തൊടുപുഴയില്‍ പതിനാലുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം

keralanews 14year old boy brutally beaten by mothers friend in thodupuzha

കൊച്ചി:തൊടുപുഴയില്‍ പതിനാലുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം.കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇയാള്‍ ഇടിക്കുകയും ഫ്രിഡ്ജിന്റെ ഇടയില്‍വെച്ച്‌ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയെ മര്‍ദ്ദിച്ച തൊടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്തു.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ബന്ധുവിനൊപ്പം കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.പൊലീസ് നിര്‍ദ്ദേശ പ്രകാരം ആശുപത്രിയില്‍ ചികില്‍സ തേടിയ പതിനാല് വയസുകാരനെ ഇന്ന് വീട്ടിലേക്ക് മാറ്റി. ഒരുമാസം മുമ്പാണ് തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നത്.

നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചു;റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കൻ ജേർണൽ

keralanews three of those who infected nipah virus survived american journal released the report

കോഴിക്കോട്:നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചതായി റിപ്പോർട്ട്. അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ ജേർണലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ശരീരം സ്വയം പ്രതിരോധ ശേഷി ആര്‍ജിച്ചതിനാലാണ് മൂന്നു പേരും രക്ഷപ്പെട്ടത് എന്നാണ് വിലയിരുത്തല്‍.പരിശോധനയില്‍ ഈ മൂന്ന് പേരിലും നിപ്പയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം 18 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 279 പേരുടെ രക്ത സാംപിളുകള്‍ പിന്നീട് പരിശോധിച്ചു. ഇതില്‍ രണ്ട് ബന്ധുക്കളുടെയും ആരോഗ്യപ്രവര്‍ത്തകന്‍റെയും ശരീരത്തില്‍ നിപ വൈറസിനെതിരെയുള്ള ആന്‍റിബോഡി കണ്ടെത്തിയെന്നാണ് അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിക്കുന്ന എമര്‍ജിങ് ഇന്‍ഫെക്ഷിയസ് ഡിസീസസ് ജേര്‍‌ണലിന്റെ മെയ് ലക്കത്തിലെ ലേഖനത്തില്‍ പറയുന്നത്.ഉയര്‍ന്ന പ്രതിരോധശേഷി കൊണ്ടോ വൈറസുകളുടെ എണ്ണം കുറഞ്ഞതു കൊണ്ടോ ആയിരിക്കാം ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണാതിരുന്നതെന്നാണ് നിഗമനം. ചെന്നൈയിലെ എപിഡമോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് എന്നീ സ്ഥാപനങ്ങളിലെ ആരോഗ്യ വിദഗ്ധര്‍, സംസ്ഥാന ആരോഗ്യ ഡയറക്ടര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ എന്നിവർ ഉള്‍പ്പെടെ 21 പേര്‍ ചേർന്നാണ് ലേഖനം തയ്യാറാക്കിയത്.

മലപ്പുറത്ത് രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

keralanews two muslim league workers injured in malappuram

മലപ്പുറം:താനൂർ അഞ്ചുടിയിൽ രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു.താനൂര്‍ നഗരസഭ കൗണ്‍സിലര്‍ സിപി സലാം, ബന്ധു എപി മൊയ്തീന്‍കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്.മൊയ്തീന്‍ കോയയെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടുന്നത് കണ്ട് തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സലാമിന് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചുടി ഉള്‍പ്പടെയുള്ള തീരദേശ മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കാസര്‍കോട് കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

keralanews muslim league workers who did bogus vote in kasarkode may arrested tomorrow

കാസർകോഡ്:കാസര്‍കോട് കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.മുഹമ്മദ് ഫായിസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇവര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ പോലീസ് കേസെടുക്കും.കല്യാശ്ശേരിയില്‍ പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിലെ 69,70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്തത്.അബ്ദുള്‍ സമദ് ഒരേ ബൂത്തില്‍ രണ്ടുതവണയും വോട്ട് ചെയ്തു. കെ.എം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്ന് തവണ വോട്ട് ചെയ്തതായും കണ്ടെത്തി.

