കോഴിക്കോട്:കടലുണ്ടിയില്‍ ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയം ഗ്യാലറി തകര്‍ന്നു വീണ് 30 പേര്‍ക്ക് പരിക്ക്.വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.പ്രാദേശിക ക്ലബ്ബുകള്‍ തമ്മിലുള്ള ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് അപകടം.കടലുണ്ടി പഞ്ചായത്തിൽ മരം കൊണ്ട് താൽക്കാലികമായി നിര്‍മ്മിച്ച ഗ്യാലറിയില്‍ ആയിരത്തിലധികം പേര്‍ മത്സരം കാണാനായി എത്തിയിരുന്നു. പരിക്കേറ്റ 14 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തം;കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം
കൊച്ചി:കൊച്ചിയില്‍ വീണ്ടും തീപിടുത്തം.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.ഏക്കറ് കണക്കിന് വരുന്ന മാലിന്യ പ്ലാന്റില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്.കാറ്റ് വീശിയതോടെ തീ പിന്നീട് വലിയ തോതില്‍ പടര്‍ന്നു. തൃക്കാക്കര , ഏലൂര്‍, പട്ടിമറ്റം, തൃപ്പൂണിത്തുറ, മുവാറ്റുപുഴ എന്നിവിടങ്ങളിലെ പത്തോളം അഗ്‌നിശമന സേന യൂണിറ്റുകൾ എത്തി രാത്രിയിലും തീയണക്കാന്‍ ശ്രമം തുടര്‍ന്നെങ്കിലും ഇപ്പോഴും തീ അണയ്ക്കാനായിട്ടില്ല.ബ്രഹ്മപുരം, കരിമുകള്‍, കാക്കനാട് ഭാഗത്തെ ആളുകള്‍ ഭീതിയിലാണ് . ബ്രഹ്മപുരം ഭാഗത്തും ഇന്‍ഫോപാര്‍ക്ക് ഭാഗത്തും ആളുകള്‍ക്ക് ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതായി പറയുന്നു.10 കിലോമീറ്റര്‍ ഇപ്പുറത്ത് വൈറ്റില ചമ്പക്കര എന്നീ പ്രദേശങ്ങളില്‍ ഉള്‍പ്പടെ പുക പടര്‍ന്നിട്ടുണ്ട്.വന്‍ തോതില്‍ പ്ലാസ്റ്റിക് കത്തിയത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.ഫയര്‍ഫോഴ്‌സ് സ്ഥലത്ത് ഇപ്പോഴും ക്യാമ്ബ് ചെയ്യുകയാണ്.ഈ വര്‍ഷം ഇത് നാലാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്.എംഎല്‍എ വി പി സജീന്ദ്രന്‍, മേയര്‍ സൗമിനി ജയിന്‍, കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഡെപ്യൂട്ടി കലക്ടര്‍ ഷിലാദേവി എന്നിവര്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.തീ പിടിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മാലിന്യവുമായി വരുന്ന വണ്ടികള്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് തങ്ങള്‍ക്ക് പോകേണ്ടിവരുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ വി പി സജീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തര യോഗം വിളിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകം;കോണ്‍ഗ്രസ് ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
കാസർകോഡ്:പെരിയ ഇരട്ടകൊലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേടുകള്‍ തകർത്തു.ഡിസിസി പ്രസിഡണ്ട് ഹക്കീം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രവർത്തകരെ വിലക്കിയെങ്കിലും അവരുടെ വാക്കുകള്‍ വില വെക്കാതെയാണ് സ്ത്രീകള്‍ അടക്കമുള്ള നൂറു കണക്കിന് പ്രവര്‍ത്തകര്‍ പോലീസിനെതിരെ തിരിഞ്ഞത്. പോലീസ് ഉയര്‍ത്തിയ ബാരിക്കേടുകള്‍ നാലും പോലീസിന്റെ പ്രതിരോധത്തെ പോലും വെല്ലുവിളിച്ച് തകര്‍ക്കുകയായിരുന്നു.ബാരിക്കേട് തകര്‍ത്തിട്ടും കലിയടങ്ങാത്ത പ്രവര്‍ത്തകര്‍ പോലീസിന് നേരെ പാഞ്ഞടുത്തു.ഇതോടെ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി എ അഷ്‌റഫലി, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ എന്നിവര്‍ പോലീസിന് മുന്നിലായി അണിനിരന്ന് മറതീർത്തു.നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്.തുടര്‍ന്ന് കെ.പി സി.സി പ്രചരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, നേതാക്കളായ എം സുബ്ബയ്യറായ്, പി വി സുരേഷ്, വി ആര്‍ വിദ്യാസാഗര്‍, മാമുനി വിജയന്‍, ധന്യാ സുരേഷ്, അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, എം അസിനാര്‍, സി വി ജെയിംസ്, ഗീതാകൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാസർകോഡ് ഇരട്ടകൊലപാതകം;കൂടുതൽ ആയുധങ്ങൾ കണ്ടെത്തി
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഉപയോഗിച്ച കൂടുതൽ ആയുധങ്ങൾ കണ്ടെത്തി.പെരിയ ഏച്ചിലടക്കത്ത് നിന്നാണ് വടിവാള്‍ കണ്ടെത്തിയത്.ഇതോടെ കണ്ടെടുത്ത ആയുധങ്ങളുടെ എണ്ണം ഏഴായി. പ്രതികളുമായുളള തെളിവെടുപ്പിനിടെയാണ് ആയുധം കണ്ടെത്തിയത്.
പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ച് തീപിടുത്തം
മലപ്പുറം: പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീപിടിത്തം.രാവിലെ 10.45 ഓടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് രോഗികളെ മാറ്റി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.മഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. താഴത്തെ നിലയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിർദേശം
കൊച്ചി:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിർദേശം.കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫ് ആയതിനാൽ ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യുഡിഎഫ് ചെയര്‍മാന്‍ എം.സി.കമറൂദീന്‍, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നഷ്ടം ഈടാക്കുന്നത് കൂടാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് പ്രേരണക്കുറ്റം ചുമത്തി ഡീന്‍ കുര്യാക്കോസിനേയും യുഡിഎഫ് കാസര്‍കോട് ഭാരവാഹികളേയും പ്രതിയാക്കി കേസെടുക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാവുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ദുസ്സഹമാക്കുന്നുണ്ടെന്ന തിരിച്ചറിവിനെ തുടർന്ന് ഹര്‍ത്താല്‍ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഹര്‍ത്താല്‍ നടത്തണമെങ്കില്‍ മിനിമം ഏഴ് ദിവസം മുന്‍പ് ഇക്കാര്യം പ്രഖ്യാപിക്കുകയും നോട്ടീസ് നല്‍കുകയും വേണം.എന്നാല്‍ കാസര്‍കോട് പെരിയയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അര്‍ധരാത്രി ഒരു മണിയോടെയാണ് ഫേസ്ബുക്കിലൂടെ ഹര്‍ത്താല്‍ നടത്തുന്ന കാര്യം ഡീന്‍ കുര്യാക്കോസ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് കേരള ഹൈക്കോടതിയുടെ നടപടി.
കാസർകോഡ് ഇരട്ടക്കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കാസർകോഡ്:പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്.എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീക്കിനാണ് അന്വേഷണ ചുമതല.മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്,കാസർകോഡ് ക്രൈംബ്രാഞ്ച് സിഐ അബ്ദുൽ സലിം എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് സർക്കാർ തീരുമാനം.സംസ്ഥാന പോലീസ് മേധാവി വ്യാഴാഴ്ച രാത്രിയോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.
സ്റ്റീൽ പാത്രമെന്ന് കരുതി വഴിയിൽ കിടന്ന ബോംബിൽ കാലുകൊണ്ട് തട്ടി;ബോംബ് പൊട്ടി സഹോദരിമാർക്ക് പരിക്ക്
കോഴിക്കോട്:നാദാപുരത്ത് മദ്രസവിട്ട് വരികയായിരുന്ന സഹോദരിമാർ വഴിയിൽ കിടന്ന ബോംബ് സ്റ്റീൽപാത്രമെന്ന് കരുതി കാലുകൊണ്ട് തട്ടി.ബോംബ് പൊട്ടിയതിനെ തുടർന്ന് ഇരുവർക്കും പരിക്കേറ്റു.കുറിച്ചിക്കണ്ടിയില്‍ ഒപി മുജീബിന്റെ മക്കളായ ഫാത്തിമ (9), നാദിയ (7) എന്നിവര്‍ക്കാണു രാവിലെ ഒമ്പതുമണിയോടെ പരുക്കേറ്റത്.ഫാത്തിമയുടെ ദേഹത്തു ബോംബിന്റെ അവശിഷ്ടം തുളച്ചുകയറിയതിനാല്‍ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നാദിയയ്ക്കു പൊള്ളലേറ്റു.വഴിയില്‍ കണ്ട വസ്തു കാലുകൊണ്ടു തട്ടിയപ്പോള്‍ മതിലില്‍ പതിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനമുണ്ടായ ഉടന്‍ കുട്ടികള്‍ പിന്തിരിഞ്ഞോടിയെങ്കിലും തളര്‍ന്നു റോഡില്‍ വീണു. സ്റ്റീല്‍ ബോംബാണു പൊട്ടിയതെന്നു പോലീസ് പറഞ്ഞു.
കാസർകോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല
കാസർകോഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഡിസിസി സഹകരിക്കാത്തതിനാല്‍ സന്ദര്‍ശനം ഉണ്ടാവില്ലെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍ അറിയിച്ചു.ഔദ്യോഗിക പരിപാടികളുമായി കാസര്‍ഗോഡ് എത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന് സി.പി.എം ജില്ലാ നേതൃത്വം കാസര്‍ഗോഡ് ഡി.സി.സിയുമായി ബന്ധപ്പെട്ടിരുന്നു.വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിനുശേഷം ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം.അതേസമയം മുഖ്യമന്ത്രി എത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞു.മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാനെത്തിയാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് ഇന്ന് പുലര്‍ച്ചേ മൂന്ന് കേസുകളിൽ നിന്നാണ് ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയത്.രണ്ടരക്കിലോ സ്വര്‍ണ്ണം ഇന്‍റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാല്‍ കിലോ സ്വര്‍ണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചു.