തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇവിടങ്ങളില്‍ കൂടിയ താപനിലയില്‍ രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി സെല്‍ഷസിന്‍റെ വര്‍ധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.സൂര്യാഘാതം ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
* രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞുമൂന്നു വരെ എങ്കിലും നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍നിന്ന് ഒഴിവാകണം.
* പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* രോഗങ്ങള്‍ ഉള്ളവര്‍ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് നിർബന്ധമായും ഒഴിവാക്കുക.
* അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
* വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
* തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.
* തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.
തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍;തടയാൻ ചെന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം:തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.ഒരു യുവാവ് കൊല്ലപ്പെട്ടു. ശ്രീവരാഹം സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീവരാഹം ക്ഷേത്രത്തിന് സമീപം ലഹരി മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഇത് തടയാന്‍ ശ്രമിച്ച ശ്യാമിനെ സംഘത്തിലെ അര്‍ജ്ജുന്‍ എന്നയാള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ക്കും കുത്തേറ്റു. അക്രമി സംഘത്തിലെ മനോജ്, രഞ്ജിത്ത് എന്നിവരെ സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി.എന്നാല്‍ മുഖ്യപ്രതി അര്‍ജ്ജുന്‍ പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു. ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കി. 360 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ കരുതല്‍ തടങ്കലില്‍ എടുക്കാനാണ് തീരുമാനം. രാത്രി നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെയും ഏര്‍പ്പെടുത്തി.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം
കൊച്ചി:ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം.ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്.രണ്ടാഴ്ച മുൻപാണ് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്.ഇതിനെ തുടർന്ന് കൊച്ചി നഗരത്തിൽ വൻ പുകശല്യമാണ് ഉണ്ടായിരുന്നത്.ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. രണ്ടാഴ്ച്ച മുമ്പ് പ്ലാന്റിന്റെ വടക്കുവശത്താണ് തീപിടിത്തമുണ്ടായതെങ്കില്‍ ഇപ്പോള്‍ തെക്കുവശത്താണ് തീപിടിത്തമുണ്ടായത്. പ്ലാന്റിന്റെ സംരക്ഷണ ഭിത്തി പൊളിച്ച ശേഷമാണ് ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നത്.സംഭവസ്ഥലത്ത് മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുര്‍ഗന്ധവും പടരുകയാണ്. അതേസമയം ഇടവിട്ടുണ്ടാകുന്ന തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി
തിരുവനന്തപുരം:നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍(യുഎൻഎ) വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി.പ്രസിഡന്റ് ജാസ്മിൻ ഷാ വൻ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഎൻഎ മുൻ വൈസ് പ്രസിഡന്റ് ഡിജിപിക്ക് പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എ.ഡി.ജി.പിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. തട്ടിപ്പ് നടത്തിയതിന്റെ തെളുവുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ ജാസ്മിൻ ഷായും മറ്റ് യുഎൻഎ ഭാരവാഹികളും ചേർന്ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയതായാണ് പരാതി.മാസാവരി പിരിച്ച മൂന്നുകോടിയിലേറെ പണം മൂന്ന് അക്കൗണ്ടുകളിലായാണ് നിക്ഷേപിച്ചിരുന്നത്.ഇതിൽ ഒരുകോടി രൂപ ചിലവഴിച്ചതിന് കണക്കുകളുണ്ട്.എന്നാൽ ബാക്കി തുക അക്കൗണ്ടിൽ നിന്നും പിൻവലിച്ചെങ്കിലും വ്യക്തമായ കണക്കില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.പലതവണ സംഘടനയോട് കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു.അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നതെന്ന് മുൻ വൈസ് പ്രസിഡന്റ് പറഞ്ഞു.അതേസമയം ഏതൊരു അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. യു.എന്‍.എക്കെതിരെയുള്ള എല്ലാ ആരോപണങ്ങളില്‍ നിന്നും മുക്തമാകാന്‍ ഇത്തരം അന്വേഷണങ്ങള്‍ സഹായിക്കട്ടെയെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചു.
