കെ.എം മാണി അന്തരിച്ചു

keralanews km mani passes away

കൊച്ചി:മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം നേതാവുമായ കെ.എം മാണി(86) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു. അസുഖത്തെ തുടർന്ന് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് അഞ്ചു മണിയോട് കൂടിയാണ് മരണം സംഭവിച്ചത്.മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം പാലായിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രലില്‍ കെഎം മാണിയുടെ സംസ്‌ക്കാരം നടക്കും.ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുന്‍പും അദ്ദേഹത്തെ ഒരു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചത്. രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രിയില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വൈകിട്ട് മൂന്ന് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.മരണ സമയത്ത് ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ മാണി, പേരക്കുട്ടികള്‍ എന്നിവര്‍ മാണിയുടെ സമീപത്തുണ്ടായിരുന്നു. ജോസ് കെ മാണിയെ കൂടാതെ എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി എന്നിവരും കെഎം മാണിയുടെ മക്കളാണ്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള കുറ്റപത്രം നാളെ സമർപ്പിക്കും

keralanews nun rape case chargesheet against franco mulakkal will be submitted tomorrow

കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം നല്‍കും.നാളെ പാല കോടതിയിലാണ് ‍ കുറ്റപത്രം സമര്‍പ്പിക്കുക. ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളും ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫ്രാങ്കോ മുളക്കല്‍ മാത്രം പ്രതിയായ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളാണുള്ളത്.10 പേരുടെ രഹസ്യമൊഴിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത 7 ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്.നാളെ പാല കോടതിയിലാണ് ‍ കുറ്റപത്രം സമര്‍പ്പിക്കുക.അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുകളാണ് ഫ്രാങ്കോ മുളക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴുവനോ 10 വര്‍ഷത്തിലധികമോ ജയില്‍വാസം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെല്ലാം.ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ഒരു മാസം മുന്‍പ് കുറ്റപത്രം തയ്യാറായിരുന്നുവെങ്കിലും ചില തിരുത്തുകള്‍ പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഡി.ജി.പിയുടെ പരിഗണനയ്ക്ക് വിട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മുന്‍പാണ് ഡി.ജി.പി അനുമതി നല്‍കിയത്.

കെഎസ്ആർടിസിയിലെ കൂട്ടപ്പിരിച്ചുവിടൽ;തുടർ നടപടികൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം നാളെ ചേരും

keralanews group dismissal in ksrtc high level meeting will be convened to discuss further steps

കൊച്ചി:കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം നാളെ ചേരും.വിഷയത്തിൽ നിയമോപദേശം തേടാൻ എംഡിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അതിനു ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും ഗതാഗതമന്ത്രി പറഞ്ഞു.ഇത്രയധികം ഡ്രൈവർമാരെ ഒരുമിച്ച് പിരിച്ചുവിടുന്നത് കെഎസ്ആർടിസിയിൽ പ്രതിസന്ധി ഉണ്ടാക്കുമെന്നും സർവീസ് മുടങ്ങുന്നത് ജനങ്ങളുടെ അതൃപ്തിക്ക് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.ഇപ്പോള്‍ സര്‍വീസിലുള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്നാണ് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടത്. പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസിയിലെ 1565 എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണ്ടി വരും. ഈ മാസം 30-നകം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2455 ഒഴിവുകളില്‍ പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണം. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കണമെന്നും  ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

കണ്ണൂരിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി കസ്റ്റഡിയിൽ

keralanews poojari arrested who attempted to torture tribal girl

കണ്ണൂർ:കണ്ണൂരിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി കസ്റ്റഡിയിൽ. കണ്ണൂരിലെ കണ്ണവത്താണ് സംഭവം.ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കരാണ് പെണ്‍കുട്ടിക്കെതിരായി അതിക്രമം നടത്തിയത്. പതിനേഴുകാരിയുടെ പരാതിയില്‍ പൂജാരിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു.സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് മഹേഷ് പണിക്കര്‍. വീട്ടില്‍ പൂജയ്ക്കെത്തിയപ്പോഴാണ് മഹേഷ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തെ കുറിച്ച്‌ പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഇയാളെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ പ്രതിയെ ഇപ്പോള്‍ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

