തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചെന്നാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.ശബരിമല വിഷയത്തെ തുടര്‍ന്ന് ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാര്‍ത്ഥി വെണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. സുരേഷ് ഗോപി, കെ.സുരന്ദ്രന്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ രാജിക്കായി ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ പോയ ഇമാം പിടിയിൽ
തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ പോയ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി പിടിയിലായി.തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്.ഇവിടെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിലിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി.അശോകൻ,ഷാഡോ പോലീസ് എസ്‌ഐ പി.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇമാമിനെ പിടികൂടിയത്.ഇമാമിനെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി ഇയാളുടെ സഹോദരനടക്കം മൂന്നുപേരുടെ മൊബൈൽ നമ്പറുകൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.ഈ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. രാത്രിയോടെ തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലെത്തിച്ച ഇമാമിനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം.പേപ്പാറയ്ക്കടുത്തുള്ള വനത്തിൽ വെച്ച് ഇമാം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. ഇയാൾക്കെതിരെ വിതുര പോലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു.തുടർന്ന് ഇയാൾ ഒളിവിൽ പോയി.ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കുടുംബവുമായുള്ള പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി തന്റെ വാഹനത്തില്‍ കയറാന്‍ തയാറായത്.പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി പറഞ്ഞു.എന്നാല്‍ പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ടതോടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. തൊഴിലാളികളുടെ ചോദ്യത്തിന് പരസ്പര വിരുദ്ധമായാണ് ഇയാൾ മൊഴി നൽകിയത്.തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തായത്.
വൈത്തിരിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
കോഴിക്കോട്:വയനാട് വൈത്തിരിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോലീസിന്റെ പ്രത്യേക കാവലില്‍ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും പോലീസിനെതിരെ കൊലക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അന്വേഷണം നടത്തണമെന്ന് ജലീലിന്റെ സഹോദരന്‍ സി.പി റഷീദ് ആവശ്യപ്പെട്ടു.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ സായുധരായ ജലീ.ലും കൂട്ടാളിയും എത്തിയത്.വനത്തോട് ചേര്‍ന്ന റിസോര്‍ട്ടിലെത്തിയ ഇരുവരും പണവും 10 പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു.റിസോര്‍ട്ട് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ആത്മരക്ഷാര്‍ഥമാണ് വെടിവെച്ചതെന്ന് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ നല്‍കിയ വിശദീകരണം.
മാവോയിസ്റ്റ് ജലീലിന് വെടിയേറ്റത് മൂന്ന് തവണയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്;തലയ്ക്ക് പിന്നിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് മുന്നിലെത്തി
വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിവെയ്പില്‍ മരിച്ച മാവോയിസ്റ്റ് കബനി നാടുകാണി ദളത്തിലെ സജീവ പ്രവര്‍ത്തകനായ സിപി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ ഏറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്‌ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച് ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ തോക്കില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി.കൂടാതെ ഡിണറ്റേര്‍ അടക്കമുള്ള സ്‌ഫോടകവസ്തുകളും മാവോയിസ്റ്റ് സംഘത്തിന്റെ കൈയിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്‌ഫോടകവസ്തുകളുടെ സാന്നിധ്യം കണ്ടെത്തിയതാണ് ജലീലിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകാൻ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുകള്‍ ഘടിപ്പിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്ന് മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും റിസോര്‍ട്ട് ജീവനക്കാരേയും മാറ്റിയ ശേഷം വളരെ കരുതലോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ്;പ്രതികൾക്ക് ഒത്താശ ചെയ്തത് പ്രമുഖ നിർമാതാവാണെന്ന് സൂചന
കൊച്ചി:കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ് വഴിത്തിരിവിലേക്ക്.ആക്രണം നടത്താൻ പ്രതികൾക്ക് ഒത്താശ ചെയ്തത് പ്രമുഖ നിർമാതാവാണെന്ന് സൂചന.പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹനസൗകര്യം ഒരുക്കിയതും ഇയാൾതന്നെയാണ് എന്നാണ് സൂചന.ബ്യൂട്ടി പാർലർ ഉടമ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണിന് സമീപത്തെ ഫ്ലാറ്റിലാണ് നിര്‍മ്മാതാവ് താമസിക്കുന്നത്. പ്രതികള്‍ വെടിവെച്ചതിന് ശേഷം ഈ ഫ്ലാറ്റിലേക്ക് കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഫ്ലാറ്റിലിരുന്നാണ് ക്രിമിനല്‍ സംഘം നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.ലീനയുടെ അഭിഭാഷകന്‍, ചാനല്‍ റിപ്പോര്‍ട്ടര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകൾ രവി പൂജാരിക്ക് നല്‍കി ഫോണ്‍ വിളിപ്പിച്ചത് നിര്‍മ്മാതാവാണെന്ന് സൂചനയുണ്ട്. പെരുമ്പാവൂരിലെ ഗുണ്ടാംസംഘവുമായി നിര്‍മ്മാതാവിനുള്ള അടുത്തബന്ധത്തിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.അന്വേഷണം പുരോഗമിക്കുകയാണ്.
വൈത്തിരിയിലെ ഏറ്റുമുട്ടൽ;ആദ്യം നിറയൊഴിച്ചത് പോലീസുകാരെന്ന് റിസോർട്ട് ജീവനക്കാരുടെ വെളിപ്പെടുത്തൽ
വയനാട്:വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസിനെ സംശയനിഴലിലാക്കി റിസോർട്ട് ജീവനക്കാരുടെ മൊഴി.ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന പൊലീസിന്‍റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്തെത്തി. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ വ്യക്തമാക്കി.മാവോയിസ്റ്റുകള്‍ പ്രകോപനം സൃഷ്ടിച്ചില്ലെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ പറഞ്ഞു. വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നാണ് പൊലീസിന്‍റെ വാദം. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്.ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം.റിസപ്ഷൻ കൗണ്ടറിലെത്തിയ മാവോയിസ്റ്റുകൾ പത്തുപേർക്കുള്ള ഭക്ഷണവും പണവും ആവശ്യപ്പെടുകയായിരുന്നു.ഇതിനിടെ റിസോർട്ട് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വൈത്തിരി ഭാഗത്ത് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർബോൾട് കമന്റോകളും ആന്റി നക്സൽ സ്ക്വാർഡ് അംഗങ്ങളുമാണ് ഓപ്പറേഷൻ നടത്തിയത്.അതേസമയം മാവോയിസ്റ്റ് സിപി ജലീലിന്‍റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന്‍ സിപി റഷീദിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു. പത്ത് മണിയോടെ ഇത് സംബന്ധിച്ച് തീരുമാനം ബന്ധുക്കളെ അറിയിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ്;ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ മത്സരിക്കും
തൃശൂർ:ചാലക്കുടിയില്‍ സിറ്റിംഗ് എംപി ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് ചാലക്കുടിയില്‍ ഇന്നസെന്‍റിന് രണ്ടാമൂഴം നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.ഇന്നസെന്റിനു പുറമെ സാജു പോൾ,പി.രാജീവ് എന്നിവരെ കൂടി ചാലക്കുടിയിൽ പരിഗണിക്കണമെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ ശുപാർശ.എന്നാൽ സംസ്ഥാന സമിതി ഈ ശുപാർശ തള്ളി ഇന്നസെന്റിനു രണ്ടാമൂഴം നൽകുകയായിരുന്നു.
വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ സഹോദരന്‍;ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം
കല്‍പ്പറ്റ: വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍ റഷീദ്. വെടിവെച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും റഷീദ് പറഞ്ഞു.ജലീലിന്റെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായി പോലീസ് പറയുന്നില്ല.പിന്നെങ്ങനെ ഏറ്റുമുട്ടലാകുമെന്നും റഷീദ് ചോദിക്കുന്നു.എവിടെനിന്നെങ്കിലും പിടിച്ചുകൊണ്ടുവന്ന ശേഷം വെടിവെച്ച് കൊന്നതാകാമെന്നും റഷീദ് പറഞ്ഞു.ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കാടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ജലീല്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോള്‍.പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചൂട്;വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം:അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ.ഇറുകിയ യൂണിഫോം,ടൈ,ഷൂസ്,സോക്സ്,തലമുടി ഇറുക്കികെട്ടുക തുടങ്ങിയവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും സ്കൂൾ അധികാരികൾ ഇതിനായി വിദ്യാർത്ഥികളെ നിർബന്ധിക്കാൻ പാടില്ലെന്ന് കമ്മീഷൻ ചെയർമാൻ പി.സുരേഷ് നിർദേശിച്ചു.സിബിഎസ്ഇ സ്കൂളുകളിൽ രാവിലെ ഒൻപതര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ നടക്കുന്ന പരീക്ഷയ്ക്കിടെ വിദ്യാർത്ഥികൾക്ക് കുടിവെള്ളവും ആവശ്യമെങ്കിൽ ഇൻവിജിലേറ്ററുടെ നിരീക്ഷണത്തിൽ പ്രാഥമിക സൗകര്യവും ഒരുക്കണം.പരീക്ഷ ഹാളിലും ക്ലാസ് മുറികളിലും ഫാനുകൾ, കുടിവെള്ളം എന്നിവ സജ്ജീകരിക്കണം.കഠിനമായ ചൂടിൽ നടക്കുന്ന പരീക്ഷ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം സിബിഎസ്ഇ ക്ക് ഉണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.ചിക്കൻപോക്സ്, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളുള്ള കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക സംവിധാനം ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
ഡൽഹി-കണ്ണൂർ ഉഡാൻ സർവീസ് മേയിൽ ആരംഭിക്കും
ന്യൂഡൽഹി:ഡൽഹിയിലെ ഹിൻഡാൻ വ്യോമസേനാ കേന്ദ്രത്തിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിലേക്കുള്ള ഉഡാൻ സർവീസ് മേയിൽ ആരംഭിക്കും.നേരത്തെ ഇത് ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.എയർപോർട്ട് അതോറിട്ടി ഇന്ത്യ ഹിൻഡാനിൽ നിർമിച്ച ആഭ്യന്തര ടെർമിനലിന്റെ ഉൽഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും.ഇതോടെ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങും.മാർച്ച് ആദ്യവാരം പത്തോടെ തന്നെ വിമാനത്താവളം പൂർണ്ണ സജ്ജമാവുകയും മെയ് രണ്ടാം വാരത്തോടെ സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.ഇൻഡിഗോയും മറ്റ് ചെറുകിട കമ്പനികളുമാവും സർവീസ് തുടങ്ങുക.80 യാത്രക്കാർക്ക് വരെ സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങളാവും ഉണ്ടാവുക.