തിരുവനന്തപുരം:കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക വായ്‌പകളിലെ മൊറൊട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷികേതര വായ്‌പകള്‍ക്കും മൊറൊട്ടോറിയം ബാധകമായിരിക്കും. 2014 മാര്‍ച്ച് 31വരെയുള്ള വായ്‌പകള്‍ക്കാണ് മൊറൊട്ടോറിയം. ഇടുക്കിയിലും വയനാട്ടിലും ആഗസ്‌ത് 31 വരെയുള്ള വായ്പകള്‍ക്ക് മൊറൊട്ടോറിയം ബാധകമായിരിക്കും. കാര്‍ഷിക കടാശ്വാസ കമീഷന്‍ വായ്‌പാ പരിധി ഇരട്ടിയാക്കി. ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് 85 കോടി രൂപ ഉടന്‍ അനുവദിക്കാനും എല്ലാ വിളകള്‍ക്കുമുള്ള തുക ഇരട്ടിയാക്കാനും മന്ത്രിസഭായോഗദം തീരുമാനിച്ചു. ഇതില്‍ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും നല്‍കുക.ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്ബത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നല്‍കും. വായ്‌പ എടുക്കുന്ന തിയതി മുതലുള്ള ഒരു വര്‍ഷത്തേക്കായിരിക്കും നല്‍കുക. കാര്‍ഷിക കടശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ കൃഷി ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തി.
അതേസമയം, കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ രാവിലെ 10 മുതല്‍ 5 മണി വരെ ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. കൂടാതെ, ഈ മാസം 11ന് കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുളള വായ്പകള്‍ എഴുതിത്തളളണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരം.പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കാര്‍ഷിക മേഖല കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി. പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്. പ്രളയത്തെ തുടര്‍ന്ന് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാങ്കുകള്‍ വകവയ്ക്കുന്നില്ല. എന്നാല്‍ സര്‍ക്കര്‍ ഗ്യാരണ്ടി നല്‍കാതെ വിട്ടുവീഴ്ചക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
സംസ്ഥാന വ്യാപകമായി ചരക്കുലോറികള്‍ ബുധനാഴ്ച പണിമുടക്കുന്നു
കോഴിക്കോട്: സംസ്ഥാന വ്യാപകമായി ചരക്കുലോറികള്‍ നാളെ പണിമുടക്കും.സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള സ്റ്റേറ്റ് ലോറി ഓണേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തെ ഏഴോളം സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന സമരത്തില്‍ കോട്ടയം ജില്ലാ ലോറി ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള പതിനായിരത്തോളം ചരക്കു വാഹനങ്ങള്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ഗിരീഷ് ഏറ്റുമാനൂര്‍ അറിയിച്ചു. സംസ്ഥാനത്ത് അന്യായമായി ലോറി ഉടമകളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും പിരിച്ചെടുക്കുന്ന ചായപൈസ, അട്ടിമറിക്കൂലി, കെട്ടുകാശ് എന്നിവ നീക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം.
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും നാളെയും ഉഷ്‌ണതരംഗത്തിന് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ 7വരെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലയിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശമുണ്ട്.ജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോടാണ് നിലവില്‍ താപനിലയിലെ വര്‍ധനവില്‍ മുന്നില്‍. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയിരിയ്ക്കുകയാണ്. താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രിക്കു മുകളില്‍ ഉയരുകയും ദിവസങ്ങളോളം അതേ അവസ്ഥ നീണ്ടുനില്‍ക്കുകയും ചെയ്യുമ്ബോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. കേരളത്തില്‍ മാര്‍ച്ച് ആദ്യപകുതിയിലെ ശരാശരി ഉയര്‍ന്ന താപനില 35 ഡിഗ്രിയാണ്. പാലക്കാട് പോലെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ താപനില അതിലും കൂടാറുള്ളൂ. എന്നാല്‍ ഇത്തവണ പതിവിനു വിപരീതമായി കോഴിക്കോട്ട് ശരാശരിയില്‍ നിന്ന് 3 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയര്‍ന്നിരുന്നു.ആഗോളതാപനത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണു ചൂടു കൂടാനുള്ള കാരണം. വേനല്‍മഴയുടെ അഭാവം, കാറ്റിന്‍റെ കുറവ്, കടലിലെ താപനില എന്നിവ ഉഷ്ണതരംഗത്തെ സ്വാധീനിക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ തോത് കൂടുന്നതും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ടാര്‍ റോഡുകളുടെയും സാമീപ്യവും ചൂടിന്‍റെ തോത് വര്‍ധിപ്പിക്കും. കേരളത്തില്‍ ഇപ്പോള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ തോത് ശരാശരി 80 ശതമാനത്തിനു മുകളിലാണ്. പാലക്കാട്ടും പുനലൂരിലും ശരാശരിയെക്കാള്‍ 10% കൂടുതലാണിത്.
കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ പോലീസുകാർക്കും പങ്കെന്ന് സൂചന;കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊച്ചി:കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ് അന്വേഷണം വഴിത്തിരിവിൽ. സംഭവത്തിൽ കൊച്ചിയിലെ പോലീസുകാർക്കും പങ്കെന്ന് സൂചന.വെടിവയ്പ്പുണ്ടാകുമെന്ന് ഒരു എസ്‌ഐ മുന്‍കൂട്ടി അറിയിച്ചെന്ന് ലീന മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐയെ ചോദ്യം ചെയ്തു.അതേസമയം, മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കമുണ്ടെന്നും ആരോപണമുണ്ട്.ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാന്‍ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കല്‍, അതിക്രമിച്ചു കടക്കല്‍, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയുളള റിപ്പോര്‍ട്ടില്‍ ബ്യൂട്ടി പാര്‍ലറിലെത്തി വെടിയുതിര്‍ത്ത തിരിച്ചറിയാത്ത രണ്ടുപേരെയാണ് ആദ്യ രണ്ട് പ്രതികളാക്കി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെനഗലില്‍ പിടിയിലായ പൂജാരിയെ രാജ്യത്തെത്തിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി മലയാളത്തിലെ ഒരു പ്രമുഖ ചാനലിനെ വിളിച്ചിരുന്നു. കൃത്യത്തിന് പിന്നില്‍ രവി പൂജാരി തന്നെയാണ് തെളിഞ്ഞതോടെയാണ് ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം തയാറാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി
തിരുവനന്തപുരം:ലോക്സഭാ തെരെഞ്ഞെടുപ്പിനായുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി.തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരന്‍ മത്സരിക്കും.മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശ്ശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ.ലോകസഭാ തെരഞ്ഞെടുപ്പിനായി രണ്ട് സിറ്റിംഗ് എംഎല്‍എമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. എല്‍.ഡി.എഫ് സീറ്റ് വിഭജനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.തിരുവനന്തപുരത്ത് മുന്‍ മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരനെയാണ് സിപിഐ ഇത്തവണ രംഗത്തിറക്കുന്നത്.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റേതടക്കമുള്ള പേരുകള്‍ ജില്ലാ കമ്മിറ്റി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം കാനം രാജേന്ദ്രന്‍ തള്ളിയ സാഹചര്യത്തിലാണ് സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായത്.മൂന്ന് ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള നിര്‍ദേശമാണ് മാവേലിക്കര മണ്ഡലത്തില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.തൃശൂരില്‍ നിലവിലെ എംപി സിഎന്‍ ജയദേവന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണ് രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. ജനയുഗം എഡിറ്ററാണ് രാജാജി മാത്യു തോമസ്. വയനാട് പി.പി.സുനീറിനെയും കാര്യമായ എതിര്‍പ്പുകള്‍ കൂടാതെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.
തെയ്യം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
ചിറ്റാരിക്കാൽ:തെയ്യം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കുളിനീരിലെ ബിരിക്കുളത്ത് കോട്ടയില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് ഞായറാഴ്ചയാണ് സംഭവം.ചിറ്റാരിക്കാലില്‍നിന്ന് ആറുകിലോമീറ്ററോളം അകലെ തയ്യേനിക്കടുത്ത കുണ്ടാരം കോളനിയില്‍ തെയ്യം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്.കോളനി നിവാസികളുടെ തറവാട് ക്ഷേത്രമാണ് കുളിനീരിലെ വീഷ്ണുമൂര്‍ത്തി ദേവസ്ഥാനം. ഓലകൊണ്ട് കെട്ടിയ താത്കാലിക ക്ഷേത്രമാണ് ഇവിടെ ഉള്ളത്. ചെങ്കുത്തായ പ്രദേശത്തുള്ള ക്ഷേത്രത്തില്‍ മരപ്പലക കൊണ്ട് താത്കാലികമായി നിര്‍മിച്ച പ്ലാറ്റ് ഫോമില്‍നിന്നാണ് ആളുകള്‍ തെയ്യം വീക്ഷിച്ചിരുന്നത്. എല്ലാവരും നോക്കിനില്‍ക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ആര്‍ക്കും മനസ്സിലായില്ല. താഴെ വീണ സുരേന്ദ്രനെ കൂടിനിന്നവര്‍ ഓടിച്ചെന്ന് കോരിയെടുത്തപ്പോഴേക്കും അനക്കമറ്റിരുന്നു. തുടര്‍ന്ന് വെള്ളം കൊടുത്തെങ്കിലും അതും ഇറക്കിയില്ല. ഉടന്‍തന്നെ തെയ്യംവേഷം അഴിച്ചുമാറ്റി ആളുകള്‍ ഓട്ടോറിക്ഷയില്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ തന്നെമരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു.ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തെയ്യം കെട്ടിയാടിയത്. പകല്‍ 11 മണിവരെ ഏതാണ്ട് എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി പഞ്ചുരുളി കെട്ടിയാടി സുരേന്ദ്രന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പഞ്ചുരുളിക്കുശേഷം കെട്ടിയാടേണ്ട തെയ്യങ്ങളെല്ലാം സുരേന്ദ്രന്റെ മരണത്തോടെ നിര്‍ത്തിവെച്ചു.
