പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരം ഇന്ന്

keralanews thrissur pooram today (2)

തൃശൂർ:പൂരപ്രേമികൾക്ക് ആവേശമായി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്.ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂര ലഹരിയിലാണ്. രാവിലെ ഏഴിന് കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങള്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് പൂരങ്ങളുടെ പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്.ചെറു പൂരങ്ങള്‍ ഒന്നൊന്നായി ഇന്ന് രാവിലെ തന്നെ വടക്കുംനാഥന്റെ മണ്ണിലെത്തി വണങ്ങി മടങ്ങും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പതിനൊന്നോടെ നടക്കും.2.30നു പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ പെരുവനം കുട്ടന്‍ മാരാരുടെ ചെമ്ബടമേളം. രണ്ട് മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ഇലഞ്ഞിത്തറമേളം. രണ്ടേമുക്കാലോടുകൂടി ശ്രീമൂലസ്ഥാനത്ത് തിരുവമ്ബാടി വിഭാഗത്തിന്റെ പാണ്ടിമേളം. വൈകിട്ട് അഞ്ചരയ്ക്ക് തെക്കേഗോപുരനടയില്‍ മഹാവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. രാത്രി 11 മണിക്ക് പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യം. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്.നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് തൃശൂര്‍ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 ലധികം പൊലീസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. 100ലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവര്‍ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 25 കിലോ സ്വർണ്ണം പിടികൂടി

keralanews 25kg of gold seized from thiruvananthapuram airport

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 25 കിലോ സ്വർണ്ണം പിടികൂടി.ഡിആ‌ര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്‍റെ പക്കല്‍ നിന്നാണ് എട്ട് കോടി വിലവരുന്ന സ്വര്‍ണ ബിസ്കറ്റുകള്‍ പിടിച്ചെടുത്തത്. ഒമാനില്‍ നിന്നാണ് സുനില്‍ തിരുവനന്തപുരത്തെത്തിയത്.ഒമാനില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരെയും സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ചിക്കൻപോക്സ് പടർന്നുപിടിക്കുന്നു; ജാഗ്രത നിർദേശം നൽകി

keralanews chickenpox is spreading in the state and alert issued

കൊച്ചി:വേനൽചൂട് കനത്തതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് പടർന്നുപിടിക്കുന്നു.11 ദിവസത്തിനിടെ 746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാ ജില്ലയിലും ദിവസവും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍. മലപ്പുറത്തുമാത്രം 139 പേര്‍ക്കാണ് ഈ മാസം ഒന്നുമുതല്‍ 11 വരെ രോഗം ബാധിച്ചത്.അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതിനനുസരിച്ചാണ് രോഗം പടരുന്നത്. ഏപ്രിലിലും മേയിലും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.രോഗികളെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെങ്കിലും എളുപ്പത്തില്‍ പടരുന്നതിനാല്‍ പ്രത്യേക ജാഗ്രതവേണം.ചൊള്ള എന്നും പൊട്ടി എന്നും പ്രാദേശികമായി അറിയപ്പെടുന്ന, വായുവിലൂടെ വളരെ വേഗത്തില്‍ പകരുന്ന വൈറസ് രോഗമാണ് ചിക്കന്‍പോക്സ്. നേരിയ ചൊറിച്ചിലോടുകൂടി തുടങ്ങുന്ന ചുവന്നുതിണര്‍ത്ത പാടുകളില്‍നിന്ന് തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകള്‍പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് പ്രധാന രോഗലക്ഷണം. ഇതിനുമുന്നോടിയായി തലവേദന, പനി, ക്ഷീണം എന്നിവയും അനുഭവപ്പെടാം. കുരുക്കള്‍ പിന്നീട് ശരീരത്തിലാകമാനം വ്യാപിക്കുകയും ചൊറിച്ചിലുണ്ടാവുകയും ചെയ്യും.10-21ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗം ബാധിച്ചയാള്‍ മൂക്കുചീറ്റിയാലും തുമ്മിയാലും രോഗം ബാധിച്ച ശരീരഭാഗങ്ങളില്‍ മറ്റൊരാള്‍ സ്പര്‍ശിച്ചാലും പകരും.

