തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 55,475 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂർ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂർ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസർഗോഡ് 1728, വയനാട് 1070 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 84 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 139 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3373 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേർ രോഗമുക്തി നേടി.തിരുവനന്തപുരം 8267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1706, ഇടുക്കി 599, എറണാകുളം 8641, തൃശൂർ 1515, പാലക്കാട് 1156, മലപ്പുറം 1061, കോഴിക്കോട് 2966, വയനാട് 214, കണ്ണൂർ 1170, കാസർഗോഡ് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി.പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.പുതിയ സാക്ഷികളുടെ വിസ്‌താരം പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.സാക്ഷികളില്‍ ചിലര്‍ മറ്റ് സംസ്ഥാനങ്ങളിലാണെന്നും ഒരാള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടി. തുടര്‍ന്ന് സാക്ഷിവിസ്‌താരത്തിനായി ജനുവരി 27 മുതല്‍ പത്ത് ദിവസം കോടതി കൂടുതല്‍ അനുവദിക്കുകയായിരുന്നു.അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെയും മറ്റു പ്രതികളെയും മൂന്നാം ദിവസവും ചോദ്യം ചെയ്യുകയാണ്. എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിക്കും. അന്വേഷണത്തോട് ദിലീപ് പൂര്‍ണമായും സഹകരിക്കുന്നുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.
തലശ്ശേരി-വീരാജ് പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കൂട്ടുപുഴയില്‍ നിര്‍മിച്ച പുതിയ പാലം ഈ മാസം 31ന് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗത്തിന് തുറന്നുകൊടുക്കും
ഇരിട്ടി: രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശ്ശേരി – വീരാജ് പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കേരള- കര്‍ണ്ണാടകാ അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ നിര്‍മിച്ച പുതിയ പാലം ഈ മാസം 31ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗത്തിന് തുറന്നുകൊടുക്കും. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറില്‍ ഇത് മാറ്റിവെക്കുകയായിരുന്നു. ഇതേ പാതയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എരഞ്ഞോളി പാലത്തിനൊപ്പമാണ് 31 നു പാലം തുറന്നു കൊടുക്കുക.സണ്ണിജോസഫ് എം.എല്‍ എ അധ്യക്ഷത വഹിക്കും. ഇതോടെ കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലശ്ശേരി- വളവുപാറ റോഡില്‍ പണിത ഏഴു പാലങ്ങളും ഗതാഗതത്തിന് തുറന്നു കൊടുക്കപ്പെടും.കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെഎസ്ടിപി) പെടുത്തി 356 കോടിയുടെ തലശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തില്‍ ഉള്‍പ്പെടുത്തിയാണ് കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മ്മിച്ചത്. 90 മീറ്റര്‍ നീളത്തില്‍ അഞ്ചുതൂണുകളിലായി നിര്‍ക്കേണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി 2017 ഒക്ടോബറില്‍ ആണ് തുടങ്ങുന്നത്. ഇതിന്റെ നിര്‍മ്മാണത്തില്‍ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്.പാലത്തിന്റെ കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂര്‍ത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയില്‍ തൂണിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.പുഴയുടെ മറുകര പൂര്‍ണ്ണമായും കര്‍ണ്ണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കര്‍ണ്ണാടക വനം വകുപ്പ് നിര്‍മ്മാണം തടയുകയായിരുന്നു.പലതട്ടില്‍ ചര്‍ച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. മൂന്ന് വര്‍ഷം ഒരു പ്രവ്യത്തിയും നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തില്‍ പ്രശ്നമെത്തുകയും ചര്‍ച്ചകര്‍ക്കും രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രില്‍ 23-നാണ് ദേശീയ വന്യജീവി ബോര്‍ഡിന്റെ അന്തിമാനുമതിയോടെയാണ് പാലം പണി പുരനാരംഭിക്കാന്‍ കഴിഞ്ഞത്. നിര്‍മ്മാണം പുനരാരംഭിച്ചപ്പോള്‍ കോവിഡ് വില്ലനായി. ആറുമാസംകൊണ്ട് തീര്‍ക്കേണ്ടപണി നാലുതവണ നീട്ടിനല്‍കിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പാലം പൂര്‍ത്തിയായി പുതുവര്‍ഷ ദിനത്തില്‍ നിശ്ചയിച്ച ഉദ്ഘാടനവും പെട്ടെന്ന് റദ്ദാക്കേണ്ടി വന്നു. കോവിഡ് കാലമായതിനാല്‍ ലളിതമായ ചടങ്ങിലായിരിക്കും പാലത്തിന്റെ ഉൽഘടനം നടത്തുകയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സിപിഎമ്മിൽ ചേർന്നു
