കണ്ണൂർ: മേലെചൊവ്വ വൈദ്യർ പീടിക തുഞ്ചത്താചാര്യ സ്കൂളിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.കാപ്പാട് സ്വദേശി ജാബിർ(25) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. കുറ്റ്യാട്ടൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന അഭിരാമി ബസ്സിലിടിച്ചാണ് അപകടമുണ്ടായത്.പരിക്കേറ്റ ജാബിറിനെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പെരിങ്ങളായി ജുമാമസ്ജിദിന് സമീപം അസീമാ മൻസിലിൽ ജലീലിന്റെയും റഷീനയുടെയും മകനാണ്. സഹോദരങ്ങൾ:ജസീർ,ജസീല,ജാഫർ.
എയർ ഇന്ത്യ ബഹ്‌റൈൻ-കണ്ണൂർ സർവീസ് ഏപ്രിൽ 1 മുതൽ
കണ്ണൂർ:എയർ ഇന്ത്യയുടെ ബഹ്‌റൈൻ-കണ്ണൂർ സർവീസ് ഏപ്രിൽ 1 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.തിങ്കള്‍, ശനി ദിവസങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ബഹറിനിൽ നിന്നും കുവൈത്ത് വഴിയാണ് കണ്ണൂരിൽ എത്തിച്ചേരുക.രാവിലെ 10.10 ന് പുറപ്പെട്ട് കുവൈത്ത് വഴി പോകുന്ന സര്‍വീസ് വൈകുന്നേരം 7:10ന് കണ്ണൂരിലെത്തും. രാവിലെ 7:10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് നേരിട്ട് ബഹ്റൈന്‍ സമയം 9:10ന് ബഹ്റൈനില്‍ എത്തിച്ചേരും.
സ്വകാര്യ ബസ്സുകളിൽ സീറ്റിൽ നിന്നും വിദ്യാർത്ഥികളെ എഴുനേൽപ്പിക്കാൻ ജീവനക്കാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി:സ്വകാര്യ ബസ്സുകളിൽ സീറ്റിൽ നിന്നും വിദ്യാർത്ഥികളെ എഴുനേൽപ്പിക്കാൻ ജീവനക്കാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി.വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ‌് അനുവദിക്കാന്‍ സ്വകാര്യബസ് ഉടമകള്‍ക്ക‌് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗക്കുമ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ ബസ് ജീവനക്കാര്‍ അനുവദിക്കുന്നില്ല എന്ന വാര്‍ത്തകള്‍ വന്നതോടെ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു. അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചകൂടി സമയം വേണമെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു.കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
‘രാജ്യത്തിന് വേണ്ടിയാണ് സഹോദരൻ പോരാടി മരിച്ചത്,അതിൽ അഭിമാനം മാത്രമെന്ന്’ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ സഹോദരൻ
വയനാട്:’രാജ്യത്തിന് വേണ്ടിയാണ് സഹോദരൻ പോരാടി മരിച്ചത്,അതിൽ അഭിമാനം മാത്രമെന്ന്’ ജമ്മുകാശ്മീരിലെ അവന്തിപ്പൊരയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ സഹോദരൻ സജീവൻ.വയനാട്ടിലെ ലക്കിടി സ്വദേശിയാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വി വി വസന്തകുമാര്‍.ഇന്നലെ വൈകീട്ടോടെയാണ് വസന്തകുമാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്റെ ഭാര്യാ സഹോദരന്‍ വിളിച്ചു പറയുന്നത്. കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പില്‍ വസന്തകുമാറിന്റെ ഫോട്ടോ ആക്രമണത്തില്‍ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചതെന്നും സജീവന്‍ പറഞ്ഞു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒൻപതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്.പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്.
