ബംഗളൂരു : കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെ ബംഗളൂരുവിൽ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കൂടെ രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നു. ഒരാളെ പോലീസിൽ ഏൽപ്പിച്ചു. ബാക്കി അഞ്ച് പെൺകുട്ടികളും പോലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടുവെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.ബുധനാഴ്ച വൈകീട്ട് നാല് മണി മുതലാണ് പെൺകുട്ടികളെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ബംഗളൂരുവിൽ എത്തിയതായി കണ്ടെത്തി. മടിവാളയിൽ മലയാളികൾ നടത്തുന്ന സീപേൾ എന്ന ഹോട്ടലിലാണ് പെൺകുട്ടികൾ മുറിയെടുക്കാൻ എത്തിയത്.ഇവരുടെ കൂടെ രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പറയുന്നു. മാദ്ധ്യമ വാർത്തകൾ കണ്ട ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളോട് തിരിച്ചറിയൽ കാർഡ് ചോദിച്ചു. എന്നാൽ ഇതില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് പെൺകുട്ടികളെ അവിടെ തടഞ്ഞ് വെച്ചു. എന്നാൽ പോലീസിൽ എത്തിയപ്പോഴേക്കും അഞ്ച് പെൺകുട്ടികൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഒരാളെ പോലീസിൽ ഏൽപ്പിച്ചു. മടിവാള പോലീസും ഇത് സ്ഥിരീകരിച്ചു.പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കാണാതായത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം കുട്ടികൾ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളിൽ കോണിവെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ചേവായൂർ പോലീസിൽ പരാതി ലഭിച്ചത്.പെൺകുട്ടികളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ആൺകുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രെയിനിൽവെച്ച് പരിചയപ്പെട്ട യുവാക്കളാണെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയിരിക്കുന്നത്.
വയനാട്ടിൽ ഒന്നരക്കോടി രൂപയുടെ കുഴൽപ്പണവേട്ട; കോഴിക്കോട് സ്വദേശികളായ രണ്ടുപേർ പിടിയിൽ
വയനാട്: സുൽത്താൻ ബത്തേരിയിൽ വൻ കുഴൽപ്പണവേട്ട. ബെംഗളൂരുവിൽ നിന്നെത്തിയ പച്ചക്കറി വാഹനത്തിൽ ഒന്നരക്കോടിയിലേറെ രൂപ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ആറ്റകോയ, മുസ്തഫ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്. സുൽത്താൻ ബത്തേരി പൊൻകുഴിയിൽ സംസ്ഥാനാതിർത്തിക്ക് സമീപത്തായിരുന്നു സംഭവം. ബെംഗളൂരു ഭാഗത്ത് നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിൽ, ഡ്രൈവറുടെ സീറ്റിനടുത്തെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പണത്തിന്റെ ഉറവിടം, ആർക്കൊക്കെ നൽകാനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് അറിയിച്ചു.മതിയായ രേഖകളില്ലാതെ കൈവശം വെച്ച 1 കോടി 73 ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും സുൽത്താൻ ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
മതവിദ്വേഷ പ്രസംഗം നടത്തി;കണ്ണൂരിൽ വൈദികനെതിരെ കേസ്
കണ്ണൂർ: മണിക്കല്ലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പൊലീസ് കേസ് എടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറെക്കടവിലിനെതിരെയാണ് കേസ്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. സംഭവത്തിൽ ഉളിക്കൽ പോലീസാണ് കേസെടുത്തത്. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ പ്രസംഗം.ഹലാൽ ഭക്ഷണത്തിനും മതപരിവർത്തനത്തിനുമെതിരെ ഫാ. ആന്റണി തറെക്കടവിൽ സംസാരിച്ചത് വിവാദമാകുകയായിരുന്നു. മണിക്കടവ് സെന്റ് തോമസ് പള്ളിയിൽ കുട്ടികൾക്ക് മതപഠനം നടത്തുന്നയാളാണ് ഫാദർ.
