തൂക്കം കൂട്ടാന്‍ കോഴികളിലും പന്നികളിലും ഉപയോഗിക്കുന്ന ട്രെന്‍ബൊലോന്‍, മെത്തനോളന്‍, കുതിരകള്‍ക്ക് കൊടുക്കുന്ന സ്റ്റനസൊലോള്‍ എന്നീ രാസമൂലകങ്ങള്‍ അടങ്ങിയതാണ് മരുന്നുകള്‍.മരുന്നുകളെത്തുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് അനുമാനം. ബള്‍ഗേറിയ, സൈപ്രസ് എന്നിവിടങ്ങളില്‍ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തിയിരുന്ന ഇവ മരുന്നുകളുമായി ഒരു ബന്ധവുമില്ലാത്ത പാക്കറ്റുകളിലാണ് എത്തിയിരുന്നതെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പിഎം ജയന്‍ പറഞ്ഞു.

കുംഭമാസ പൂജകൾക്കായി ശബരിമല നടതുറക്കാനിരിക്കെ ശബരിമലയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പോലീസ്

keralanews police will impose restrictions in sabarimla during kumbhamasa pooja

പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി ശബരിമല നടതുറക്കാനിരിക്കെ ശബരിമലയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പോലീസ്.കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതല്‍ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തര്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പ,സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ.

ശബരിമല ദർശനം നടത്തിയ കനകദുർഗയ്‌ക്കെതിരെ വിവാഹമോചന നടപടികളുമായി ഭർത്താവ് രംഗത്ത്

keralanews the husband has filed divorce proceedings against kanakadurga who visited sabarimala

മലപ്പുറം:ശബരിമല ദർശനം നടത്തിയ കനകദുർഗയ്‌ക്കെതിരെ വിവാഹമോചന നടപടികളുമായി ഭർത്താവ് കൃഷ്ണനുണ്ണി രംഗത്ത്.ശബരിമല ദർശനം നടത്തിയതിന് പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ കനകദുർഗയെ ഭർത്താവ് വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ നിയമപോരാട്ടത്തിനൊടുവിൽ കനകദുർഗ വീട്ടിൽ തിരിച്ചെത്തി.പിന്നാലെ ഭർത്താവും മക്കളും വീടുവിട്ടിറങ്ങുകയും ചെയ്തു.ഇതിനു പിന്നാലെയാണ് വിവാഹമോചന നടപടികളുമായി കൃഷ്ണനുണ്ണി രംഗത്തെത്തിയിരിക്കുന്നത്.കനകദുര്‍ഗ വീട്ടില്‍ ഇപ്പോള്‍ തനിച്ചാണു താമസം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. ഭര്‍ത്താവിനു തന്നെ വേണ്ടെന്നാണെങ്കില്‍ മക്കളെ ഒപ്പം കിട്ടാനായി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.മക്കള്‍ക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കനകദുര്‍ഗ പറയുന്നത്.

കോപ്പിയടി തടഞ്ഞ അധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു

keralanews teachers hand injured when he was beaten by student

കാസർകോഡ്:പരീക്ഷയ്ക്കിടെ കോപ്പിയടി തടഞ്ഞ അധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു.ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരിയിലെ ഡോ. വി ബോബി ജോസിനെയാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥി ആക്രമിച്ചത്.വിദ്യാർത്ഥിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കുന്നതിനെതിരെ അധ്യാപകനെ ഭീഷണിപ്പെടുത്തിയതിനു വിദ്യാര്‍ത്ഥിയുടെ പിതാവും കസ്റ്റഡിയിലാണ്. ഇന്നലെ നാലോടെയാണ് സംഭവം.അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹയര്‍ സെക്കണ്ടറി ഹ്യൂമാനിറ്റീസ് പരീക്ഷയ്ക്കിടെ കോപ്പിയടി ചോദ്യം ചെയ്തതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥി ഹാളില്‍ വച്ച്‌ മുഖത്തടിക്കുകയും നിലത്ത് വീണപ്പോള്‍ ദേഹത്ത് ചവിട്ടുകയും അടിക്കുകയുമായിരുന്നുവെന്ന് അധ്യാപകന്‍ പറയുന്നു.