തേങ്ങയിലും മായം;അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന തേങ്ങയിൽ മാരകരാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്
കൊല്ലം:തേങ്ങയിലും മായം കലർത്തുന്നതായി റിപ്പോർട്ട്.കൊള്ളവില നല്‍കി തമിഴ്നാട്ടില്‍ നിന്നടക്കം കൊണ്ട് വരുന്ന തേങ്ങയില്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. അന്യനാടുകളില്‍ നിന്നും എത്തിക്കുന്ന മൂപ്പെത്താത്ത തേങ്ങയ്ക്ക് നാടന്‍ തേങ്ങയുടെ നിറവും കാമ്പും ലഭിക്കുന്നതിനായി സള്‍ഫറാണ് ചേര്‍ക്കുന്നത്. മൂപ്പെത്താത്ത പൊതിച്ച തേങ്ങ ഗോഡൗണില്‍ ഇറക്കിയ ശേഷം സള്‍ഫര്‍ എന്ന മാരകമായ രാസവസ്തു വിതറി മൂടി വയ്ക്കുകയാണ് ചെയ്യുന്നത്.വിപണിയില്‍ നാടന്‍ തേങ്ങയ്ക്കാണ് പ്രിയമുള്ളത്. തമിഴ്നാട്ടില്‍ നിന്നടക്കം വരുന്ന തേങ്ങ കരിക്ക് വിപണിയിലാണ് വ്യാപകമായി ഉപയോഗിച്ച് കൊണ്ടിരുന്നത്. എന്നാല്‍ കേരളത്തില്‍ കേരകൃഷി കുറഞ്ഞതോടെ കറിയ്ക്കരയ്ക്കാനും തമിഴ്നാട്ടിലെ തേങ്ങ എത്തിക്കുകയാണ്.സള്‍ഫര്‍ ചേര്‍ത്ത തേങ്ങ വിപണിയില്‍ നിരോധിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കേരള ഉപഭോക്തൃ വികസനസമിതി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശോഭന ജോർജിന് മോഹൻലാലിൻറെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം:50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജിന് നടൻ മോഹൻലാലിൻറെ വക്കീൽ നോട്ടീസ്. പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് മോഹൻലാൽ ശോഭനാ ജോർജിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.തനിക്കതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ് മാപ്പ് പറയണമെന്നും മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നൽകാൻ തയാറായില്ലെങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് മോഹൻലാൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.ഒരു പ്രമുഖ വസ്ത്ര നിർമാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി ചർക്കയിൽ നൂലുനൂൽക്കുന്ന രംഗത്തിൽ അഭിനയിച്ചതിനെ തുടർന്ന് സംസ്ഥാന ഖാദി ബോർഡ് മോഹൻലാലിനും വസ്ത്ര നിർമാണ കമ്പനിക്കും നോട്ടീസ് അയച്ചിരുന്നു.സ്വകാര്യ വസ്ത്ര നിർമാണ കമ്പനിയുടെ ഉൽപ്പന്നത്തിന് ഖാദിയുമായി യാതൊരു ബന്ധവുമില്ല.ഖാദി തുണികൾ മാത്രമാണ് ചർക്ക ഉപയോഗിച്ച് നിർമിക്കുന്നത്. ചർക്കയിൽ നൂലുനൂൽക്കുന്നതായി മോഹൻ ലാൽ പരസ്യത്തിൽ അഭിനയിച്ച രംഗങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പരസ്യം പിൻവലിക്കണമെന്നുമാവശ്യപ്പെട്ടാണ് ഖാദി ബോർഡ് കമ്പനിക്കും മോഹൻലാലിലും നോട്ടീസ് അയച്ചത്.ഇതോടെ സ്വകാര്യ സ്ഥാപനം പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു.എന്നാൽ ഖാദി ഗ്രാമവ്യവസായ ബോർഡ് അധ്യക്ഷയായ ശോഭനാ ജോർജ് പൊതുവേദിയിൽ ഇക്കാര്യം പരസ്യമായി പറയുകയും ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. മോഹൻ ലാലിനെ പോലൊരു നടൻ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകുന്നത് തെറ്റിദ്ധാരണ പരത്തുമെന്ന് ശോഭനാ ജോർജ് പറഞ്ഞിരുന്നു. ശോഭനാ ജോർജിന്റെ പരാമർശം വ്യക്തിപരമായി വലിയ അപമാനമായെന്ന നിലപാടിലാണ് മോഹൻലാൽ.വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി തന്നെയും പ്രമുഖ സ്ഥാപനത്തെയും അപകീർത്തിപ്പെടുത്തിയ ശോഭനാ ജോർജ് പരസ്യമായി മാപ്പ് പറയണമെന്നാണ് ശോഭനാ ജോർജിനും ഖാദി ബോർഡിനും അയച്ച വക്കീൽ നോട്ടീസിൽ മോഹൻലാൽ ആവശ്യപ്പെടുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകൾ സർക്കാർ എഴുതിത്തള്ളും
തിരുവനന്തപുരം:കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകൾ സർക്കാർ എഴുതിത്തള്ളും.0,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകളാണ് എഴുതിത്തള്ളുക.ഇതിനായി 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.കടബാധ്യതമൂലം കാലങ്ങളായി ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് സര്‍ക്കാര്‍ തീരുമാനം. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ നിരന്തരമായി അവശ്യങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്.ആദ്യഘട്ടമായി 2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകള്‍ക്കായി 2,17,38,655 രൂപ കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാനുള്ള തുക അനുവദിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി നവദമ്പതികളെ അപമാനിച്ച സംഭവം;11 പേർ അറസ്റ്റിൽ;ഗൾഫിലുള്ളവർക്കായി ലുക്ക് ഔട്ട് നോട്ടീസ്
