കണ്ണൂർ:കണ്ണൂരിൽ വീണ്ടും കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തളിപ്പറമ്പ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.തളിപ്പറമ്പ് മണ്ഡലത്തിലെ 171ആം ബൂത്തില്‍ കയറി സി.പി.എം പ്രവര്‍ത്തകര്‍ ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നും, 172ആം നമ്പർ ബൂത്തില്‍ വിദേശത്തുള്ളവരുടെതടക്കം 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നുമാണ് കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് നാരായണന്‍ ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തില്‍ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.നേരത്തെ പിലാത്തറ എ.യുപി സ്‌കൂളിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ചെറുതാഴം പഞ്ചായത്ത് അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്തെന്നായിരുന്നു ദൃശ്യങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
ഒന്നരവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം;കുഞ്ഞ് കരഞ്ഞപ്പോഴുണ്ടായ ദേഷ്യം കൊണ്ടെന്ന് അമ്മയുടെ മൊഴി
ആലപ്പുഴ:ഒന്നരവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ മൊഴി പുറത്ത്.കുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചതെന്നും കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് ഇങ്ങിനെ ചെയ്തതെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അമ്മ ആതിര പൊലീസിനോട് പറഞ്ഞു.എന്നാല്‍ മൊഴി പൂര്‍ണമായി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുകയുള്ളെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോവെന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കുഞ്ഞിനെ പതിവായി അമ്മ ഉപദ്രവിക്കാറുണ്ടെന്നും മുന്‍പൊരിക്കല്‍ ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും കുഞ്ഞിന്റെ മുത്തശ്ശി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ദിവസമാണ് പുതിയകാവ് കൊല്ലംപള്ളി കോളനിയില്‍ കുട്ടിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുഞ്ഞിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തി.തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആതിര കുറ്റം സമ്മതിച്ചത്.
ആലപ്പുഴയിൽ ഒന്നരവയസ്സുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
ആലപ്പുഴ:ആലപ്പുഴയിൽ ഒന്നരവയസ്സുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് കൊല്ലംവെള്ളി കോളനിയില്‍ ഷാരോണിന്റെ ഭാര്യ ആതിരയെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുഞ്ഞിനെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടത്. ഉറങ്ങിക്കിടന്നതിനുശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ശ്വാസം നിലച്ച് പോയതാണെന്നാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ പറഞ്ഞത്.തുടര്‍ന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. കുട്ടി ഉച്ചവരെ കോളനിയില്‍ ഓടിക്കളിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതും സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് വ്യക്തമായത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് അന്വേഷണം അമ്മയിലേക്ക് തിരിഞ്ഞത്. കുട്ടിയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ആതിരയെ കസ്റ്റഡിയില്‍ എടുത്തു. ഭര്‍ത്താവ് ഷാരോണിനെയും ഭര്‍തൃ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റംസമ്മതിച്ചത്.ആതിര കുഞ്ഞിനെ എന്നും ഉപദ്രിവിക്കാറുണ്ടായിരുന്നുവെന്നും സംഭവ ദിവസം കുടുംബ വവക്ക് ഉണ്ടായെന്നും മുത്തശി മൊഴി നല്‍കി.
മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകൾ പണിമുടക്ക് നടത്തി
കോഴിക്കോട്:മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകൾ പണിമുടക്ക് നടത്തി.കഴിഞ്ഞ ദിവസം കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.ഇതിനെതിരെയാണ് ബസുടമകള്‍ രംഗത്ത് എത്തിയത്.ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന മിന്നല്‍ പരിശോധനയില്‍ അനാവശ്യമായി ഫൈന്‍ ഈടാക്കുന്നു എന്നാരോപിച്ചാണ് മലബാര്‍ മേഖലയിലെ അന്തര്‍സംസ്ഥാന ലക്ഷ്വറി ബസ്സുടമകള്‍ സൂചനാ പണി മുടക്ക് നടത്തിയത്.കാസര്‍കോട് മുതല്‍ മലപ്പുറം വരെ 50 ല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങാതായതോടെ ബെംഗളൂരുവിലേക്കുള്ള നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. കേരള കര്‍ണാടക സ്റ്റേറ്റ് ബസ്സുകള്‍ ബംഗളൂരുവിലേക്ക് അധിക സര്‍വ്വീസുകള്‍ നടത്തിയാണ് യാത്രാ ക്ലേശം ഒരു പരിധിവരെ പരിഹരിച്ചത്.കര്‍ണാടക സ്റ്റേറ്റിന്റെ ആറും കേരള സ്റ്റേറ്റിന്റെ നാലും വണ്ടികള്‍ അധികമായി സര്‍വ്വീസ് നടത്തി. ഇന്ന് ഗതാഗതമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്ന് ബസ്സുടമകള്‍ അറിയിച്ചു.
