കൊച്ചി:ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു.കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്ബുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാമ്ബൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് ഷാമ്പു വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ട് ഉത്തരിവിറങ്ങുന്നത്.സംസ്ഥാന ഡ്രഗ് കണ്‍ട്രോളറാണ് ഉത്തരവിട്ടത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്ബനിയുടെ ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിന് കാരമാകുന്നവെന്ന ആരോപണം നേരത്തേയും ഉയര്‍ന്നിരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ പൗഡര്‍ കാന്‍സറിന് കാരണമായി എന്ന പരാതിയില്‍ 22 സ്ത്രീകള്‍ക്ക് 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ അമേരിക്കന്‍ കോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു.ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചു എന്നായിരന്നു കേസ്. കഴിഞ്ഞ 40 വര്‍ഷമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ ഉല്‍പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന അസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ട്. എന്നാല്‍ കമ്പനി ഇത് മറച്ചുവെക്കുകയായിരുന്നെന്നായിരുന്നു പരാതിക്കാരുടെ വാദം.
സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ മാത്രം 35 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 15 പേര്‍ക്ക് ഈ വര്‍ഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്. 2017-18 വര്‍ഷത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 2018-19ല്‍ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയില്‍ 8 ജില്ലകള്‍ പൂര്‍ത്തിയായപ്പോള്‍ 194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആറ് ജില്ലകളില്‍ പരിശോധന തുടരുകയാണ്.പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടാത്തതാണ് രോഗം പടരുവാനുമുള്ള കാരണം. വായുവിലൂടെയാണ് കുഷ്ഠരോഗം പടരുന്നത് തുടക്കത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാം. കുഷ്ഠരോഗത്തിന് പ്രത്യേക രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തത് കാരണം പലരും തുടക്കത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടാറില്ല അസുഖം ഞരമ്പുകളെ ബാധിക്കുന്നത് കൊണ്ട് തന്നെ അംഗവൈകല്യവും ഉണ്ടാവും.കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് അശ്വമേധം എന്ന പേരില്‍ രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് ആദിവാസി മേഖലകളില്‍ ഉള്‍പ്പടെ ത്വക് രോഗ വിദഗ്ധരുടെ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.
വ്യാപാരക്കമ്മീഷന്‍ 30 ശതമാനമാക്കി കുറച്ചു; കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും
കൊച്ചി: വ്യാപാരക്കമ്മീഷന്‍ 30 ശതമാനമാക്കി കുറച്ചതോടെ കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും.ഒന്‍പതെണ്ണം കൂടി പട്ടികയില്‍ എത്തുന്നതോടെ വില കുറയുന്ന ബ്രാന്‍ഡുകളുടെ എണ്ണം 473 ആയി. നേരത്തെ ഇത് 390 ആയിരുന്നു.കാന്‍സര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഭീഷണിയാകും വിധത്തില്‍ വളര്‍ന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വ്യാപാരക്കമ്മീഷന്‍ കുറച്ചത്.മരുന്ന് വിപണിയില്‍ പല തട്ടുകളിലായി അമിത ലാഭമുണ്ടാക്കുന്നതിനാലാണ് മരുന്നുകള്‍ക്ക് ഇത്രയും വില വരുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് 42 രാസമൂലകങ്ങളുടെ കമ്മീഷന്‍ പരമാവധി 30 ശതമാനമാക്കി നിശ്ചയിച്ചത്. ഈ രാസമൂലകങ്ങള്‍ ചേരുന്ന ബ്രാന്‍ഡിനങ്ങളുടെ വിലയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താനാവാത്ത രോഗത്തിന് ഉപയോഗിക്കുന്ന പെമെട്രെക്‌സ്ഡ് 500 എംജി കുത്തിവെപ്പ് മരുന്നിനാണ് ഏറ്റവും വിലക്കുറവ്. ഇതിന്റെ പെമെക്‌സല്‍ എന്ന ബ്രാന്‍ഡിന് 22,000 രൂപയായിരുന്നു വില. ഇതിനിപ്പോള്‍ 2,880 രൂപ മാത്രമായെന്നാണ് ദേശീയ ഔഷധവില നിയന്ത്രണസമിതി വ്യക്തമാക്കിയിരിക്കുന്നത്. ഇതേ ബ്രാന്‍ഡ് 100 എംജിയുടെ വിലയും 7700 രൂപയില്‍ നിന്ന് 800 രൂപയായി കുറഞ്ഞിട്ടുണ്ട്.