ശ്രീകണ്ഠപുരം:ചെറുപുഴയിൽ കഴിഞ്ഞ ദിവസം വിവാഹിതരായ നവദമ്പതികൾ സോഷ്യൽ മീഡിയ വഴി അപമാനിച്ച സംഭവത്തിൽ 11 പേർ അറസ്റ്റിലായി. ചെമ്പന്തൊട്ടിയിലെ തോട്ടുങ്കര ജൂബി ജോസഫിന്റെ പരാതിയില്‍ ആലക്കോട് ജോസ്ഗിരിയിലെ കല്ലുകെട്ടാംകുഴി റോബിന്‍ തോമസ്(29) ഉള്‍പ്പെടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരാണ് അറസ്റ്റിലായത്. ഗള്‍ഫില്‍നിന്നടക്കം ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. അതിനിടെ ആദ്യം ചിത്രം പ്രചരിപ്പിച്ചത് താനല്ലെന്നും മറ്റൊരാള്‍ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിന്‍ തോമസ് പൊലീസിന് മൊഴിനല്‍കി.ഇനിയും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരും ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകുമെന്ന് ശ്രീകണ്ഠപുരം സിഐ. വി.വി. ലതീഷ് അറിയിച്ചു.പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ ചെറുപഴ പാറത്താഴ ഹൗസിലെ അനൂപിന്റേയും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പന്തൊട്ടി തോട്ടുങ്കര സ്വദേശി ജുബിയുടേയും വിവാഹദിവസം പത്രത്തില്‍ വന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ അവമതിപ്പുണ്ടാകും വിധം പ്രചരിച്ചത്.വരനും വധുവും തമ്മിലുള്ള പ്രായവ്യത്യാസം സൂചിപ്പിക്കുന്ന കമന്റോടുകൂടിയാണ് വാട്‌സാപ്പ് പ്രചാരണം. പത്രത്തില്‍ നല്‍കിയ വിവാഹപരസ്യത്തിന്റെ ഫോട്ടോയും കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസിലും പരാതി നല്‍കി.ശ്രീകണ്ഠാപുരം നഗരത്തിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിന്റേയും പുലിക്കുരുമ്പയിലെ വാട്സാപ്പ് ഗ്രൂപ്പിന്റേയും പേരാണ് ദമ്പതികൾ പരാതിയില്‍ നല്‍കിയിരുന്നത്. അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്ന് ഇവർ പറഞ്ഞു.സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.
അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും
കണ്ണൂർ:അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍,ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.കുറ്റപത്രം തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എംഎല്‍എയും അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെടും.കേസിന്റെ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടേക്കും.വിചരാണ എറണാകുളത്ത് നടത്തണമെന്ന കാര്യത്തില്‍ സിബിഐ തന്നെ മുന്‍കൈയെടുത്ത് കോടതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുമെന്നാണ് ഷുക്കൂറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്.സിബിഐ കുറ്റം ചുമത്തിയ കേസുകള്‍ സിബിഐ കോടതിയില്‍ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാകും ഇത്. ഇതില്‍ തീരുമാനമറിഞ്ഞ ശേഷമാകും എരണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക.കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും.
പരോളിലിറങ്ങിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനി ക്വട്ടേഷന്‍ കേസില്‍ അറസ്റ്റില്‍
കണ്ണൂർ:ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ പരോളിലിറങ്ങിയ പ്രതി കൊടിസുനി ക്വട്ടേഷന്‍ കേസില്‍ അറസ്റ്റില്‍.കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തത്.യുവാവിന്‍റെ കൈയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായതോടെ പണം തിരികെ ലഭിക്കാന്‍ യുവാവിന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സുനിയെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്.യുവാവിന്‍റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോവുകയും ഭീഷണപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൊടിസുനിയുടെ നിര്‍ദ്ദേശ പ്രകാരം ഗള്‍ഫില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം എത്തിച്ചത് റാഷിദ് എന്ന യുവാവായിരുന്നു.കൊച്ചിയില്‍ നിന്ന് കണ്ണൂരേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് സ്വര്‍ണ്ണം നഷ്ടമാവുന്നത്.ഇത് തിരകെ കിട്ടാന്‍ യുവാവിനെയും സഹോദരനേയും കൊടി സുനിയുടെ സംഘാഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.റാഷിദിന്‍റെ ഉമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.