തീവ്രത വർദ്ധിച്ച് ‘ഫോനി’;തമിഴ്നാട് തീരം തൊടില്ല; കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം:തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഫോനി ചുഴലിക്കാറ്റിന്‍റെ തീവ്രത വര്‍ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകും.വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട്, ആന്ധ്ര തീരത്തോടടുക്കും. എന്നാൽ തീരത്ത് നിന്ന് ഇരുനൂറ് മുതൽ മുന്നൂറ് കിലോമീറ്റർ അകലെവച്ച് കാറ്റിന്റെ ദിശ മാറും. അതിനാൽ തീരത്തേയ്ക്ക് എത്തില്ല. കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകാനും സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഫാനി ശക്തിപ്രാപിക്കുന്നു;ചൊവ്വാഴ്ചയോടെ തീരം തൊട്ടേക്കും
തിരുവനന്തപുരം:തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ഫാനി’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ചൊവ്വാഴ്ചയോടെ ഫാനി വടക്കന്‍ തമിഴ്‌നാട് തീരം തൊട്ടേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന.കനത്ത ജാഗ്രതയാണ് തീരദേശമേഖല മുന്നറിയിപ്പ് ലഭ്യമായതിനെ തുടര്‍ന്ന് സ്വീകരിച്ചിരിക്കുന്നത്.കാറ്റ് ശക്തമായി വീശിയടിക്കാന്‍ ഏറെ സാധ്യത നിലനില്‍ക്കുന്നത് വടക്കൻ തമിഴ്‌നാട്ടിലും ആന്ധ്രാ തീരങ്ങളിലുമാണ്.തിങ്കളാഴ്ച്ച മുതല്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ്;നാലാംഘട്ട വോട്ടെടുപ്പ് നാളെ
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.ഒൻപത് സംസ്ഥാനങ്ങളിലെ 71 സീറ്റുകളിലായാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിലെ 17 സീറ്റുകള്‍, ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 13 സീറ്റുകള്‍, പശ്ചിമബംഗാള്‍ എട്ട് സീറ്റ്, മദ്ധ്യപ്രദേശിലെയും ഒഡീഷയിലെയും ആറ് സീറ്റുകള്‍, ബിഹാറില്‍ അഞ്ച്, ജാര്‍ഖണ്ഡില്‍ മൂന്നും സീറ്റുകളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.ഇതിന് പുറമെ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഏതാനും ബൂത്തുകളിലും നാളെയാണ് വോട്ടെടുപ്പ്. ഈ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു.നാലാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ വിവിധ സംസ്ഥാനങ്ങളിലായി 374 സീറ്റുകളിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. കഴിഞ്ഞ ഘട്ടങ്ങളിലുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് പശ്ചിമ ബംഗാളില്‍ ഇത്തവണ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ മയക്കി കിടത്തിയ ശേഷം ജയില്‍ ചാടാന്‍ ശ്രമിച്ച തടവുകാര്‍ പിടിയില്‍
കണ്ണൂർ:കണ്ണൂര്‍ ജില്ലാ ജയിലില്‍ മയക്കുമരുന്ന് ചേർത്ത ചായ നൽകി ഉദ്യോഗസ്ഥരെ മയക്കി കിടത്തിയ ശേഷം ജയില്‍ ചാടാന്‍ ശ്രമിച്ച തടവുകാര്‍ പിടിയില്‍.അരുണ്‍കുമാര്‍, റഫീക്ക്, അഷ്‌റഫ് ഷംസീര്‍ എന്നിവരാണ് പിടിയിലായത്.കൊലക്കേസ് പ്രതിയടക്കമുള്ള മൂന്ന് തടവുകാരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്.24ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. മാനസികരോഗത്തിന് ചികിത്സചെയ്യുന്ന സഹതടവുകാരില്‍ നിന്നാണ് മൂന്നംഗസംഘം മയക്കുഗുളികകള്‍ സംഘടിപ്പിച്ചത്.രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് ചായയിൽ മയക്കു ഗുളിക ചേര്‍ത്ത് ഉറക്കിക്കിടത്തിയാണ് മൂന്നംഗ സംഘം തടവ് ചാടാന്‍ ശ്രമിച്ചത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടല്‍ ശ്രമം പുറത്തറിഞ്ഞത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
