കണ്ണൂർ:കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴു ബൂത്തുകളിൽ ഇന്നലെ നടന്ന റീപോളിങ് സമാധാനപരമായിരുന്നു.ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് അല്‍പനേരം പോളിങ് തടസ്സപ്പെട്ടു.കംപാനിയന്‍ വോട്ടിന് വോട്ടറുടെ ഐഡി കാര്‍ഡിനു പുറമെ വോട്ടു ചെയ്യുന്നവരുടെ തിരിച്ചറിയല്‍ രേഖ കൂടി ആവശ്യപ്പെട്ടതോടെ കുന്നിരിക്ക ബൂത്ത് 52 ല്‍ തർക്കമുണ്ടായി.എന്നാല്‍ കാര്യങ്ങള്‍ രമ്യമായി പരിഹരിച്ചു. പാമ്ബുരുത്തി ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ റജിസ്റ്ററിലുള്ള കണക്കും പൊരുത്തപ്പെടാതെ വന്നത് ആശയക്കുഴപ്പമുണ്ടാക്കി.എന്നാല്‍ വോട്ടിങ് ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.റീ പോളിങ് നടന്നപ്പോള്‍ ഉണ്ടായ പോളിങ് ശതമാനവും 23 ന് നടന്ന പോളിങ് ശതമാനം ബ്രാക്കറ്റിലും നല്‍കിയിരിക്കുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കൂളിയോട് ജിഎച്ച്‌എസ് ബൂത്ത് 48 84.14 (88.9), പിലാത്തറ യുപി സ്‌കൂള്‍ ബൂത്ത് 19 83.04 (88.82), പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ ബൂത്ത് 69 77.77 (80.08), ബൂത്ത് 70 71.76 (79.16), കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്ബുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് 166 82.81 (82.95), ധര്‍മടം കുന്നിരിക്ക യുപി സ്‌കൂള്‍ ബൂത്ത് 52 88.86 (91.32), ബൂത്ത് 53 85.08 (89.05).
പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്
പയ്യന്നൂർ:കള്ളവോട്ട് കണ്ടെത്തിയതിനെ കഴിഞ്ഞ ദിവസം റീപോളിങ് നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കോണ്‍ഗ്രസ് ബൂത്ത് ഏജന്റായിരുന്ന പിലാത്തറ പുത്തൂരിലെ വി ടി വി പത്മനാഭന്റെ വീടിന് നേരെ ബോംബേറുണ്ടായത്.ബോംബേറിൽ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ചുമരുകള്‍ക്കും കേടുപാടുകള്‍ പറ്റി. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കല്ല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ 19ആം ബൂത്തിലെ കോണ്‍ഗ്രസ് ഏജന്റായിരുന്നു പത്മനാഭന്‍.രാവിലെ ചെറിയ രീതിയില്‍ പിലാത്തറയില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയിൽ ബോംബേറുണ്ടായത്. പോളിങ് സമാധാനപരമായി കഴിഞ്ഞതിന് പിന്നാലെ അര്‍ധരാത്രിയോടെ നടത്തിയ അക്രമം ആസൂത്രിതമാണെന്നും പരാജയഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
റീപോളിംഗ് നടക്കുന്നിടത്ത് വോട്ട് ചോദിച്ചു; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ എൽഡിഎഫ് പരാതി നൽകി
കാസർകോഡ്:റീപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നമ്പർ 19ല്‍ ക്യൂവില്‍ നിന്നവരോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചോദിച്ചെന്ന പരാതിയുമായി എൽഡിഎഫ്.എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.രാവിലെ ആറരയോടെ പിലാത്തറ സ്‌കൂളിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചെയ്യാന്‍ വരിനിന്നവരോട് വോട്ടഭ്യര്‍ഥിച്ചെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് സ്ഥാനാര്‍ഥിക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിങ് പുരോഗമിക്കുകയാണ്.ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത് . 9 മണി വരെ 17 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴ് ബൂത്തുകളിൽ റീപോളിങ് പുരോഗമിക്കുന്നു
കണ്ണൂർ:കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിങ് നടക്കുന്ന കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴ് ബൂത്തുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 9 മണി വരെ 17 ശതമാനത്തിലധികം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കാസര്‍കോട് തൃക്കരിപ്പൂര്‍ കൂളിയോട് ജി.എച്ച്.എസ് ന്യൂബില്‍ഡിങ് ബൂത്ത് നമ്പർ 48, കണ്ണൂര്‍ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോര്‍ത്ത് ബൂത്ത് നമ്പർ 52, കണ്ണൂര്‍ കുന്നിരിക്ക യുപി എസ് വേങ്ങാട് സൗത്ത് ബൂത്ത് നമ്പർ 53 , കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പർ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ 69,70 ബൂത്തുകള്‍, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് എന്നിവിടങ്ങളിലാണ് ഇന്ന് റീപോളിങ് നടക്കുന്നത്.കണ്ണൂര്‍ ധര്‍മടത്ത് റീപോളിങ് നടക്കുന്ന സ്‌കൂള്‍ വളപ്പിനുള്ളില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.വോട്ടെടുപ്പ് നടക്കുന്ന കുന്നിരിക്ക യുപി സ്‌കൂളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ നീക്കി. റീപോളിങ്ങിന് മുഖം മറച്ചെത്തുന്ന വോട്ടര്‍മാരുടെ മുഖാവരണം നീക്കി പരിശോധിക്കും. ഇതിനായി ബൂത്തുകളില്‍ ഓരോ ഉദ്യോഗസ്ഥയെ വീതം അധികം നിയോഗിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ ചിത്രവുമായി ഇവര്‍ ഒത്തുനോക്കും. ഇതിനു ബൂത്തില്‍ പ്രത്യേക മറ ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. ഓരോ ഡിവൈഎസ്പിക്കു വീതമാണു സുരക്ഷാച്ചുമതല. എല്ലായിടത്തും വെബ് കാസ്റ്റിങ്ങും വിഡിയോ ചിത്രീകരണവുമുണ്ട്.
