കോഴിക്കോട്:കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വയോധികന്‍ കുത്തേറ്റ് മരിച്ചു.സംഭവത്തില്‍ വളയം സ്വദേശിയായ പ്രബിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച മൂന്നുവയസുകാരന്‍റെ മൃതദേഹം സംസ്‌കരിച്ചു
കൊച്ചി:ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച മൂന്നുവയസുകാരന്‍റെ മൃതദേഹം സംസ്‌കരിച്ചു.കളമശ്ശേരി പലയ്‌ക്കാമുകള്‍ പള്ളിയില്‍ മതാചാര ചടങ്ങുകളോടെ നാട്ടുകാരാണ് മൃതദേഹം ഖബറടക്കിയത്.കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചത്. സംസ്കരിക്കുന്നതിന് മുന്‍പ് മൃതദേഹം അവസാനമായി കാണാന്‍ മാതാപിതാക്കള്‍ക്ക് പോലീസ് അവസരമൊരുക്കി. മകന്‍റെ മൃതദേഹം കണ്ട ഇരുവരും പൊട്ടിക്കരഞ്ഞു.ബംഗാള്‍ സ്വദേശിയായ അച്ഛന്‍റെയും ജാര്‍ഖണ്ഡ് സ്വദേശിനിയായ അമ്മയുടേയും ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കലക്ടറുടെ നിര്‍ദേശപ്രകാരം നാട്ടുകാരാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്.അച്ഛനെയും കേസില്‍ പ്രതിചേര്‍ത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. അമ്മയുടെ അറസ്റ്റ് നേരത്തെ രേഖപെടുത്തി റിമാന്‍ഡ് ചെയ്തിരുന്നു. മാതാപിതാക്കള്‍ ഇവര്‍തന്നെ ആണോ എന്നുറപ്പിക്കാന്‍ DNA പരിശോധനയും നടത്തും.
സംസ്ഥാനത്ത് വേനൽമഴ ബുധനാഴ്ച വരെ തുടരും;ഇടിമിന്നലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന വേനൽമഴ അടുത്ത ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഇടിയോട് കൂടിയ ശക്തമായ മഴ ചില ജില്ലകളിലും മറ്റിടങ്ങളില്‍ ശക്തിയേറിയ കാറ്റും സാധാരണ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. അതിശക്തായ മഴ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലേക്ക് രാത്രി യാത്രകള്‍ ഒഴിവാക്കുന്നത് നന്നാവുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ രാത്രി എട്ടുമണി വരെ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടിവെട്ടുമ്ബോള്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കരുതെന്നും ഫോണുപയോഗം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ചയ്ക്ക് ശേഷം കുട്ടികളെ തുറസ്സായ സ്ഥലങ്ങളില്‍ കളിക്കാന്‍ അനുവദിക്കേണ്ടെന്നും ദുരന്ത നിവാരണ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇടിമിന്നല്‍ ഉള്ള സമയങ്ങളില്‍ മൈക്രോഫോണ്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കണമെന്ന് രാഷ്ട്രീയക്കാര്‍ക്കും മുന്നറിയിപ്പുണ്ട്.
ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട മൂന്നുവയസ്സുകാരന്റെ ഡിഎൻഎ പരിശോധന നടത്തും;സംസ്ക്കാരം പിന്നീട്
കൊച്ചി:ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട മൂന്നുവയസ്സുകാരന്റെ ഡിഎൻഎ പരിശോധന നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്.അതിനായി മർദ്ദിച്ച സ്ത്രീയുടേത് തന്നെയാണോ കുഞ്ഞെന്നറിയാൻ ഡി.എൻ.എ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് തീരുമാനമായില്ല.അതേസമയം നാട്ടിലേക്ക് കൊണ്ട്‌പോകാന്‍ ആരുമില്ലാത്ത കുഞ്ഞിനെ ഖബറടക്കാന്‍ തയ്യാറായി കാത്തിരിക്കുകയാണ് ഏലൂര്‍ പാലയ്ക്കാമുകള്‍ ജുമാമസ്ജിദിലെ സുമനസുകള്‍. ഏലൂരിലെ കൗണ്‍സിലര്‍ നസീറ റസാക്കിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും സഹായവുമായി എത്തിയിരുന്നു.
