തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ റെക്കോർഡ് പോളിങ്.77.68 ആണ് സംസ്ഥാനത്തെ പോളിങ് ശതമാനം. 74.02 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്-83.05%.തിരുവനന്തപുരത്താണ് കുറവ് – 73.45 %.വോട്ടിങ് പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ അന്തിമ കണക്കുകള്‍ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ.രാവിലെ ഏഴുമണിമുതല്‍ പോളിങ് ബൂത്തുകളില്‍ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍നിന്ന് ഇത്തവണ 73.45 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29ല്‍ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്.അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വര്‍ഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തില്‍ മികച്ച പോളിങ് നടന്നത്.ഉയര്‍ന്ന പോളിങ് ശതമാനം കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാന്‍ ഇടയാക്കുമെന്ന് എന്‍.ഡി.എ. അവകാശപ്പെടുന്നു. ഇടതുതരംഗമാണ് മാത്സര്യബുദ്ധിയോടെ ജനങ്ങള്‍ വോട്ടുചെയ്തതിന് പിന്നിലെന്ന് എല്‍.ഡി.എഫും രാഹുല്‍ തരംഗമാണ് കേരളത്തില്‍ അലയടിച്ചതെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.മേയ് 23നാണ് വോട്ടെണ്ണല്‍. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍കൂടി എണ്ണേണ്ടതിനാല്‍ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും.
തൃശൂർ മുണ്ടൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി
തൃശൂർ:തൃശൂര്‍ മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്തി.മുണ്ടൂർ സ്വദേശികളായ ശ്യാം, ക്രിസ്റ്റോ എന്നിവരാണ് കൊല്ലപ്പെട്ടത്.ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ഇടിച്ച് വീഴ്ത്തിയതിന് ശേഷമായിരുന്നു ആക്രമണം.ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ ശ്യാമിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് വോട്ടിങ് സമയം അവസാനിച്ചു; പലയിടത്തും നീണ്ട ക്യൂ തുടരുന്നു;ആറുമണി വരെ ക്യൂവിൽ നിന്നവർക്ക് ടോക്കൺ നൽകി
തിരുവനന്തപുരം:സംസ്ഥാനത്ത് വോട്ട് രേഖപെടുത്തുന്നതിനുള്ള സമയം അവസാനിച്ചു. സമയം അവസാനിച്ചെങ്കിലും ഇപ്പോഴും ബൂത്തുകളുടെ മുന്‍പില്‍ നീണ്ടനിരയാണ് ഉള്ളത്.സമയം നീട്ടി നല്‍കില്ലെങ്കിലും നിലവില്‍ വോട്ട് ചെയ്യുന്നതിനായി ക്യു നില്‍ക്കുന്ന ആളുകള്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.ഇതിനായി ആറുമണി വരെ ക്യൂവിൽ നിന്നവർക്ക് ടോക്കൺ നൽകി.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം പൂര്‍ത്തിയായപ്പോള്‍ കേരളം റെക്കോര്‍ഡ് പോളിങ്ങിലേക്ക് കടന്നു. 2014ല്‍ 73.89% ശതമാനം ആയിരുന്നു പോളിങ് ഇക്കുറി 74.ശതമാനം കടന്നു.നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനത്തിനെയും തകര്‍ക്കും എന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ പോളിംഗ് വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനിയും സമയം എടുക്കും.പല മണ്ഡലങ്ങളിലും റെക്കോര്‍ഡ് പോളിംഗ് ആണ് നടക്കുന്നത്.കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനത്തെ പല മണ്ഡലങ്ങളും മറികടന്നു കഴിഞ്ഞു.തിരുവനന്തപുരം, ആറ്റിങ്ങല്‍, വയനാട്, കണ്ണൂര്‍ എന്നിവയാണ് ഇതില്‍ മുന്നിലുള്ളത്. വോട്ടിംഗ് രാത്രി വൈകിയും നടക്കുമെന്ന് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് രാത്രി 11 മണി വരെ നീട്ടി
കോഴിക്കോട്:വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് നടപടികള്‍ പലതവണ തടസപ്പെട്ട കോഴിക്കോട് മണ്ഡലത്തിലെ കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യു.പി സ്‌കൂളിലെ 79 ആം നമ്പർ ബൂത്തിലെ പോളിംഗ് രാത്രി 11 മണി വരെ നീട്ടി.വരണാധികാരിയായ ജില്ലാ കളക്ടര്‍ സാംബശിവ റാവു ആണ് ഇത് സംബന്ധിച്ച നിർദേശം നല്‍കിയത്.രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് മുൻപുള്ള മോക്ക് പോളിനിടെ തന്നെ ഇവിടെ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് ഇവിടെ ഏഴ് മണിക്ക് വോട്ടിംഗ് ആരംഭിച്ചത്.എന്നാല്‍ വോട്ടിങ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വോട്ടിംഗ് യന്ത്രം കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാന്‍ കഴിഞ്ഞത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായി സംസാരിച്ച ശേഷം പോളിംഗ് രാത്രിയിലേക്ക് നീട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ അതു തെളിയിച്ചില്ലെങ്കില്‍ സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
തിരുവനന്തപുരം:വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ അതു തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം.പരാതിയില്‍ ഉത്തമബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം.ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉടന്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പോളിങ്ങിനിടെ നാലുപേർ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ:സംസ്ഥാനത്ത് പോളിങ്ങിനിടെ നാലുപേർ കുഴഞ്ഞുവീണ് മരിച്ചു.കണ്ണൂർ ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ വരിയിൽ നിന്ന മോടോളിൽ വിജയ(64) കുഴഞ്ഞുവീണ് മരിച്ചു.കൊല്ലം കിളിക്കൊല്ലുരിൽ വോട്ടർ പോളിങ്ങ് ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു. കിളികൊല്ലൂർ സ്വദേശി മണി (59)യാണ് മരിച്ചത്. പത്തനംതിട്ട വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തിലും ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു.പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് മരിച്ചത്. കാഞ്ഞൂര്‍ സ്വദേശി ത്രേസ്യാമ്മയാണ് മരിച്ച മറ്റൊരാള്‍. എറണാകുളം പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ത്രേസ്യാമ്മ.
