ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനുമേൽ ഉടൻ കുറ്റം ചുമത്തില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.മുതിർന്ന അഭിഭാഷകൻ ഹരീഷ് റാവലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടു.ഇതോടെ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എ.എം ഖൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അടുത്തമാസം ഒന്നാം തീയതിയിലേക്ക് മാറ്റി.വെള്ളിയാഴ്ച എറണാകുളത്തെ വിചാരണക്കോടതി ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനിരിക്കെയാണ് സർക്കാരിന്റെ ഈ നീക്കം.നടിയെ കാറില്‍ വെച്ച് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ കുറ്റം ചുമത്തരുത് എന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഈ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല. മെമ്മറി കാര്‍ഡിന്റെ കോപ്പി ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തളളിയിരുന്നു. ഇതടക്കം എല്ലാ തെളിവുകള്‍ക്കും തനിക്ക് അവകാശമുണ്ട് എന്നാണ് ദിലീപിന്റെ വാദം.
കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയെന്ന് അമിക്കസ് ക്യൂറി
തിരുവനന്തപുരം:കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്.മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഡാമുകള്‍ തുറന്നത്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ കാരണമെന്ന് പരിശോധിക്കണം. പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം നേരിട്ട മഹാപ്രളയത്തിന്‍റെ കാരണം കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി അമികസ് ക്യൂറിയെ നിയമിച്ചത്. ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരേയും ഡാം മാനേജ്മെന്‍റ് വിദഗ്ധരെയും സാങ്കേതിക കാലാവസ്ഥ വിദഗ്ധരേയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണം. ഈ സമതി കേരളത്തിലെ ഡാമുകള്‍ മുന്നറിയിപ്പിലാതെ പെട്ടെന്ന് തുറന്നതാണോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായി. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല. കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും 49 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നെങ്കിലും റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊടുപുഴയിൽ ക്രൂര മർദനത്തിനിരയായ ഏഴുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു;ഇളയ കുട്ടിയുടെ ദേഹത്തും മർദ്ദനമേറ്റതിന്റെ പരിക്കുകൾ കണ്ടെത്തി
കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ ഏഴുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു.വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. അണുബാധയില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താമെന്ന പ്രതീക്ഷ മാത്രമാണ് നിലവിലുളളത്.മരുന്നുകളുടെ സഹായത്തോടെ രക്തസമ്മർദ്ദം നിലനിർത്താനാകുന്നുണ്ട്. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കാന്‍ കഴിയുന്നുണ്ട്. മെഡിക്കൽ ബോർഡിന്റെ ശിപാർശ പ്രകാരമുള്ള ചികിത്സ തുടരും. എത്ര ദിവസം ഇങ്ങനെ വെന്റിലേറ്ററില്‍ തുടരണമെന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്. അതേസമയം ഇളയകുട്ടിയുടെ ദേഹത്തും മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തി. കൈ, കാല്‍, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ ഭാഗങ്ങളിലാണ് പരുക്ക് കണ്ടെത്തിയത്.പല വ്രണങ്ങള്‍ക്കും ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് വിദഗ്ധ പരിശോധനാ സംഘം കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് 11 പരിക്കുകളാണ് പരിശോധനയില്‍ തെളിഞ്ഞത്.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയുടെ പദ്ധതി ഒരുവർഷം പിന്നിട്ടു
കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയുടെ പദ്ധതി ഒരുവർഷം പിന്നിട്ടു.ദിനംപ്രതി ആയിരത്തോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നത്.ഇതുവരെ ഇതിന് ഒരു മുടക്കവും ഉണ്ടായിട്ടില്ല.ഉച്ചയ്ക്ക് 12 മണിയാകുമ്ബോഴേക്കും പൊതിച്ചോറുമായി ഡി വൈ എഫ് ഐ ക്കാര്‍ ആശുപത്രിക്ക് പുറത്തെത്തും.വീടുകളില്‍ നിന്നാണ് പൊതിച്ചോറുകള്‍ ശേഖരിച്ച് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്യുന്നത്.ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റിക്കാണ് പൊതിച്ചോറ് എത്തിക്കാനുള്ള ചുമതല.പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും ഒരു വര്‍ഷമായി ഡി വൈ എഫ് ഐ പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നുണ്ട്.അടുത്ത മാസം മുതല്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും പദ്ധതി നടപ്പാക്കും.