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

keralanews kannur native died in elephant attack

തൃശൂർ:ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം.കണ്ണൂര്‍ സ്വദേശി ബാബുവാണ് കൊല്ലപ്പെട്ടത്. തൃശ്ശൂരിലെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. സമീപത്തെ പറമ്പിൽ പടക്കം പൊട്ടിക്കുന്നത് കേട്ട് പരിഭ്രാന്തനായി ഓടുന്നതിനിടെ അടുത്ത് നില്‍ക്കുകയായിരുന്ന ബാബുവിന് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു.തന്റെ കുടുംബ സുഹൃത്തിന്റെ ഗൃഹപ്രവേശത്തിനായി എത്തിയതായിരുന്നു ബാബു.കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനായി എത്തിച്ചതായിരുന്നു ആനയെ. ഈ ആനയെ ഗൃഹപ്രവേശനത്തിനും കൊണ്ടു വന്നതിന് പിന്നാലെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഗൃഹപ്രവേശം നടന്ന വീട്ടുകാര്‍ തന്നെയാണ് ആനയെ എഴുന്നള്ളിപ്പിന് കൊണ്ടു വന്നതും. ഇവരുടെ വീടിന്റെ മുറ്റത്ത് തന്നെ ആനയെ തളയ്ക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആനയെ തളച്ച്‌ കുറച്ച്‌ സമയത്തിന് ശേഷം സമീപത്തെ പറമ്ബില്‍ പടക്കം പൊട്ടിക്കുകയും ഇത് കേട്ട് ആന വിരണ്ടോടുകയുമായിരുന്നു.ആനയിടഞ്ഞത് കണ്ട് തിക്കും തിരക്കും ശക്തമാവുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.എന്നാൽ ആനയുടെ ചവിട്ടേറ്റ ബാബു സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

എ എന്‍ ഷംസീർ എംഎൽഎയുടെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാള്‍ പിടിയില്‍

keralanews one arrested in the case of bomb attack against a n shamseer m l a

കണ്ണൂർ:എ എന്‍ ഷംസീർ എംഎൽഎയുടെ  വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാള്‍ പിടിയില്‍.പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര്‍ സതീഷ് ആണ് പിടിയിലായത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെയുണ്ടായ ഹർത്താലുമായി ബന്ധപ്പെട്ട് തലശ്ശേരി മേഖലകളില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് എംഎല്‍എയുടെ മാടപ്പീടികയിലെ വീടിന് നേരെ ബോംബേറ് നടന്നത്.പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോണ്‍ കോളുകളും പരിശോധിച്ചാണ് അറസ്റ്റ്. തലശ്ശേരി സിഐ എം പി ആസാദ്,ന്യൂ മാഹി എസ് ഐ സുമേഷ്, എഎസ്പിയുടെ ക്രൈം സ്വകാഡ് എന്നിവരങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതി ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്ന് സി ഐ ആസാദ് അറിയിച്ചു.

കലാഭവൻ മണിയുടെ മരണം;സാബുമോനും ജാഫർ ഇടുക്കിയുമടക്കം ഏഴു സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് തയ്യാർ

keralanews death of kalabhavan mani seven friends including jafar idukki and sabumon ready for polygraph test

കൊച്ചി:കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുമോനും ജാഫർ ഇടുക്കിയുമടക്കം ഏഴു സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് തയ്യാറെന്ന് അറിയിച്ചു.എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഹാജരായാണ് ഇക്കാര്യം അറിയിച്ചത്.കലാഭവന്‍ മണി കുഴഞ്ഞു വീണു മരിച്ച ദിവസം ചാലക്കുടിയിലെ പാടിയില്‍ ഇവര്‍ ഉണ്ടായിരുന്നു. ഇവരുടെ നുണപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.മണിയുടെ ശരീരത്തില്‍ വിഷാംശം ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

