കണ്ണൂർ: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിച്ചിരിക്കേ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയിലേറെയും ഇനിയും തിരിച്ചെത്തിയില്ല.കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 4748 പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്.ഇതിൽ 1854 പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ തിരിച്ചെത്തിയത്. 2894 പോസ്റ്റല്‍ ബാലറ്റുകള്‍ ഇനിയും തിരിച്ചെത്തേണ്ടതുണ്ട്.വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണി വരെയാണ് പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കപ്പെടുക.നാളെ വൈകീട്ട് മൂന്ന് മണി വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തി രജിസ്ട്രര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റിന്റേയും സ്ഥാനാര്‍ത്ഥികളുടേയും സാന്നിധ്യത്തില്‍ കലക്‌ട്രേറ്റില്‍ നിന്നും വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് മാറ്റും. നാളെ മൂന്ന് മുതല്‍ വോട്ടെണ്ണല്‍ ദിനമായ 23 ന് രാവിലെ 8 മണിവരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ റിട്ടേണിങ് ഓഫീസര്‍ നേരിട്ട് സ്വീകരിക്കും.കണ്ണൂര്‍ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ്, സര്‍വ്വീസ് വോട്ട് എന്നിവ എണ്ണുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉള്ള പരിശീലനം നല്‍കുകയുണ്ടായി. പോസ്റ്റല്‍ ബാലറ്റുകള്‍ സര്‍വ്വീസ് വോട്ടുകള്‍ എന്നിവ എണ്ണുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ആറ് മേശകളും സര്‍വ്വീസ് വോട്ടെണ്ണാനായി 14 മേശകളും സജ്ജീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങിയ ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ ആരംഭിക്കുക.
മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ അലുമിനിയം ഏണി വൈദ്യുതി ലൈനില്‍ തട്ടി ദമ്പതികൾ അടക്കം മൂന്നു പേര്‍ ഷോക്കേറ്റ് മരിച്ചു
മടിക്കേരി:മടിക്കേരിയില്‍ കാപ്പിത്തോട്ടത്തില്‍ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ അലുമിനിയം ഏണി വൈദ്യുതി ലൈനില്‍ തട്ടി കാസര്‍കോട്ടെ ദമ്പതികൾ അടക്കം മൂന്നു പേര്‍ ഷോക്കേറ്റ് മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.കാസര്‍കോട് സ്വദേശി അനില്‍ (45), ഭാര്യ കവിത (38), മടിക്കേരി ചെമ്പന സ്വദേശി ദായന തമ്മയ്യ (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സുനിത എന്ന സ്ത്രീയെ മടിക്കേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മടിക്കേരി സ്വദേശി മാതണ്ടി കുഞ്ഞപ്പയുടെ ഉടമസ്ഥതയിലുള്ള ബെല്ലമാവട്ടി ദൊഡ്ഡ പുലിക്കോട്ടയിലെ കാപ്പിത്തോട്ടത്തില്‍ കഴിഞ്ഞ ദിവസം രാവിലെ 11.30 മണിയോടെയാണ് അപകടമുണ്ടായത്. മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന അലുമിനിയം ഏണി 11 കെ വി വൈദ്യുതിലൈനില്‍ തട്ടുകയായിരുന്നു.ദായന തമ്മയ്യക്കാണ് ആദ്യം ഷോക്കേറ്റത്. ഇയാളെ രക്ഷിക്കുന്നതിനിടയില്‍ മറ്റുള്ളവരും അപകടത്തില്‍പെടുകയായിരുന്നു. മരിച്ച അനില്‍- കവിത ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്.
തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം
തിരുവനന്തപുരം:പവര്‍ഹൗസ് റോഡിന് സമീപം വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ചെല്ലം അംബ്രല്ല മാര്‍ട്ട് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.ഇന്ന് രാവിലെയാണ് വ്യാപാരസ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ അഞ്ചുയൂണിറ്റുകള്‍ ചേര്‍ന്ന് തീ അണയ്ക്കാനുളള ശ്രമത്തിലാണ്.സ്ഥാപനത്തില്‍ നിന്നും പുക ഉയരുകയാണ്. കിഴക്കേക്കോട്ട വ്യാപാരസമുച്ചയം, ചാല മാര്‍ക്കറ്റ്, നിരവധി വ്യാപാര സ്ഥാപനങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ സമീപത്തായി സ്ഥിതി ചെയ്യുന്നുവെന്നത് ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. തീപിടിത്തത്തിന്റെ ഉത്ഭവസ്ഥാനം ഇനിയും കണ്ടെത്താന്‍ കഴിയാത്തതാണ് അഗ്നിശമന സേനയെ ഏറെ കുഴപ്പിക്കുന്നത്.എം.ജി റോഡില്‍ നിന്നാണ് അഗ്നിശമന സേന വെള്ളം പമ്ബു ചെയ്യുന്നത്.മറ്റു പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാനുളള ശ്രമവും തുടരുകയാണ്. തിരക്കേറിയ സമയത്താണ് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. അതുകൊണ്ട് തന്നെ പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ മറ്റന്നാൾ നടക്കും;സംസ്ഥാനത്തുടനീളം കർശന സുരക്ഷ ഏർപ്പെടുത്തി
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ നടക്കും.വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇതിനായി ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 22000 ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.ഇവരില്‍ 111 ഡിവൈഎസ‌്പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്‌ഐ, എഎസ്‌ഐമാരും ഉള്‍പ്പെടുന്നു. കേന്ദ്ര സായുധസേനയില്‍നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും ലോക്നാഥ് ബഹ്റ അറിയിച്ചു. പ്രശ്നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഏര്‍പ്പാടാക്കി. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണം; സർക്കാർ അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ച പരാജയം
