കൊച്ചി:ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എന്നാല്‍ തലച്ചോറിലെ രക്തസ്രാവം തുടരുന്നതായും, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ വെന്റിലേറ്ററില്‍ പ്രത്യേക നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.ഡോക്റ്റർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസെടുത്തത് . കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ് . മാതാപിതാക്കൾ നിരീക്ഷണത്തിലാണന്നും പൊലീസ് അറിയിച്ചു.അതീവ ഗുരുതര അവസ്ഥയിൽ ആശുപത്രിയിലെത്തിച്ചകുട്ടി ടെറസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് പിതാവ് പൊലീസിനെയും ആശുപത്രി വൃത്തങ്ങളെയും അറിയിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമാണന്ന് അറിയിച്ചിട്ടും ഉടന്‍ തന്നെ മറ്റൊരാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കണമെന്ന് മാതാപിതാക്കള്‍ വാശി പിടിച്ചതാണ് സംശയത്തിനിടയാക്കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും.വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.തിരുവനന്തപുരം -ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് പൊതുസമ്മേളനം നടക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഉച്ച മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തും.
സംശയാസ്പദമായ സാഹചര്യത്തില്‍ ഗുരുതര പരിക്കുകളുമായി മൂന്നുവയസുകാരനെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: സംശയാസ്പദമായ സാഹചര്യത്തില്‍ ഗുരുതര പരിക്കുകളുമായി മൂന്നുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാനക്കാരായ ദമ്ബതികളുടെ കുട്ടിയെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തില്‍ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവേറ്റ പാടുകള്‍ക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെയും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.അതേസമയം വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി.കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തലച്ചോറിനകത്തെ രക്തസ്രാവം നിലച്ചിട്ടില്ല.
സ്ത്രീത്വത്തെ അപമാനിച്ചു;കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
കണ്ണൂർ:സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്റും നീളുന്ന വീഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുളളത്.പാര്‍ലമെന്റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെ വീഡിയോയിൽ കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.’ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്നും ഒരു കഥാപാത്രം പറയുന്നു. ‘ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.’ ‘ ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന കുറിപ്പോടെയാണ വീഡിയോ പോസ്റ്റ് ചെയ്തത്.’ആണ്‍കുട്ടി’യായവന്‍ പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്നും വീഡിയോയില്‍ പറയുന്നു.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുധാകരനെതിരെ കേസെടുത്തത്.
പ്രാര്‍ത്ഥനയോടെ കേരളം;ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കൊച്ചി:ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ഇന്നലെ വൈകുന്നേരമാണ് കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. കുഞ്ഞിന്റെ ഹൃദയത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ ദ്വാരമുണ്ട്. ശരീരത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അവസ്ഥയിലും ഹൃദയ വാൽവിന്റെ പ്രവർത്തനം തകരാറിലാണ്.കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും ശസ്ത്രക്രിയ പൂർണ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. ഇന്ന് വൈകുന്നേരത്തോടെ കുഞ്ഞിന്റെ ശസ്ത്രക്രിയ സംബന്ധിച്ച് ഡോക്ടർമാർ തീരുമാനമെടുക്കും.നിലവിൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സാധാരണനിലയിലാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ശസ്ത്രക്രിയ നടത്തണമെങ്കിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാകണം. ശരീരം പൂർണമായും അണുബാധ മുക്തമാണെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനെ തുടർന്നാണ് 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രം കുഞ്ഞിന്റെ തുടർചികിത്സ ആരംഭിക്കാൻ തീരുമാനമെടുത്തത്.
