തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;84.33 ആണ് വിജയശതമാനം.വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോടും (87.44%) കുറവ് പത്തനംതിട്ട( 78 %)യിലുമാണ്.14224 കുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 71 ആണ്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം. prd live, Saphalam 2019, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.
അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ മൃതദേഹം ഖബറടക്കി
കണ്ണൂർ:അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ മൃതദേഹം ഖബറടക്കി.തലശ്ശേരി ടൗണ്‍ ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് 12 മണിക്ക് മട്ടമ്ബ്രം ലാലാ ശഹ്ബാസ് മസ്ജിദ് ഖബർസ്ഥാനിലായിരുന്നു സംസ്ക്കാരം.ആയിരക്കണക്കിന് ആളുകളാണ് മൃതദേഹം പൊതുദർശനത്തിനു വെച്ച തലശ്ശേരി ടൌൺ ഹാളിലേക്ക് തങ്ങളുടെ പ്രിയഗായകനെ അവസാനമായി ഒരുനോക്കു കാണാൻ എത്തിയത്.രാവിലെ 9 മണിയോടെ ഭൗതികദേഹം തലശ്ശേരി ടൗണ്‍ഹാളില്‍ എത്തിച്ചു. 11 മണി വരെ പൊതു ദര്‍ശനം നീണ്ടു.മുഖ്യമന്ത്രിക്ക് വേണ്ടി ധര്‍മ്മടം മണ്ഡലം പ്രതിനിധി പി ബാലന്‍, സംസ്ഥാന സര്‍ക്കാറിന് വേണ്ടി കണ്ണൂര്‍ സബ് കളക്ടര്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.സി പി ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എ എന്‍ ഷംസീര്‍ എം എല്‍ എ വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍,ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍, മാപ്പിളപ്പാട്ട് ഗായകര്‍, പാട്ട് എഴുത്തുകാര്‍, ചലച്ചിത്ര താരം ഇന്ദ്രന്‍സ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.എരഞ്ഞോളി മൂസയോടുള്ള ആദരസൂചമായിഉച്ചയ്ക്ക് ഒരു മണി വരെ തലശ്ശേരിയില്‍ കടകമ്പോളങ്ങൾ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് എരഞ്ഞോളി മൂസ അന്തരിച്ചത്.
വിമാനത്തിന്റെ ടയറിനടിയിൽപ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം
കുവൈറ്റ്:കുവൈറ്റ് എയര്‍വേയ്സ് വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളിയായ ജീവനക്കാരന് ദാരുണാന്ത്യം.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. കുവൈറ്റ് എയര്‍വേയ്സിന്റെ് സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് (34) മരിച്ചത്.വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലിലായിരുന്നു അപകടം. ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തില്‍ യാത്രക്കാരോ ജീവനക്കാരോ ഇല്ലായിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് കുവൈറ്റ് എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു.തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. ഭാര്യ സോഫിന, മകള്‍ നൈനിക ആനന്ദ്.മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് എത്തിക്കും.
തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ കൊലപാതകം;അമ്മയും അറസ്റ്റിലാകും
ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ കുട്ടിയുടെ അമ്മയും അറസ്റ്റിലാകും. ഇന്നോ നാളെയോ അമ്മയെ അറസ്റ്റ് രേഖപ്പെടുത്താനാണ് ഉന്നത തലത്തില്‍ പൊലീസ് എടുത്ത തീരുമാനം.സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ അമ്മ പരാജയപ്പെട്ടിട്ടുണ്ടെന്ന അന്വേഷണ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ബാലനീതി നിയമം 75 ആം വകുപ്പ് അനുസരിച്ചാണ് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസ് എടുക്കാന്‍ ശിശുക്ഷേമ സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇളയ കുട്ടിയുടെ മൊഴിയും തിരുവനന്തപുരത്തെയും ഇടുക്കിയിലെയും ശിശുക്ഷേമ സമിതിയുടെയും ശുപാര്‍ശ പ്രകാരമാണ് പൊലീസ് നടപടി.അമ്മയുടെ സാന്നിധ്യത്തിലാണ് ഏഴുവയസുകാരന്‍ അമ്മയുടെ കാമുകനാല്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. ഈ മര്‍ദ്ദനമാണ് കുട്ടിയുടെ മരണത്തിനു കാരണമായത്. അമ്മയുടെ കാമുകന്‍ അറസ്റ്റിലായിട്ടും മര്‍ദ്ദനത്തിനു കൂട്ടുനിന്ന അമ്മ സംരക്ഷിക്കപ്പെടുന്നതില്‍ എതിര്‍പ്പ് ശക്തമായിരുന്നു.പപ്പിക്കുട്ടി എന്ന് സോഷ്യല്‍ മീഡിയ പുനര്‍നാമകരണം ചെയ്ത ഏഴുവയസുകാരന് നീതിതേടിയാണ് സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളുംകഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഈ യോഗത്തിനു ശേഷം തീരുമാനിച്ച സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്താണ് പി.സി.ജോര്‍ജ് എംഎല്‍എ എത്തിയത്. ഇതിനിടെ മർദനമേറ്റു മരിച്ച കുട്ടിയുടെ ഇളയ സഹോദരനെ കുട്ടിയുടെ പിതാവിന്റെ അച്ഛനോടൊപ്പം വിട്ടു.ഇടുക്കി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് കുട്ടിയുടെ സംരക്ഷണം മുത്തച്ഛന് കൈമാറിയത്.
