തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും.ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്‌എസ്‌എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇന്ന് ഉണ്ടാകും.ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. എസ്.എസ്.എല്‍.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) റിസള്‍ട്ട് https://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി റിസള്‍ട്ട് https://thslcexam.kerala.gov.in ലും ലഭ്യമാകും.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്
കാസര്‍കോഡ്:പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. ശരത് ലാലിന്‍റെയും സുഹൃത്തായ ദീപു കൃഷ്ണന്‍റെ വീടിനു നേരെ ഞായറാഴ്ച അർധരാത്രിയോടെയാണ് ബോംബേറുണ്ടായത്.സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കി.
പെരിയ ഇരട്ടക്കൊലപാതകം;ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ മൊഴിയെടുത്തു
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തർ വെട്ടേറ്റ് മരിച്ച കേസിൽ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ മൊഴിയെടുത്തു.ഇന്ന് രാവിലെയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്നതിനായി എംഎല്‍എയെ വിളിച്ചു വരുത്തിയത്. എംഎല്‍എയ്ക്ക് പുറമേ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്റെയും ഏരിയ സെക്രട്ടറി കെ മണികണ്ഠന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫയുടെയും മൊഴികൂടി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായ പീതാംബരന്‍ ഉള്‍പ്പടെ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; സുൽത്താൻ ബത്തേരി സ്വദേശി പിടിയിൽ
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.അബൂദാബിയില്‍ നിന്നെത്തിയ സുൽത്താൻ ബത്തേരി സ്വദേശി നിയാസ് കണ്ണോത്ത് എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്.ഫ്രൂട്ട് ജ്യൂസറിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാൾ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്നും 28 ലക്ഷം രൂപ വിലവരുന്ന 886 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് നിയാസ് കണ്ണൂരിലെത്തിയത്. സംശയം തോന്നി ഫ്രൂട്ട് ജ്യൂസര്‍ കസ്റ്റഡിയിലെടുത്ത് ടെക്‌നീഷ്യനെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
തലശ്ശേരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ബോംബ് സ്ഫോടനം;ഒരാൾക്ക് പരിക്ക്
കണ്ണൂർ:തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ ബോംബ് സ്ഫോടനം. പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. രണ്ടുകൈകൾക്കും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.പ്രദേശത്ത് ബോംബ് സ്ക്വാര്‍ഡ് പരിശോധന നടത്തുന്നു.
നീറ്റ് പരീക്ഷ ഇന്ന്;15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നു;കേരളത്തിൽ നിന്നും ഒരുലക്ഷത്തോളം പേർ
ന്യൂഡൽഹി:മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യത പരീക്ഷയായ ‘നീറ്റ്’ ഇന്ന് നടക്കും.രാജ്യത്താകെ 15.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ നിന്നും ഒരു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതും. ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ചുമണി വരെയാണ് പരീക്ഷ. പതിവ് പോലെ കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും നീറ്റ് പരീക്ഷ നടക്കുക.ഒന്നരക്ക് ശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.ദേശീയ പരീക്ഷ ഏജന്‍സിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും കൈവശം വെക്കണം.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഡ്രസ്സ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് വേണം. കൂര്‍ത്ത, പൈജാമ എന്നിവ പാടില്ല. ചെരിപ്പ് ഉപയോഗിക്കാം, പക്ഷെ ഷൂ പാടില്ല. വാച്ച്, ബ്രെയിസ് ലെറ്റ്, തൊപ്പി,ബെല്‍റ്റ് എന്നിവയും പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കണ്ണടയാകാം എന്നാല്‍ സണ്‍ ഗ്ലീസിന് വിലക്കുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രമാകാം.എന്നാല്‍ ഇവ ധരിക്കുന്നവര്‍ പരിശോധനക്കായി 12.30 ഹാളില്‍ എത്തുകയും വേണം.
ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി:ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.കളമശേരി കൊച്ചിന്‍ സര്‍വകലാശാല ക്യാമ്പസിനു സമീപം പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഭാര്യ ബിന്ദുവും ഒന്നര വയസ്സുള്ള മകൻ ശ്രീഹരിയും ഉറങ്ങുന്നതിനിടെ സജി ഇവരു ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും സജി തീകൊളുത്തി.ശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ കൂടിയതും പൊലീസില്‍ വിവരമറിയിച്ചതും. 60അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജിയും ബിന്ദുവും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. കളമശ്ശേരി വിദ്യാനഗറിനു സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്നു സജിയും കുടുംബവും. അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു സജി.
