കാസർകോഡ്:മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാഞ്ഞങ്ങാട്ടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്സ്‌ആപ് സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍.പടന്നക്കാട് സ്വദേശിയായ യുവാവിനെ വ്യാഴാഴ്ച രാത്രിയാണ് പോലീസ് പിടികൂടിയത്.അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി നടത്തുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഇയാൾ വാട്സ്‌ആപ് സന്ദേശമിടുകയായിരുന്നു.ഇന്ന് രാവിലെ പത്തിന് കാസര്‍കോട്ട് സിപിഎമ്മിന്‍റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11-ന് കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി.കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെത്തുടര്‍ന്ന് അന്തരീഷം കലുഷിതമായിരിക്കെയാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ് എത്തുന്നത്.
മുഖ്യമന്ത്രി ഇന്ന് കാസർകോട്ട്;കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചേക്കും
കാസർകോഡ്:ഔദ്യോഗിക പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്ന് കാസർകോട്ട് എത്തും. ഇതോടൊപ്പം പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.മുഖ്യമന്ത്രി വീട്ടിലെത്തുന്നതിനെ കുറിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം എന്താണെന്നും, മുഖ്യമന്ത്രി വന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമോ എന്നും സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളോട് ആരാഞ്ഞു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടനം എന്നീ പൊതുപരിപാടികളില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്. അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം. മുഖ്യമന്ത്രി വന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്‍റെ പിതാവ് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്ആർടിസി എംപാനൽ കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്
തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പിലേക്ക്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല ചര്‍ച്ച ഉടന്‍ ഉണ്ടാകും. എല്‍.ഡി.എഫ് കണ്‍വീനറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.ഗതാഗത, നിയമ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് ജോലി നഷ്ടമായവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.പിരിച്ചുവിടപ്പെട്ടവരെ തിരിച്ചെടുക്കുന്നതിന് പ്രധാന തടസം നിയമപ്രശ്‌നമാണ്. അതിനാല്‍ നിയമവശം പരിശോധിക്കും. അതിന് എല്‍.ഡി.എഫ് പിന്തുണയുണ്ടാകുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് ലഭിച്ചു.സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നിശ്ചയിച്ച മാര്‍ച്ച് ഉപേക്ഷിച്ചു. മന്ത്രിതല ചര്‍ച്ചയില്‍ അന്തിമ ധാരണയിലെത്തും വരെ താല്‍ക്കാലിക സമരപന്തലില്‍ സമരം തുടരാനാണ് എം പാനല്‍ കൂട്ടായ്മയുടെ തീരുമാനം.10 വര്‍ഷം പൂര്‍ത്തിയാക്കുകയും വര്‍ഷം 120 ഡ്യൂട്ടി ചെയ്യുകയും ചെയ്ത താത്കാലിക്കാരെ സ്ഥിരപ്പെടുത്തിയ ചരിത്രമുണ്ട്. ഇപ്പോള്‍ ജോലി നഷ്ടമായവരില്‍ 1261പേര്‍ ഇത്തരത്തിലുളളവരാണ്. ഇവര്‍ക്ക് സ്ഥിര നിയമനവും മറ്റുളളവര്‍ക്ക് താല്‍ക്കാലിക നിയമനവും നല്‍കണമെന്നാണ് കണ്ടക്ര്‍ടമാരുടെ ആവശ്യം.
കാസർകോഡ് ഇരട്ടക്കൊലപാതകം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കും
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യുവാക്കൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.പൊലീസ് അന്വേഷണം കൃത്യമായി നടക്കില്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ വെളിച്ചത്തെത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും കൊലയുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.കൊലപാതകം ആസൂത്രണം ചെയ്തത് ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്റെ അറിവോടെയാണെന്ന് ശരത്ലാലിന്റെ പിതാവ് വ്യക്തമാക്കി.സംഭവത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.കുറ്റംമുഴുവൻ പീതാംബരനുമേൽ ചുമത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് പാർട്ടിതലത്തിലും പോലീസ് തലത്തിലും നടക്കുന്നതെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് ഇരുകുടുംബങ്ങളും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.താന്‍ ഒറ്റയ്ക്കാണ് കൊല ആസൂത്രണം ചെയ്തത് എന്നാണ് പീതാംബരന്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇതിന് എതിരെ പീതാംബരന്റെ കുടുംബം രംഗത്ത് വന്നിരുന്നു. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്നാണ് കുടുംബം പറയുന്നത്.