സിനിമ ഒഡിഷനായി എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം;പയ്യന്നൂരിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
പയ്യന്നൂർ:പയ്യന്നൂരിൽ സിനിമ ഒഡിഷനായി എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ.കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ രമേശനാണ് അറസ്റ്റിലായത്.പുതുതായി ആരംഭിക്കുന്ന തമിഴ് സിനിമയുടെ ഓഡിഷന് വേണ്ടിയാണ് കോഴിക്കോട് നിന്ന് യുവതികള്‍ ഹോട്ടലിലെത്തിയത്. പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഓഡിഷന്‍. ഇവിടെ കാത്തിരുന്ന യുവതികളുടെ മുറിയിലേക്ക് ഇയാളെത്തി ഇവരിലൊരാളെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് പരാതി. യുവതികളുടെ ബഹളം കേട്ടെത്തിയവര്‍ പൊലീസിലറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആര്‍ട്ട് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളുടെ അടുത്തെത്തിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളം കൊടും വരൾച്ചയിലേക്ക്;വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യത
പാലക്കാട്:കേരളം കൊടും വരൾച്ചയിലേക്ക്.മാര്‍ച്ച് മാസം ആരംഭിച്ചതോടെ വരുംദിവസങ്ങളില്‍ ചൂട് കൂടാൻ സാധ്യതയെന്ന് റിപ്പോർട്ട്.കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍നിന്നു കൂടുവാനുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുതല്‍ ആയേക്കാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ ചില ഇടങ്ങളിലെങ്കിലും ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ അനുമാനം.ചൂട് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കരുതിയിരിക്കണം. പൊതുജനങ്ങള്‍ പ്രത്യേകിച്ച് രോഗികള്‍ 11 മണി മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. അയഞ്ഞതും ഇളം നിറമുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.ദുരന്തനിവാരണ അഥോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മിഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം.104 ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ടു പോവുക, ശ്വസനപ്രക്രിയ സാവധാനം ആകുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍പിടുത്തം, കൃഷ്ണമണി വികാസം, ക്ഷീണം, ചുഴലി രോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.സൂര്യാഘാതമേറ്റാല്‍ ഉടനടി രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി വയ്ക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചെയ്യണം.
കടൽ വഴി ആക്രമണത്തിന് സാധ്യയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി
തിരുവനന്തപുരം: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കടൽ വഴി ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കേരള തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി.മുങ്ങിക്കപ്പലുകളുടെ സാന്നിധ്യത്തെക്കുറിച്ച് കരുതലോടെയിരിക്കണമെന്നും സംശയകരമായ എന്തു കാര്യവും അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കി.കടല്‍ മാര്‍ഗമുള്ള തിരിച്ചടിക്ക് ഭീകരര്‍ തയാറായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം എന്നാണ് സൂചനകള്‍. ബന്ധപ്പെട്ട ഏജന്‍സികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ സന്ദേശം നല്‍കിയതെന്ന് ഫീഷറീസ് വകുപ്പു ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് പറഞ്ഞു.കടലോര ജാഗ്രതാ സമിതികള്‍, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ക്കാണ് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാസർകോട്ട് മദ്യവില്പനശാലയിൽ വൻ തീപിടുത്തം;മദ്യക്കുപ്പികൾ കത്തിനശിച്ചു
കാസർകോഡ്:കാസർകോട്ട് മദ്യവില്പനശാലയിൽ വൻ തീപിടുത്തം.വെള്ളരിക്കുണ്ടിലെ മദ്യവില്പനശാലയിലാണ് തീപിടുത്തമുണ്ടായത്.ഞായറാഴ്ച അര്‍ദ്ധ രാത്രിയിലാണ് തീ പടര്‍ന്നത്.അപകടത്തിൽ മദ്യക്കുപ്പികൾ കത്തിനശിച്ചു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട്ട് നിന്ന് ഒന്നും പെരിങ്ങോത്തു നിന്ന് രണ്ടും യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.