വയനാട്:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഊര്‍ജ്ജസ്വലനായ യുവനേതാവാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് അമിത് ഷാ ട്വീറ്റില്‍ കുറിച്ചു. മാത്രമല്ല എന്‍ഡിഎ കേരളത്തിലെ രാഷ്ട്രീയ ബദലാകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കേരളത്തില്‍ എന്‍ഡിഎ ബിഡിജെഎസിന് നല്‍കിയ അഞ്ച് സീറ്റിലുള്ളതാണ് വയനാട്. എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് മല്‍സരിക്കുമെങ്കില്‍ തുഷാര്‍ വയനാട്ടില്‍ നില്‍ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ സീറ്റ് ബിജെപിക്ക് തിരിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.നേരത്തെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച തുഷാര്‍ അവിടെ പ്രചാരണം തുടങ്ങിയിരുന്നു. ഇനി ആ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത.തൃശ്ശൂരിലേക്ക് എംടി രമേശിനെ പരിഗണിച്ചിരുന്നുവെങ്കിലും താല്‍പര്യം ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്. അന്തിമ തീരുമാനം ബിജെപി നേതൃത്വം ആയിരിക്കും എടുക്കുക.
തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായ കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു
കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാതെ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിറുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.കുഞ്ഞിനെ സന്ദര്‍ശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദഹം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.അതേസമയം കുട്ടിക്ക് ഇപ്പോള്‍ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം.
ലോക്സഭാ തിരഞ്ഞെടുപ്പ്;വയനാട്ടിൽ രാഹുൽഗാന്ധി വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുക.ചൊവ്വാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുന്നത്. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.
തൊടുപുഴയിൽ ക്രൂരമർദനത്തിന് ഇരയായ ഏഴുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു;മുഖ്യമന്ത്രി ഇന്ന് ആശുപത്രിയിലെത്തും
കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഏഴുവയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.മരുന്നുകളോട് ഇതുവരെ പ്രതികരിച്ച് തുടങ്ങിയിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണ്.ഇടുക്കി ജില്ലാ കളക്ടര്‍ ഇന്നലെ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആശുപത്രിയിലെത്തി ചികിത്സ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വിലയിരുത്തും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം മാത്രമാണ് വെന്റിലേറ്റര്‍ മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുക്കൂ. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മെഡിക്കല്‍ ബോര്‍ഡ് കുട്ടിയുടെ ശരീരത്തില്‍ പഴയതും പുതിയതുമായ ഇരുപതിലധികം മുറിവുകള്‍ കണ്ടെത്തിയിരുന്നു. പഴയ മുറിവുകളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ കുട്ടിയെ പരിശോധിക്കും.
ആനമുടി നാഷണൽ പാർക്കിന് സമീപം കാട്ടുതീ പടർന്നുപിടിക്കുന്നു;അൻപതോളം വീടുകൾ കത്തിനശിച്ചു
ഇടുക്കി:ആനമുടി നാഷണൽ പാർക്കിന് സമീപം കാട്ടുതീ പടർന്നുപിടിക്കുന്നു.കാട്ടുതീയില്‍ അൻപതോളം പേരുടെ വീടുകളും വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങളും കത്തിനശിച്ചു.സമീപവാസികള്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി,ആട്, പശു എന്നിവയും തീയില്‍ പെട്ടു. മൂന്ന് ദിവസമായി പടര്‍ന്നുകൊണ്ടിരിക്കുന്ന തീ അണക്കാന്‍ മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ ശ്രമം നടക്കുകയാണ്.സമീപത്തെ സ്വകാര്യ തോട്ടങ്ങളിൽ നിന്നും പടർന്ന കാട്ടുതീ നാഷണൽ പാർക്കിലേക്കും പടരുകയായിരുന്നു.കുന്ദള ഡാമില്‍ നിന്ന് വെള്ളമെടുത്ത് തീയണക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഉള്‍വനത്തില്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് കടുത്ത ജാഗ്രതയിലാണ്.
നിപ രോഗത്തിനെതിരേ വീണ്ടും ജാഗ്രത നിര്‍ദേശവുമായി കോഴിക്കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍
കോഴിക്കോട്:വവ്വാലുകളുടെ പ്രജനനകാലമായതോടെ നിപ രോഗത്തിനെതിരേ വീണ്ടും ജാഗ്രത നിര്‍ദേശവുമായി കോഴിക്കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍. മെയ് വരെ നീളുന്നതാണ് വവ്വാലുകളുടെ പ്രജനന കാലം. ഇക്കാലയളവില്‍ നിപ രോഗം വരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യ വിദഗ്ദ്ധർ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സ തേടുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കാൻ ഡോക്റ്റർമാർക്കും നിര്‍ദേശം നല്‍കി.തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസം തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം.വവ്വാലുകളില്‍ നിന്നാണ് പ്രധാനമായും രോഗം പകരുന്നത്. പക്ഷിമൃഗാദികള്‍ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി യാതൊരു കാരണവശാലും കഴിക്കരുതെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും
ന്യൂഡൽഹി:ലോക് സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും.രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.എകെ ആന്‍റണിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.ദക്ഷിണേന്ത്യയിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കര്‍ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളും രാഹുലിന് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളുടെയും സംഗമസ്ഥലം എന്ന നിലയിലാണ് വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ കണ്ടെത്തി;ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ കണ്ടെത്തി.കാര്‍ഗോ കോംപ്ലക്സിന്റെ പുറകില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണിന്റെ റിമോര്‍ട്ട് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.നൗഷാദിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ശംഖുമുഖം എസ്പി ഇളങ്കോ അറിയിച്ചു.ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ചൈനീസ് നിര്‍മിത ഡ്രോണാണ് കണ്ടെത്തിയത്. മുന്‍ സംഭവങ്ങളുമായി ഇതിനു ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
തൊടുപുഴയിൽ മർദനമേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു;കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി
കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏഴുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം 90% നിലച്ച കുട്ടി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൂന്നംഗ ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. മരുന്നുകളോട് കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെങ്കിലും നിലവിലുള്ള ചികിത്സാ തുടരാനാണ് മെഡിക്കല്‍ സംഘം നല്‍കിയ നിര്‍ദ്ദേശം.
അതേസമയം മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതിനൽകി.കഴിഞ്ഞ മേയിലാണ് കുട്ടിയുടെ അച്ഛൻ ബിജു മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. ബിജുവിന്റെ മൂത്തമകനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിന് ബിജുവിന്റെ മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി ബിജുവിന്റെ അച്ഛന്‍ ബാബു പറഞ്ഞു.പത്തു വര്‍ഷം മുന്‍പാണ് ബിജു വിവാഹിതനായത്. സി-ഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം. വിവാഹത്തിന് അരുണ്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനു ശേഷം അരുണ്‍ കല്ലാട്ടുമുക്കിലെ വീട്ടില്‍ വന്നത് ബിജു മരിച്ചതിന് ശേഷമാണ്. എന്നാല്‍ പിന്നീടുള്ള ഇയാളുടെ വരവ് ബന്ധുക്കളില്‍ സംശയം ഉയര്‍ത്തിയിരുന്നു.ഇതിനു ശേഷമാണ് ഇയാൾ കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിക്കുന്നത്.
തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്
ചെന്നൈ:തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്.ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.പരിക്കേറ്റവരെല്ലാം മലയാളികളാണെന്നാണ് സൂചന.പത്തനംതിട്ട-ബാംഗ്ലൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അവിനാശി മംഗള മേല്‍പാതയില്‍ നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു. മുപ്പത് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ സെബി വര്‍ഗീസ് എന്ന യുവതിയുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശിച്ചു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും.