കണ്ണൂർ:മാഹിയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.മാഹി കെ.ടി.സി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.ബൈക്ക് ഓടിച്ചിരുന്ന കുഞ്ഞിപ്പള്ളിക്കടുത്ത് എരിക്കില്‍ ഹൗസില്‍ ഉമനസ്(28),സഹയാത്രികനായ കുഞ്ഞിപ്പള്ളിയിലെ നിരത്തിരത്ത് അമല്‍ എന്ന കണ്ണൻ(24) എന്നിവരാണ് മരിച്ചത്.റോഡിലെ വളവിൽ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.രണ്ടുപേരും ലോറിയുടെ ടയറിനടിയിൽപെടുകയായിരുന്നു.പരിക്കേറ്റ ഇരുവരേയും മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നാസിക്കില്‍ നിന്നു ഉള്ളി കയറ്റി ആലുവയിലേക്കു പോവുകയായിരുന്നു ലോറി.ലോറി ഡ്രൈവർ സാധാരയിലെ വിനോദ് ബാലകൃഷ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തു. എരിക്കില്‍ ഉമ്മറിന്റെയും ഉമ്മുക്കുല്‍സുവിന്റെയും മകനാണ് ഉംനാസ്. നിരത്തിരത്ത് രാജന്റെ മകനാണ് അമല്‍. മൃതദേഹങ്ങള്‍ തലശേരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുർവ്യാഖ്യാനം ചെയ്താൽ നടപടി
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുർവ്യാഖ്യാനം ചെയ്താൽ നടപടി.ഇങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ വ്യക്തമാക്കി.ജാതി,മതം എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും കൂടുതൽ വിശദീകരണം ചൊവ്വാഴ്ച വിവിധ പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പെരുമാറ്റ ചട്ടം സംബന്ധിച്ച ബുക്‌ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകി.ജില്ലകളിൽ ചട്ടലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ കളക്റ്റർമാക്കും നിർദേശം നൽകി.
പ്രണയനൈരാശ്യം;തിരുവല്ലയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി
പത്തനംതിട്ട:തിരുവല്ലയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി.സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അയിരൂര്‍ സ്വദേശിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85% പൊള്ളലേറ്റുവെന്നാണ് സൂചന. തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം.രണ്ടു കുപ്പി പെട്രോള്‍ പ്രതി കയ്യില്‍ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോള്‍ പെൺകുട്ടിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാര്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യമാണ് യുവാവിനെ ഇത്തരമൊരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പ്ലസ് ടു തലം മുതല്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന പ്രതി വിവാഹ അഭ്യര്‍ത്ഥനയുമായി വീട്ടുകാരെയും സമീപിച്ചിരുന്നു.എന്നാല്‍ വീട്ടുകാര്‍ ഇത് നിരസിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കോളജിലേക്ക് പോകുന്നതിനിടെ ചിലങ്ക ജംഗ്ഷനില്‍ കാത്തിരുന്ന പ്രതി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പരിക്ക് ഗുരുതരമായതിനെ തുടർന്ന് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.കൃത്യം നടത്തിയശേഷം രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു.
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
വയനാട്:വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പനമരം ആറുമൊട്ടാംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് മരിച്ചത്. ക്ഷീരകര്‍ഷകനായ രാഘവന്‍ സമീപത്തെ വീടുകളിൽ പാല്‍ കൊടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.പുലര്‍ച്ചെ ആയതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.തുടര്‍ന്ന് നാട്ടുകാര്‍ രാഘവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്തെ കാട്ടാന ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചു
കൊച്ചി: വരുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ശ്യാം കുമാർ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിറക്കിയത്.ഈ തെരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും, യാതൊരു തരത്തിലും നശിക്കാന്‍ സാധ്യതയില്ലാത്ത ഫ്‌ളെക്‌സുകള്‍ ബോര്‍ഡുകൾ പരിസ്ഥിതിതിക്ക് ദോഷമുണ്ടാക്കുമെന്നും കോടതി ഇടപെട്ട് അടിയന്തിരമായി ഇതില്‍ പരിഹാരം കാണണം എന്നുമായിരുന്ന ശ്യാം കുമാറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ്;കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും
കണ്ണൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും.ആദ്യം മത്സരിക്കാനില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ശക്തമായ അതൃപ്തിയാണ് ഉണ്ടായത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
ലോക്സഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 23 ന്
ന്യൂഡൽഹി: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങൾ. ഏപ്രിൽ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തിൽ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23 നടക്കും. മാർച്ച് 25 ആണ് നാമനിർദേശം സമർപിക്കാനുള്ള അവസാന തീയതി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയാണ് പതിനേഴാം ലോക്സഭയിലേക്കുള്ള തീയതികൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു. രാജ്യത്തെ പരീക്ഷാ സമയം ഒഴിവാക്കിയാകും തിരഞ്ഞെടുപ്പ് തീരുമാനിക്കുക. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ കേസുകളെ സംബന്ധിച്ച് പത്രപരസ്യം നൽകി കമ്മിഷനെ അറിയിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. സുതാര്യമായ തിരഞ്ഞെടുപ്പിന് മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നും സുനിൽ അറോറ ആവശ്യപ്പെട്ടു.പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷയൊരുക്കുമെന്നും പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാർച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും.
മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;സുരക്ഷയ്ക്കായി 300 പോലീസുകാർ മാത്രം
ശബരിമല:ഉത്സവ-മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. യുവതീ പ്രവേശനത്തെ ചൊല്ലിയുണ്ടായിരുന്ന സംഘർഷം അല്പം കെട്ടടങ്ങിയ സാഹചര്യത്തിൽ ശബരിമലയിലെ പോലീസ് സുരക്ഷ വെട്ടിക്കുറച്ചു.കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പോലീസ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്ബ എന്നിവിടങ്ങളിലായി ഉണ്ടാകുക. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.അതേസമയം ഇത് സ്ത്രീകള്‍ക്ക് മല കയറാന്‍ പറ്റിയ അവസരമാണെന്നും യുവതികളെ തടയുമെന്നും തറപ്പിച്ച് പറഞ്ഞ് ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെ രംഗത്തുണ്ട്.
അവധിക്കാല വിനോദസഞ്ചാര കേന്ദ്രമാകാൻ കണ്ണൂർ വിമാനത്താവളം;സഞ്ചാരികളെ ആകർഷിക്കുവാൻ പ്രത്യേക അവധിക്കാല പാക്കേജുകൾ
കണ്ണൂർ:അവധിക്കാല വിനോദസഞ്ചാര കേന്ദ്രമാകാൻ ഒരുങ്ങി കണ്ണൂർ വിമാനത്താവളം. സഞ്ചാരികളെ ആകർഷിക്കുവാൻ പ്രത്യേക അവധിക്കാല പാക്കേജുകളുമായി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങളും ടൂർ ഓപ്പറേറ്റർമാരും ഒരുങ്ങിക്കഴിഞ്ഞു.ബൾക്ക് ബുക്കിങ്ങിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് പലരും ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും വിമാനയാത്ര നടത്തുന്നത്.ബെംഗളൂരു,ചെന്നൈ,ഗോവ, മുംബൈ,ഹൈദരാബാദ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുള്ളതിനാൽ നിശ്ചിത തീയതി വരെ മാത്രമാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്. ഏപ്രിൽ,മെയ് മാസങ്ങളിലാണ് യാത്രകൾ.കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും വിമാനയാത്ര ഉൾപ്പെടെയുള്ള ടൂറിസം പാക്കേജുകളുമുണ്ട്.കുടുംബശ്രീ പ്രവർത്തകർ,സ്വയം സഹായസംഘങ്ങൾ,റെസിഡന്റ്‌സ് അസോസിയേഷൻ എന്നിവരും വിനോദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.ബെംഗളൂരു,ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഇത്തരം യാത്രക്കാർ കൂടുതൽ.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഗോ എയർ അടക്കമുള്ള വിമാനകമ്പനികൾ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നുണ്ട്.അതേസയം ജില്ലയിൽ ഹോട്ടൽ സൗകര്യങ്ങളുടെ അപര്യാപ്തത ടൂറിസം വികസനത്തിന് തിരിച്ചടിയാണ്.
കാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറഞ്ഞു
കൊച്ചി:കാന്‍സര്‍ ചികിത്സാ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറഞ്ഞു.ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് (എന്‍പിപിഎ) പുതിയ തീരുമാനം ആവിഷ്‌കരിച്ചത്. രാജ്യത്തെ ഔഷധ വിപണന മേഖലയിലെ വില നിയന്ത്രണ സംവിധാനമാണ് എന്‍പിപിഎ. മാര്‍ച്ച് എട്ടുമുതൽ കുറഞ്ഞ വില നിലവില്‍ വന്നു.രാജ്യത്തെ 22 ലക്ഷം കാന്‍സര്‍ രോഗികള്‍ പ്രതിവര്‍ഷം മരുന്നിന് ചെലവിടുന്ന തുകയില്‍ 800 കോടി രൂപ വരെയാണ് ഇതിലൂടെ കുറഞ്ഞത്. ഇന്നലെയോടെ 38 മരുന്നുകള്‍ക്ക് 75-87% വില കുറഞ്ഞു.124 മരുന്നുകള്‍ക്ക് 50 മുതല്‍ 75% വരെയും 121 മരുന്നുകള്‍ക്ക് 25 മുതല്‍ 50% വരെയും വില കുറഞ്ഞു. 107 മരുന്നുകളുടെ വിലയില്‍ 25% വരെ കുറവുണ്ടായി. പുതിയതായി 390 മരുന്നുകള്‍ക്ക് വിപണി വില നിശ്ചയിച്ചതിലൂടെ ക്യാന്‍സര്‍ ചികിത്സാരംഗത്തെ 91 ശതമാനം മരുന്നുകളും രാജ്യത്ത് വില നിയന്ത്രണ സംവിധാനത്തിന്റെ പരിധിയിലായി. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് 426 തരം മരുന്ന് ബ്രാന്‍ഡുകളാണ് വിപണിയില്‍ സജീവമായുളളത്.