പരിശോധിക്കുന്നവയിൽ 94 ശതമാനവും ഒമിക്രോൺ; സംസ്ഥാനത്ത് മൂന്നാം തരംഗം ഒമിക്രോൺ തരംഗമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.പരിശോധിക്കുന്ന സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോൺ ആണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ കൊറോണ മൂന്നാം തരംഗം ഒമിക്രോൺ തരംഗമാണെന്ന ആശങ്ക മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പിളുകളിൽ 6 ശതമാനം മാത്രമാണ് ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നത്.3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ എത്തുന്നത്. കോവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞ്ഞതായും മന്ത്രി പറഞ്ഞു.വെന്റിലേറ്റര്‍ ഉപയോഗത്തിലും കുറവ് വന്നു. ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കും. സാധാരണ ലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്നുദിവസത്തിനുള്ളില്‍ ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രി ചികിത്സ തേടണം. ഗുരുതര രോഗമുള്ളവരും ആശുപത്രി സേവനം തേടണം.വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടും. രോഗികള്‍ കൂടുന്നതനുസരിച്ച് ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും കൂട്ടും. അതിന് ആരോഗ്യവകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെല്‍ ആരംഭിച്ചിട്ടുണ്ട്. മോണിറ്ററിങ് സെല്‍ നമ്പർ: 0471-2518584
കൊറോണ; സംസ്ഥാനത്ത് ഇന്ന് അരലക്ഷത്തിന് മുകളിൽ രോഗികൾ; 42,653 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 51,739 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂർ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂർ 2152, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസർകോട് 1029 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 57 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 85 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,434 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 237 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,490 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3548 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 464 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42,653 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 5814, കൊല്ലം 2940, പത്തനംതിട്ട 548, ആലപ്പുഴ 1264, കോട്ടയം 3275, ഇടുക്കി 616, എറണാകുളം 12,102, തൃശൂർ 4989, പാലക്കാട് 1895, മലപ്പുറം 1897, കോഴിക്കോട് 4012, വയനാട് 810, കണ്ണൂർ 1973, കാസർകോട് 517 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 3,09,489 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ബത്തേരി കെ എസ് ആര്‍ ടി സി ഡിപ്പോയിൽ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു; കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
വയനാട് :ബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം എം മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ജീവനക്കാരുടെ വിശ്രമ മുറിയിൽ ഇന്ന് രാവിലെയാണ് സംഭവം.ഇന്ന് പുലര്‍ച്ചെ സുല്‍ത്താന്‍ ബത്തേരി കെഎസ്‌ആര്‍ടിസി ഡിപ്പോയിലെത്തിയ തിരുവനന്തപുരത്തു നിന്നുള്ള സൂപ്പര്‍ ഡീലക്സ് ബസ്സിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്. ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഉറങ്ങുന്നതിന്നിടയിലാണ് ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന്‍ കത്തുന്നതാണ്. തുടര്‍ന്ന് ബെര്‍ത്തില്‍ നിന്നും മാറ്റുന്നതിനിടെയാണ് ഇരുവരുടെയും കൈകള്‍ക്ക് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്:എൻഐഎയ്‌ക്ക് തിരിച്ചടി; തടിയന്റവിട നസീറിനേയും കൂട്ടുപ്രതി ഷഫാസിനേയും വെറുതെവിട്ടു
