കുമ്മനം രാജശേഖരൻ ഡൽഹിയിലേക്ക്; മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് സൂചന

keralanews kummanam rajasekharan to delhi and may included in the cabinet

തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച്‌ പരാജയപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ ബിജെപി നേതൃത്വം വിളിപ്പിച്ചതനുസരിച്ച് ഡൽഹിയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞ ഇന്ന്‌ നടക്കാനിരിക്കെയാണ് കുമ്മനത്തെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചിരിക്കുന്നത്. രാവിലെയുള്ള ഫ്ലൈറ്റില്‍ കുമ്മനം ഡല്‍ഹിക്ക്‌ പോയി.ഇതോടെ കുമ്മനം മന്ത്രിസഭയില്‍ ഉണ്ടാകും എന്ന പ്രചരണത്തിന്‌ സാധ്യതയേറി. നേരത്തേ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് ഉടനടി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം ലഭിച്ചത്‌.കുമ്മനത്തിന് പിന്നാലെ രാജ്യസഭാ എംപിയായ വി മുരളീധരന്‍റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെയും സുരേഷ് ഗോപിയുടെയും പേരുകളും മന്ത്രിസഭാ സാധ്യതാപ്പട്ടികയിലുണ്ട്.

വിറ്റാമിന്‍ എയും ഡിയും ചേര്‍ത്ത പാല്‍ മില്‍മ ഇന്ന് മുതൽ വിപണിയിലിറക്കുന്നു

keralanews milma milk containing vitamin a and d available in the market from today

എറണാകുളം:വിറ്റാമിന്‍ എയും ഡിയും ചേര്‍ത്ത പാല്‍ മില്‍മ ഇന്ന് മുതൽ വിപണിയിലിറക്കുന്നു. ഇന്ന് വിപണിയിലെത്തുന്ന പാല്‍ പുതിയ ഡിസൈനിലുള്ള പായ്ക്കറ്റുകളിലാവും ഉപഭോക്താക്കളിലേക്കെത്തുക.എറണാകുളം മേഖല പരിധിയിലെ തൃപ്പുണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂര്‍ എന്നീ ഡയറികളില്‍ നിന്നായിരിക്കും ആദ്യഘട്ടത്തില്‍ വൈറ്റമിന്‍ എ,ഡി എന്നിവ ചേര്‍ത്ത പായ്ക്കറ്റ് പാല്‍ വിപണിയിലെത്തുക.രാജ്യത്തെ അന്‍പത് ശതമാനത്തിലധികം പേരിലും വൈറ്റമിനുകളുടെ കുറവുണ്ടെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മില്‍മയുടെ പുതിയ ചുവട് വെയ്പ്പ്.പാലില്‍ വിറ്റാമിനുകള്‍ ചേര്‍ക്കുന്നതിന് ലിറ്ററിന് 20 പൈസ അധികം വേണ്ടി വരുമെങ്കിലും നിലവിലെ നിരക്ക് തന്നെ ഈടാക്കാനാണ് തീരുമാനം. പാൽ,ഐസ്‌ക്രീം ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി എത്തിക്കാനും മില്‍മ ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ ഇത് എത്തിച്ച്‌ നല്‍കും.ജൂണ്‍ ഒന്ന് മുതല്‍ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരത്ത് പദ്ധതി നടപ്പിലാക്കും.നിലവില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നവരെയാണ് ഹോം ഡെലിവറിക്കായി ഉപയോഗിക്കുക. ഈ പരീക്ഷണം വിജയിച്ചാല്‍ കൊച്ചി ഉള്‍പ്പടെയുള്ള മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

