വയനാട്ടിലെ കര്‍ഷകരോട് വോട്ട് ബഹിഷ്കരിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം

keralanews maoist direction to boycott election to farmers in wayanad

വയനാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാന്‍ വയനാട്ടിലെ കര്‍ഷകര്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ കത്ത്.പണിയായുധങ്ങള്‍ സമരായുധങ്ങളാക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും കത്തില്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തു.നാടുകാണി ദളം വക്താവ് അജിതയുടെ പേരില്‍ വയനാട് പ്രസ് ക്ലബ്ബിലേക്ക് അയച്ച കത്തിലാണ് കര്‍ഷകരോട് വോട്ട് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിലപാടുകളാണ് സംസ്ഥാനത്ത് കാര്‍ഷിക ആത്മഹത്യകള്‍ വർധിക്കാൻ ഇടയായത്.സര്‍ക്കാരിന്‍റെ ഇത്തരം നിലപാടുകള്‍ക്കെതിരെ വോട്ട് ബഹിഷ്കരിച്ചുകൊണ്ട് വേണം കര്‍ഷകര്‍ മറുപടി നല്‍കേണ്ടതെന്നും മാവോയിസ്റ്റുകളുടെ കത്തിലൂടെ ആഹ്വാനം ചെയ്യുന്നു. കത്തിന്‍റെ ഉറവിടത്തെക്കുറിച്ച്‌ കല്‍പ്പറ്റ പൊലീസ് അന്വേഷണം തുടങ്ങി.

കനത്ത ചൂട് തുടരുന്നു;സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് വീണ്ടും നീട്ടി

keralanews sunstroke alert extended in the state

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു.അടുത്ത മൂന്നു ദിവസം കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.വയനാട് ഒഴികയുള്ള ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്.ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സൂര്യാഘാത,സൂര്യതാപ മുന്നറിയിപ്പ് വീണ്ടും നീട്ടി.

പ്രാർത്ഥനകൾ വിഫലം;തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി

keralanews the boy beaten up by step father in thodupuzha passes away

കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി.പത്തുദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടിയുടെ മരണം കോലഞ്ചേരി മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ജി ശ്രീകുമാറാണ് മാധ്യമങ്ങളെ അറിയിച്ചത്.ശനിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമര്‍ദനത്തില്‍ തലയോട്ടി പൊട്ടിയ നിലയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചെങ്കിലും കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ആദ്യമേ വ്യക്തമാക്കിയ മെഡിക്കൽ സംഘം സാധ്യമായ ചികിത്സ നൽകുന്നത് തുടരുകയായിരുന്നു.വ്യാഴാഴ്ച കുട്ടിക്ക് ഭക്ഷണം നല്കാൻ ശ്രമിച്ചെങ്കിലും കുടലിന്റെ പ്രവർത്തനം സാധാരണ നിലയിലല്ലാത്തതിനാൽ അതും വിജയിച്ചില്ല.ഇന്ന് രാവിലെയോടെ നില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.മാർച്ച് ഇരുപത്തിയേഴാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടിയുടെ അവസ്ഥ കണ്ട് സംശയം തോന്നിയ ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും വിശദമായി ചോദ്യം ചെയ്തു.ഇതോടെയാണ് കുട്ടിക്കെതിരെ നടന്ന ക്രൂരതയുടെ ചുരുളഴിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ  ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.

2018 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;ചരിത്ര നേട്ടവുമായി വയനാട്ടിൽ നിന്നുള്ള ആദിവാസി പെൺകുട്ടി

keralanews 2018 civil service exam result announced adivaasi girl from wayanad got 410th rank

