തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങളുമായി ശുചിത്വമിഷൻ

keralanews suchithwamission to implement green protocol for election

കണ്ണൂർ:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങളുമായി ശുചിത്വമിഷൻ.ജില്ലാ ഭരണകൂടം,ഹരിതകേരളാ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ,പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ നിർദേശത്തെയും കേരളാ ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണിത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഴുവൻ പ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ(മണ്ണിൽ ലയിച്ചു ചേരുന്നവ)ഉപയോഗിച്ചായിരിക്കണമെന്നാണ് നിർദേശം.പ്ലാസ്റ്റിക്,ഡിസ്പോസിബിൾ വസ്തുക്കൾ,പി.വി.സി ഫ്ളക്സ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ഓഫീസ് അലങ്കാരങ്ങൾ, കൊടിതോരണങ്ങൾ,സ്ഥാനാർത്ഥികളും പ്രവർത്തകരും ഉപയോഗിക്കുന്ന തൊപ്പി,തിരിച്ചറിയൽ കാർഡ് തുടങ്ങിയവയൊക്കെ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമിച്ചവയായിരിക്കണം.സ്ഥാനാർത്ഥികളുടെ സ്വീകരണ കേന്ദ്രങ്ങളിൽ കുടിവെള്ള വിതരണത്തിനും മറ്റും ഡിസ്പോസിബിൾ വസ്തുക്കൾ ഉപയോഗിക്കരുത്.തിരഞ്ഞെടുപ്പ് സാമഗ്രികൾ തുണിസഞ്ചിയിൽ വിതരണം ചെയ്യണം.

പോലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും ഡ്രോൺ

keralanews drone again near police head quarters

തിരുവനന്തപുരം:കേരള പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ വീണ്ടും ഡ്രോൺ പരാതിയതായി റിപ്പോർട്ട്.ഇന്നലെ രാത്രി പത്തരയോടെയാണ് ഡ്രോണ്‍ ക്യാമറ കണ്ടത്.ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ സെക്യൂരിറ്റി ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ ക്യാമറ കണ്ടെത്തിയതായി റിപ്പോര്‍ട്ട് നല്‍കിയത്. കെട്ടിടത്തിന്റെ അഞ്ചാം നിലക്ക് സമീപത്ത് കൂടിയാണ് ഡ്രോണ്‍ ക്യാമറ പറന്നുവെന്നാണ് പറയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഡ്രോണ്‍ കണ്ടെത്താനായില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.രണ്ടു മാസം മുൻപും പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ ഡ്രോൺ പരന്നിരുന്നു.അന്ന് പോലീസ് ആസ്ഥാനത്തിന് സമീപത്തുള്ള കല്യാണമണ്ഡപത്തിൽ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോൺ നിയന്ത്രണം വിട്ട് ആസ്ഥാനത്തിനു മുകളിലൂടെ പറക്കുകയായിരുന്നു.ഇതിനിടെ കിഴക്കേക്കോട്ടയിലും ഡ്രോൺ പറന്നതായി റിപ്പോർട്ടുകളുണ്ട്.ഇതിന്റെ ദൃശ്യം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ക്യാമറയില്‍ പതിഞ്ഞതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട്. കഴിഞ്ഞ ആഴ്ച കോവളത്തും തുമ്പ വിഎസ്‌എസ്‌സി ഉള്‍പ്പെട്ട തീരപ്രദേശങ്ങളിലും ഡ്രോണ്‍ പറന്നതായി അഭ്യൂഹമുണ്ടായിരുന്നു. ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും കിട്ടാതെ പൊലീസും അന്വേഷണ ഏജന്‍സിയും കുഴയുന്നതിനിടയിലാണ് വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടതായി സംശയിക്കുന്നത്.

സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം

keralanews five persons died in accident in two places in the state

വയനാട്:സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം.വയനാട് വൈത്തിരിയിലും ഇടുക്കി കട്ടപ്പനയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്.വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിലായിരുന്നു അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സംഭവസ്ഥലത്തു തന്നെ രണ്ടു പേര്‍ മരിച്ചു.കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വെള്ളയകുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. രാജന്‍,ഏലിയാമ്മ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നാലുദിവസത്തേക്ക് കൂടി നീട്ടി

keralanews sunstroke alert extended for four days in kerala

തിരുവനന്തപുരം:ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നാലുദിവസത്തേക്ക് കൂടി നീട്ടി. അടുത്ത ദിവസങ്ങളില്‍ താപനില നിലവിലെ ഊഷ്മാവില്‍ നിന്നും നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഈ ജില്ലകളില്‍ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കടുത്ത ചൂട് ഇത്തരത്തില്‍ കൂടുകയാണെങ്കില്‍ ഉഷ്ണതരംഗത്തിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