കാസര്‍കോട് വിദ്യാനഗര്‍ പാറക്കട്ടയിലെ മിഷ്ത്താഹ്- ഷാനിയ ദമ്ബതികളുടെ പെണ്‍കുഞ്ഞിനെയും കൊണ്ടാണ് മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തിയത്.പകല്‍ 11.15ഓടെ മംഗളൂരുവില്‍നിന്ന് പുറപ്പെട്ട കെഎല്‍ 60 ജെ 7739 നമ്ബര്‍ ആംബുലന്‍സ് വൈകിട്ട് 4.30ഓടെ അമൃതയിലെത്തി. കുട്ടിയെ ആദ്യം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.എന്നാൽ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെത്തുടര്‍ന്നാണ് സമയനഷ്ടമില്ലാതെ ചികിത്സ ലഭ്യമാക്കാന്‍ കുട്ടിയെ അമൃത ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയിലെ ഡോ. ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നിവരുമായി സംസാരിച്ച് ചികിത്സ ആശുപത്രിയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തി. കുട്ടിയെ ശ്രീചിത്രയില്‍ത്തന്നെ കൊണ്ടുവരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം നിര്‍ബന്ധം പുലര്‍ത്തിയത് ചെറിയ ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചതിനാല്‍ കുട്ടിയെ അമൃതയില്‍ത്തന്നെ പ്രവേശിപ്പിച്ചു. കുട്ടിയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന്റെ യാത്ര സുഗമമാക്കാന്‍ രാവിലെ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.ജനങ്ങളോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയിരങ്ങള്‍ ഷെയര്‍ ചെയ്തു.ഉദുമ മുക്കുന്നോത്തെ ഹസനാണ് ആംബുലന്‍സ് ഓടിച്ചത്. ഇതിനുമുമ്ബും ഹസന്‍ ഇതുപോലുള്ള ദൗത്യം ഏറ്റെടുത്തിട്ടുണ്ട്.കുട്ടിയുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു.
രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ;രാവിലെ 8.30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
കണ്ണൂർ:തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ എത്തുന്നു.തിരുവനന്തപുരത്തുനിന്ന് രാത്രി 8.55ന് മട്ടന്നൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയ രാഹുൽഗാന്ധി 9.5ന് വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി കാർമാർഗം കണ്ണൂരിലേക്ക് പുറപ്പെട്ടു.കോൺഗ്രസ് പതാകയുമായി വഴിനീളെ കാത്ത് നിന്ന പ്രവർത്തകരെ കാണുമ്പോൾ വാഹനത്തിന്റെ വേഗം കുറച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.9.55 ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്ന രാഹുൽ ഗാന്ധിയെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ത്രിവർണ ഷാളണിയിച്ച് സ്വീകരിച്ചു.നേതാക്കളായ കെ സി ജോസഫ് എം.എൽ.എ, പി എം സുരേഷ് ബാബു, വി എ നാരായണൻ തുടങ്ങിയവർ ഗസ്റ്റ്ഹൗസിൽ സന്നിഹിതരായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഗസ്റ്റ് ഹൗസിൽ രാഹുൽഗാന്ധിയുടെ റൂമിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തി. രാഹുൽ ഗാന്ധിയോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, മുകൾ വാസ്നിക് എന്നിവരും എത്തിച്ചേർന്നിരുന്നു.രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് രാവിലെ 8.30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍;ഒന്‍പത് ജില്ലകളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും
തിരുവനന്തപുരം:രണ്ടു ദിവസത്തെ യുഡിഎഫ് പ്രചാരണ പരിപാടികൾക്കായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി.തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.ഒന്‍പത് ജില്ലകളിലെ പൊതുയോഗത്തില്‍ രാഹുല്‍ പ്രസംഗിക്കും.ഇന്ന് രാവിലെ പത്തുമണിക്ക് കൊല്ലം ജില്ലയിലെ പത്തനാപുരത്തും പിന്നീട് പതിനൊന്നരയ്ക്ക് പത്തനംതിട്ടയിലെയും പൊതുയോഗത്തില്‍ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് അന്തരിച്ച മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ വീട് സന്ദര്‍ശിക്കും. പിന്നീട് ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന പൊതുയോഗത്തോടെ ആദ്യ ദിവസത്തെ പരിപാടികള്‍ അവസാനിക്കും.നാളെ കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് ജില്ലയിലെ റോഡ് ഷോയിലും രാഹുല്‍ പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും തന്റെ മത്സര സ്ഥലമായ വയനാട് മണ്ഡലത്തിലേക്ക് രാഹുല്‍ എത്തുക. തിരുനെല്ലി ക്ഷേത്രദര്‍ശനം നടത്തും. സുല്‍ത്താന്‍ ബത്തേരിയിലെ പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. പിന്നീട് കോടഞ്ചേരിയിലും വണ്ടൂരും നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കും. പൊന്നാനി മണ്ഡലത്തിലെ തൃത്താലയിലെ പരിപാടിയില്‍ പ്രസംഗിച്ച ശേഷം രാഹുൾ ദില്ലിയിലേക്ക് മടങ്ങും.
മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
മലപ്പുറം:മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കൂട്ടിലങ്ങാടി ദേശീയപാതയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.പശ്ചിമ ബംഗാളുകാരായ സഹോദരങ്ങള്‍ എസ് കെ സാദത്ത്(40), എസ് കെ സബീര്‍ അലി(47), സെയ്ദുല്‍ ഖാന്‍ (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.രാവിലെ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോണ്‍ക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വിഷുവെത്തി;സജീവമായി പടക്കവിപണിയും
കണ്ണൂർ:ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും സന്ദേശവുമായി വിഷുവെത്തി. മേടച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിന്റെ കൂടെയാണ് ഇത്തവണത്തെ വിഷു ആഘോഷം. വിഷുകച്ചവടത്തിനായി ഈ വേനല്‍ച്ചൂടിലും വിപണികള്‍ സജീവമായി.പടക്ക വിപണിയാണ് ഇതിൽ പ്രധാനം.കൈപൊള്ളാത്ത പടക്കങ്ങളാണ് വിഷുവിപണിയിലെ ഇത്തവണത്തെ താരങ്ങള്‍. നിലച്ചക്രം, കമ്പിത്തിരി, കയര്‍, പൂക്കുറ്റി തുടങ്ങിയവ കത്തിക്കുമ്പോള്‍ കൈയ്യില്‍ പൊള്ളല്‍ ഏല്‍ക്കാത്ത തരത്തിലുളള കൂള്‍ ഫയറുകളാണ് പടക്കങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന താരങ്ങള്‍. 200 രൂപ മുതലാണ് ഇവയുടെ വില.ശബ്ദത്തേക്കാള്‍ വര്‍ണ്ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചൈനീസ് പടക്കങ്ങള്‍ക്ക് തന്നെയാണ് ഇത്തവണയും വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. ലോലിപോപ്പ്, പോപ്പ് കോണ്‍, ലോട്ടസ് വീല്‍, മാജിക് സ്പ്രിങ് തുടങ്ങിയ വിത്യസ്ത പേരുകളിലാണ് ഇത്തരം പടക്കങ്ങള്‍ വിപണിയിലെത്തിയിട്ടുളളത്.കൂടാതെ കമ്പിത്തിരി, പൂക്കുറ്റി, മത്താപ്പ്, നിലച്ചക്രം, കയര്‍ എന്നിവയടങ്ങുന്ന കിറ്റുകള്‍ ലഭ്യമാണ്. 1200 മുതല്‍ 1500 രൂപ വരെയാണ് കിറ്റുകള്‍ ലഭ്യമാകുന്നത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ താത്കാലിക പടക്കകടകള്‍ക്ക് ഇത്തവണ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന കടകള്‍ സജീവമാണ്.
ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി ചന്തകള്‍ വിഷു പ്രമാണിച്ച് സജീവമാണ്. കണിവെളളരിയാണ് പച്ചക്കറി ചന്തകളിലെ പ്രധാന ഐറ്റം.ശ്രീകൃഷ്ണ വിഗ്രഹങ്ങളും വാല്‍ക്കണ്ണാടികളും വിപണികളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.ഖാദി കൈത്തറി മേളകളും വിഷു വിഷു ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു.കേരളസര്‍ക്കാര്‍, കൈത്തറി ആന്‍റ് ടെക്സ്റ്റൈല്‍ വകുപ്പ്, ജില്ലാ വ്യവസായങ്ങളും കൈത്തറി വികസന സമിതി എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ വസ്ത്ര പ്രദര്‍ശന വിപണന മേള തുടങ്ങി. വസ്ത്രവില്‍പ്പനയുമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തെരുവു കച്ചവടക്കാരും സജീവമാണ്.
എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്
കോഴിക്കോട്:തനിക്കെതിരെ മോശം പരാമർശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്.പൊന്നാനിയിലും കോഴിക്കോടും നടത്തിയ പ്രസംഗത്തിനിടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരെ അശ്ലീലകരമായ പരാമര്‍ശം നടത്തിയത്.ഇതിനെതിരെ രമ്യ ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും പൊന്നാനി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ പരാതി നല്‍കി പത്ത് ദിവസം കഴിഞ്ഞിട്ടും വിജയരാഘവനെതിരെ പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനാണ് യു.ഡി.എഫ് പാര്‍ലമെന്‍റ് കമ്മറ്റിയുടെ തീരുമാനം.സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാലാണെന്നാണ് യു.ഡി.എഫ് ആരോപണം.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസെടുക്കാതിരിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ സ്ഥിരം രീതിയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.