വിവാദ പരാമർശം;എ.വിജയരാഘവനെതിരെ കേസെടുക്കില്ല
കോഴിക്കോട്:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർ രമ്യ ഹരിദാസിനെതിരെ അശ്ളീല പരാമർശം നടത്തിയ സംഭവത്തിൽ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്.ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കി. അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗം വിജയരാഘവന്‍ നടത്തിയിട്ടില്ലെന്നാണ് നിയമോപദേശം. മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍ തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത് കുമാറിന് റിപ്പോര്‍ട്ട് കൈമാറി.ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരേ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്‍കി. ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യാ ഹരിദാസ് പരാതി നല്‍കിയത്. വിജയരാഘവന്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശം യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണെന്നുമായിരുന്നു രമ്യയുടെ ആരോപണം.വിവാദ പരാമര്‍ശത്തില്‍ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ താക്കീത് നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരാമര്‍ശം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് താക്കീത്. ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെന്നും എ.വിജയരാഘവന് മുന്നറിയിപ്പ് നല്‍കി.അതേസമയം രമേശ് ചെന്നിത്തലയും, പൊന്നാനി യൂത്ത് കോണ്‍ഗ്രസ് നേതാവും, രമ്യ ഹരിദാസും നേരിട്ട് പരാതി നല്‍കിയിട്ടും ഇത്തരത്തിലൊരു നടപടി അംഗീകരിക്കാനാവില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.തെറ്റായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കേസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് എം.കെ രാഘവനെ വേട്ടയാടുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നടപടി അംഗീകരിക്കില്ല.രമ്യക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കേരളം വിധിയെഴുതാൻ ഇനി രണ്ടു നാൾ കൂടി;നാളെ കൊട്ടിക്കലാശം
തിരുവനന്തപുരം:കേരളം വിധിയെഴുതാൻ ഇനി രണ്ടു നാൾ കൂടി.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരത്തിന് അന്ത്യമാകും. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. പ്രചാരണത്തിന്റെ അവസാന ലാപ്പിലെത്തിയപ്പോള്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങളുയർത്തിയുള്ള ആരോപണ പ്രത്യാരോപണങ്ങളാല്‍ കളം നിറയുകയാണ് മൂന്ന് മുന്നണികളും.അവസാന നിമിഷം ദേശീയ നേതാക്കളെ എത്തിച്ച് വോട്ട് ഉറപ്പിക്കാന്‍ ആഞ്ഞു ശ്രമിക്കുകയാണ് മുന്നണികള്‍.21ന് വൈകുന്നേരം ആറു വരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. ഒപ്പം അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ കർശന സുരക്ഷ ഒരുക്കി പൊലീസും.പര്യടനങ്ങൾ ഏറക്കുറെ പൂർത്തിയാക്കിയ സ്ഥാനാർഥികൾ വിട്ടുപോയവ പൂർത്തീകരിക്കാനുള്ള തിരക്കിലാണ്. യു.ഡി.എഫിനുവേണ്ടി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കം നേതാക്കളും ഇടതുമുന്നണിക്കുവേണ്ടി സീതാറാം യെച്ചൂരി, സുധാകർ റെഡ്ഡി അടക്കമുള്ളവരും ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ എന്നിവരുമാണ് ജനത്തെ ഇളക്കിമറിക്കാനെത്തുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍;പത്തനംതിട്ടയില്‍ റോഡ് ഷോയിൽ പങ്കെടുക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും.പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ റോഡ് ഷോ നടത്തും.വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാകും റോഡ് ഷോ ആരംഭിക്കുക. പുന്നപ്രയിലെ സമ്മേളനത്തില്‍ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പങ്കെടുക്കും. പിന്നീട് ആലപ്പുഴ പുന്നപ്ര കപ്പക്കാട മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ
വയനാട്:വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരങ്ങൾക്കായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍.രണ്ടാംഘട്ട പ്രചാരണത്തിനായാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്.ഇന്ന് രാവിലെ പത്തുമണിയോടെ പ്രിയങ്ക ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചേരും.ഇവിടെ നിന്നും 10 30 ന് വള്ളിയൂര്‍കാവ് മൈതാനിയില്‍ ഹെലികോപ്റ്ററിലെത്തുന്ന പ്രിയങ്ക മാനന്തവാടിയില്‍ പൊതു സമ്മേളനത്തെ അഭിമുഖീകരിക്കും.തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തന്നെ പുല്‍പ്പള്ളിയിലേക്ക് തിരിക്കും.പഴശ്ലി രാജ കോളേജ് ഗ്രൌണ്ടില്‍ ഇറങ്ങി, 11.45 ന് പുല്‍പ്പള്ളിയിലെ സീതാ ദേവീ ക്ഷേത്ര മൈതാനത്ത് കര്‍ഷക സംഗമത്തില്‍ സംബന്ധിക്കും.ശേഷം ഹെലികോപ്റ്ററില്‍ മുട്ടില്‍ യതീംഖാന മൈതാനത്തിറങ്ങി റോഡ് മാര്‍ഗ്ഗമാണ് തൃക്കൈപ്പറ്റയിലേക്ക് പോവുക.1.20 ഓടെ മുക്കം കുന്നിലെ വാഴക്കണ്ടി കോളനിയിലെത്തി പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്ത കുമാറിന്റെ വീട് സന്ദര്‍ശിക്കും.നിലമ്ബൂരിലും അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണത്തിനായെത്തുന്ന പ്രിയങ്കയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലും ആവേശത്തിലുമാണ് മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും.
കണ്ണൂർ പേരാവൂരിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ;തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം
കണ്ണൂർ:പേരാവൂരിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക’ എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. നേരത്തേ വയനാട്ടിലെയും നിലമ്ബൂരിലെയും ആദിവാസികളോട് വോട്ട് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്ന കത്തിന്റെ പകര്‍പ്പ് നിലമ്പൂർ പ്രസ് ക്ലബ്ബിലെത്തിയിരുന്നു.നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് കത്ത് വന്നിരുന്നത്.അതേസമയം വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
കണ്ണൂർ അഴീക്കോട്ട് കുട്ടികൾക്ക് പിതാവിന്റെ ക്രൂരമർദനം;പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കണ്ണൂർ:ആലുവയിൽ മാതാവിന്റെ ക്രൂരമർദനത്തിന് ഇരയായി മൂന്നര വയസ്സുകാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ കണ്ണൂരിൽ നിന്നും മറ്റൊരു ക്രൂരമർദനത്തിന്റെ വാർത്ത കൂടി.എട്ടുവയസ്സും പന്ത്രണ്ട് വയസ്സും മാത്രം പ്രായമുള്ള കുട്ടികൾക്കാണ് പിതാവിൽ നിന്നും ക്രൂരമർദനം ഏറ്റുവാങ്ങേണ്ടി വന്നത്.സംഭവവുമായി ബന്ധപ്പെട്ട് അഴീക്കോട് നീർക്കടവ് സ്വദേശി രാജേഷിനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയില്‍ രാജേഷ് എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുള്ള മകന്റെ കൈ പിടിച്ച് തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.കുട്ടികളെ ക്ലോസറ്റിലെ വെള്ളം കുടിപ്പിച്ചതായും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.അയൽവാസികളാണ് പോലീസിൽ പരാതി നൽകിയത്.സംഭവത്തില്‍ കുട്ടികളുടെ അമ്മയില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്.