ഓടുന്ന ബൈക്കിനുള്ളിൽ പാമ്പ്! യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

keralanews snake found in a moving bike and passenger narrowly escaped

പൊയിനാച്ചി:ഓടുന്ന ബൈക്കിനുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തി.ശനിയാഴ്ച രാത്രി പത്തോടെ കൊളത്തൂര്‍ പെര്‍ളടുക്കത്താണ് സംഭവം നടന്നത്. കാസര്‍കോട്ടു നിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന്‍ 23 കിലോമീറ്റര്‍ യാത്രചെയ്ത ശേഷമാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ടത്. ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളിലേക്ക് പാമ്പ് കയറി വരുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്.കൊളത്തൂര്‍ പതിക്കാല്‍ കാളരാത്രി ഭഗവതി ക്ഷേത്രം കമാനത്തിനടുത്ത റോഡുപണി നടക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ ബൈക്ക് കുലുങ്ങുകയും അപ്പോൾ പാമ്പ് തല നീട്ടി പെട്രോള്‍ ടാങ്കിന്റെ മുകളിലേക്ക് ഇഴഞ്ഞെത്തുകയുമായിരുന്നു. ബൈക്ക് ഒരു വിധം നിര്‍ത്തി യുവാവ് റോഡരികില്‍ ഉണ്ടായിരുന്നവരോട് സംഭവം പറഞ്ഞു. ഉടനെ എല്ലാവരും ഓടിയെത്തി വിഷപ്പാമ്പിനെ പുറത്തെടുത്ത് തല്ലികൊല്ലുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗത്തെ ഹാന്‍ഡിലിനോട് ചേര്‍ന്ന മീറ്റര്‍ ബോക്‌സിനടിയില്‍ പാമ്പ് നേരത്തെ കയറിക്കൂടിയതാണെന്നാണ് സംശയിക്കുന്നത്.

യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

keralanews young malayalam director found dead in railway track

വടക്കാഞ്ചേരി:യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മ്മയുടെ മകന്‍ അരുണ്‍ വര്‍മ്മയെ (27)ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍പ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തന്റെ ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കുകയായിരുന്നു അരുൺ.സിനിമാ മേഖലയില്‍ സമീപകാലത്ത് സജീവമായ അരുണ്‍ വര്‍മ്മയുടെ ആദ്യചിത്രമാണ് ‘തഗ് ലൈഫ്’. ജൂലൈയിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സിനിമയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന അരുണ്‍ നാലു വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.

പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കി ജില്ലാ കലക്ടര്‍;അനുമതി കർശന ഉപാധികളോടെ

keralanews collector give permission to thechikkottukavu ramachandran to participate in thrissur pooram

തൃശൂർ:തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.മെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുന്നാഥ ക്ഷേത്രത്തിന്റെ വടക്കേനട തള്ളിത്തുറക്കുന്ന വിളംബര ചടങ്ങിലാണ് രാമചന്ദ്രന്‍ ഉണ്ടാകുക.അതേസമയം കര്‍ശന നിബന്ധനകളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കലക്ടര്‍ അനുമതി നല്‍കിയത്.നാല് പാപ്പാന്മാര്‍ കൂടെ വേണം, ആനയുടെ പത്തു മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വെയ്ക്കണം, രാവിലെ 9.30 മണി മുതല്‍ 10.30 വരെയുള്ള സമയത്തില്‍ മാത്രമേ എഴുന്നെള്ളിക്കാവൂ എന്നിവയാണ് നിർദേശങ്ങൾ.ജനങ്ങളുടെ സുരക്ഷയെ മുന്നില്‍കണ്ടാണ് ഈ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ഗജവീരനില്‍ മദപ്പാടില്ലെന്നും ആരോഗ്യവാനെന്നും പരിശോധനാ സംഘം റിപ്പോര്‍ട്ടു നല്‍കിയതോടെ കലക്റ്റർ കടുംപിടുത്തം ഒഴിവാക്കി എഴുന്നെള്ളിപ്പിന് അനുമതി നല്‍കുകയായിരുന്നു.മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം. ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.