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ എൻഐഎയ്‌ക്ക് തിരിച്ചടി.കേസിലെ ഒന്നാം പ്രതി തടിയന്റെവിടെ നസീർ, നാലാം പ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടു.എൻഐഎ കോടതി വിധിച്ച ഇരട്ട ജീപര്യന്തം റദ്ദാക്കിയാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റെവിടെ നസീർ, നാലാം പ്രതി ഷഫാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇവരെ വെറുതെ വിട്ടത്.അബ്ദുള്‍ ഹാലിം, അബുബക്കര്‍ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും കോടതി തള്ളി.കേസില്‍ ആകെ ഒൻപത് പ്രതികളാണ് ഉള്ളത്. ഇതില്‍ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.2006 മാര്‍ച്ച് മൂന്നിന് ആണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലും സ്‌ഫോടനം നടന്നത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, പിന്നീട് 2009ൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്ത് എൻഐഎ ഏറ്റെടുത്ത തീവ്രവാദ കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 2006 മാർച്ച് 3ന് നടന്ന കോഴിക്കോട് ഇരട്ട സ്‌ഫോടനം. കേസിൽ 2011ൽ പ്രതികൾക്ക് എൻഐഎ കോടതി ഇരട്ട ജീവപര്യന്തം തടവായിരുന്നു ശിക്ഷ വിധിച്ചത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു;നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ ‘സി’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഈ ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കും. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.’സി’ കാറ്റഗറിയിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍ പാടില്ല. തിയറ്റര്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കില്ല. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ ആരാധന മാത്രമേ നടത്താവൂ. നേരത്തെ, കോട്ടയം ജില്ല എ കാറ്റഗറിയിലും ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ബി കാറ്റഗറിയിലും ആയിരുന്നു.മലപ്പുറം, കോഴിക്കോട് ജില്ലകളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. സംസ്ഥാനത്ത് ഫെബ്രുവരി ആറുവരെ കോവിഡ് വ്യാപനം കൂടിയ തോതില്‍ തുടരുമെന്നാണ് കരുതുന്നത്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള ‘സി’ കാറ്റഗറിയില്‍ വരുന്നത്. നേരത്തെ തിരുവനന്തപുരം മാത്രമാണ് ‘സി’ വിഭാഗത്തിലുണ്ടായിരുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ‘സി’ കാറ്റഗറി പട്ടികയില്‍ അഞ്ചു ജില്ലകളായി.
ഗൂഢാലോചന കേസ്:ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി.അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെയും ജാമ്യഹര്‍ജി മാറ്റിയിട്ടുണ്ട്. കേസിൽ ഇവരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 33 മണിക്കൂറാണ് അഞ്ച് പ്രതികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കൂടുതൽ ചോദ്യം ചെയ്യലിനായി ഞായറാഴ്ച മുതൽ മൂന്ന് ദിവസം ദിലീപും മറ്റ് നാല് പ്രതികളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഉത്തരവിടുകയായിരുന്നു.
കൊറോണ അതിതീവ്ര വ്യാപനം;ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും; അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണയുടെ അതിതീവ്ര വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ചർച്ച ചെയ്യുന്നതിനായി അവലോകനയോഗം ഇന്ന് ചേരും.ഇപ്പോള്‍ മൂന്ന് വിഭാഗമായി തിരിച്ചാണ് ജില്ലകളില്‍ കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വിലയിരുത്തി മാറ്റങ്ങള്‍ ആവശ്യമാണോ എന്നു തീരുമാനിക്കും. രോഗികൾ കൂടുതലുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്. മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. കാറ്റഗറി തിരിച്ച് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. ജില്ല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരത്ത് മാത്രമാണ്. ഫെബ്രുവരി ആറ് വരെ സംസ്ഥാനത്ത് രോഗികൾ അരലക്ഷത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുമെന്നാണ് വിലയിരുത്തൽ.കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസവകുപ്പ് ഉന്നതലയോഗം തീരുമാനമെടുക്കും. 1 മുതല്‍ 9 വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന് ,പന്ത്രണ്ട് ഓഫ് ലൈന്‍ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ് കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി എന്നിവ യോഗം ചര്‍ച്ച ചെയ്യും.പരീക്ഷാതിയ്യതി തല്‍ക്കാലം മാറ്റേണ്ടെന്നായിരുന്നു കഴിഞ്ഞ കൊവിഡ് അവലോകനസമിതി തീരുമാനം. എന്നാല്‍ ഇതില്‍ മാറ്റമുണ്ടാകുമോയെന്ന് ഇന്നറിയാന്‍ കഴിയും.