തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കേരളത്തിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുന്നു.പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മുന്നേറുകയാണ്.
വോട്ടെണ്ണൽ ആരംഭിച്ചു;ദേശീയതലത്തിൽ എൻഡിഎ ക്ക് മുൻതൂക്കം;കേരളത്തിൽ ഒപ്പത്തിനൊപ്പം
ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ദേശീയ തലത്തിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയാണ്.ആദ്യ ഫലസൂചനയനുസരിച്ച് 24 മണ്ഡലങ്ങളിൽ പതിനാറിടങ്ങളിലും ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്.ആറിടത്ത് കോൺഗ്രസ് മുന്നിലാണ്.കേരളത്തിൽ പത്തു സീറ്റുകളിലായി എൽഡിഎഫും യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്.കാസർകോഡ്,കണ്ണൂർ,വടകര, കോഴിക്കോട്, ആറ്റിങ്ങൽ,കൊല്ലം,ആലപ്പുഴ,ആറ്റിങ്ങൽ,തൃശൂർ,പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.
ജനവിധി ഇന്നറിയാം;വോട്ടെണ്ണൽ അല്പസമയത്തിനകം
ന്യൂഡൽഹി:പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എണ്ണിത്തുടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി.കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 29 കേന്ദ്രങ്ങളിലായി കൃത്യം എട്ടുമണിക്ക് തന്നെ എണ്ണിത്തുടങ്ങും.പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ അറിയാൻ സാധിക്കും.പതിനൊന്നുമണിയോടെ തിരഞ്ഞെടുപ്പിലെ ഏകദേശ ട്രെൻഡുകൾ മനസിലാക്കാം.വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ആറളത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം; ഭീതിയോടെ നിവാസികൾ
ഇരിട്ടി:ആറളത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതിനെ തുടർന്ന് നാട്ടുകാർ ഭീതിയിൽ.പ്രദേശത്ത് നിരവധി പേരുടെ കാർഷികവിളകൾക്കാണ് ആന നാശം വരുത്തിയിരിക്കുന്നത്.ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തിൽ നിന്നുമാണ് മൂന്നെണ്ണം കക്കുവപ്പുഴയും കടന്ന് ജനവാസമേഖലയിലെത്തിയത്. വാഴകളും തെങ്ങുകളുമാണ് വ്യാപകമായി നശിപ്പിച്ചത്. ഒരുമാസത്തിനിടയിൽ മൂന്നും നാലും തവണയാണ് ആനക്കൂട്ടം എത്തുന്നത്.ആനയെ ഭയന്ന് ടാപ്പിങ് പോലും പ്രദേശവാസികളിൽ ചിലർ നിർത്തിവെച്ചിരിക്കുകയാണ്.പ്രദേശത്ത് നിരവധി പേരുടെ കാർഷികവിളകൾക്ക് കനത്തനാശം ഉണ്ടായിട്ടും പലർക്കും അർഹതപ്പെട്ട നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല.
നടൻ സിദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവനടി രംഗത്ത്
തിരുവനന്തപുരം:നടൻ സിദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്.2016 ഇൽ തിരുവനന്തപുരം നിള തീയേറ്ററിൽ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ നടക്കുന്നതിനിടെ സിദ്ധിക്ക് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ‘അമ്മ സംഘടനയുടെ പ്രതികരണമറിയിക്കാനെത്തിയ സിദിക്കിന്റെയും കെ.പി.എസ്.സി ലളിതയുടെയും വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടി ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
രേവതി സമ്പത്തിന്റെ ഫേസ്ബുക് പോസ്റ്റ്:
‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ എനിക്ക് അഭിപ്രായം പറയുന്നതിൽ നിന്നും എന്നെ തടഞ്ഞു നിർത്താനാവുന്നില്ല.2016 ഇൽ തിരുവനന്തപുരം നിള തീയേറ്ററിൽ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ നടക്കുന്നതിനിടെ നടൻ സിദ്ധിക്ക് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു.വാക്കാലുള്ള ലൈംഗികാധിക്ഷേപം ഇരുപത്തിയൊന്നാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി.അതുണ്ടാക്കിയ ആഘാതം ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.അവൾ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്.നിങ്ങളുടെ മകൾക്ക് സമാനമായ ഒരനുഭവമുണ്ടായാൽ നിങ്ങൾ എന്ത് ചെയ്യും?ഇതുപോലുള്ള ഒരു മനുഷ്യന് എങ്ങനെയാണു ഡബ്ലിയൂ സി സി യെപോലുള്ള അന്തസുള്ള ഒരു സംഘടനയ്‌ക്കെതിരെ വിരൽ ചൂണ്ടാനാകുന്നത്?നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ?സ്വയം ചിന്തിച്ചു നോക്ക്.ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട സ്വയം പ്രഖ്യാപിത യോഗ്യന്മാരെ കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു’-ഇങ്ങനെ പറഞ്ഞാണ് രേവതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വോട്ടെണ്ണൽ നാളെ;രാജ്യം ആര് ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി
