കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്.കെ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്.ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ മുന്നില്‍ നിന്നയാളാണ് സുരേന്ദ്രന്‍. അതിനു വേണ്ടി ജയിലില്‍ കിടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേന്ദ്രന്‍ ജയിക്കേണ്ടതാണെന്നും ജോര്‍ജ് പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍ തീരുമാനം ഉടനെ തന്നെ ഉണ്ടാകും, പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ ജോര്‍ജിനുള്ള സ്വാധീനം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ സുരേന്ദ്രന് വിജയിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്.ശബരിമല യുവതി പ്രവേശ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട.
തൊടുപുഴയിൽ ഏഴുവയസ്സുകാരന് ക്രൂരമർദനം; രണ്ടാനച്ഛനെതിരെ കേസ്
ഇടുക്കി:തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂരമര്‍ദനം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സഹോദരനായ നാല് വയസുകാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് നിര്‍ദ്ദേശം നല്‍കി.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. കുട്ടിയുടെ പരിക്ക് വീഴ്ചയിലുണ്ടായതാണെന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്.കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍ ആദ്യം ഡോക്ടര്‍മാര്‍ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി.തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.അതേസമയം മർദനമേറ്റ കുട്ടിയുടെ അമ്മയുടെയും ഇളയ കുഞ്ഞിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു.ആദ്യമൊക്കെ കുഞ്ഞിന് പരിക്ക് പറ്റിയത് വീഴ്ചയിലാണെന്ന് പറഞ്ഞ കുട്ടിയുടെ ‘അമ്മ പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ സംഭവം തുറന്നുപറയുകയായിരുന്നു.എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരന്‍ അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരു വര്‍ഷം മുമ്ബ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേര്‍ത്തത്.
തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നല്‍കിയത്. ആദ്യം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണ്. ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു.ഇപ്പോള്‍ കസ്റ്റഡിയിലുള്ള അരുണിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. കുട്ടികളെ അതിക്രമിക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തും.
പരിയാരം മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സ ഇനിയും വൈകും;തടസ്സമാകുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
കണ്ണൂർ:പരിയാരം മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സ ഇനിയും വൈകും.ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്ഥാപനം സർക്കാർ മെഡിക്കൽ കോളേജായി മാറിയിരുന്നു.ആരോഗ്യ വകുപ്പിന്റെ കീഴിൽ ഡയറക്റ്റർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ ഭരണത്തിലാണ് പരിയാരം മെഡിക്കൽ കോളേജ് ഇപ്പോൾ.സർക്കാർ മെഡിക്കൽ കോളേജായതോടെ പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിൽ ഒന്ന് മുതൽ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും എന്നായിരുന്നു സൂചന.എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പെരുമാറ്റ ചട്ടത്തിന്റെ കാലാവധി തീർന്നശേഷമോ അല്ലെങ്കിൽ വോട്ടെടുപ്പിന് ശേഷം പ്രത്യേകാനുമതിയോടുകൂടി മാത്രമേ സൗജന്യ ചികിത്സാസംവിധാനം നടപ്പാക്കാനാകൂ എന്നാണ് അധികൃതർ നൽകുന്ന സൂചന.ചികിത്സ സൗജന്യം നൽകുന്നതിന് ഇനി ഉത്തരവ് നല്കാൻ സാധ്യമല്ലെന്നാണ് സാങ്കേതിക തടസ്സമായി പറയുന്നത്.എന്നാൽ മെഡിക്കൽ കോളേജിന്റെ ശരിയായ പ്രവർത്തനം ഉറപ്പാക്കാനും മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിൽ ലഭിക്കുന്ന അതെ ചിലവിൽ പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ ലഭ്യമാക്കുന്നതിനുമാണ് സർക്കാർ സ്ഥാപനം ഏറ്റെടുക്കുന്നതെന്ന് ഓർഡിനൻസിൽ പറയുന്നുണ്ട്.അതുകൊണ്ട് തന്നെ സർക്കാർ ഉടമസ്ഥതയിലായ സ്ഥാപനത്തിൽ സൗജന്യ ചികിത്സ നൽകുന്നതിൽ ചട്ടലംഘനത്തിന്റെ പ്രശനമില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
