കൊച്ചി:സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്നു മരണം.മലപ്പുറത്ത് ഒരാളും എറണാകുളത്ത് രണ്ടുപേരുമാണ് മരിച്ചത്.മലപ്പുറം എടവണ്ണയില്‍ അമിത വേഗതയില്‍ സഞ്ചരിച്ച മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എടവണ്ണ പത്തപ്പിരിയം സ്വദേശി സി എം രമേശ് ആണ് മരിച്ചത്. മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്ത് കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് കാറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ അലീന, എബി എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം.കൊച്ചി വിമാനത്താവളത്തില്‍ നിന്നും ബന്ധുവിനെ കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറസ്റ്റ് ചെയ്ത ഐഎസ് പ്രവർത്തകൻ
തിരുവനന്തപുരം:കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറസ്റ്റ് ചെയ്ത ഐഎസ് പ്രവർത്തകൻ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴി.വിദേശികള്‍ കൂടുതലായി ഒത്തുകൂടുന്ന ഇടങ്ങളില്‍ സ്ഫോടനം നടത്തുവാനായിരുന്നു പദ്ധതി.അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നാണ് ആക്രമണത്തിനുള്ള നിര്‍ദേശം വന്നത്.കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ ലക്ഷ്യം വെച്ചുവെങ്കിലും ഒപ്പമുള്ളവര്‍ പിന്തുണ നല്‍കിയില്ലെന്ന് റിയാസ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നും ഐഎസിലേക്ക് ചേര്‍ന്നവരാണ് കേരളത്തില്‍ സ്ഫോടനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ആക്രമണം നടത്തുന്നതിന് വേണ്ട സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുവാന്‍ ഇവര്‍ തന്നോട് നിര്‍ദേശിച്ചു. ആക്രമണം നടത്തുന്നതിന് വേണ്ട ഒരുക്കങ്ങള്‍ താന്‍ നടത്തിയിരുന്നെന്നും റിയാസ് മൊഴി നല്‍കിയിട്ടുണ്ട്.ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ്.മറൈന്‍ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിന്നു റിയാസ് കഴിഞ്ഞിരുന്നത്. ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ മാപ്പുസാക്ഷികളാക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.തൃശൂര്‍ പൂരത്തിന് പുറമേ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തിന് റിയാസ് പദ്ധതിയിട്ടിരുന്നു.മറൈന്‍ ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിരുന്നു.നഗരത്തിലെ ഒരു പ്രമുഖ മാളില്‍ ഇതേ വേഷത്തില്‍ എത്തിയ റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.എന്നാല്‍ മാള്‍ മാനേജ്‌മെന്റിനോ അധികൃതര്‍ക്കോ ഇവരെ കുറിച്ച് ഒന്നും അറിയില്ല. മാളില്‍ കാഴ്ചകള്‍ കാണാനെത്തുന്നവരെ പോലെ ഇവര്‍ എത്തി യോഗം ചേരുകയായിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവരെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം.എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്തത്.
ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി;എന്‍എസ് ജി സംഘമെത്തി
കൊച്ചി:ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവരുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരിക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കൊച്ചിയിൽ സുരക്ഷ ശക്തമാക്കി.സംസ്ഥാനത്ത് ആകമാനം സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാനത്തെ സുരക്ഷാ വിഭാഗങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ(എൻഎസ്‌ജി) പ്രത്യേക സംഘം കേരളത്തിലെത്തി. എന്‍എസ്ജിയുടെ 150 അംഗ സംഘമാണ് കൊച്ചിയിലെത്തിയത്. വിമാനത്താവള സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ്., സംസ്ഥാന പോലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം എന്നിവയുമായി ചേര്‍ന്ന് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോക് ഡ്രില്‍ നടത്തും. കൊച്ചിയുടെ തീരപ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന എല്ലാവരെയും പരിശോധിക്കും. ശ്രീലങ്കയില്‍ നിന്നെത്തുന്നവരുടെ അടക്കം വിദേശികളുടെ യാത്രാരേഖകളും മറ്റും അതീവ ജാഗ്രതയോടെ നിരീക്ഷിക്കാന്‍ എമിഗ്രേഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ ഇന്ന് മുതല്‍ വിപണിയില്‍
തിരുവനന്തപുരം:ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ ഇന്ന് മുതല്‍ വിപണിയില്‍.വിറ്റാമിന്‍ എയും ഡിയുംചേര്‍ന്ന പാലാണ് പുതിയ പായ്ക്കിംഗില്‍ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ ലഭ്യമാകുക.ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഉടനീളം ഇത്തരം പാല്‍ ലഭിക്കും.പാലും പാല്‍ ഉല്‍പ്പനങ്ങളും ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനും മില്‍മ്മ ലക്ഷ്യമിടുന്നു.എ എം നീഡ്‌സ് എന്ന ആപ്ലിക്കേഷന്‍ വഴി ഉടന്‍ തന്നെ ഈ സംരംഭം മില്‍മ്മ ആരംഭിക്കും.രാവിലെ 5 മുതല്‍ 8 വരെ മൂന്ന് മണിക്കൂറാണ് ഈ സേവനം ലഭിക്കുക. ഉല്‍പ്പന്നങ്ങളുടെ വിലയോടൊപ്പം ചെറിയൊരു സര്‍വീസ് ചാര്‍ജും നല്‍കിയാല്‍ ഇവ വീട്ടില്‍ കൊണ്ടെത്തിക്കുന്നതാണ്.മില്‍മ്മ ചെയര്‍ര്‍മ്മാന്‍ പി എ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.
പോലീസ് വകുപ്പിലും കള്ളവോട്ട് നടന്നതായി ആക്ഷേപം;അസോസിയേഷൻ നേതാക്കളുടെ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം:ലോക്‌സഭ തിരഞ്ഞെടുപ്പിൽ പല ബൂത്തുകളിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ടുകളിലും വ്യാപകമായി കള്ളവോട്ട് നടന്നതായി ആക്ഷേപം.ഇതുസംബന്ധിച്ച് ചില നേതാക്കളുടെ ശബ്ദസന്ദേശം പുറത്തുവന്നതായി റിപോര്‍ട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ സമാഹരിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ നേതാവിന്റേതാണ് ശബ്ദരേഖയെന്നാണ് ആക്ഷേപം.58,000ഓളം പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്. പോസ്റ്റല്‍ വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തി പിന്നീട് പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു കാരണവശാലും രാഷ്ട്രീയം ചര്‍ച്ച ചെയ്യരുതെന്ന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബഹ്റ പ്രതികരിച്ചു.എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. വിവിധ കേസുകളില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥരാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് അസോസിയേഷന്റെ വിശദീകരണം.
കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ ഉടൻ പിരിച്ചുവിടില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ ഉടൻ പിരിച്ചുവിടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ.ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് പ്രതിദിനം അറന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സഹാചര്യമുണ്ടാകും. എന്നാല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ സര്‍ക്കാരിന് സമയം ലഭിക്കുമെന്നും പിരിച്ച് വിടല്‍ തിരുമാനം ഉടന്‍ ഉണ്ടാവില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.ഹൈക്കോടതി ഉത്തരവനുസരിച്ച് നാളെയാണ് 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടേണ്ടത്.ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച പരിച്ചുവിടുന്നത് വലിയ പ്രതിസനിധിയുണ്ടാക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍.നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്ബോള്‍ സ്ഥിരനിയമനങ്ങള്‍ കെഎസ്‌ആര്‍ടിസിക്ക് വലിയ ബാധ്യതയുണ്ടാകും.അതേസമയം ദിവസ വേതനടിസ്ഥാനത്തിൽ ഇവരെ തിരികെ നിയമിക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ട്.സ്ഥിരം ജീവനക്കാർ ലീവെടുത്തു പോകുന്ന ഒഴിവിലേക്കാകും നിയമനം. സർക്കാരിന്റെ അപ്പീൽ പരിഗണിക്കുമ്പോൾ പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനെയും പരിഗണിക്കണമെന്ന ആവശ്യം അവരും ഉയർത്തുന്നുണ്ട്. എന്നാൽ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.