കെ.എം മാണിയുടെ ആരോഗ്യനിലയിൽ പുരോഗതി

keralanews the health condition of km mani improved

കൊച്ചി:ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തിന്റെ ശ്വാസോച്ഛാസവും രക്തസമ്മര്‍ദവും സാധാരണ നിലയില്‍ ആയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. രാത്രിയില്‍ വെന്റിലേറ്റര്‍ സഹായവും നല്‍കുന്നുണ്ട്.മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹത്തിനു ആഹാരം നല്‍കുന്നത്.അണുബാധ ഉണ്ടാകാതിരിക്കാന്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

കൊച്ചിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം

keralanews three died in two different accidents in kochi

കൊച്ചി:കൊച്ചിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം.നെട്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ച്‌ രണ്ടു പേരും മരടില്‍ കാറിടിച്ച്‌ വഴിയാത്രക്കാരനുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് രണ്ട് അപകടങ്ങളുമുണ്ടായത്. നെട്ടൂരില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് ലോഡുമായെത്തിയ ലോറിയാണ് നിറുത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.ലോറി റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മരടില്‍ അമിത വേഗത്തില്‍ എത്തിയ കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു. മരടിലെ പഴയ സിനി തീയറ്ററിന് മുൻപിൽ ഉണ്ടായ അപകടത്തില്‍ വണ്ടിപ്പെരിയാര്‍ പഴയ പാമ്പനാർ സ്വദേശി രമേശന്‍ പി കെ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശലഞ്ച് രാജ്, ശിവപ്രസാദ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെ.എം മാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

keralanews medical bullett in report that the health condition of km mani who is admitted in hospital is satisfied

കൊച്ചി:ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെ.എം മാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.മാണിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മാണിയെ കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ദ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം.ശ്വാസകോശ രോഗമുള്‍പ്പെടെയുള്ള അസുഖത്തെ തുടര്‍ന്നാണ് കെ എം മാണിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയുണ്ടാകാതിരിക്കാന്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ഈ മാസം 10 വരെ നീട്ടി

keralanews sunstroke alert extented to april 10th in the state

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു.തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകയില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് സൂര്യാഘാത,സൂര്യതാപ മുന്നറിയിപ്പ് ഈ മാസം 10 വരെ നീട്ടി.11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കെഎസ്ആർടിസി എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

keralanews high court order to dismiss ksrtc m panel drivers

കൊച്ചി:കെഎസ്ആർടിസി എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്.എംപാനല്‍ഡ് ജീവനക്കാരായ 1565 ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചു വിട്ട് പി.എസ്.എസി റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് തങ്ങള്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2455 ഒഴിവുകളില്‍ പി.എസ്.സിക്ക് ആവശ്യമെങ്കില്‍ അഡൈ്വസ് ചെയ്യാം.നേരത്തെ കെഎസ്ആർടിസി എം പാനൽ കണ്ടക്ടർമാരെയും പിരിച്ചുവിട്ടിരുന്നു. ഈ നടപടി വന്‍പ്രതിഷേധത്തിനും എംപാനല്‍ കണ്ടക്ടര്‍മാരുടെ സമരത്തിനും ഇടയാക്കിയിരുന്നു.

കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം

keralanews huge fire broke out near kannapuram railway station

കണ്ണൂർ:കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ ജബ്ബാറിന്റെ ആക്രിക്കടയിൽ തീപിടുത്തമുണ്ടായത്.കണ്ണൂർ,തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ മൂന്നു മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കടയിൽ സൂക്ഷിച്ചിരുന്ന റെഫ്രിജറേറ്ററുകളുടെ ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പെടെയുള്ളവ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടർത്തി.തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പലർക്കും പൊള്ളലേറ്റു.ടയർ,പ്ലാസ്റ്റിക്  കത്തിയുണ്ടായ പുക അന്തരീക്ഷത്തിൽ പടർന്നത് കൂടുതൽ ദുരിതമുണ്ടാക്കി.അപകടത്തെ തുടർന്ന് സമീപത്തെ വൈദ്യുതി  വിച്ഛേദിച്ചു.