പ്രളയ സെസ് ഈടാക്കുന്നത് ജൂലൈ 1 ലേക്ക് മാറ്റി

keralanews impossing of flood cess date extented to july 1st

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രളയ സെസ് ഈടാക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവെച്ചു. നേരത്തെ ജൂൺ ഒന്ന് മുതൽ പ്രളയ സെസ് ഈടാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.സെസിന് മേൽ ജിഎസ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.പ്രളയ സെസിന് മേലും ജിഎസ്ടി വരുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കുന്നതിനായി ജിഎസ്ടി കൗൺസിലിന്റെ വിജ്ഞാപനം വേണ്ടിവരും.അതിനാൽ വിജ്ഞാപനം ഇറങ്ങിയ ശേഷം സെസ് ഏർപ്പെടുത്തിയാൽ മതിയെന്ന തീരുമാനത്തെ തുടർന്നാണ്  സെസ് ഏർപ്പെടുത്തുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റിയത്.സെസ് ഏർപ്പെടുത്തുമ്പോൾ സെസും ഉൽപ്പന്നവിലയും ചേർത്തുള്ള തുകയ്ക്ക് മേലായിരിക്കും ജിഎസ്ടി ചുമത്തുകയെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. ഇത് ഉൽപ്പന്നങ്ങൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വിലയുയർത്തുമെന്ന സാഹചര്യത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ 6 ലേക്ക് മാറ്റി

keralanews schools will open in the state on june 6th

തിരുവനന്തപുരം:റമദാന്‍ പ്രമാണിച്ച് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി.മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ 3 നാണ് നേരത്തെ സ്കൂള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.ജൂൺ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷം സ്‌കൂൾ തുറക്കൽ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കൾ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നൽകിയിരുന്നു.

കണ്ണൂർ വിമാനത്താവളം വഴി പാൻമസാല കടത്താൻ ശ്രമം;കാസർകോഡ് സ്വദേശി പിടിയിൽ

keralanews tried to export banned tobacco products through kannur airport kasarkode native arrested

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളം വഴി പാൻമസാല കടത്താൻ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് കാസർകോഡ് സ്വദേശി ഇഖ്ബാൽ മധൂരിനെ(45) എയർപോർട്ട് പോലീസ് പിടികൂടി.4951 പായ്ക്കറ്റ് പാൻപരാഗാണ് ഇയാളിൽ നിന്നും പിടികൂടിയത്.മുംബൈയിലേക്കാണ് ഇയാൾ പാൻ മസാല കടത്താൻ ശ്രമിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള ഗോ എയർ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്കാനറുപയോഗിച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പാൻ മസാല പിടികൂടിയത്. കേരളത്തിൽ വിൽപ്പന നിരോധിച്ച പാൻമസാലകൾ മംഗളൂരുവിൽനിന്നെത്തിച്ചാണ് മുംബൈയിലേക്ക് കടത്താൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം ദോഹയിലേക്ക് കടത്താൻ ശ്രമിച്ച 1659 പായ്ക്കറ്റ് പുകയില ഉൽപ്പനങ്ങളുമായി കാഞ്ഞങ്ങാട് സ്വദേശി ജസീർ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു.

നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ;മന്ത്രിമാരെ ഇന്ന് തീരുമാനിക്കും

keralanews narendra modi govt will take oath tomorrow ministers will decide today

ന്യൂഡൽഹി:നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം ഏഴുമണിക്ക് രാഷ്ട്രപതിഭവനിൽ നടക്കും.മന്ത്രിമാരെ കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ അറിയാം.രാവിലെയോടെ എല്ലാവർക്കും ഔദ്യോഗികമായി വിവരം കൈമാറും.നാളെ രാവിലെ പ്രധാമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണവും മന്ത്രിസഭംഗങ്ങൾക്ക് ലഭിക്കും.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള പ്രമുഖർ ക്യാബിനറ്റ് മന്ത്രിമാരാകുമെന്നാണ് സൂചന.ഒന്നാം മോഡി സർക്കാരിൽ മന്ത്രിമാർ വഹിച്ചിരുന്ന വകുപ്പുകളിൽ വലിയ തോതിലുള്ള മാറ്റത്തിനു സാധ്യത കുറവാണ്.എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രെട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും ഇന്ന് തീരുമാനിക്കും. കേരളത്തിൽ നിന്നും കുമ്മനം രാജശേഖരൻ,വി.മുരളീധരൻ,അൽഫോൻസ് കണ്ണന്താനം എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.ബിംസ്റ്റക് രാഷ്ട്രത്തലവന്മാർക്ക് പുറമേ കിർഗിസ്ഥാൻ പ്രസിഡണ്ടും മൗറീഷ്യസ് പ്രധാനമന്ത്രിയും നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വർണാഭമായ ചടങ്ങുകളോടെ ആയിരിക്കും രണ്ടാം എൻ.ഡി.എ സർക്കാർ നാളെ അധികാരമേൽക്കുക.

ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

keralanews two hotel workers died when cleaning the well

കോട്ടയം:ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.ചങ്ങനാശ്ശേരി തെങ്ങനായിൽ വാടകയ്ക്ക് താമസിക്കുന്ന അഴകാത്തുപടി സ്വദേശി  മാത്യു(38),പശ്ചിമബംഗാൾ സ്വദേശി വിജയ് ഒറോൺ(29) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.ചങ്ങനാശ്ശേരി ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഫൗസിയ ഹോട്ടലിന്റെ കിണറിൽ മോട്ടോർ നന്നാക്കുന്നതിനായി ഇറങ്ങിയതാണിവർ. അപകടത്തിൽപ്പെട്ട ഇവരെ രക്ഷിക്കുന്നതിനായി കിണറ്റിൽ ഇറങ്ങിയ ഫയർമാന്മാരായ എസ്.ടി ഷിബു,റോബിൻ വർഗീസ് എന്നിവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ഇവരെ ചങ്ങനാശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് കിണറ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.തുടർന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

keralanews mother killed her four month old baby and committed suicide

കൊച്ചി:നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി.കൊല്ലം കുളക്കട പുത്തൂർമുക്ക് ഉദയയാണ്(30) മകൾ അദിതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.പാലാരിവട്ടം പി.ജെ ആന്റണി റോഡ് പുനത്തിൽ ലൈനിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം.ഹോസ്റ്റലിലെ ജീവനക്കാരിയാണ് ഉദയ.തിങ്കളാഴ്ച രാവിലെ ഇവർ താമസിച്ചിരുന്ന മുറി തുറക്കാറായതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടത്തിയത്. ജീവിക്കാൻ വരെ മാർഗ്ഗമില്ലെന്നും മരണത്തിനുത്തരവാദി ഭർത്താവാണെന്നും കാണിച്ചുള്ള ഒരു കുറിപ്പും മുറിയിൽ നിന്നും കണ്ടെടുത്തു.ഭർത്താവ് രാജീവിനൊപ്പമാണ് ഉദയ കൊച്ചിയിൽ ജോലിക്കെത്തിയത്.കുറച്ചുദിവസമായി ഇവർ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവൊന്നുമില്ലെന്ന് ഓഡിറ്റ് വിഭാഗം

keralanews audit section says there is no shortage of gold and silver in sabarimala

പത്തനംതിട്ട:ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവൊന്നുമില്ലെന്ന് ഓഡിറ്റ് വിഭാഗം.ഇവയെ കുറിച്ച് മഹസറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.അതിനാൽ സ്ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഓഡിറ്റ് വിഭാഗം അറിയിച്ചു.സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന പ്രചാരണം ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു. 2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിച്ചത്. ശബരിമലയിലെയും സ്ട്രോങ് റൂമിലെയും രേഖകള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.സ്വർണ്ണത്തിന്റെ അളവിൽ കുറവില്ലെന്നും സ്വര്‍ണം നഷ്ടമായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ദേവസ്വ ബോര്‍ഡ് വ്യക്തമാക്കി. ഒരുമാസം മുമ്പ് നിശ്ചയിച്ച പരിശോധനയാണ് നടന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാര്‍ വിശദീകരിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ പിടികൂടി

keralanews banned tobacco products seized from kannur airport

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്ന  നിരോധിത ലഹരിവസ്തുക്കൾ പിടികൂടി.കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ജസീറിൽ (34) നിന്നാണ് 1650 പായ്ക്കറ്റ് ലഹരിവസ്തുക്കൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്.ഇവ വിമാനത്താവള പൊലീസിന് കൈമാറി.കഴിഞ്ഞ ദിവസം വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രെസ്സിൽ ദോഹയിലേക്ക് പോകാനെത്തിയതായിരുന്നു ജസീർ.മംഗളൂരുവിൽ നിന്നും കൊണ്ടുവന്നതാണ് ലഹരിവസ്തുക്കളെന്ന് ഇയാൾ പറഞ്ഞു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.