മൂല്യനിര്‍ണയം പൂര്‍ത്തിയായി;എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായി.പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും.ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. 4,35,142 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയിരിക്കുന്നത്.സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയിഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും എസ്‌എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി. അണ്‍ എയിഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 682 പേരും പരീക്ഷയെഴുതി.മൂന്ന് ഘട്ടങ്ങളിലായാണ് മൂല്ല്യനിര്‍ണ്ണയം നടന്നത്. ഏപ്രില്‍ 4 മുതല്‍ 12 വരെയായി ഒന്നാംഘട്ടവും,16നും 17നും ഇടയിലായി രണ്ടാം ഘട്ടവും, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 ന് മൂന്നാഘട്ടവും നടന്നു. 54 കേന്ദ്രീകൃത ക്യാമ്പിലായിരുന്നു മൂല്യനിര്‍ണ്ണയം.
കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിതീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍;
തിരുവനന്തപുരം:കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിതീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ.പിലാത്തറ 19ാം നമ്ബര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. കെ.പി.സുമയ്യ, സെലീന, പദ്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. പത്മിനി രണ്ടുതവണ വോട്ടുചയ്തതായി തെളിഞ്ഞു. എ.പി.സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച് അന്വേഷണം നേരിടണം. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സലീനയും മുന്‍ അംഗമായ സുമയ്യയും ബൂത്ത് നമ്പർ 19ലെ വോട്ടര്‍മാരല്ലെന്നും ടിക്കാറാം മീണ അറിയിച്ചു.പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വീഴ്ച്ച വരുത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ കളക്ടര്‍മാര്‍ അന്വേഷണം നടത്തണം. സംഭവത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കള്ളവോട്ടിന് വഴിയൊരുക്കിയ ബൂത്ത് ഏജന്‍റിനെതിരെയും നടപടി എടുക്കും. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കും. റീ പോളിംഗിനെ കുറിച്ച് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കാറാം മീണ പറഞ്ഞു.കാസര്‍കോട്ടെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നതായി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്
പയ്യന്നൂർ:കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നതായി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. കാസര്‍കോട് മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 19ല്‍ ആണ് കള്ളവോട്ട് നടന്നത്. ഭീഷണിയുണ്ടായിരുന്നെങ്കില്‍ പോളിങ് ഓഫീസര്‍ ഡയറിയില്‍ രേഖപ്പെടുത്തേണ്ടിയിരുന്നു. കള്ളവോട്ട് തടയുന്നതില്‍ പോളിങ്ങ് ഓഫീസര്‍ക്ക് ഗുരുതര വീഴ്ച പറ്റി. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു.കള്ളവോട്ട് ചെയ്തെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്.കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പറഞ്ഞു.
ബീച്ചിലെത്തിയ പെൺകുട്ടികളെ കമന്റടിക്കുന്നത് ചോദ്യം ചെയ്ത യുവതിക്ക് നേരെ അക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ:ബീച്ചിലെത്തിയ പെൺകുട്ടികളെ കമന്റടിക്കുന്നത് ചോദ്യം ചെയ്ത യുവതിക്ക് നേരെ അക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ.ചിറക്കല്‍ സ്വദേശി എം നവാസ് (36), പാപ്പിനിശേരി സ്വദേശി കെ മുഹമ്മദ് അലി (36) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.പയ്യാമ്പലം ബീച്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ പള്ളിക്കുന്ന് സ്വദേശിനിയായ യുവതിയാണ് സംഘത്തിന്റെ അക്രമത്തിനിരയായത്.ബൈക്കിൽ ബീച്ചിലെത്തിയ നവാസും അലിയും സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടികളെ കമന്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് യുവതി രംഗത്തെത്തി. ഇതോടെ സംഘം യുവതിക്കു നേരെ തിരിയുകയും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.തള്ളലില്‍ പാറക്കൂട്ടത്തിലേക്ക് വീണ് യുവതിയുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അക്രമി സംഘം സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. കൈക്ക് പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.പിന്നീട് യുവതി കണ്ണൂര്‍ ഡി വൈ എസ് പി കെ വി വേണുഗോപാലിന് പരാതി നൽകുകയായിരുന്നു.തുടർന്ന് ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം ബീച്ച് ഡ്രാഗണ്‍ എന്ന പേരില്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ലോഡ്ജില്‍ നിന്ന് പ്രതികളെ പോലീസ് പിടികൂടിയത്. ഇരുവരും വിദേശത്ത് ജോലി ചെയ്യുന്നവരാണെന്നും അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.