ദേവസ്വം ബോർഡിലെ ഭിന്നത മറനീക്കി പുറത്ത്; പ്രസിഡന്റിനെതിരെ ദേവസ്വം കമ്മീഷണർ

keralanews dispute in devaswom board devaswom commissioner against board president

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ യുവതീപ്രവേശത്തെ അനുകൂലിച്ച ബോര്‍ഡ് തീരുമാനത്തെച്ചൊല്ലിയുള്ള ദേവസ്വം പ്രസിഡന്റും കമ്മിഷണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പത്മകുമാറിന്റെ പരസ്യ നിലപാടുകള്‍ക്കെതിരെ എന്‍ വാസു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ചു.ശബരിമല യുവതീ പ്രവേശന വിധിയില്‍ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡെടുത്ത നിലപാടില്‍ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല, എന്നാല്‍ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ വിശദീകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകൃരണം നല്‍കുമെന്നും എന്‍ വാസു പറഞ്ഞു.ഇന്നലെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എ.കെ.ജി സെന്ററിലേക്ക് വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. സുപ്രീം കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചും ബോര്‍ഡിലെ ചില നടപടികളില്‍ തനിക്കുള്ള വിയോജിപ്പിനെക്കുറിച്ചുമെല്ലാം കോടിയേരിയെ കമ്മിഷണര്‍ അറിയിച്ചതായാണ് സൂചന.അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടതായി വിവരമുണ്ട്.ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കിയതായാണ് സൂചന.എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ പ്രശ്ങ്ങള്‍ ഇല്ലെന്നും പ്രസിഡന്റും കമ്മിഷണറും തമ്മില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി ചര്‍ച്ച ചെയ്തത് റിവ്യുഹര്‍ജികള്‍ മാത്രമായിരുന്നെന്നും സാവകാശ ഹര്‍ജി ഈ സമയത്ത് പ്രസക്തമല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീം കോടതി നിലപാട് നേരത്തെ തന്നെ ബോര്‍ഡ് അംഗീകരിച്ചതാണ്. വിധി എന്ത് തന്നെയായാലും അത് നടപ്പാക്കേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ടെന്നും മന്ത്രി പറഞ്ഞു.

ശബരിമല പുനഃപരിശോധനാ ഹർജികളിൽ വീണ്ടും വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി

keralanews supreme court says can not hear any aruguments in sabarimala review petition

ന്യൂഡൽഹി:ശബരിമല പുനഃപരിശോധനാ ഹർജികളിൽ വീണ്ടും വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി.ഇനി വാദമുണ്ടെങ്കില്‍ എഴുതി നല്‍കണമെന്ന് കോടതി ആവര്‍ത്തിച്ചു.ദേശീയ അയ്യപ്പഭക്ത ‌അസോസിയേഷന്റെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് വീണ്ടും വാദത്തിന് അവസരം തേടിയത്.ഇന്നലത്തെ ഉത്തരവ് പിന്‍വലിച്ച് പുനപരിശോധന ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കണം എന്ന മാത്യു നെടുമ്പാറയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം തനിക്ക് വാദത്തിന് അവസരം കിട്ടിയില്ല. മറ്റാരും പറയാത്ത ഭരണഘടനാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്തുതന്നെ ആയാലും എഴുതി നല്‍കൂ  കഴമ്പുണ്ടെങ്കില്‍ വാദത്തിന് അവസരം നല്‍കാം എന്ന് കോടതി മറുപടി നല്‍കി.56 പുനപരിശോധന ഹര്‍ജിക്കാരുണ്ടായിരുന്നെങ്കിലും തന്ത്രിയും എന്‍.എസ്.എസും പ്രയാര്‍ ഗോപാലകൃഷ്ണനും അടക്കം ഏതാനും കക്ഷികള്‍ക്കേ ഇന്നലെ വാദം പറയാനായുള്ളൂ.