കണ്ണൂർ കൊട്ടിയൂരിൽ ടാക്സി മറിഞ്ഞ് രണ്ടുപേർ മരിച്ചു;മൂന്നുപേർക്ക് പരിക്കേറ്റു
കണ്ണൂർ:കൊട്ടിയൂരിൽ ടാക്സി മറിഞ്ഞ് രണ്ടുപേർ മരിച്ചു.മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.ഡ്രൈവര്‍ ബാവലി പെരുവക സ്വദേശി രമേശ് ബാബു (38) ,യാത്രക്കാരി ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ ശാന്ത എന്നിവരാണ് മരിച്ചത്.ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ രാജു (45), സീത (31), അപര്‍ണ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴിന് കൊട്ടിയൂര്‍-ബോയ്‌സ് ടൗണ്‍ ചുരം റോഡിലെ ആശ്രമം ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. ടാക്‌സിയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
ശബരിമല സന്നിധാനത്ത് സ്ത്രീകൾക്ക് നേരെ അക്രമം നടത്തിയ കേസിൽ കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി റിമാൻഡിൽ
കോഴിക്കോട്:ചിത്തിരയാട്ട വിശേഷ സമയത്ത് ശബരിമല സന്നിധാനത്തെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളുടെ ജാമ്യാപേക്ഷ തള്ളിയത്. ശബരിമല യുവതി പ്രവേശന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ എട്ട് കേസാണുള്ളത്. അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോളാണ് ജാമ്യമെടുക്കാന്‍ കോടതിയെ സമീപിച്ചത്.ശബരിമലയില്‍ കലാപത്തിനു ശ്രമിച്ചു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
ഓച്ചിറ കേസ്;പ്രതി റോഷനെ ഇന്ന് കോടതിയിൽ ഹാജരാക്കും;പെൺകുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടും പുറത്ത്
കൊല്ലം:ഓച്ചിറയിൽ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ റോഷനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് റോഷനെ ഹാജരാക്കുക.പത്ത് ദിവസം മുൻപ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്.മുംബൈയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്.കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്.സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം സംഭവത്തില്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു.പെൺകുട്ടി പീഡനത്തിന് ഇരയായതായി റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്.ഇതോടെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു.അതേസമയം പെണ്‍കുട്ടിക്ക് 18 വയസ്സു തികഞ്ഞിട്ടില്ല എന്നു കാണിച്ച് മാതാപിതാക്കള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് മുഹമ്മദ് റോഷന്റെ ബന്ധുക്കള്‍ ആരോപിച്ചു.
നിർദേശം പാലിക്കാതെ പൊരിവെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി തൊഴിൽ വകുപ്പ്
കണ്ണൂർ:നിർദേശം പാലിക്കാതെ പൊരിവെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി തൊഴിൽ വകുപ്പ് രംഗത്ത്.ചൂടിനെ തുടർന്ന് തൊഴിലാളികൾക്ക് നിശ്ചിത സമയത്ത് വിശ്രമം അനുവദിക്കണെമെന്ന് നേരത്തെ തൊഴിൽ വകുപ്പും ആരോഗ്യവകുപ്പും നിർദേശം നൽകിയിരുന്നു.എന്നാൽ ഈ നിർദേശങ്ങളൊന്നും പാലിക്കാതെ മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തൊഴിൽവകുപ്പ് നടപടിയുമായി രംഗത്തെത്തിയത്.ഉച്ചയ്ക്ക് 12 മണിമുതൽ 3 മണിവരെ തൊഴിൽദാതാക്കൾ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്ന് ലേബർ കമ്മീഷണറുടെ നിർദേശമുണ്ട്.നിർദേശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ജില്ലാതലത്തിൽ അസി.ലേബർ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്ക്വാർഡുകൾ പരിശോധന നടത്തും.ഇങ്ങനെ കണ്ടെത്തിയാൽ പ്രവൃത്തി നിർത്തിവെയ്ക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ(എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