സരിത നായർക്കെതിരെ ആക്രമണം
കൊച്ചി: കൊച്ചിയില്‍ കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി സരിതാ എസ് നായരുടെ പരാതി. കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വെച്ച് കാറിന്‍റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും വാഹനത്തിന്‍റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തുവെന്നാണ് സരിതാ എസ് നായരുടെ പരാതി. തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.രാത്രി 8.30 ഓടെയാണ് തന്‍റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം നടത്തിയത്.ബുള്ളറ്റിലെത്തിയ അക്രമികളില്‍ ഒരാള്‍ കാറിന് മുന്നിലെത്തി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ഈ സമയം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി കാറിന്‍റെ ഗ്ലാസ് തകര്‍ത്തുവെന്നും സരിത പൊലീസിനോട് പറഞ്ഞു. ആക്രമണത്തില്‍ കാറിന്‍റെ ഇടതുവശത്തെ ഗ്ലാസ് തകര്‍ന്നുവെന്നും പല ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും സരിത പറഞ്ഞു. അക്രമികള്‍ തന്‍റെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് മുതിരാതെ നേരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും സരിത പറഞ്ഞു.
കല്ലട ബസ്സിലെ മർദനം;ബസ് ഉടമ കല്ലട സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും ആര്‍ടിഒ നോട്ടീസ് നല്‍കി
കൊച്ചി:കല്ലട ബസ്സിൽ യാത്രക്കാരെ ബസ് ഉടമ കല്ലട സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും എറണാകുളം ആര്‍ടിഒ നോട്ടീസ് നല്‍കി.അഞ്ച് ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകാനാണ് നിർദേശം.സുരേഷിനൊപ്പം ഹരിപ്പാട് വരെ ഓടിയ ബസ്സിന്റെ ഡ്രൈവറിനും തുടര്‍ന്ന് വൈറ്റില വരെ യാത്രക്കാരെ എത്തിച്ച രണ്ടാമത്തെ ബസ്സിന്റെ ഡ്രൈവറിനുമാണ് നിലവില്‍ ഹാജരാകാന്‍ നിര്‍ദേശം വന്നിരിക്കുന്നത്. എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ മുന്നിലാണ് തെളിവെടുപ്പിനായി ഹാജരാകേണ്ടത്.കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിക്ക് ഇന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ശുപാര്‍ശ ചെയ്തിരുന്നു.ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എറണാകുളം ആര്‍ടിഒയുടെ നടപടി.
കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശ തള്ളി
തിരുവനന്തപുരം:കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം എന്‍.പി സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശ തള്ളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കുവാന്‍ കഴിയൂവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു.കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുത്ത പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം സലീനയെ അയോഗ്യയാക്കണമെന്ന് കാട്ടിയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടി നല്‍കി.അതുകൊണ്ട് എന്‍പി സലീനയെ അയോഗ്യയാക്കാനുള്ള അപേക്ഷ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു;98.11 ശതമാനം വിജയം
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു.98.11 ആണ് ഇത്തവണ വിജയശതമാനം.പരീക്ഷ എഴുതിയ കുട്ടികളില്‍ 4,26,513 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.37,334 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലക്കാണ്. 99.33 ശതമാനം. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്. 93.22 ശതമാനം.മലപ്പുറമാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല. 2493 കുട്ടികള്‍ക്കാണ് എ പ്ലസ് ലഭിച്ചത്. ഇത്തവണ ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ലെന്ന് ഡിപിഐ അറിയിച്ചു. ആരുടെയും ഫലം തടഞ്ഞുവെച്ചിട്ടുമില്ല. 599 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുമേനി വിജയം നേടി.സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ എഴുതാം. പരമാവധി മൂന്ന് വിഷയം എഴുതാമെന്നും ഡിപിഐ അറിയിച്ചു.www.keralapareekshabhavan.in, www.results.kerala.nic.in, www.results.kite.kerala.gov.in, sslcexam.kerala.gov.in and www. prd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ഫലം അറിയാനാവും. പിആര്‍ഡി ലൈവ്, സഫലം ആപ്പുകള്‍ വഴിയും ഫലമറിയാം.വ്യക്തിഗത റിസല്‍റ്റിനു പുറമെ സ്കൂള്‍,വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസല്‍റ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസല്‍റ്റ് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭ്യമാകും.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് ഫലം പ്രഖ്യാപിച്ചത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു
തലശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ (75) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ തലശേരിയിലെ വീട്ടിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച കലാകാരനായിരുന്നു മൂസ.”വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ തന്റെ പാട്ടുജീവിതം തുടങ്ങുന്നത്.പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ച അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകന്‍ കൂടിയായിരുന്നു. മൂന്നുറിലേറെ തവണ കലാപരിപാടികള്‍ക്കായി അദ്ദേഹം വിദേശത്ത് പോയിട്ടുണ്ട്.എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്‍റെയും മകനാണ്.കുഞ്ഞാമിയാണ് ഭാര്യ, മക്കള്‍; നസീറ, നിസാര്‍, സാദിഖ്, സമീം, സാജിദ.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം;മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്.തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് വൈകീട്ട് നാലുമണിക്കായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയില്‍ സഹകരണവകുപ്പ് മന്ത്രി അധ്യക്ഷനാകും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് അനുമതി തേടി കണ്‍സ്യൂമര്‍ഫെഡ് എംഡി സംസ്ഥാനത്തെ വോട്ടെടുപ്പിന് പിന്നാലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഇതിന് രേഖമൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയത്.