തിരുവനന്തപുരം:കാത്തിരിപ്പിന‌് വിരാമം കുറിച്ച‌് പതിനേഴാം ലോക്സഭാ ഇലെക്ഷൻറെ ഫലം നാളെ അറിയും.കേരളത്തിൽ വ്യാഴാഴ‌്ച 29 ഇടത്തായി 140 കേന്ദ്രത്തിലാണ‌് വോട്ടെണ്ണൽ നടക്കുക. എക‌്സിറ്റ‌്പോൾ പ്രവചനങ്ങളുടെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിലും യഥാർഥ ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ‌് കേരളം. രാവിലെ എട്ടിന‌് തപാൽ വോട്ടുകളാണ‌് ആദ്യം എണ്ണുക. ഒപ്പം സർവീസ‌് വോട്ടുകളുടെ സ‌്കാനിങ‌് ആരംഭിക്കും.ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ടേബിളുകള്‍ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും.വോട്ടിങ‌് യന്ത്രത്തിലെ എണ്ണൽ രാവിലെ എട്ടരയോടെ ആരംഭിക്കും. ആദ്യഫലസൂചന രാവിലെ ഒമ്പതോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും.ഒരു റൗണ്ട‌് എണ്ണിക്കഴിഞ്ഞ‌് ലീഡ‌് നില തെരഞ്ഞെടുപ്പ‌് കമീഷന്റെയും എൻഐസിയുടെയും പോർട്ടലിലേക്ക‌് അപ‌്‌ലോഡ‌് ചെയ‌്ത ശേഷമേ അടുത്ത റൗണ്ട‌് എണ്ണൂ. സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വൊട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്ക റാം മീണ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ക്ക് കനത്തസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്ത് മാതൃക വോട്ടെണ്ണൽ കേന്ദ്രവും സജ്ജമാക്കി.തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസിലെ വിദ്യാനഗറിലാണ് മാതൃകാവോട്ടെണ്ണല്‍ കേന്ദ്രം.വ്യാഴാഴ്ച രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും. തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക.ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാകുക. 2640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ദിവസം സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സായുധസേനയില്‍നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.
നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
പുതിയതുറ:നടൻ ദിലീപിന്റെയും നാദിര്ഷയുടെയും ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്‌ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍ എസ് ഗോപകുമാര്‍ പറഞ്ഞു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ദിലീപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ഷമീര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ട്രെയിന്‍ വരുമ്പോൾ ട്രാക്കിലൂടെ ബൈക്കോടിച്ച് കമിതാക്കള്‍;ആത്മഹത്യ ശ്രമമോ അട്ടിമറിയോ എന്ന സംശയത്തിൽ പോലീസ്
തിരുവനന്തപുരം: ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിന്‍ വരുമ്പോൾ റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച് കമിതാക്കള്‍.അമരവിള എയ്തുകൊണ്ടകാണി ലെവല്‍ ക്രോസിന് സമീപത്ത് ഞായറാഴ്ച രാത്രി 12.30നാണ് സംഭവം.ട്രെയിന്‍ കടന്നുപോകുന്നതിന് തൊട്ടുമുന്‍പായി ഗേറ്റ്കീപ്പര്‍ ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് യുവാവും യുവതിയും ബൈക്കില്‍ ട്രാക്കിലേക്ക് കയറിയത്. പെട്ടെന്ന് തന്നെ ഗേറ്റ്കീപ്പര്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ലോക്കോ പൈലറ്റിന് തീവണ്ടി നിര്‍ത്തിയിടാന്‍ നിര്‍ദേശം നല്‍കി.ദുരന്തമൊഴിവാക്കാന്‍ ഗുരുവായൂര്‍ എക്സ്പ്രസ് 20 മിനിറ്റ് നിര്‍ത്തിയിട്ടു.തുടര്‍ന്ന് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ട്രാക്കിനരികില്‍ കേരള രജിസ്ട്രേഷനുള്ള ബൈക്ക് കണ്ടെത്തി.എന്നാല്‍ യുവാവും യുവതിയും ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് അരമണിക്കൂറിലേറെ വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്. സംഭവത്തില്‍ റെയില്‍വേ പൊലീസും ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടിമറി ശ്രമമാണോ ആത്മഹത്യ ശ്രമമാണോയെന്ന അന്വേഷണത്തിലാണ് പൊലീസ്.ബൈക്കിന്റെ നമ്പർ പൊലീസിന് കൈമാറിയെങ്കിലും അന്വേഷണത്തില്‍ ഇത് വ്യാജ നമ്പറാണെന്ന് തെളിഞ്ഞു. ഇതാണ് സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവാന്‍ കാരണമായത്.