മൂന്നു കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി കണ്ണൂരിൽ പിടിയിലായി
കണ്ണൂർ:മൂന്നു കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി കണ്ണൂരിൽ പിടിയിലായി.കണ്ണൂർ എക്സൈസ് ഇന്റലിജിൻസ് ബ്യുറൊയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.മലപ്പുറം സ്വദേശി താമൂളി ഹൗസിൽ സുബീഷ് ആണ് പിടിയിലായത്.കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പത്മരാജൻ, എം.കെ സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്, സുജിത് ദിനേശൻ, ഹരിദാസൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
കാസർകോഡ് ഇരട്ടകൊലപാതക കേസിൽ അറസ്റ്റിലായ പീതാംബരന്റെ വീടിനു നേരെ ആക്രമണം;വീട്ടുപകരണങ്ങൾ നശിപ്പിച്ചു;കാർ തല്ലിത്തകർത്തു
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ പീതാംബരന്റെ വീടിനു നേരെ ആക്രമണം.ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് ആക്രമിച്ച് കയറി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും വീടിന് മുന്നില്‍ കിടന്നിരുന്ന കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തു.വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും വെട്ടി നശിപ്പിക്കുകയും വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റുമെല്ലാം പൂര്‍ണമായും അടിച്ചുതകര്‍ക്കുകയും ചെയ്തു.സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.സംഭവത്തെ തുടർന്ന് പീതാംബരന്റെ കുടുംബത്തെ തറവാട്ട് വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെയും അക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകം നടന്നതിനുശേഷം പ്രദേശത്ത് ഒരുസംഘം വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. വ്യാപാരസ്ഥാപനങ്ങളും വീടുംബീഡിക്കമ്പനിയുമുൾപ്പെടെ ബീഡിക്കമ്പനിയുമുൾപ്പെടെ തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിൽ;തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും
തിരുവനന്തപുരം:ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിൽ എത്തും. പാലക്കാട്ടെത്തുന്ന അമിത് ഷാ 20 ലോക്‌സഭ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തും.രാവിലെ ഭാരവാഹിയോഗം ചേരും. പിന്നീട് അമിത്ഷായുടെ നേതൃത്വത്തില്‍ 20 മണ്ഡലങ്ങളിലെയും ഇന്‍ ചാര്‍ജ്ജുമാരുടേയും കോ ഇന്‍ ചാര്‍ജ്ജുമാരേടുയും യോഗം ചേരും. അതിന് ശേഷം പാലക്കാട് മണ്ഡലത്തിലെ ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും.സംസ്ഥാന ഘടകത്തില്‍ ഭിന്നതകള്‍ രൂക്ഷമായിരിക്കെയാണ് അമിത്ഷായുടെ വരവ്.ഇതില്‍ ഷാ ശക്തമായ മുന്നറിയിപ്പ് നല്‍കാനും സാധ്യതയുണ്ട്. ഏകപക്ഷീയമായി സാധ്യതാ പട്ടിക കേന്ദ്രത്തിന് അയച്ച സംസ്ഥാന അധ്യക്ഷനെതിരെ മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും ഇതിനകം പരാതിപ്പെട്ടുകഴിഞ്ഞു. പട്ടിക അയച്ചില്ലെന്ന് ശ്രീധരന്‍പിള്ള തിരുത്തിപ്പറഞ്ഞെങ്കിലും പ്രശ്‌നം തീര്‍ന്നിട്ടില്ല. നിര്‍ണ്ണായക തെരഞ്ഞെടുപ്പ് അടുത്തിട്ടും തുടരുന്ന തമ്മിലടിയിലെ അതൃപ്തി ഷാ അറിയിക്കാനിടയുണ്ട്.
കാസർകോഡ് ഇരട്ട കൊലപാതകം; കൊലയാളിസംഘം എത്തിയ ജീപ്പിന്റെ ഉടമ അറസ്റ്റിൽ;കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൊലയാളിസംഘം എത്തിയ ജീപ്പിന്റെ ഉടമ അറസ്റ്റിൽ.കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കണ്ണൂർ ആലക്കോട് സ്വദേശി സജി ജോർജ് ആണ് അറസ്റ്റിലായത്.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.കേസിൽ നേരത്തെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അറസ്റ്റിലായിരുന്നു.സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.അതിനാൽ സംഭവവുമായി ബന്ധപ്പെട്ട ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
കൊച്ചിയിൽ ചെരുപ്പ് ഗോഡൗണിൽ വൻ തീപിടുത്തം
കൊച്ചി:കൊച്ചിയിൽ ചെരുപ്പ് ഗോഡൗണിൽ വൻ തീപിടുത്തം.കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം ഇന്ന് ഉച്ചയോടെയാണ് ഗോഡൗണിന് തീപിടിത്തമുണ്ടായത്.പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന്റെ അഞ്ച് നിലയും പൂര്‍ണമായും കത്തിനശിച്ചു.അടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടര്‍ന്നു. കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഗോഡൗണ്‍ സ്ഥിതിചെയ്‌തിരുന്നത്. അപകടം ഒഴിവാക്കാന്‍ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തി തുടര്‍ച്ചയായി തീയണക്കാന്‍ ശ്രമിച്ചതോടെയാണ് നഗരത്ത ആശങ്കയിലാഴ്‌ത്തിയ തീ നിയന്ത്രിക്കാനായത്. ആറു നിലകളുള്ള ഈ ഗോഡൌണ്ണിന്റെ അഞ്ച് നിലകളും പൂർണ്ണമായും കത്തി നശിച്ചു.കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ജീവനക്കാര്‍ ഇറങ്ങിയോടിയത് മൂലം വന്‍ അപകടം ഒഴിവായി. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു.
കാസർകോഡ് ഇരട്ടക്കൊലപാതകം; കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി
കാസർകോഡ്:രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ കൃത്യം നടത്തുന്നതിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്ബ് ദണ്ഡുകളും ലഭിച്ചു.കേസിലെ മുഖ്യ സൂത്രധാരന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കും. കൊലനടന്ന സ്ഥലമായ കല്ലിയോട് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇയാള്‍ക്കു വേണ്ടി പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ആറംഗ സംഘവും പോലീസ് കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണ് കൊലനടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.