കൊച്ചി:കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുക്കും.പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.പ്രതികളെ സഹായിച്ച ആലുവ സ്വദേശി അല്‍ത്താഫിനെ ഇന്നലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കേസിലെ മുഖ്യ പ്രതികളായ ബിലാലും വിപിനും അറസ്റ്റിലായതിന് പിന്നാലെയാണ് ആസൂത്രണം നടത്തിയ അല്‍ത്താഫും അറസ്റ്റിലായത്.ആലുവയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായ ബിലാലിനും വിപിനും ആവശ്യമായ സൌകര്യങ്ങളൊരുക്കിയതും സഹായങ്ങളെത്തിച്ചു നല്‍കിയതും അല്‍ത്താഫാണന്നാണ് ക്രെം ബ്രാഞ്ച് സംഘം പറയുന്നത്.പ്രതികളെ ബ്യൂട്ടി പാര്‍ലറിലെത്തിച്ച് ചോദ്യം ചെയ്തതിന് പിന്നാലെ കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് ക്രെം ബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു.പ്രതികളെ കാസര്‍ഗോഡെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ മറ്റ് പ്രതികളെയും കസ്റ്റഡിയിലെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ.ഡി ബാബുപോള്‍ അന്തരിച്ചു
തിരുവനന്തപുരം:എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ.ഡി ബാബുപോള്‍(78)അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. 21 ആം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59 ആം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു.1998-2000 കാലയളവില്‍ സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കില്‍) പ്രവര്‍ത്തിക്കവെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ-ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.ഇടുക്കി ജില്ല നിലവിൽ വന്ന 1972 മുതൽ 1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ബാബു പോൾ. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയിരുന്നു.ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവനകാലം സംബന്ധിച്ച അനുഭവ കുറിപ്പുകള്‍), കഥ ഇതുവരെ, രേഖായനം, നിയമസഭാ ഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്ന. മക്കള്‍: മറിയം ജോസഫ്, ചെറിയാന്‍ സി. പോള്‍. മരുമക്കള്‍: സതീഷ് ജോസഫ്, ദീപ.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്. ഈ മാസം പതിനാല് വരെ ചൂട് ഗണ്യമായി വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. താപനില രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ഉയര്‍ന്നേക്കും.കേരളത്തിലെ താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തില്‍. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടാന്‍ കാരണം.
ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ചൂട് ഏല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം കോഴിക്കോട്ടെത്തും; എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് കോഴിക്കോടെത്തും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. കര്‍ണാടക ഗംഗവാദിയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് കടപ്പുറത്തെ സമ്മേളന വേദിയും പരിസരവും എസ്.പി.ജി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കമാന്‍ഡോകളും സായുധസേനാ വിഭാഗവും ഉള്‍പ്പെടെ 2000 പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് സമ്മേളനം ആരംഭിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളും എന്‍.ഡി.എയുടെ ദേശീയ സംസ്ഥാന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനശേഷം റോഡുമാര്‍ഗം വിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന മോദി പ്രത്യേകവിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും.
കണ്ണൂരിൽ തുണിക്കട കുത്തിത്തുറന്ന് നാല് ലക്ഷം രൂപ മോഷ്ടിച്ചു
കണ്ണൂർ:കണ്ണൂരിൽ തുണിക്കട കുത്തിത്തുറന്ന് നാല് ലക്ഷം രൂപ മോഷ്ടിച്ചു.സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിന് സമീപത്തുള്ള മഹാലക്ഷ്മി ടെക്സ്റ്റെയിൽസിലാണ് മോഷണം നടന്നത്.കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രതി മേശവലിപ്പ് കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. കടയ്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി യിൽ മോഷ്ട്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.മുഖം മൂടി ധരിച്ചാണ് മോഷ്ട്ടാവ് എത്തിയത്.
കെ.എം മാണിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു
കോട്ടയം:അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം മാണിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.പാല സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.വൈകിട്ട് മൂന്ന് മണിയോടെ കെ എം മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്നും പുറപ്പെട്ടു. വിലാപയാത്രയിലും പാല സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങിലും ആയിരങ്ങളാണ് പങ്കെടുത്തത്. പ്രിയനേതാവിനെ അവസാനമായി കാണാന്‍ കരിങ്ങോഴക്കല്‍ തറവാട്ടിലേക്കും വന്‍ ജനാവലി ഒഴുകിയെത്തി.ആയിരങ്ങള്‍ വിലാപയാത്രയെ അനുഗമിച്ചു. വഴിയിലുടനീളം പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും മണ്‍മറഞ്ഞ പ്രിയ നേതാവിനോടുള്ള ആദരവ് പാലായിലെ ജനത പ്രകടിപ്പിച്ചു.തുടര്‍ന്ന് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മ്മികനായി.സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നല്‍കി കെ എം മാണിക്ക് ആദരവ് അര്‍പ്പിച്ചു.തുടര്‍ന്ന് കുടുംബാംഗങ്ങളും രാഷ്ട്രീയത്തിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് അന്ത്യചുംബനം നല്‍കി അദ്ദേഹത്തെ യാത്രയാക്കി.