തൊടുപുഴയിൽ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജാമ്യം

keralanews mother got bail in the case of murder of seven year old boy in thodupuzha

കൊച്ചി:തൊടുപുഴയിൽ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കുട്ടിയുടെ  അമ്മയ്ക്ക് ജാമ്യം അനുവദിച്ചു.കുറ്റകൃത്യം മറച്ചുവച്ചതിനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയ അരുണ്‍ ആനന്ദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ അമ്മ പങ്കാളിയാകാത്തതിനാലാണ് തൊടുപുഴ മുട്ടംകോടതി ജാമ്യം അനുവദിച്ചത്.10 വര്‍‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുട്ടിയുടെ അമ്മ ചെയ്തത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ദിവസങ്ങളോളം വെന്റിലേറ്ററില്‍ തുടര്‍ന്ന ശേഷം ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങിയത്.

മദപ്പാടോ മുറിവുകളോ ഇല്ല;തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂർണ്ണ ആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്

keralanews the medical report says that thechikottukavu ramachandran is totally healthy

തൃശൂര്‍: ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂര്‍ണആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്.മദപ്പാടിന്റെ ലക്ഷണങ്ങളോ മറ്റ് മുറിവുകളോ രാമചന്ദ്രന്റെ ശരീരത്തില്‍ ഇല്ലെന്നും ആന പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയന്നു.ജില്ലാ കളക്‌ടര്‍ ടി.വി അനുപമ നിയോഗിച്ച മൂന്നംഗ മെഡിക്കല്‍ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആനയ്‌ക്ക് മദപ്പാടുണ്ടോ, ശരീരത്തില്‍ മുറിവുകളുണ്ടോ, അനുസരണക്കേട് കാട്ടുന്നുണ്ടോ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് മെഡിക്കല്‍ സംഘം പരിശോധിച്ചത്.അനുസരണക്കേട് കാട്ടുന്നുണ്ടോ എന്ന് അറിയാൻ അതിരാവിലെ ആനയെ കുളിപ്പിക്കുന്ന സമയത്താണ് മെഡിക്കൽ സംഘം എത്തിയത്.ഈ നേരമായിരിക്കും ആനകള്‍ അനുസരണാ ശീലങ്ങള്‍ കാണിക്കുക. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. ആനയുടെ ശരീരത്തില്‍ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ റിപ്പോര്‍ട്ട് കളക്‌ടര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ നെയ്‌തലക്കാവ് ഭഗവതിയെ തിടമ്ബേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും.രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിക്ക് ഇതില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിന് ശേഷമാണ് ആരോഗ്യ ക്ഷമതാ പരിശോധന നടത്താന്‍ തീരുമാനമെടുത്തത്.ആരോഗ്യം അനുകൂലമാണെങ്കില്‍ പൂരവിളംബരത്തിന് തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെ ഒരു മണിക്കൂര്‍ ഉള്‍പ്പെടുത്തുമെന്ന് തൃശൂര്‍ കലക്ടര്‍ അനുപമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തൃശ്ശൂരിൽ ഓട്ടോയും ടാങ്കർലോറിയും കൂട്ടിയിടിച്ച് ആറുവയസ്സുകാരൻ മരിച്ചു;ഏഴുപേർക്ക് പരിക്കേറ്റു

keralanews six year old boy died and seven injured when the tanker lorry hits auto in thrissur

തൃശൂർ:തൃശ്ശൂരിൽ ഓട്ടോയും ടാങ്കർലോറിയും കൂട്ടിയിടിച്ച് ആറുവയസ്സുകാരൻ മരിച്ചു.അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.തിരൂര്‍ സ്വദേശി ആറുവയസ്സുള്ള അലന്‍ ആണ് മരിച്ചത്. തൃശ്ശൂര്‍ മുണ്ടൂരിനു സമീപം പുറ്റേക്കരയിലാണ് അപകടം നടന്നത്.ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സ്ഥിതീകരണം;തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച്ചയെന്ന് ടീ​ക്കാ​റാം മീ​ണ

keralanews bogus votting confirmed in kannur

കണ്ണൂർ:ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സ്ഥിതീകരണം.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണിതെന്നും കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പാമ്ബുരുത്തി, ധര്‍മ്മടം എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നത്. 10 കള്ളവോട്ടുകള്‍ നടന്നതായാണ് സ്ഥിരീകരണം. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി. എഫ് എന്നീ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസെടുക്കും.എല്‍ഡിഎഫ്-യുഡിഎഫ് പോളിംഗ് ഏജന്‍റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധച്ച ശേഷമാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്.