തമിഴ്‌നാട് റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി;90 മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 150 പേർ അറസ്റ്റിൽ
തമിഴ്‌നാട്:പൊള്ളാച്ചി റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ 90 മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 150 പേർ അറസ്റ്റിൽ.ഇന്നലെയാണ് സംഭവം.ആനമല സേതുമടയില്‍ അണ്ണാനഗറിലെ തെങ്ങിന്‍തോട്ടത്തിലാണ് വാട്സ് ആപ്പ് കൂട്ടായ്മകളില്‍ കൂടി സംഘടിച്ചെത്തിയ ഇവര്‍ സ്വകാര്യ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത്. ശക്തിമാന്‍ എന്നപേരില്‍ 13 വാട്സ് ആപ്പ് കൂട്ടായ്മകള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ പരിപാടിക്കായി എത്തിയത് . വിദ്യാര്‍ഥികള്‍ക്ക് പുറമേ തോട്ടം ഉടമ ഗണേശനും റിസോര്‍ട്ട് ജോലിക്കാരുമടക്കം ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വെള്ളിയാഴ്ച വൈകുന്നേരം റിസോര്‍ട്ടിലേക്ക് കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാര്‍ഥികളെത്തിയത്. അര്‍ധരാത്രിയായപ്പോള്‍ ഉച്ചത്തില്‍ പാട്ടും നൃത്തവും തുടങ്ങി. എല്ലാവരും മദ്യപിച്ചിരുന്നു.ഹെറോയിന്‍, കൊക്കൈന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു.കോയമ്ബത്തൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് കൂടുതലും പിടിയിലായത്. റിസോര്‍ട്ട് നടത്താന്‍ ലൈസന്‍സെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അറക്കൽ സുല്‍ത്താൻ ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു
കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിലെ സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീബി (86) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് തലശ്ശേരി ചേറ്റം കുന്നിലെ സ്വവസതിയായ ‘ഇശലില്‍’ വച്ചാണ് അന്ത്യം സംഭവിച്ചത്. പരേതനായ സി.പി. കുഞ്ഞഹമ്മദ് എളയയാണ് ഭര്‍ത്താവ്. ഏക മകള്‍ ആദിരാജ ഖദീജ സോഫിയ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26 ന് സഹോദരിയും 38 ആമത് അറക്കല്‍ സ്ഥാനിയുമായിരുന്ന അറക്കല്‍ സുല്‍ത്താന്‍ സൈനബ ആയിഷ ആദിരാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഫാത്തിമ മുത്തുബീവി 39 ആമത് അറക്കല്‍ സുല്‍ത്താന്‍ സ്ഥാനം ഏറ്റെടുത്തത്.തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ മഗ്‌രിബ് നമസ്‌ക്കാരത്തിന് ശേഷം മയ്യത്ത് നമസ്‌ക്കാരവും തുടര്‍ന്ന് ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകന്‍ ഇന്‍ത്യാസ് അഹമ്മദ് ആദിരാജ, സഹോദരി പുത്രന്‍ മുഹമ്മദ് റാഫി ആദിരാജ എന്നിവര്‍ അറിയിച്ചു.അറക്കല്‍ കെട്ടിന് സമീപത്തെ കണ്ണൂര്‍ സിറ്റി ജുമാ അത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാരി കൂടിയാണ് അറയ്ക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. കണ്ണൂര്‍ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ന്‍കുന്ന അറയ്ക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് അന്തരിച്ച ആദിരാജ ഫാത്തിമാ മുത്തു ബീവി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം;ആർക്കെതിരെയും പരാതിയില്ലെന്ന് വിദ്യാർത്ഥിനി
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി മൊഴി നൽകി.രാവിലെ 11 മണിയോടെയാണ് പെൺകുട്ടി ആറ്റിങ്ങൽ സ്റ്റേഷനിലെത്തി മൊഴി നൽകിയത്.കടുത്ത മാനസിക സമ്മര്‍ദം അനുഭവപ്പെട്ടതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്നും കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്.അധ്യയന ദിവസങ്ങള്‍ നഷ്ടമായി കൊണ്ടിരുന്നു, ഈ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.നേരത്തെ ആത്മഹത്യാ കുറിപ്പിൽ രണ്ട് എസ്.എഫ്.ഐ വനിതാ നേതാക്കളുടെ പേര് പെൺകുട്ടി പറഞ്ഞിരുന്നു. ഇവരടക്കം സംഘടനാ നേതാക്കൾ പഠിക്കാൻ അനുവദിക്കുന്നില്ലെന്നും പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞ ശേഷം കോളേജിൽ പഠിക്കാൻ കഴിയാതായെന്നുമായിരുന്നു പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വിവരിച്ചത്.