മലപ്പുറത്ത് പത്തുവയസുകാരിയുടെ മരണ കാരണം നെഗ്ലേറിയ ഫൗലെറിയെന്ന വൈറസ്ബാധമൂലമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം: മലപ്പുറം അരിപ്രയില്‍ 10 വയസ്സുകാരി മരിച്ചത് നെഗ്ലേറിയ ഫൗലെറിയെന്ന അതീവ മാരകമായ ഏകകോശജീവി കാരണമുള്ള മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് ആരോഗ്യവകുപ്പ്.അരിപ്ര ചെറിയച്ഛന്‍വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ഐശ്വര്യയാണ് വ്യാഴാഴ്ച മരിച്ചത്.കുട്ടിയുടെ നട്ടെല്ലിലെ സ്രവം പരിശോധിച്ചപ്പോഴാണ് നെഗ്ലേറിയ ഫൗലെറി രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കുട്ടി മരിച്ചു.ഈ രോഗം ബാധിച്ചാല്‍ രക്ഷപ്പെടുന്നത് അപൂര്‍വമാണ്.രോഗകാരണം കണ്ടെത്തിയെങ്കിലും ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.
കല്യാണമണ്ഡപം ബുക്ക് ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ബാലാവകാശ കമ്മീഷൻ നിര്‍ദേശം
തിരുവനന്തപുരം:കല്യാണമണ്ഡപം ബുക്ക് ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ബാലാവകാശ കമ്മീഷൻ നിര്‍ദേശം.കല്യാണമണ്ഡപം ബുക്ക് ചെയ്യാനെത്തുന്നവരില്‍ നിന്നു വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃതരേഖ വിവാഹമണ്ഡപ അധികൃതര്‍ ചോദിച്ചുവാങ്ങണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് സൂക്ഷിച്ചുവെക്കുകയും വേണം. ശൈശവ വിവാഹങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം.വധുവിനോ വരനോ പ്രായം കുറവാണെന്ന് കണ്ടാല്‍ മണ്ഡപം അനുവദിക്കരുതെന്നും ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതില്‍ വീഴ്ച ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; പൊലീസുകാരില്‍ നിന്ന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം : പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് ഇതുവരെ പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.മാധ്യമ വാര്‍ത്തകളുടെയും മറ്റു ചില പരാതികളുടേയും അടിസ്ഥാനത്തില്‍ ആരോപണങ്ങളുടെ വസ്തുത തേടി 2019 മെയ് 6ന് ഡി.ജി.പിക്കു കത്തെഴുതി.സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 15 ദിവസം കൂടി ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഫലപ്രഖ്യാപനത്തിന് ശേഷം ട്രൈബ്യൂണലില്‍ ഹരജി നല്‍കാവുന്നതാണ്.തപാല്‍ ബാലറ്റ് വിതരണം സംബന്ധിച്ച് 2014ല്‍ കമ്മീഷന്‍ കൊണ്ടുവന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയിറക്കിയ സര്‍ക്കുലര്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരമുള്ളതാണെന്നും ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നതായും വിശദീകരണത്തില്‍ പറയുന്നു.പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇന്ന് നിശബ്ദ പ്രചാരണം;കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴു ബൂത്തുകളിൽ നാളെ റീപോളിങ്
കണ്ണൂർ:കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാളെ റീപോളിങ് നടക്കുന്ന കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണം നടക്കും.കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്. കടുത്ത മത്സരം നടന്നതിനാല്‍ റീപോളിങിനെ അതീവഗൗരവമായാണ് മുന്നണികള്‍ സമീപിക്കുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും വീടുകയറിയുള്ള സ്‌ക്വാഡ് പ്രചാരണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. റീപോളിങ് നടക്കുന്ന നാലു ബൂത്തിലും തെരഞ്ഞെടുപ്പ് ചുമതലയ്‌ക്കു പുതിയ ഉദ്യോഗസ്‌ഥരെയാകും നിയോഗിക്കുക. പോളിങ് സ്‌റ്റേഷനിലും പരിസരങ്ങളിലും അതീവസുരക്ഷ എര്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെബ്‌കാസ്‌റ്റിങ്ങ് വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനവും ഒരുക്കും.കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ചീമേനിയിലെത്തി വോട്ടര്‍മാരെ കാണും. മുംബൈയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ ഇന്ന് എല്ലാ ബൂത്തുകളിലും എത്തും. ചികിത്സയിലുള്ള കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിമാരും വീടുകള്‍ കയറി പ്രചാരണം നടത്തും.