തിരുവനന്തപുരം: 2018ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പരീക്ഷയിൽ 410 ആം റാങ്ക് സ്വന്തമാക്കി വയനാട്ടില്‍നിന്നുള്ള വനവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ് കേരളത്തിന് അഭിമാനമായി.കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ വനവാസി വിഭാഗത്തില്‍നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളാണ്.വയനാട് ജില്ലയിലെ പൊഴുതന സ്വദേശിനിയാണ് ശ്രീധന്യ.ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റു യൂണിവേഴ്സിറ്റിയില്‍ നിന്നു അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ ശ്രീധന്യ സിവില്‍ സര്‍വീസില്‍ പ്രധാന വിഷയമായി തെരഞ്ഞെടുത്തത് മലയാളമാണ്.
അതേസമയം 29 ആം റാങ്കുമായി തൃശൂര്‍ സ്വദേശി ആര്‍ ശ്രീലക്ഷ്മി, രഞ്ജിനാ മേരി വര്‍ഗീസ് (49 ആം റാങ്ക്), അര്‍ജുന്‍ മോഹന്‍(66 ആം റാങ്ക്) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.കനിഷാക് കടാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷിത് ജയിന്‍ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി.ഐഐടി ബോംബെയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള കനിഷാക് കടാരിയ ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്. ആദ്യ 25 റാങ്ക് ജേതാക്കളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. വനിതാ വിഭാഗത്തില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.

കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

keralanews kasarkode natives arrested with 12kg ganja in kochi

കൊച്ചി:കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷിഹാബുദ്ദീന്‍, അബ്ദുള്‍ സാബിദ് എന്നിവരാണ് ‘ഓപ്പറേഷൻ കിംഗ് കോബ്ര’യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്റെ പരിസരത്ത് നിന്നാണ് ഇവർ പോലീസ് പിടിയിലായത്.വിശാഖപട്ടണത്ത് നിന്നും ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്കായി എത്തിച്ച ലഹരി വസ്തുവാണ് പിടിച്ചെടുത്തത്. 500 രൂപ വിലയുള്ള ചെറു പാക്കറ്റുകളിലാക്കിയാണ് ഇവര്‍ ഇവിടെ വില്‍പ്പന നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കുമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പനയെന്ന് പോലീസ് സൂചിപ്പിച്ചു.

പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

keralanews famous dubbing artist anandavalli passed away

തിരുവനന്തപുരം:പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി(67) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിലെ മുന്‍നിര നായികമായര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തി.കെ.പി.എ.സിയടക്കമുള്ള പ്രശസ്ത നാടക ഗ്രൂപ്പുകളിലെ അഭിനേത്രിയായിരുന്നു. ഏണിപ്പടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ആനന്ദവല്ലി 1974-ല്‍ ദേവി കന്യകുമാരി എന്ന ചിത്രത്തില്‍ രാജശ്രീക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിങ് മേഖലയിലേക്ക് കടക്കുന്നത്. 1992 ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തു.മഴത്തുള്ളി കിലുക്കം എന്ന സിനിമയില്‍ ശാരദയ്ക്ക് വേണ്ടിയാണ് അവസാനമായി സിനിമയില്‍ ഡബ്ബ് ചെയ്തത്. ടെലിവിഷന്‍ സീരയലുകള്‍ക്ക് വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോവില്‍ അനൗണ്‍സറായും ജോലി ചെയ്തിട്ടുണ്ട്. മക്കള്‍:അന്തരിച്ച സംവിധായകനായ ദീപന്‍, അനുലക്ഷ്‌മി.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യവിചാരണയ്ക്ക് അനുമതി

keralanews permission for secret trial in actress attack case

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ വിചാരണയ്ക്ക് എറണാകുളം സിബിഐ കോടതിയുടെ അനുമതി. ഈ കേസിന്റെ സ്വഭാവം പരിഗണിച്ചാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുൻപാകെയാണ് വാദം.കേസിന്റെ രേഖകള്‍ കൈമാറുന്നതില്‍ തടസമില്ലെന്നു വ്യക്തമാക്കിയ കോടതി, അത് സ്വകാര്യതയെ ബാധിക്കുന്ന തെളിവുകളാകരുതെന്നും പറഞ്ഞു.പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലാകും പ്രതികള്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോയെന്നു കോടതി തീരുമാനിക്കുക. കുറ്റം നിലനില്‍ക്കമെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേയ്ക്ക് കടക്കൂ.കേസുമായി ബന്ധപ്പെട്ട് ചില രേഘകള്‍ ലഭിക്കണെമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അതില്‍ കോടതി പ്രോസിക്യൂഷന്‍റെ തീരുമാനം തേടിയിട്ടുണ്ട്.കേസിലെ പ്രതികള്‍ ആരും തന്നെ കോടതിയില്‍ ഹാജരായിരുന്നില്ല.