നെയ്യാറ്റിന്‍കരയിലെ ആത്മഹത്യക്ക് കാരണം കുടുബവഴക്ക്;കൂടുതല്‍ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ കുറിപ്പുകൾ പുറത്ത്. ലേഖയുടെതെന്ന് കരുതുന്ന കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക്കിൽ, സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം തൻറെ തലയിൽ കെട്ടിവയ്ക്കാൻ ചന്ദ്രനും കൃഷ്ണമ്മയും ശ്രമിച്ചിരുന്നതായി പറയുന്നു.കടം കയറിയ വീട് വില്‍ക്കുന്നതിനുളള എല്ലാ ശ്രമങ്ങളും ഭര്‍ത്തൃമാതാവായ കൃഷ്ണമ്മ തടഞ്ഞുവെന്ന് ആരോപിക്കുന്ന മറ്റൊരു എഴുത്തും പോലീസിനു ലഭിച്ചു.നോട്ട് ബുക്കില്‍ എഴുതിയ കുറിപ്പുകള്‍ പോലീസിന്റെ കൈവശമുണ്ട്.ഭര്‍ത്തൃമാതാവായ കൃഷ്ണമ്മക്ക് വീട് വിറ്റ് കടംവീട്ടാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. പകരം പൂജകള്‍ നടത്തുന്നതിനാണ് താല്‍പര്യം ഉണ്ടായിരുന്നത്. ഭര്‍ത്തൃമാതാവായ കൃഷ്ണമ്മ, അനുജത്തി ശാന്തി എന്നീവര്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു.പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നോട്ട് ബുക്കിൽ ലേഖ നേരിട്ടിരുന്ന മാനസിക സംഘർഷങ്ങൾ വ്യക്തമാക്കുന്നുണ്ട്. കടങ്ങൾ എങ്ങനെ ഉണ്ടായിയെന്നും ഗൾഫിൽ നിന്ന് താൻ അയച്ച പണം എന്ത് ചെയ്തുവെന്നും ആർക്ക് കൊടുത്തുവെന്നും ചോദിച്ചു ചന്ദ്രനും കൃഷ്ണമ്മയും കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു ശ്രമം. തന്നെ സമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കാർ ഭർത്താവിന്റെ അമ്മ ശ്രമിച്ചിരുന്നതായും കുറിപ്പിലുണ്ട്. ഓരോ ദിവസത്തെയും ചെലവുകൾ സംബന്ധിച്ചും ബുക്കിൽ പരാമർശമുണ്ട്.
മട്ടന്നൂരിൽ ഇടിമിന്നലേറ്റ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു
കണ്ണൂർ:മട്ടന്നൂരിൽ ഇടിമിന്നലേറ്റ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു.ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാല്‍ (26) എന്നിവരാണ് മരിച്ചത്. ചാവശേരി പത്തൊൻപതാം മൈലില്‍ വാടക കെട്ടിടത്തില്‍ താമസിച്ച് വരികയായിരുന്നു.മരിച്ചവര്‍ പെയിന്റിംഗ് തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം ശക്തമായ ഇടിമിന്നല്‍ ഉള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു
കൊല്ലം:മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍(88) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കെ കരുണാകരൻ, എ.കെ ആൻറണി മന്ത്രിസഭകളിലായി നാല് തവണ മന്ത്രിയായിരുന്നു കടവൂര്‍ ശിവദാസന്‍. വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.തേവള്ളി ഗവ. ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എസ്.എന്‍. കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടിയശേഷം എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. ആര്‍.എസ്.പിയിലൂടെയായിരുന്നു കടവൂര്‍ ശിവദാസന്‍റെ രാഷ്ട്രീയ പ്രവേശം. 1980ലും 82ലും ആര്‍.എസ്.പി പ്രതിനിധിയായി കടവൂര്‍ ശിവദാസന്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. പിന്നീട് കോണ്‍ഗ്രസിലെത്തി കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ മുഖ്യ നേതാവായി മാറി. 1991, 96, 2001 വര്‍ഷങ്ങളിലും നിയമസഭയിലെത്തി. അസംഘടിത തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക എന്നത് ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ച നേതാവായിരുന്നു അദ്ദേഹം.എല്ലാ മേഖലയിലും ക്ഷേമനിധി ബോര്‍ഡ് എന്ന ആശയം തന്നെ കേരളത്തില്‍ നടപ്പില്‍ വന്നത് കടവൂരിന്റെ ഇടപെടല്‍ കാരണമാണ്. ഭാര്യ: വിജയമ്മ. മക്കള്‍: മിനി എസ്., ഷാജി ശിവദാസന്‍.മൃതദേഹം രാവിലെ 10 മണി മുതല്‍ കൊല്ലം ഡി.സി.സി ഓഫീസിലും 11 മണി മുതല്‍ വീട്ടിലും പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം വൈകീട്ട് നാലിന് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.
