എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിൽ

keralanews rss worker arrested in connection with the bomb attack against a n shamseer mla

കണ്ണൂർ:എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിൽ.മാടപ്പീടിക അടക്കാക്കുനിയില്‍ ശ്രീശാന്താണ് അറസ്റ്റിലായത്.  ചൊവ്വാഴ്ച്ച പുലര്‍ച്ചെ പുന്നോല്‍ മാക്കുട്ടം റോഡില്‍ വെച്ചാണ് പ്രതി അറസ്റ്റിലാവുന്നത്.ഇക്കഴിഞ്ഞ ജനുവരി നാലിനാണ് ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണമുണ്ടാവുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നടന്ന ഹർത്താലിനിടെയാണ് ഷംസീറിന്റെ വീടിനു നേരെ ബോംബേറുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് സതീഷ് എന്നയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്‌എസ് നേതാവ് കൊളക്കാട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെയുള്ള സിപിഎം ആക്രമമാണ് എംഎല്‍എയുടെ വീടാക്രമിക്കാന്‍ കാരണമായതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

ഡൽഹി തീപിടുത്തം;മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

keralanews delhi fire the dead bodies of malayalees will bring to kochi today

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. ചോറ്റാനിക്കര സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ പെട്ടന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.എയര്‍ ഇന്ത്യ വിമാനത്തിലാണ‌് മൃതദേഹങ്ങള്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിക്കുക. അപകടത്തില്‍ രക്ഷപ്പെട്ടവരും ഇന്നു കൊച്ചിയിലെത്തും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡെൽഹിയിലെത്തിയതായിരുന്നു ഇവർ.

കടുവയിറങ്ങുന്നത് പതിവാകുന്നു;നാട്ടുകാർ പ്രതിഷേധത്തിലേക്ക്

keralanews natives are ready for action against tiger attack in wayanad

വയനാട്:മരക്കടവ്, പെരിക്കല്ലൂര്‍ പ്രദേശങ്ങളില്‍ കടുവയിറങ്ങുന്നത് പതിവായ സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ ധര്‍ണ നടത്തും. ഒരു മാസം മുൻപ് മരക്കടവില്‍ കടുവയിറങ്ങിയപ്പോള്‍ കൂട് സ്ഥാപിച്ച്‌ കടുവയെ പിടികൂടണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമപരമായ കാരണങ്ങൾ പറഞ്ഞ് കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തയ്യാറായില്ല.ഉന്നതാധികാരികളില്‍നിന്ന് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ കൂട് സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഞായറാഴ്ച പെരിക്കല്ലൂരിലും കടുവയെ കണ്ടതോടെയാണ് സമരം  ആരംഭിക്കാൻ നാട്ടുകാര്‍ തീരുമാനിച്ചത്. കടുവയെ കൂട് സ്ഥാപിച്ച്‌ പിടിച്ചില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. രാത്രികാല നിരീക്ഷണമടക്കമുള്ള മുന്‍കരുതലുകള്‍ വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഉറക്കമിളച്ച്‌ വളര്‍ത്ത് മൃഗങ്ങള്‍ക്ക് കാവലിരിക്കുകയാണ് ഗ്രാമവാസികള്‍. കബനി നദിയുടെ സമീപമുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഒരു മാസത്തിനിടെ നിരവധി തവണയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ കടുവയിറങ്ങിയത്. മരക്കടവിലിറങ്ങിയ കടുവ ഒരു പശുവിനെ കൊന്ന് തിന്നിരുന്നു. ഈ കടുവയെ പ്രദേശത്തെ തോട്ടത്തില്‍ നിന്ന് തുരത്താന്‍ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ഒരാഴ്ചയോളം പരിശ്രമിച്ചിരുന്നു. ഇതുവരെ കടുവയുടെ സാന്നിധ്യം ഇല്ലാതിരുന്ന പെരിക്കല്ലൂരില്‍  കഴിഞ്ഞ ദിവസം കടുവയെ കണ്ടതാണ് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുന്നത്.