കണ്ണൂര്‍: വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു.സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ തളിപ്പറമ്പ് ഏരിയ സംഘാടക സമിതിയുടെ വൈസ് പ്രസിഡന്റാണ് സുരേഷ്. സിപിഎം രാഷ്‌ട്രീയത്തിൽ നിന്നും ഒരിക്കലും അകന്നിരുന്നില്ലെന്നാണ് സുരേഷ് പറഞ്ഞത്.കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടപ്പാക്കിയ ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലെ നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നശിപ്പിക്കുന്നതിനെതിരെ ആയിരുന്നു തങ്ങളുടെ സമരമെന്നും സിപിഎമ്മിനെതിരെ ആയിരുന്നില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.അതുകൊണ്ട് തന്നെ പാർട്ടിയിൽ നിന്നും ഒരിക്കലും അകന്നിരുന്നില്ല. പരിസ്ഥിതി ആശങ്കകൾ മാത്രമാണ് സമരത്തിലൂടെ ഉയർത്തിക്കാട്ടിയത്. സമരം വിജയമായിരുന്നോ പരാജയമായിരുന്നോ എന്നതിൽ ഉപരി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കാൻ സാധിച്ചുവെന്ന് സുരേഷ് പറഞ്ഞു.ആദ്യഘട്ടത്തിൽ സമരത്തിനൊപ്പം നിന്ന സിപിഎം പിന്നീട് പിന്മാറി, തുടർന്ന് വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ചാണ് സമരം നടന്നത്. ദേശീയപാത വികസനവും കെ-റെയിൽ പോലെയുള്ള പദ്ധതികളും നാടിന് ആവശ്യമാണ്. വേഗമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വയൽക്കിളി നേതാവ് വ്യക്തമാക്കി.
ബാണാസുര ഡാം റിസർവോയറിനു സമീപം പുൽമേടിനു തീപിടിച്ചു;അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി
പടിഞ്ഞാറത്തറ:ബാണാസുര ഡാം റിസർവോയറിലെ മഞ്ഞൂറ ഭാഗത്ത് വൻ അഗ്നിബാധ. റിസേർവോയറിലെ 100 ഏക്കറോളം വരുന്ന ദ്വീപ് പോലെയുള്ള പ്രദേശത്താണ് ഇന്നലെ വൈകിട്ട് നാലോടെ പുൽമേടിനു തീ പിടിച്ചത്.ജൈവ വൈവിധ്യങ്ങളാല്‍ നിറഞ്ഞ സ്ഥലത്തുണ്ടായ അഗ്നിബാധ അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം നിയന്ത്രണ വിധേയമാക്കി. കൽപറ്റയില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫിസര്‍ കെ.എം. ജോമിയുടെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
ഹാജർ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ച അടച്ചിടാൻ നിർദ്ദേശം
തിരുവനന്തപുരം: ഹാജർ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലകളിലെ കൊറോണ വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എബിസി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും.സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും.കുട്ടികളുടെ വാക്സിനേഷനിൽ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്സിനേഷൻ ശരാശരി സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്.കുട്ടികളുടെ വാക്സിനേഷൻ, രണ്ടാം ഡോസ് വാക്സിനേഷൻ എന്നിവ സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണം. ഡയാലിസിസ് ആവശ്യമുള്ള കൊറോണ രോഗികൾക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.കൊറോണ ടെസ്റ്റുകൾ പരമാവധി ലാബുകളെ ആശ്രയിച്ച് ചെയ്യുന്നതാണ് നല്ലത്. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലത്തിലേക്ക് നയിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.സെക്രട്ടറിയേറ്റിൽ ഇ- ഓഫീസ് സംവിധാന 25 മുതൽ 30 വരെ നവീകരിക്കുന്നതിനാൽ സമാന്തര സംവിധാനം ഏർപ്പെടുത്താനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
നടി ആക്രമിക്കപ്പെട്ട കേസ്; ചോദ്യം ചെയ്യൽ മൂന്നാം ദിവസം; ദിലീപിന് ഇന്ന് നിർണായകം
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസമായ ഇന്നും തുടരും.ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും അത് പിന്നീട് ഒഴിവാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യുക. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തത്.നാളെ റിപ്പബ്ലിക് ദിനമായതിനാൽ ഹൈക്കോടതി അവധിയാണ്. അതിനാൽ കേസിന്റെ പുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. അതിനാൽ ദിലീപിന് ഇന്ന് നിർണായകമാണ്.