വയനാട്ടിൽ മത്സരിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി

keralanews did not take decision about competing in wayanad said rahul gandhi

ന്യൂഡൽഹി:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളോടാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. നാല് മണിയോടെ നടക്കുന്ന ഈ വാര്‍ത്തസമ്മേളനത്തില്‍ രാഹുല്‍ വയനാട് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം വരാനിടയുണ്ട്.അതേസമയം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഹൈകമാന്‍ഡില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

സംസ്ഥാനത്ത് സൂര്യതാപമേറ്റ് മൂന്നുപേർ മരിച്ചു

keralanews three died in the state due to sunburn

തിരുവനന്തപുരം:സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കുതിച്ചുയരുന്നു.ഞായറാഴ്ച മാത്രം സൂര്യതാപമേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചു.പത്തുപേർക്ക് സൂര്യതാപമേറ്റു. തിരുവനന്തപുരം,കണ്ണൂർ,പത്തനംതിട്ട എന്നിവിടങ്ങളിലാണ് മൂന്നുപേർ മരിച്ചത്.ഞായറാഴ്ച കൊല്ലത്ത് നാലുപേർക്കും പത്തനംതിട്ടയിൽ മൂന്നുപേർക്കും ആലപ്പുഴ,മലപ്പുറം,കാസർകോഡ് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും സൂര്യതാപമേറ്റു.പത്തുദിവസത്തിനിടെ 111 പേർക്ക് സംസ്ഥാനത്ത് സൂര്യതാപമേറ്റു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.വരും ദിവസങ്ങളിലും ചൂട് കൂടും എന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര പെരിക്കാവിള ആവണിയിൽ കരുണാകരൻ(43),കണ്ണൂർ വെള്ളോറ ചെക്കിക്കുണ്ടിലെ കാടൻവീട്ടിൽ നാരായണൻ(67),കോഴഞ്ചേരി ഹൗസിങ് ബോർഡ് കോളനിയിലെ ഷാജഹാൻ(55) എന്നിവരാണ് മരിച്ചത്.

പാടത്ത് പണിയെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു കരുണാകരൻ.അദ്ദേഹത്തിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.കാടൻവീട്ടിൽ നാരായണനെ വീടിനു സമീപത്തെ പാറപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.അദ്ദേഹത്തിന്റെ കാലിലുൾപ്പെടെ പലഭാഗത്തും പൊള്ളിയനിലയിലായിരുന്നു.മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡിൽ മരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ഷാജഹാൻ.അവശനിലയിലായ ഇദ്ദേഹത്തെ പോലീസെത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്നറിയാം

keralanews the decision is whether rahul gandhi will contest in wayanad

ന്യൂഡൽഹി:രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്നറിയാം.ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഹൈക്കമാന്‍ഡില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു.അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ അത് അമേഠിയില്‍ പരാജയം ഭയന്നാണെന്ന ബി.ജെ.പി വിമര്‍ശനത്തിന് ശക്തികൂട്ടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വിലിയിരുത്തുന്നു.മണ്ഡലത്തിനായി എ, ഐ ഗ്രൂപ്പുകൾ നടത്തിയ കിടമത്സരമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥാനാര്‍ഥിത്വം വിവാദമാക്കിയെന്ന സൂചനയും ദേശീയ വൃത്തങ്ങള്‍ നല്‍കുന്നു. മുസ്‍ലിം പ്രാതിനിധ്യം ചര്‍ച്ചയായതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്.ഈ സാഹചര്യത്തിൽ രാഹുൽ മത്സരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

തൃശ്ശൂരിൽ ഉത്സവപ്പറമ്പിൽ വിൽപ്പനയ്‌ക്കെത്തിച്ച റോഡമിന്‍ ബി എന്ന മാരക രാസവസ്തു ചേര്‍ത്ത 30 കിലോ മിഠായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു

keralanews food security department seized 30kg of candy mixed with rhodamine b chemical