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി സ്വീകരിച്ചതായി സർക്കാർ

keralanews take action to reduce the weight of school bags said govt in high court

കൊച്ചി:സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് ഹൈക്കോടതിയെ അറിയിച്ചു.കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ സ്കൂള്‍ ബാഗിന്റെ അമിതഭാരം കുറയ‌്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്‍കിയ ഹര്‍ജിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലം നല്‍കിയത്.സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിര്‍ദേശങ്ങളോടെ മനുഷ്യാവകാശ കമീഷന്‍ 2016 ആഗസ‌്ത‌് അഞ്ചിന് ഉത്തരവിറക്കിയിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. രണ്ടു ഭാഗമാക്കിയ പുസ്തകങ്ങള്‍ കമീഷന്റെ ഉത്തരവിനെത്തുടര്‍ന്ന് 2017-18 മുതല്‍ മൂന്നു ഭാഗമാക്കാന്‍ തീരുമാനിച്ചു. ആദ്യ രണ്ടുഭാഗങ്ങള്‍ വേനലവധിക്കാലത്ത് മെയ് 15നകവും മൂന്നാംഭാഗം ക്രിസ്മമസ് അവധിക്കാലത്തും വിതരണം ചെയ്യും. ഓരോ ഭാഗവും 60 പേജുകളില്‍ കൂടരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയതിന് പുറമെ ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ടു നിർമിച്ച ബാഗുകൾ ഉറപ്പാക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാഗുകളുടെ ഭാരം വർധിപ്പിക്കാൻ വാട്ടർ ബോട്ടിലുകൾ കാരണമാകാറുണ്ട്. ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാക്കിയാൽ വാട്ടർ ബോട്ടിലുകൾ ഒഴിവാക്കാനാവും. വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടന്നും സർക്കാർ കോടതിയെ അറിയിച്ചു.

ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

keralanews udf candidate of chalakkudi benny behnan hospitalised due to heart attack

തൃശൂർ:ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചയോടെയാണ് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായി ബെന്നി ബെഹന്നാനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഹൃദയധമനികളില്‍ തടസ്സമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി ഇദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്ററി സര്‍ജറിക്ക് വിധേയനാക്കി.നിലവില്‍ ബെന്നി ബെഹനാന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും  എന്നാല്‍ 48 മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ടാഴ്ച്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.ബെന്നി ബെഹന്നാന്ന് ഡോക്റ്റർമാർ വിശ്രമം വേണമെന്ന് നിർദേശിച്ചതിനാൽ തെരഞ്ഞെടുപ്പ് പ്രചരണം എത്തരത്തില്‍ വേണമെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തു

keralanews police take student under custody suspected maoist connection

കൽപ്പറ്റ:മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തു.കല്‍പ്പറ്റ എന്‍.എം.എസ്എം. ഗവണ്‍മെന്‍റ് കോളേജിലെ ജേര്‍ണലിസം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ശബാന നസ്‌റിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലൈബ്രറിയില്‍ നിന്ന് വായിക്കാനെടുത്ത ആര്‍.കെ ബിജുരാജിന്‍റെ ‘നക്‌സല്‍ ദിനങ്ങള്‍’ എന്ന പുസ്തകം കൈവശം വെച്ചതാണ് ശബാനയെ കസ്റ്റഡിയിലെടുത്തത്.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം രണ്ട് പേരുടെ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു.നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ ശബാന നസ്‌റിന്‍ സുഹൃത്തിനെ കാത്ത് റോഡരികില്‍ നില്‍ക്കവെയാണ പൊലീസ് എത്തി ചോദ്യം ചെയ്തത്.രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് പൊലീസ് ശബാന നസ്‌റിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം നിരോധിക്കപ്പെടാത്ത പുസ്തകം കയ്യിൽ വച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തത് ന്യായീകരിക്കാനാവില്ലെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ പറഞ്ഞു.