തിരുവനന്തപുരത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു
തിരുവനന്തപുരം:തിരുവനന്തപുരത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു.നെയ്യാറ്റിന്‍കര അതിയന്നൂരിലുള്ള ഓഫീസിനാണ് തീയിട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് സംഭവം.ദിവാകരന്റെ വിജയം ഉറപ്പിച്ചതില്‍ ഭയന്നാണ് പ്രതിയോഗികള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
കൊല്ലത്ത് മൽസ്യബന്ധന വള്ളത്തിൽ ബോട്ടിടിച്ച് ഒരാൾ മരിച്ചു
കൊല്ലം:മൽസ്യബന്ധന വള്ളത്തിൽ ബോട്ടിടിച്ച് ഒരാൾ മരിച്ചു.പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫെഡറിക്, ഡാനിയല്‍ എന്നിവര്‍ക്ക് പരിക്കേറ്റു.കൊല്ലം തങ്കശേരിയില്‍നിന്നു പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കരയില്‍നിന്നു മൂന്നു നോട്ടിക്കല്‍ മൈല്‍ അകലെ പുറം കടലിലായിരുന്നു അപകടം. ബോട്ട് വള്ളത്തിലിടിച്ച് വള്ളം മറിയുകയും അതിലുണ്ടായിരുന്ന മൂന്ന് പേര്‍ കടലിലേക്ക് വീഴുകയുമായിരുന്നു. പുലര്‍ച്ചെ വെളിച്ചക്കുറവായതിനാല്‍ വള്ളം ശ്രദ്ധയില്‍ പെടാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബോട്ടിലുള്ളവര്‍ പറയുന്നത്. ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബോട്ടിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും;നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
കോഴിക്കോട്:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും.വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുൽ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.രാഹുലിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാവും. രാഹുലിനെ ആനയിച്ച് റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്.ആസാമില്‍നിന്ന് പ്രത്യേക വിമാനത്തില്‍ രാത്രി 8.30ന് കരിപ്പൂരില്‍ എത്തുന്ന രാഹുല്‍, കാര്‍ മാര്‍ഗം കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തും.തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച രാവിലെ കാര്‍ മാര്‍ഗം കരിപ്പൂരിലേക്കു പോകും. അവിടെനിന്ന് ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെത്താനാണ് സുരക്ഷാ വിഭാഗത്തിന്‍റെ നിര്‍ദേശം. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം യുഡിഎഫ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലെത്തി വൈകുന്നേരം ഡല്‍ഹിക്കു മടങ്ങും.മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി വയനാട്ടിലെത്തിയ മുകുള്‍ വാസ്നിക് , ഉമ്മന്‍ ചാണ്ടി , കെ.സി വേണുഗോപാല്‍ , രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ മണ്ഡലത്തിലെ നേതാക്കളുടെ യോഗം ഇന്ന് ഡി.സി.സി യില്‍ ചേരും. കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പ്രചാരണമാരംഭിച്ച എന്‍.ഡി. എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് പത്രിക സമര്‍പ്പിക്കും. ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തിലായിരിക്കും തുഷാറിന്റെ പത്രികാ സമര്‍പ്പണം .
ശബരിമലയിൽ യുവതികളെ ആക്രമിച്ച സംഭവത്തിൽ ജയിലിലായ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി
പത്തനംതിട്ട:ചിത്തിരയാട്ട വിശേഷ സമയത്ത് ശബരിമലയിൽ എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ജയിലിലായ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി.റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് പ്രകാശ് ബാബു നേരത്തെ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകള്‍ നിലവിലുണ്ട്. കലാപത്തിന് ശ്രമിച്ചു, സ്ത്രീയെ ആക്രമിച്ചു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.
നികുതിയടച്ചില്ല;കെഎസ്‌ആര്‍ടിസിയുടെ മൂന്ന് സ്കാനിയ ബസ്സുകള്‍ ആര്‍.ടി.ഒ. പിടിച്ചെടുത്തു
തിരുവനന്തപുരം:നികുതിയടയ്ക്കാത്തതിനെ തുടർന്ന് കെഎസ്‌ആര്‍ടിസിയുടെ മൂന്ന് സ്കാനിയ ബസ്സുകള്‍ ആര്‍.ടി.ഒ. പിടിച്ചെടുത്തു. ബാംഗ്ളൂര്‍, മൂംകാംബിക റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മൂന്ന് സ്കാനിയ വാടക ബസ്സുകളാണ് തിരുവനന്തപുരം ആര്‍.ടി.ഒ. പിടിച്ചെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള നികുതി മാത്രമാണ് ഈ ബസ്സുകള്‍ക്ക് അടച്ചിട്ടുള്ളത്.പിടിച്ചെടുത്ത ബസ്സുകള്‍ അട്ടക്കുളങ്ങരയിലുള്ള കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ തന്നെ കിടക്കുകയാണ്. നികുതി അടച്ച ശേഷം മാത്രമേ ബസ്സുകള്‍ സര്‍വ്വീസ് നടത്തുവെന്ന് കെഎസ്‌ആര്‍ടിസി മോട്ടാര്‍വാഹന വകുപ്പിനെ അറിയിച്ചു.ഇതോടെ ബാംഗ്ളൂര്‍, മൂംകാംബിക റൂട്ടിലേക്കുള്ള സര്‍വീസുകള്‍ ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്.
കോഴിക്കോട്ടെ ട്രാൻസ്‌ജെൻഡർ ശാലുവിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്:കോഴിക്കോട്ടെ ട്രാൻസ്‌ജെൻഡർ ശാലുവിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം.കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചെന്നാണ് പോലീസ് നൽകുന്ന സൂചന.ഇന്നലെ പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി ഷാലുവിനെ കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ്റ്റാന്റിന് പുറകവശത്തെ യുകെഎസ് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, പ്രതി പോലീസ് വലയിലായതായും സൂചനയുണ്ട്.ഷാലുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാനാണ് ട്രാന്‍സ്‌ജെന്റര്‍ കമ്യൂണിറ്റിയുടെ തീരുമാനം.