വാഹനത്തിനകത്തുവെച്ചിരുന്ന സാംസങ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു
കാഞ്ഞങ്ങാട്:വാഹനത്തിനകത്തുവെച്ചിരുന്ന സാംസങ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.നഗരസൗന്ദര്യ വത്കരണത്തിന്റെ കരാറുകാരന്‍ തോയമ്മല്‍ സ്വദേശി ഗണേശന്റെ സാംസംഗ് കമ്ബനിയുടെ പുത്തന്‍ മൊബൈല്‍ ഫോണാണ് വാഹനത്തിനകത്ത് പൊട്ടിതെറിച്ചത്.സംഭവസമയത്ത് ഗണേശനും സഹായി അരുണും നഗരത്തില്‍ കെ എസ് ടി പി റോഡിന് മധ്യത്തിലും മറ്റുമുള്ള പൂച്ചെടികള്‍ക്ക് വെള്ളമൊഴിക്കുകയായിരുന്നു.ജലസേചനം നടത്തുന്ന എയ്സ് വാഹനത്തിനുള്ളിൽ നിന്നും ഉഗ്രന്‍ ശബ്ദത്തോടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗണേശന്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ നിന്നും പുറത്തേക്കെടുത്തിട്ട് വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
കളിക്കുന്നതിനിടെ പന്തെടുക്കാൻ പോയ വിദ്യാർത്ഥി ടെറസ്സിൽ നിന്നും വീണുമരിച്ചു
കാഞ്ഞങ്ങാട്:കളിക്കുന്നതിനിടെ ടെറസിന് മുകളിൽ വീണ പന്തെടുക്കാൻ പോയ വിദ്യാർത്ഥി ടെറസ്സിൽ നിന്നും വീണുമരിച്ചു.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ അഹമ്മദ്- ഫാഹിദ ദമ്പതികളുടെ മകന്‍ മിഖ്ഷാദ് (എട്ട്) ആണ് മരിച്ചത്.കളിക്കുന്നതിനിടെ പന്ത് ടെറസില്‍ വീഴുകയും ഇതെടുക്കാന്‍ ചെന്ന കുട്ടി അബദ്ധത്തില്‍ വീഴുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു
ന്യൂഡൽഹി:ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി.ബി.സി.സി.ഐ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് മത്സരങ്ങളില്‍ പങ്കെടുക്കാം. ഇനി ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി വേണമെങ്കില്‍ ബി.സി.സി.ഐക്ക് തീരുമാനിക്കാം എന്നാണ് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്. മൂന്ന് മാസത്തിനകം ശ്രീശാന്തിന്‍റെ പരാതിയില്‍ തീര്‍പ്പാക്കണം എന്നും സുപ്രിം കോടതി പറഞ്ഞു.ജസ്‌റ്റിസുമാരായ അശോക് ഭൂഷണ്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.2013ലെ വാതുവെയ്‌പ്പ് കേസില്‍ ഇപ്പോളും തുടരുന്ന ബിസിസിഐ വിലക്കിനെതിരെയാണ് ശ്രീശാന്ത് ഹര്‍ജി നല്‍കിയത്.സുപ്രീം കോടതിയുടെ വിധിയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു എന്നും മുപ്പത്തിയാറ് വയസ്സായ ഞാന്‍ ഇനി ആര്‍ക്കും ഒരു വെല്ലുവിളി ആയിരിക്കുമെന്ന് തോന്നുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് ഇനി സീസണ്‍ ഉള്ളത്. വിദേശ കൌണ്ടി ക്രിക്കറ്റ് ടുര്‍ണ്ണമെന്‍റുകളാണ് തന്‍റെ ലക്ഷ്യമെന്നും അതിനായി പരിശീലനം തുടരുമെന്നും ശ്രീശാന്ത് പറഞ്ഞു.2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി.ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്.എന്നാൽ, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകൾ പൂർണമായും നീക്കാൻ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബി.സി.സി.ഐ നിലപാട്. പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും ബി.സി.സി.ഐ പറയുന്നു. വിഷയത്തിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബി.സി.സി.ഐ നിലപാടാണ് ശരിവച്ചിരുന്നത്.തുടർന്നാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