തലസ്ഥാനത്തെ തീപിടുത്തം;നാലു കടകൾ കത്തിനശിച്ചു;വീടുകളിലേക്കും തീപടരുന്നു
തിരുവനന്തപുരം:നഗരത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നാല് കടകൾ കത്തിനശിച്ചു.കുടകളും ബാഗുമെല്ലാം വില്‍ക്കുന്ന ചെല്ലം അബ്രല്ലാ മാര്‍ട്ടിലാണ് ആദ്യം തീ പിടിച്ചത്. ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. കട പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കുമെല്ലാം പടരുകയായിരുന്നു. ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും അടക്കം തൊട്ട് തൊട്ട് കടകളിരിക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും ഇതിനകം തന്നെ തീ പടര്‍ന്നിട്ടുണ്ട്.തൊട്ട് തൊട്ട് ഇരിക്കുന്ന കടകളായതിനാല്‍ വളരെ ശ്രമകരമായ ജോലിയാണ് ഫയര്‍ഫോഴ്സിനും . കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളില്‍ ചിലത് അടച്ചിട്ട നിലയിലുമാണ്. ചെങ്കല്‍ ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നുമെല്ലാം ഫയര്‍ എന്‍ജിനുകളെത്തി തീയണക്കാന്‍ ശ്രമിക്കുന്നുണ്ട്. കടകളില്‍ നിന്നും വീടുകളില്‍ നിന്നുമെല്ലാം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി.വലിയതോതില്‍ പരിശ്രമിച്ചിട്ടും രണ്ട് മണിക്കൂറിന് ശേഷവും തീ അണയ്കക്കാന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല. എംജി റോഡില്‍ ഇതുവഴിയുള്ള ഗതാഗതമെല്ലാം നിയന്ത്രിച്ചിട്ടുണ്ട്. രൂക്ഷമായ ഗതാഗത കുരുക്കാണ് തലസ്ഥാന നഗരത്തില്‍ അനുഭവപ്പെടുന്നത്.തീ ആളിപ്പടരുന്നതിന് തൊട്ടടുത്തുള്ള പവ്വര്‍ ഹൗസ് റോഡിലെ നാല് ട്രാൻസ്ഫോർമറുകൾ കെഎസ്‌ഇബി ഓഫ് ചെയ്തു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചിട്ടുണ്ട്.അതേസമയം തീയണയ്ക്കാനുള്ള പരിശ്രമങ്ങള്‍ക്കിടെ ഫയര്‍ ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു. ചെങ്കല്‍ ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്.
വോട്ടെണ്ണൽ;സംസ്ഥാനത്ത് രണ്ടു ദിവസം മദ്യനിരോധനം
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം മദ്യനിരോധനം ഏർപ്പെടുത്തി. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും 21 ചൊവ്വാഴ്ച വൈകിട്ട് ആറിന് അടയ്ക്കും. 23 വ്യാഴാഴ്ച വോട്ടെണ്ണല്‍ അവസാനിച്ച ശേഷമാകും തുറക്കുക.അതേസമയം ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.