സംസ്ഥാനത്ത് മൽസ്യ ലഭ്യതയിൽ കുറവ്;ലഭ്യത കുറഞ്ഞതോടെ വില കുതിച്ചുയരുന്നു

keralanews availability of fish declaine in kerala and price increases

തിരുവനന്തപുരം:സംസ്ഥാനത്ത് മൽസ്യ ലഭ്യതയിൽ ഗണ്യമായ കുറവ്.ലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയര്‍ന്നു.കടുത്ത ചൂടിനാല്‍ കഴിഞ്ഞ ഒരുമാസമായി കടല്‍മത്സ്യങ്ങള്‍ കിട്ടുന്നത് കുറഞ്ഞിരുന്നു.ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കൂടി വന്നതോടെ മീന്‍പിടിക്കാന്‍ ബോട്ടുകളും തോണികളും കടലില്‍ പോകുന്നില്ല. ഇതോടെ മൂന്ന് ദിവസമായി വിപണിയിലേക്ക് മീന്‍വരവ് നന്നേ കുറഞ്ഞു.അയക്കൂറ, ആവോലി ,മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി.സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും അയലയുടേയും വില സര്‍വ്വകാല റെക്കോര്‍ഡിലാണ്. 120 രൂപയില്‍ നിന്ന് മത്തിക്ക് 200ഉം, 140ല്‍ നിന്ന് അയല വില 280ലുമെത്തി. ചെറുമീനായ നത്തോലി, മാന്ത എന്നിവയുടെ വിലയും മേല്‍പ്പോട്ടാണ്.കാലാവസ്ഥ മുന്നറിയിപ്പ് പിന്‍വലിച്ച്‌ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുംവരെ ഈ സ്ഥിതി തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

അമേത്തിയിൽ സരിത നായർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

keralanews saritha nair will compete in amethi as independent candidate

അമേത്തി:രാഹുൽ ഗാന്ധിയും സ്‌മൃതി ഇറാനിയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന അമേത്തിയിൽ സരിത എസ് നായർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. പച്ചമുളകാണ് സരിതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന ചിഹ്നം. എറണാകുളത്തും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും നേരത്തെ സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട വിശദരേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ പത്രിക തള്ളുകയായിരുന്നു. തിങ്കളാഴ്ച്ചയാണ് അമേത്തിയിൽ തെരഞ്ഞെടുപ്പു നടക്കുന്നത്.

കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടൽ;ഉത്തരവ് നടപ്പാക്കാൻ സമയം നീട്ടി നൽകി

keralanews high court extented the time limit to implement the order to dismiss ksrtc m panal drivers

കൊച്ചി:എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്ക് ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെ.എസ്.ആർ.ടി.സി നൽകിയ ഉപഹർജി പരിഗണിച്ചാണ് സമയം നൽകിയത്.നേരത്തെ ഏപ്രില്‍ 30-നകം 1,565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റ് വഴി പുതിയ നിയമനങ്ങള്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സുപ്രീംകോടതിയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണനയ്ക്ക് വരുന്നുണ്ട്.

കണ്ണൂരിൽ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു

keralanews district collector started investigation in the petition of league bogus voting

കണ്ണൂർ:പാമ്പുരുത്തിയിൽ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു.പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166 ആം ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍, എല്‍ഡിഎഫ് പോളിംഗ് ഏജന്റുമാരായ മുഹമ്മദ് കുഞ്ഞി, സഹീര്‍ എന്നിവരാണ് കളക്ടര്‍ക്ക് മുൻപാകെ ഹാജരായി വിശദീകരണം നല്‍കിയിരിക്കുന്നത്.ഇവരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെട്ടവരെ കളക്ടര്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും.പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകള്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് എല്‍ഡിഎഫ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്;വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

keralanews supreme court stayed the trial in actress attack case

ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി തീരുമാനിച്ചത്.മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.ഹർജി പരിഗണിച്ച കോടതി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതലാണോ എന്നു സംസ്ഥാന സര്‍ക്കാരിനോടു കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ദിലീപിന്‍റെ ഹര്‍ജിയില്‍ ജുലൈയില്‍ കോടതി വാദം കേള്‍ക്കും.നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജികള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കി പോലീസ് കേസെടുക്കുകയായിരുന്നുവെന്നും പോലീസിന്‍റെ കൈവശമുള്ള ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.

കോഴിക്കോട് ചെറുവണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

keralanews three from one family killed when ksrtc bus hits the bike in kozhikkode

കോഴിക്കോട്:കോഴിക്കോട് ചെറുവണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.നല്ലളം ചിലാറ്റിപാരാത്ത് മുല്ല വീട്ടില്‍ ഹസന്‍ കുട്ടി (58), മക്കളായ ബഹാവുദ്ദീന്‍ (18) അബ്ദുല്‍ ഖാദര്‍ (12) എന്നിവരാണ് മരിച്ചത്.മതപഠന പരിപാടി കഴിഞ്ഞ് നല്ലളത്തെ വീട്ടിലേക്ക് മടങ്ങവെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം.കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ്സ് ഇവർ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.ഹസന്‍കുട്ടി, വഹാബുദ്ദീന്‍ എന്നിവര്‍ സംഭവസ്ഥലത്തും അബ്ദുല്‍ കാദര്‍ സ്വകാര്യ ആശുപത്രില്‍ വെച്ചുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.