കതിരൂരിൽ ഘോഷയാത്രയ്ക്കിടെ സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി;മൂന്നുപേർക്ക് പരിക്കേറ്റു;വീടുകൾക്ക് നേരെ ബോംബേറ്
തലശ്ശേരി:കതിരൂര്‍ പുല്യോട് കൂര്‍മ്പക്കാവ് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായ് നടന്ന കലശം ഘോഷയാത്രക്കിടെ സി.പി.എം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി.അക്രമത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു വീടിന് ബോംബേറും നടന്നു.ബുധനാഴ്ച വൈകിട്ട് കലശഘോഷയാത്ര കടന്ന് പോകുന്നത് കൂറ്റേരിച്ചാലിലെ പത്മാവതിയുടെ വിദ്യാവിഹാര്‍ എന്ന വീട്ടില്‍ നിന്ന് വീക്ഷിക്കുന്നതിനിടെ ഘോഷയാത്രയില്‍ നിന്ന് ഇരച്ചെത്തിയ സംഘം ഇവിടെ നിന്നിരുന്ന പത്മാവതിയുടെ മകനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു.ഈ സംഭവത്തില്‍ പരിക്കേറ്റ റിക്‌സണ്‍(27), ജിതേഷ്(35),മിഥുന്‍(27) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് തുടര്‍ച്ചയെന്നോണം ഇന്ന് പുലര്‍ച്ചെ പത്മാവതിയുടെ തറവാട്ട് വീടായ പാറേമ്മല്‍ പ്രേമന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞു.ബോംബേറിൽ വീട്ടിന്റെ ജനാലകളും ചാരുപടിയും മറ്റും തകര്‍ന്നു.മുറ്റത്ത് നിര്‍ത്തിയിട്ട ഓംനി വാനിനും കേടുപാട് സംഭവവിച്ചു.നേരത്തെയുണ്ടായ വ്യക്തി വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.കതിരൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കരിവെള്ളൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് സൂര്യതാപമേറ്റു
കണ്ണൂർ:കരിവെള്ളൂർ കൊഴുമ്മലിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് സൂര്യതാപമേറ്റു.പി.വി ജിതയ്ക്കാണ്(38) തൊഴിലിനിടെ സൂര്യതാപമേറ്റത്.കൊഴുമ്മൽ കോട്ടോൽ പാലത്തിനു സമീപം പച്ചക്കറി കൃഷിക്ക് തടമെടുക്കുന്നതിനിടെയാണ് സംഭവം.കഴുത്തിന് പിന്നിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കഴുത്തിൽ കറുത്ത നിറം കാണപ്പെട്ടത്. തുടർന്ന് കരിവെള്ളൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.കഴിഞ്ഞ ദിവസം ഘോഷയാത്രയിൽ ചെണ്ടമേളം അവതരിപ്പിക്കുന്നതിനിടെ പെരളം കൂവച്ചേരിയിലെ സി.സൗമ്യയ്ക്കും സൂര്യതാപമേറ്റിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുവൈറ്റ്-ദോഹ സര്‍വീസുകള്‍ ഇന്നാരംഭിക്കും
കണ്ണൂർ:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കുവൈറ്റ്-ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്നാരംഭിക്കും.ഇൻഡിഗോ എയർലൈൻസാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന് പുറപ്പെട്ട എട്ട് മണിയോടെ കുവൈത്തിലും. തിരിച്ച് ഒന്‍പത് മണിക്ക് പുറപ്പെട്ട് വൈകുന്നേരം നാല് മണിയോടെ തിരികെ കണ്ണൂരും എത്തിച്ചേരുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.ചെന്നൈ വഴിയാണ് കണ്ണൂരിലേക്ക് സര്‍വീസ്.ഇതിനാലാണ് തിരികെയുള്ള വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം നീളുന്നത്.ദോഹയിലേക്കുള്ള വിമാനം രാത്രി 7.05ന് പുറപ്പെട്ട് 8.45ന് ദോഹയിലെത്തും. തിരിച്ച് രാത്രി 10.05ന് പുറപ്പെട്ട് പുലര്‍ച്ചെ 4.40ഓടെ കണ്ണൂരിലെത്തും.കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് എയര്‍ ഇന്ത്യ എക്സ്‌പ്രസും സര്‍വീസ് നടത്തുന്നുണ്ട്.