കല്ലട ബസ്സിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
കൊച്ചി:സുരേഷ് കല്ലട ബസ്സിൽ യാത്രക്കാർക്ക് മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.വിഷ്ണു, ഗിരിലാല്‍ എന്നീ ബസ് ജീവനക്കാരെയാണ് മരട് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, കുമാര്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെകുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. ബസ്സിനകത്ത് നടന്ന അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബസിന്റെ പെര്‍മിറ്റ് ഇന്നലെ തന്നെ റദ്ദാക്കിയിരുന്നു. ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് കേസിനാസ്പദമായ സംഭവം.ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട് തര്‍ക്കിച്ച യാത്രക്കാരെ വൈറ്റിലയില്‍ വെച്ച് ബസ് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു.തിരുവനന്തപുരം സ്വദേശി അജയഘോഷ്, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. മൂന്നു പേരടങ്ങുന്ന സംഘം ബസിലേക്കു കയറി ഇവരെ മര്‍ദിക്കുകയായിരുന്നു. സംഘം ചേര്‍ന്ന് മര്‍ദിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നു അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തൃക്കാക്കര എസിപി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു.
കേരളം റെക്കോർഡ് പോളിങിലേക്ക്;ആദ്യ ആറുമണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 40 ശതമാനം വോട്ട്
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം റെക്കോർഡ് പോളിങിലേക്ക്.ആദ്യ ആറുമണിക്കൂറിനുള്ളിൽ 40 ശതമാനം വോട്ട് രേഖപ്പെടുത്തി.ഇടുക്കി, കണ്ണൂര്‍ കാസര്‍കോട്, കൊല്ലം ജില്ലകളാണ് മുന്നില്‍.കണ്ണൂരില്‍ 39.51 ശതമാനം, ഇടുക്കിയില്‍ 35.93 ശതമാനം,കൊല്ലത്ത് 35.89 ശതമാനം എന്നിങ്ങനെയാണ് പോളിങ്.കേരളത്തില്‍ 24,970 പോളിങ് ബൂത്തുകളാണ് ആകെ ഉള്ളത്. ഇതില്‍ 3621 ബൂത്തുകളാണ് പ്രശ്നമുള്ളതായി കണക്കാക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 245 ബൂത്തുകളുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ വയനാട്ടില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ ആകെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളില്‍ 12 സീറ്റ് യുഡിഎഫിനും എട്ട് സീറ്റ് എല്‍ഡിഎഫിനുമാണുള്ളത്. സീറ്റൊന്നും ഇല്ലാത്ത ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ എന്നതാണ് സംസ്ഥാനത്ത് ഏവരും ഉറ്റുനോക്കുന്നത്.അതേസമയം സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതി ഉയര്‍ന്നു. തിരുവനന്തപുരം ചൊവ്വരയില്‍ കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്ബോള്‍ താമരചിഹ്നം തെളിയുന്നുവെന്നതും ചേര്‍ത്തലയില്‍ മോക്ക് പോളില്‍ ചെയ്ത വോട്ടെല്ലാം താമരയില്‍ പതിഞ്ഞതും വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു.എന്നാല്‍ വോട്ടിങ് യന്ത്രത്തകരാറു കൊണ്ടോ മറ്റ് സാങ്കേതിക കാരണങ്ങള്‍ കാരണമോ പോളിങ് വൈകിയ സ്ഥലങ്ങളില്‍ ഒരു മണിക്കൂര്‍ അധികം സമയം അനുവദിക്കണമെന്ന് യുഡിഎഫ്. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ തെളിയുന്നത് താമര; കോവളത്ത് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്ബോള്‍ ലൈറ്റ് തെളിയുന്നത് ബിജെപിയുടെ താമര ചിഹ്നത്തിൽ. കോവളത്തെ ചൊവ്വരയിലെ 151 ആം നമ്പർ പോളിങ് ബൂത്തിലാണ് സംഭവം.76 വോട്ടുകള്‍ രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പിഴവ് കണ്ടെത്തിയത്.വോട്ട് രേഖപ്പെടുത്താനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പിഴവ് കണ്ടെത്തിയത്. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചതോടെ വോട്ടിങ് നിര്‍ത്തിവെച്ചു. ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവിപാറ്റ് എണ്ണണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
കണ്ണൂരിൽ വോട്ടുചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ ചൊക്ലിയിലാണ് സംഭവം. രാമവിലാസം യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ മാറോളി വിജയ (62) ആണ് മരിച്ചത്.അതേസമയം കാസര്‍കോട് പോളിംഗ് ഉദ്യോഗസ്ഥ കുഴഞ്ഞു വീണു. ജില്ലയിലെ രാവണീശ്വരം ബൂത്തിലാണ് സംഭവം. പോളിംഗ് ജോലികള്‍ക്കിടെ ഇവര്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞു വീവുകയായിരുന്നു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.