കണ്ണൂരിൽ 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ:22 കിലോ കഞ്ചാവുമായി തൃശൂർ,മലപ്പുറം സ്വദേശികളായ രണ്ടുപേർ കണ്ണൂരിൽ അറസ്റ്റിൽ.റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.ഇവരിൽ ഒരാൾ നേരത്തെ ഇത്തരം കേസിൽ പിടിയിലായിട്ടുള്ള ആളാണ്.മലപ്പുറം താനൂർ മംഗലം സ്വദേശി പണക്കാട്ടിൽ മുഹമ്മദലി (42 ) , തൃശൂർ മുളംകുന്നംകാവ് സ്വദേശി പുത്തൻപുരയ്‌ക്കൽ നിഥിൻ എന്നിവരാണ് പിടിയിലായത്.ആന്ധ്രാപ്രദേശിലെ തുനി സ്ഥലത്തുനിന്നുമാണ് കഞ്ചാവ് കണ്ണൂരിലേക്ക് കൊണ്ടുവന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.ട്രെയിൻ മാർഗമാണ് കഞ്ചാവ് കണ്ണൂരിലെത്തിച്ചത്.22 കിലോയോളം വരുന്ന ഉണക്ക കഞ്ചാവ് 10 പാക്കറ്റുകളിലായി സ്യുട്ട് കേസിലാണ് സൂക്ഷിച്ചിരുന്നത്.ഡിവൈഎസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക്ക് സെൽ അംഗങ്ങളായ എസ് ഐ രാജീവൻ, എ എസ് ഐ മഹിജൻ, സി.പി.ഒമാരായ അജിത്ത്, മഹേഷ്, സുഭാഷ്, ടൗൺ എസ് ഐ എൻ പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പെരിയ ഇരട്ടക്കൊലപാതകം;പോലീസ് സർജൻ കോടതിയിലെത്തി ആയുധങ്ങൾ പരിശോധിച്ചു
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സംഘം പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതി ഹാജരാക്കിയ ആയുധങ്ങൾ പോലീസ് സർജൻ കോടതിയിലെത്തി പരിശോധിച്ചു.ഇരുവരുടെയും മൃതദേഹ പരിശോധന നടത്തിയ പരിയാരം മെഡിക്കൽ കോളേജിലെ പോലീസ് സർജൻ എസ്.ഗോപാലകൃഷ്ണ പിള്ളയാണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തി ആയുധങ്ങൾ കണ്ടത്.മൂന്നു വടിവാൾ,രണ്ട് ഇരുബ് പൈപ്പുകൾ,രണ്ട് ഇരുമ്പ് ദണ്ഡ് എന്നിവയാണ് കാണിച്ചത്.പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ ആയുധങ്ങൾ അഴിച്ചുനോക്കാനോ കയ്യിലെടുത്ത് പരിശോധിക്കാനോ കോടതി അനുമതി നൽകിയിരുന്നില്ല.കോടതി സൂപ്രണ്ട് കെ.അനിതകുമാരി ആയുധങ്ങൾ കോടതിമുറിയിലെ മേശപ്പുറത്ത് നിരത്തിവെച്ചു.തൊട്ടുനോക്കാതെ ആയുധങ്ങളുടെ മൂർച്ച എങ്ങനെയറിയുമെന്ന് സർജൻ ചോദിച്ചു.എന്നാൽ കോടതി ഉത്തരവനുസരിച്ച് ആയുധങ്ങൾ തൊട്ട് പരിശോധിക്കാൻ സാധിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ എം.വി ദിലീപ് കുമാർ വാദിച്ചു.തുടർന്ന് കോടതിയുത്തരവ് വായിച്ച പോലീസ് സർജൻ ഒരോ ആയുധങ്ങളുടെയും പുറത്ത് കുറിപ്പിലുണ്ടായിരുന്ന കാര്യങ്ങൾ എഴുതിയെടുത്തു.സുപ്രണ്ടിനോട് ആയുധങ്ങൾ ഓരോന്നായി എടുത്തുനോക്കാൻ പറയുകയും അതിനനുസരിച്ച് ഓരോന്നും എടുക്കുമ്പോൾ കനമുണ്ടോ മൂർച്ച തോന്നുന്നുണ്ടോ എന്നൊക്കെ ചോദിച്ച് മറുപടി എഴുതിയെടുക്കുകയും ചെയ്തു.അസി.പബ്ലിക് പ്രോസിക്യൂട്ടർ എം.വി ശൈലജ,ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം പ്രദീപ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ്;ഭിന്നശേഷിക്കാർക്ക് പോളിംഗ്സ്റ്റേഷനിലെത്താൻ വാഹനസൗകര്യം ഒരുക്കും;ഏപ്രിൽ 18 വരെ അപേക്ഷിക്കാം
കണ്ണൂർ:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി പോളിംഗ് സ്റ്റേഷനിലെത്താൻ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വാഹന സൗകര്യം ഒരുക്കും.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് തീരുമാനം.വാഹന സൗകര്യം ആവശ്യമുള്ളവർ അതാത് വില്ലേജ് ഓഫീസുകളിൽ ഫോൺ മുഖേന രെജിസ്റ്റർ ചെയ്യണം.ജില്ലയിലെ വില്ലേജ് ഓഫീസർമാരുടെ നമ്പറുകൾ ‘we are kannur’ എന്ന മൊബൈൽ ആപ്പ്ളിക്കേഷനിൽ നിന്നും ലഭിക്കും.പേർ, വിലാസം,ഫോൺ നമ്പർ,പോളിംഗ് സ്റ്റേഷൻ,വാഹനം എത്തേണ്ട സ്ഥലം എന്നിവ രെജിസ്ട്രേഷൻ സമയത്ത് അറിയിക്കണം.ഭിന്നശേഷിക്കാരായ വോട്ടർമാർ അറിയിക്കുന്ന സ്ഥലങ്ങളിൽ നിന്നും അവരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കുകയും വോട്ട് ചെയ്‌ത ശേഷം തിരികെ ഇതേ സ്ഥലത്ത് തിരിച്ചെത്തിക്കുകയും ചെയ്യും.ഇത് സംബന്ധിച്ച് കണ്ണൂർ കലക്റ്റർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്റ്റർ അർജുൻ പാണ്ഢ്യൻ,ഇലക്ഷൻ ഡെപ്യൂട്ടി കലക്റ്റർ എ.കെ രമേന്ദ്രൻ,അഖിലകേരളാ വികലാംഗ അസോസിയേഷൻ പ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം ഏപ്രിൽ ഒന്നിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്.