തിരുവനന്തപുരം: ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേർത്ത അധ്യാപക സംഘടനകളുടെ യോഗം ഫലം കണ്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗമാണ് ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞത്. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ യോഗത്തില്‍ അറിയിച്ചു.ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളെല്ലാം ഒറ്റക്കെട്ടായി ഏകീകരണത്തെ എതിര്‍ക്കുകയും ചര്‍ച്ച ബഹിഷ്കരിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം ഹൈസ്കൂള്‍ അധ്യാപകരുടെ പ്രതിപക്ഷ സംഘടനയും ഏകീകരണത്തെ എതിര്‍ത്തു. ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനെതിരെ ജൂണ്‍ മൂന്ന് മുതല്‍ സമരം ആരംഭിക്കുമെന്ന് അധ്യാപകസംഘടനാ പ്രതിനിധികള്‍ അറിയിച്ചു. വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി ഇനി ചര്‍ച്ച നടത്തുമെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്നും സംയുക്ത അധ്യാപക സമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്‍റ് ഇന്ന് രാവിലെ 10-ന് പ്രസിദ്ധീകരിക്കും.ഏകജാലകപ്രവേശനത്തിന് ലഭ്യമായ 242570 സീറ്റുകളിലേക്ക് 200099 പേരെയാണ് അലോട്ട്മെന്‍റ് നടത്തിയത്. മൊത്തം 479730 അപേക്ഷകരാണ് ഇത്തവണയുള്ളത്. www.hscap.kerala.gov.in എന്ന പോര്‍ട്ടലില്‍ ആണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങളും ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്.ട്രയല്‍ റിസല്‍ട്ട് ചൊവ്വാഴ്ച വരെ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാം. വെള്ളിയാഴ്ച നടക്കുന്ന ഒന്നാം അലോട്ട്മെന്‍റിലെ സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ട്രയല്‍ അലോട്ട്മെന്‍റ്.ട്രയല്‍ അലോട്ട്മെന്‍റിനുശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ വരുത്താം. തിരുത്തലിനുള്ള അപേക്ഷ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്കു മുൻപ് ആദ്യം അപേക്ഷിച്ച സ്കൂളുകളില്‍ സമര്‍പ്പിക്കണം.തെറ്റായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടും.
പെരിയ ഇരട്ടക്കൊലപാതകം;ക്രൈം ബ്രാഞ്ച് അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൊലപ്പെടുത്തിയ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.തിങ്കളാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുള്‍പ്പെടെയുള്ള തെളിവുകള്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.അന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും സമര്‍പ്പിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഫെബ്രുവരി 19 ന് അറസ്റ്റിലായ കേസിലെ ഒന്നാം പ്രതി സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരന്റെ 90 ദിവസം റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയാകുന്നതോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ദിവസങ്ങള്‍ക്ക് മുൻപ് രേഖപ്പെടുത്തി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. ഒന്നാം പ്രതി പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു.
കണ്ണൂരിൽ നിന്നും ഗോ എയർ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു
കണ്ണൂർ:മെയ് 31 മുതൽ കണ്ണൂരിൽ നിന്നും ഗോ എയർ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു.മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് കമ്പനിയുടെ തീരുമാനം.മസ്കറ്റിലേക്ക് ആഴ്ചയില്‍ ബുധന്‍, വെളളി, ഞായര്‍, ദിവസങ്ങളിലും അബുദാബിയിലേക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് നിലവില്‍ കണ്ണൂരില്‍ നിന്നുളള ഗോ എയറിന്‍റെ സര്‍വീസുകള്‍.
പ്രളയത്തിന് കാരണം അതിവർഷം;അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി:സംസ്ഥാനത്ത് കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍.അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയ പഠനമല്ലെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകള്‍വച്ചാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്രജലക്കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന് അമിക്കസ് ക്യൂറി ആശ്രയിച്ചിരിക്കുന്ന നാലു പഠനങ്ങളില്‍ രണ്ടും ശാസ്ത്രീയമല്ല. റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ ചുമതലകള്‍ വരെ സംസ്ഥാനത്തിന്റെ വീഴ്ചയായി കണക്കാക്കിയെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സാധിച്ചില്ലെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.ഹൈക്കോടതിയിലാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി. ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.
കോഴിക്കോട് കുറുക്കന്റെ കടിയേറ്റ് സ്ത്രീകളും കുട്ടികളുമടക്കം 11 പേര്‍ക്ക് പരിക്ക്
കോഴിക്കോട്:കോഴിക്കോട് ഊരള്ളൂരിൽ കുറുക്കന്റെ കടിയേറ്റ് സ്ത്രീകളും കുട്ടികളുമടക്കം 11 പേര്‍ക്ക് പരിക്ക്.ഇന്നലെ രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം.പരിക്കേറ്റവർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.ആളുകളുടെ ബഹളം കേട്ട് ഓടിയെത്തിയര്‍ക്കെല്ലാം കുറുക്കന്റെ കടിയേറ്റു. ഏഴ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മിക്കവര്‍ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്.നാട്ടുകാരെ ആക്രമിച്ച കുറുക്കനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കടിയേറ്റവര്‍ക്ക് പേ വിഷബാധയ്‌ക്കെതിരായി കുത്തിവെയ്‌പ്പ് നല്‍കി.