അടിമാലിയിൽ ലോറി കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 2 മരണം
ഇടുക്കി:അടിമാലിയിൽ ലോറി നിയന്ത്രണം വിട്ട് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 2 മരണം. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് അപകടം നടന്നത്.300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ലോറി വീണത്. പല തവണ മറിഞ്ഞ വാഹനം ദേവിയാറിന്റെ കരയിൽ എത്തി.പൊലീസും നാട്ടുകാരും വനപാലകരും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ഒരുവശം മുറിച്ചു മാറ്റിയാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. വനമേഖലയായതിനാലും റോഡിൽ നിന്നും വളരെ അകലെയായതിനാലും രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമായിരുന്നു. ക്രയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൊറോണ വ്യാപനം;തിരുവനന്തപുരം സി കാറ്റഗറിയിൽ;സ്കൂളുകളും തീയേറ്ററുകളും അടച്ചു; കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ മുന്നറിയിപ്പിന്റെ അവസാന ഘട്ടമായ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.ഇതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. തിയേറ്ററുകളും, ജിംനേഷ്യങ്ങളും, നീന്തൽക്കുളങ്ങളും അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം.ജില്ലയിൽ ഒരുതരത്തിലുള്ള സാമൂഹിക, സാമുദായിക രാഷ്‌ട്രീയ ഒത്തുചേരലുകളും പാടില്ലെന്നാണ് നിർദ്ദേശം. പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവർഷമൊഴികെ എല്ലാം ഓൺലൈനായി നടത്താനാണ് നിർദ്ദേശം. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് മാത്രം പങ്കെടുക്കാൻ സാധിക്കൂ. എന്നാൽ മാളുകളും ബാറുകളും അടയ്‌ക്കില്ല. അതേസമയം സംസ്ഥാനത്ത് സ്‌കൂളുകളിൽ ഹാജർ 40 ശതമാനത്തിൽ കുറവാണെങ്കിൽ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. പ്രധാനാദ്ധ്യാപകന് ഇക്കാര്യത്തിൽ തീരുമാനമെടുകാം. സെക്രട്ടറിയറ്റിൽ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതും പരിഗണിക്കുന്നുണ്ട്.
തളിപ്പറമ്പിൽ ലഹരിവേട്ട;യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത് കഞ്ചാവും എംഡിഎംഎയും
കണ്ണൂർ : തളിപ്പറമ്പിൽ വൻ ലഹരിവേട്ട. ബിഎംഡബ്ല്യു ബൈക്കിൽ ലഹരി കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് കുപ്പം സ്വദേശി കെ മനസ്സിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.100 മില്ലിഗ്രാം എംഡിഎംഎയും 8 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി കടത്തിൽ ഉപയോഗിച്ച് ബിഎംഡബ്ല്യു ബൈക്കും കസ്റ്റഡിയിലെടുത്തു.