കണ്ണൂരും കാസർകോട്ടും കള്ളവോട്ട് നടന്ന നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിംഗ് നടക്കും
കാസര്‍ഗോഡ്: കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും ഞായറാഴ്ച റീപോളിംഗ് നടക്കും.കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പർ ബൂത്തുകളിലും കണ്ണൂര്‍ പാമ്ബുരുത്തി മാപ്പിള എ.യു.പി.എസ് 166 ആം നമ്പർ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്.കള്ളവോട്ട് നടന്ന ബുത്തുകളില്‍ റീപോളിംഗ് നടത്തിയേക്കുമെന്ന് രാവിലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. റീപോളിംഗ് പ്രഖ്യാപിച്ച ബൂത്തുകളില്‍ ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ പോളിംഗ് നടക്കും. ഈ ബൂത്തുകളില്‍ ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം പരസ്യപ്രചരണം നടത്താം. ശനിയാഴ്ച നിശബ്ദ പ്രചരണം നടത്താം. കള്ളവോട്ട് നടന്നതായി പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസായിരുന്നു ഇക്കാര്യത്തില്‍ ആദ്യ പരാതി നല്‍കിയത്. സിസിടിവി ക്യാമറാ ദൃശ്യങ്ങളോടൊപ്പമായിരുന്നു പരാതി. ദൃശ്യങ്ങള്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
നെയ്യാറ്റിൻകര ആത്മഹത്യാ കേസ്;പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ബാങ്ക് ജപ്തി നടപടികൾക്കിടയിൽ അമ്മയും മകളും ആത്മഹത്യാ ചെയ്ത സംഭവത്തിലെ പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് കാണിച്ചാകും പൊലീസ് കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കുക.ആത്മഹത്യാ ചെയ്ത ലേഖയുടെ ഭര്‍ത്താവായ ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും.
കള്ളവോട്ട്;കാസർകോഡ് നാല് ബൂത്തുകളിൽ റീപോളിങ്ങിന് സാധ്യത
കാസര്‍കോട്:ലോക്സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിങ്ങിന് സാധ്യത.കല്യാശ്ശേരിയിലെ 19, 69, 79 ,ബൂത്തുകളിലും പയ്യന്നൂരിലെ 48 ബൂത്തിലുമാണ് റീ പോളിങ് നടക്കാന്‍ സാധ്യത.ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും.ഈ മാസം 19 നാണ് റീപോളിങ് നടക്കാൻ സാധ്യത.
പെരിയ ഇരട്ടക്കൊലകേസ്;വിദേശത്തായിരുന്ന എട്ടാംപ്രതി പിടിയിൽ
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിദേശത്തായിരുന്ന എട്ടാം പ്രതി പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പാക്കം സ്വദേശി സുബിഷാണ് പിടിയിലായത്.വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയ ഇയാളെ മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. കൊലപാതകം നടന്ന് രണ്ടു ദിവസത്തിനു ശേഷം ഷാര്‍ജയിലേക്ക് കടന്നതായിരുന്നു പ്രതി. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയായിരുന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച തന്നെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്റര്‍പോളിന്റെയടക്കം സഹായത്തോടെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം നടത്തിവരുന്നതിനിടെയാണ് പ്രതി മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ കഴിഞ്ഞ ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനേയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.കേസില്‍ പ്രതികളായ സി പി എം മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരനെയും സംഘത്തെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം നല്‍കിയ കുറ്റത്തിന് ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനേയും എന്നിവരെയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.