കാസർകോട് ഇരട്ടക്കൊലപാതകം;സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കാസർകോട്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസിലെ ശരിയായ പ്രതികളെ പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഉപയോഗിച്ച വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി മുതൽ വിൽക്കുന്നയാൾ;നടപടി ക്രമങ്ങൾ ഇങ്ങനെ
ഉപയോഗിച്ച വാഹനം കൈമാറ്റം ചെയ്യുമ്പോൾ ഉടമസ്ഥാവകാശം മാറ്റാൻ മോട്ടോർ വാഹന വകുപ്പിന് കീഴിൽ പുതിയ നടപടി ക്രമങ്ങൾ നിലവിൽ വന്നു. രജിസ്‌ട്രേഷന് വാഹന്‍ 4 സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്.മെയ് മാസത്തോടെ പുതിയ സംവിധാനം സംസ്ഥാനത്ത് പൂര്‍ണ്ണമായി നടപ്പില്‍വരും. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍ടി ഓഫീസില്‍ നല്‍കിയാണ് രജിസ്‌ട്രേഷന്‍ മാറ്റുന്നത്. എന്നാല്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കാണ്. ഇതുപ്രകാരം, രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാള്‍ മുന്‍കൈയ്യെടുക്കണം.ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ ആര്‍സി ബുക്കില്‍ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ നിലവിലുണ്ട്. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു ഇതുവരെ.
അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്(എം) നേതാവുമായ കെഎം മാണിയുടെ മൃതദേഹം സ്വവസതിയിലെത്തിച്ചു;സംസ്ക്കാരം വൈകിട്ട്
കോട്ടയം:അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്(എം) നേതാവുമായ കെഎം മാണിയുടെ മൃതദേഹം അദ്ദേഹത്തിന്റെ സ്വവസതിയായ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ എത്തിച്ചു.ഉച്ചയ്ക്ക് രണ്ടുമണി വരെ പാലയിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാരം നടക്കുക.തങ്ങളുടെ നേതാവിനെ ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് വിലാപയാത്ര കടന്നുപോയ വഴികളിലൂടനീളമുണ്ടായിരുന്നത്.ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു മാണിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുനക്കര മൈതാനെത്താൻ നിശ്ചയിച്ചിരുന്ന സമയം. എന്നാൽ എത്തിയതാകട്ടെ ഇന്ന് പുലർച്ചെ 1 മണിക്കും.13 മണിക്കൂറിലേറെ സമയം കടുത്ത ചൂടും സഹിച്ച് ആയിരങ്ങളാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിനെ അവസാനമായി കാണാൻ കാത്തിരുന്നത്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം സുധീരൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സുരേഷ് കുറുപ്പ്, ജസ്റ്റിസ് കെ.ടി തോമസ്, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഒന്നര മണിക്കുർ നീണ്ട പൊതുദർശനത്തിന് ശേഷം മൃതദേഹം തിരുനക്കര മൈതാനത്തിന് തൊട്ടടുത്തുള്ള കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിലെത്തിച്ചു. പിന്നീട് പുലർച്ചെ മൂന്നു മണിയോടെ വിലാപയാത്ര മാണിയുടെ സ്വന്തം തട്ടകമായ പാലായിലേക്ക് കൊണ്ടുപോയത്.
ശബരിമലയില്‍ ഭക്തയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം
പത്തനംതിട്ട:ശബരിമലയില്‍ ഭക്തയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28 നാണ് പ്രകാശ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്.മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി പ്രകാശ് ബാബുവിനു ജാമ്യം അനുവദിച്ചത്.പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട കോടതി തള്ളിയിരുന്നു.ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനുമായ പ്രകാശ് ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് പ്രകാശ് ബാബു.വധശ്രമവും ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രകാശ് ബാബുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും തടഞ്ഞ സംഭവത്തിലും പൊതുമുതല്‍ നശിപ്പിച്ച കേസിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്. കൂടാതെ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതടക്കം എട്ടോളം കേസില്‍ പ്രകാശ് ബാബു പ്രതിയാണ്.