റിപോളിങ്;പാമ്പുരുത്തിയിൽ വോട്ട് കൊടുക്കാനെത്തിയ പി കെ ശ്രീമതി ടീച്ചറെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു;സ്ഥലത്ത് സംഘർഷം
കണ്ണൂര്‍:റീപോളിങ് നടക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പാമ്പുരുത്തിയിൽ വോട്ടു ചോദിക്കാനെത്തിയ പി കെ ശ്രീമതി ടീച്ചറെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബൂത്ത് പരിധിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം വീടുകയറി വോട്ടഭ്യര്‍ഥിക്കുന്നതിനിടയിലാണ് ലീഗ് പ്രവര്‍ത്തകര്‍ തടസ്സവുമായെത്തിയത്. പാമ്പുരുത്തി ജെട്ടി കോര്‍ണറിലെ ഒരു വീട്ടിലെത്തിയ ടീച്ചര്‍ സ്ത്രീകളോട് സംസാരിച്ചുകൊണ്ടിരിക്കെ പുറത്തു നിന്നെത്തിയ ഒരു ലീഗ് പ്രവര്‍ത്തകന്‍ ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു. വീടു കയറി വോട്ട് ചോദിക്കരുതെന്നും ഇവിടെ നിന്നിറങ്ങണമെന്നും അയാള്‍ പറഞ്ഞു. വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തര്‍ക്കും മാധ്യമ സംഘത്തിനു നേരെയും അയാൾ തട്ടിക്കയറി.നിമിഷങ്ങള്‍ക്കകം കൂടുതല്‍ ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി എല്‍ഡിഎഫ് പ്രവര്‍ത്തകരെ തടഞ്ഞു.വോട്ട് ചോദിക്കുന്നതില്‍ തെറ്റെന്താണെന്നു ചോദിച്ചപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു മറുപടി.എല്‍ഡിഎഫ് പ്രവര്‍ത്തകരെ ലീഗുകാര്‍ പിടിച്ചു തള്ളുകയും ചെയ്തു.ഒടുവിൽ മയ്യില്‍ പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചു വിട്ടത്. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലാണ് ശ്രീമതി ടീച്ചര്‍ ബാക്കിയുള്ള വീടുകളില്‍ കയറി വോട്ടഭ്യര്‍ഥിച്ചത്.
കള്ളവോട്ട്;കാസർകോഡ്,കണ്ണൂർ ജില്ലകളിൽ മൂന്നിടങ്ങളിൽ കൂടി റീപോളിങ്
കണ്ണൂർ:കാസർകോഡ്,കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം.19 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.ഇതോടെ മൊത്തം ഏഴു ബൂത്തുകളില്‍ റീ പോളിംഗ് നടക്കും.നേരത്തെ നാലു ബൂത്തുകളില്‍ റീ പോളിംഗ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു.കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്പർ 48 കൂളിയാട് ജി. എച്ച്. എസ് ന്യൂബില്‍ഡിംഗ്, കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്പർ 52 കുന്നിരിക്ക യു. പി. എസ് വേങ്ങാട് നോര്‍ത്ത്, ബൂത്ത് നമ്പർ 53 കുന്നിരിക്ക യു. പി. എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്.കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്ളോക്ക്, കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവയാണ് നേരത്തെ റീപോളിങ് നടത്താൻ തീരുമാനിച്ച നാല് ബൂത്തുകൾ.റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്‌ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സർവറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് നടത്താൻ തീരുമാനമെടുത്തത്.