കലാഭവന്‍ മണിയുടെ മരണം;സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി

keralanews death of kalabhavan mani court granted permission for polygraph test

കൊച്ചി:കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരടക്കമുള്ള ഏഴ് പേരുടെ നുണ പരിശോധനക്കാണ് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണപരിശോധന നടത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരൻ രാമകൃഷ്ണൻ പരാതി നൽകിയിരുന്നു. ഇതിനെ തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് സിബിഐ കേസെടുത്തിരുന്നു.സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ച്‌ സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു.നുണ പരിശോധന കേരളത്തില്‍ തന്നെ നടത്തണമെന്ന ആവശ്യം ജാഫര്‍ ഇടുക്കി അടക്കമുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്.കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന്റെ ഭാഗമായാണ് നുണപരിശോധന നടത്തണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്.

ജില്ലയ്ക്ക് അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിവാതിൽ കടക്കുന്ന ആദ്യ കണ്ണൂരുകാരനായി വരുൺ നായനാർ

keralanews varun nayanar the first from kannur to enter in indian cricket team

കണ്ണൂർ:ജില്ലയ്ക്ക് അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിവാതിൽ കടക്കുന്ന ആദ്യ കണ്ണൂരുകാരനായി വരുൺ നായനാർ.അണ്ടർ 19 ദേശീയ ടീമിലേക്കാണ് വരുൺ തിരഞ്ഞെടുക്കപ്പെട്ടത്.ഈ മാസം 20 ന് തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ചതുർദിന മത്സരത്തിൽ വരുൺ ഇന്ത്യൻ കുപ്പായമണിയും.അതിനു ശേഷം  ഇതേ വേദിയിൽ ഇതേ ടീമുമായി മറ്റൊരു മത്സരം കൂടിയുണ്ട്.അണ്ടർ 14 കേരള ടീമിന്റെ നായകസ്ഥാനത്തേക്ക് രണ്ടാം തവണയുമെത്തിയ വരുൺ ഈ വർഷം കേരളത്തിന്റെ അണ്ടർ 19 ടീമംഗമായി അധികം വൈകാതെയാണ് ദേശീയ ടീമിലേക്കുമെത്തുന്നത്.ഉത്തരമേഖലാ അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിൽ കാസർകോഡിനെതിരെ മിന്നുന്ന പ്രകടനവുമായി കണ്ണൂരിനെ പ്രതിനിധീകരിച്ചാണ് വരുണിന്റെ അരങ്ങേറ്റം.കാസർകോടിനും കോഴിക്കോടിനുമെതിരെയുള്ള പ്രകടനം കണ്ടാണ്‌ വരുൺ ഇന്ത്യൻ ടീമിലെത്താനുള്ള സാധ്യതയുണ്ടെന്ന് കേരള രഞ്ജി ടീം സഹപരിശീലകൻ മസർ മൊയ്‌ദു പ്രവചിച്ചത്.ജില്ലയിൽ നിന്നും ആദ്യമായാണ് ഒരു താരം ദേശീയ ടീമിലെത്തുന്നതെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രെട്ടറി വി.പി അനസ് പറഞ്ഞു.സാഹിത്യകാരൻ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ തറവാട്ടിലെ ആറാം തലമുറക്കാരി പ്രിയയാണ് വരുണിന്റെ അമ്മ.അച്ഛൻ ദീപക് ദുബായിൽ ഒരു കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരാണ്.വരുൺ ജനിച്ചതും വളർന്നതും ദുബായിയിലാണ്.കളിക്കാനായാണ് നാട്ടിലെത്തുന്നത്.

ഷുക്കൂര്‍ വധക്കേസില്‍ നിയമസഭയിൽ പ്രതിപക്ഷ ബഹളം;സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

keralanews opposite party protest in assembly in shukoor murder case

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചത്.എന്നാല്‍ കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള സംഭവത്തില്‍ ചര്‍ച്ച വേണ്ട. അടിയന്തരപ്രമേയ നോട്ടീസില്‍ കേസിന് സര്‍ക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങള്‍ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്‍റെ പേരില്‍ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ് വഴക്കമില്ല എന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ സഭയില്‍ ബഹളമായി. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎല്‍എ സഭയിലുണ്ടെന്ന് ടി വി രാജേഷ് എംഎല്‍എയെ ചൂണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആറ് പ്രാവശ്യം മുന്‍പ്രതിപക്ഷം കോടതി നടപടികള്‍ അടിയന്തരമായി കൊണ്ടു വന്നിട്ടുണ്ട്. അപ്പോഴും അടിയന്തരപ്രമേയം പരിഗണിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ലെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചു നില്‍ക്കുകയാണ്. തുടര്‍ന്ന് പ്രതിഷേധവുമായി സഭാ കവാടത്തില്‍ കുത്തിയിരിക്കുകയാണ് പ്രതിപക്ഷാംഗങ്ങള്‍.

മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യുറോയിലെ സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു

keralanews senior cameraman of mathrubhumi kannur bureau pratheesh vellikkeel died in a road accident

കണ്ണൂർ:മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യുറോയിലെ സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു.കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങവേ വളപട്ടണത്തിനു സമീപം വെച്ച് പ്രതീഷ് സഞ്ചരിച്ച ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.പ്രദേശത്ത് ഉണ്ടായിരുന്നവരാണ് വളപട്ടണം പാലം കഴിഞ്ഞു അപകടത്തില്‍പ്പെട്ട പ്രതീഷിനെ വഴിയരികില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേഷ്‌മയാണ് ഭാര്യ. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും. പരേതനായ നാരായണന്‍റെയും നാരായണി മണിയന്പാറയുടെയും മകനാണ്.സഹോദരങ്ങള്‍; അഭിലാഷ്, നിധീഷ്.

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;സുരക്ഷയൊരുക്കി പോലീസ്; നിരോധനാജ്ഞ ഏർപ്പെടുത്തിയേക്കും

keralanews sabarimala temple open today for kumbhamasapooja and police arrage tight security

പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും.സ്ത്രീകള്‍ ശബരിമലയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. അതോടൊപ്പം ജില്ലാ പോലീസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഈ മാസം 17 ന് നട അടക്കുന്നത് വരെ നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലീസ് സംഘമാണ് ആദ്യഘട്ടത്തിൽ എത്തിയിരിക്കുന്നത്.സന്നിധാനം,പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാർ വീതവും ചുമതലയേറ്റു.നാലുവീതം സിഐ മാരും എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിയിലുണ്ടാകും.

കുംഭമാസ പൂജകൾക്കായി നട തുറക്കുമ്പോൾ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ്

keralanews police demand prohibitory order in sabarimala during kumbhamasapooja

പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി നാളെ നട തുറക്കുമ്പോൾ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ്.ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട വിഷയത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങാത്തതും, പ്രതിഷേധക്കാര്‍ എത്തുമെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് നടപടി.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിധിപറയാനായി മാറ്റിയ സാഹചര്യത്തിൽ സന്നിധാനത്ത് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിരീക്ഷണം.നിലയ്ക്കലില്‍ നിന്നു പമ്ബയിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ യാത്രയ്ക്ക് ഇന്നു മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. കെഎസ്‌ആര്‍ടിസി ഒഴികെയുള്ള തീര്‍ഥാടക വാഹനങ്ങള്‍ കഴിഞ്ഞ തീര്‍ഥാടനകാലത്തേതു പോലെ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാനാണു നിര്‍ദേശം.നിലയ്ക്കലില്‍നിന്നു നാളെ രാവിലെ 10നു ശേഷമേ മാധ്യമപ്രവര്‍ത്തകരെ അടക്കം കടത്തിവിടുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

അരിയിൽ ഷുക്കൂർ വധക്കേസ്;പി.ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി

keralanews cbi books murder charges against p jayarajan in ariyil shukkoor murder case

കണ്ണൂർ:കണ്ണൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ കൊലക്കുറ്റം ചുമത്തി. തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കൊപ്പം കൊലക്കുറ്റവും ചുമത്തിയിരിക്കുന്നത്.നേരത്തെ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഐ.പി.സി 302, 120 ബി വകുപ്പുകളാണ് പി.ജയരാജനെതിരെയും ടി.വി രാജേഷിനെതിരെയും സി.ബി.ഐ ചുമത്തിയത്. കേസില്‍ പി.ജയരാജന്‍ 32 ആം പ്രതിയും ടി.വി രാജേഷ് 33ആം പ്രതിയുമാണ്.

2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ്‌ പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച്‌ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ആശുപത്രിയിലെ 415 ആം നമ്പര്‍ മുറിയില്‍ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.കേസില്‍ സി.പി.എം അരിയില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന യു.വി വേണു ഉള്‍പ്പടെ 33 പ്രതികളാണുളളത്. രണ്ടുമാസത്തിനുളളില്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നേരത്തെ സുപ്രീം കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ കുറ്റപത്രം തലശേരി സെക്ഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ സി.ജെ.എം നിര്‍ദേശിക്കുകയായിരുന്നു.