തളിപ്പറമ്പ് ബക്കളത്ത് സിപിഎം ഓഫീസിന് നേരെ അക്രമം
തളിപ്പറമ്പ്:തളിപ്പറമ്പ് ബക്കളത്ത് സിപിഎം ഓഫീസിന് നേരെ അക്രമം.മടയിച്ചാലിലെ ബക്കളം സി.പി.എം നോര്‍ത്ത് ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെയാണ് അക്രമമുണ്ടായത്. ഓഫീസും ചെഗുവേര ക്ലബ്ബും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പത്ത് ജനല്‍ചില്ലുകളാണ് ഇന്ന് പുലര്‍ച്ചെ അടിച്ചുതകര്‍ത്തത്.നോര്‍ത്ത് ബ്രാഞ്ച്‌സെക്രട്ടറി പി.വി.സതീഷ്‌കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.സിഐ എ.അനില്‍കുമാര്‍, എസ് ഐ കെ.കെ.പ്രശോഭ്, സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ കെ.മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം തെക്കേ ബക്കളത്തെ അഷറഫിന്റെ ചിക്കന്‍സ്റ്റാളിനും നേരെ ബോംബാക്രമണം നടന്നിരുന്നു. ഇതിനുപിന്നില്‍ സി.പി എം ആണെന്ന് ലീഗ് നേതൃത്വം ആരോപിച്ചിരുന്നു. എന്നാല്‍ ബക്കളത്ത് പ്രവര്‍ത്തിക്കുന്ന കോഴിക്കട പല സാമൂഹ്യ വിരുദ്ധരുടെയും താവളമാണെന്നും നണിയൂര്‍ നമ്ബ്രത്ത് അക്രമം നടത്തിയതും പോള ചന്ദ്രനെ അക്രമിക്കാന്‍ ശ്രമിച്ചതും തെരഞ്ഞെടുപ്പ് ദിവസം അക്രമം ലക്ഷ്യമിട്ട് ഒഴക്രോത്ത് കേന്ദ്രീകരിച്ചതും ഈ സംഘമാണ്.ഇതിന് മറയിടാന്‍ ലീഗ് നേതൃത്വം തന്നെ ആസൂത്രണം ചെയ്തതാണ് ബക്കളത്തെ ബോംബ് സ്‌ഫോടനമെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സി.പി.എം ഓഫീസിന് നേരെ നടന്ന അക്രമസംഭവത്തിന് പിറകിലും മുസ്‌ലിം ലീഗാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. സി.പി.എം ഓഫീസിന് നേരെ നടന്ന അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് ബക്കളത്ത് സിപിഎം നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു.
കോട്ടയം നാഗമ്പടത്തെ പഴയ റെയില്‍ പാലം പൊളിക്കുന്നു;ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി
കോട്ടയം:നാഗമ്പടത്തെ പഴയ റെയില്‍ പാലം പൊളിക്കുന്നു.ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുക. അമിത മലിനീകരണം ഒഴിവാക്കാനും, ട്രെയിന്‍ ഗതാഗതം തടസപ്പെടുത്താതിരിക്കാനുമാണ് സ്ഫോടനത്തലൂടെ പാലം തകര്‍ക്കുന്നതെങ്കിലും കോട്ടയത്ത് ടെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്. ഇന്ന് 11നും 12നും ഇടയിലാണ് പാലം പൊളിക്കുന്നത്.സുരക്ഷ മുന്‍നിര്‍ത്തി എം.സി റോഡിലും ഗതാഗതം നിരോധിക്കും.പാലത്തില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കഴിഞ്ഞു. രാവിലെ പാലത്തിനടിയിലെ വൈദ്യുതി ലൈന്‍ നീക്കം ചെയ്യും. തുടര്‍ന്ന് ട്രാക്ക് മണല്‍ചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടിയതിന് ശേഷമായിരിക്കും സ്ഫോടനം നടത്തുക. പാലം തകര്‍ന്നു കഴിഞ്ഞാലുടന്‍ തന്നെ ട്രാക്ക് പഴയ പടിയിലാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും വൈകുന്നേരത്തോടെ ട്രാക്ക് പൂര്‍വ്വസ്ഥിതിയില്‍ ആക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ റെയില്‍ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് 1953ല്‍ നിര്‍മിച്ച നാഗമ്ബടം പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്.