തൃശൂർ:ചേലക്കരയിൽ ഉത്സവപ്പറമ്പിൽ വിൽപ്പനയ്‌ക്കെത്തിച്ച റോഡമിന്‍ ബി എന്ന മാരക രാസവസ്തു ചേര്‍ത്ത 30 കിലോ മിഠായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.ജില്ലയിലെ പല ഉത്സവപെരുന്നാള്‍ സ്ഥലങ്ങളിലും വഴിയോരത്തൊരുക്കുന്ന താല്‍ക്കാലിക സ്റ്റാളുകളില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയാണിത്.പലകടകളിൽ നിന്നായാണ് ഇവ പിടികൂടിയത്.കൃത്രിമ നിറം ലഭിക്കാന്‍ റോഡമിന്‍ ബി എന്ന നിരോധിത രാസവസ്തുവാണ് മിഠായില്‍ ചേര്‍ത്തിരിക്കുന്നത്. റോഡമിന്‍ ബിയുടെ നിരന്തര ഉപയോഗം കാന്‍സറിനു കാരണമാകുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.ചോക്ക് മിഠായിക്ക് മഞ്ഞ, ഓറഞ്ച്, പിങ്ക് നിറങ്ങള്‍ ലഭിക്കാന്‍ റോഡമിന്‍ ബി ചേര്‍ത്തിരുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. ഇതിന്റെ നിരന്തരമായ ഉപയോഗം കുട്ടികളില്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും.ഉല്‍സവ പെരുനാള്‍ പറമ്ബുകളില്‍ മിഠായി അടക്കം ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളില്‍ പലതും ഭക്ഷ്യസുരക്ഷാ റജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം 34 കടകള്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ജില്ലാ അസി. കമ്മിഷണര്‍ ജി. ജയശ്രീ, ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ വി.കെ. പ്രദീപ് കുമാര്‍, ഡോ. എസ്. ലിജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതുപോലെ തന്നെ ഉത്സവപ്പറമ്പുകളിൽ കൂടുതലായി വിറ്റഴിക്കപ്പെടുന്ന മറ്റൊന്നാണ് ഐസ് പൈക്കറ്റുകളായ സിപ് അപ്.ഇവ എവിടെ നിര്‍മ്മിച്ചതാണെന്നോ ഏതു തീയതിയില്‍ നിര്‍മ്മിച്ചതാണെന്നോ എത്രദിവസം കേടാകാതെ നില്‍ക്കുമെന്നോ ഉള്ള വിവരങ്ങളൊന്നും പ്രാദേശികമായി നിര്‍മ്മിക്കുന്ന സിപ് അപ്പ് പായ്ക്കറ്റുകളില്‍ കാണാറില്ല.ഇവയുടെ ഉപയോഗവും പലതരം രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ഭക്ഷ്യവകുപ്പിൻറെ കണ്ടെത്തൽ.കൃത്യമായ ലേബല്‍ പതിക്കാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയാല്‍ 3 ലക്ഷം രൂപ വരെ പിഴയീടാക്കാം. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് വില്‍ക്കുന്നതെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴയീടാക്കാം. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കണ്ടെത്തിയാല്‍ 6 മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.

ന്യൂസീലൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി ആൻസി അലിബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു

keralanews the dead body of malayali lady killed in newzealand brought to home country

കൊച്ചി:ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലിബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു.ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി.കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ ആന്‍സി അലിയുടെ മ‍ൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന്‌ ആന്‍സിയുടെ സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയോടെ ചേരമാന്‍ ജുമാമസ്ജിദ്‌ ഖബറിസ്‌ഥാനില്‍ സംസ്‌കരിക്കും.ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സി.ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്.അബ്ദുല്‍ നാസര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

വയനാട്ടിൽ വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടി

keralanews caught the tiger who attacked the forest officers

വയനാട്:വയനാട്ടിൽ വനപാലകരെ ആക്രമിക്കുകയും ജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്ത കടുവയെ പിടികൂടി.വനംവകുപ്പ് വെച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.ഞായറാഴ്ചയാണ് വനപാലകർക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്.മൂന്ന് വാച്ചര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.ചീയമ്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരിക്കേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ തലയ്ക്ക് കടുവ അടിച്ചുവെന്നാണ് റിപ്പോർട്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ കുറച്ചു ദിവസം മുൻപാണ് ഈ വാച്ചർമാരെ നിയമിച്ചത്.പരിക്കേറ്റ മറ്റു രണ്ടു പേരുടെ നില തൃപ്തികരമാണ്. ഇവരെ ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് വനപാലകര്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമായിരുന്നു. വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.