കാസർകോഡ്:മടിക്കൈയില്‍ സിപിഐ എം നേതാവിന്റെ വീടിന‌്നേരെ ബോംബേറ്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയും സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ എം രാജന്റെ കാഞ്ഞിരപ്പൊയില്‍ കുളങ്ങാട്ടുള്ള വീടിനാണ‌് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത്.ബോംബ് പൊട്ടിത്തെറിച്ച് വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വീടിനകത്തെ ബാത്ത് റൂമിലെ വാതില്‍പാളിയും തകര്‍ന്നു. സംഭവ സമയത്ത‌് രാജനും ഭാര്യ ശ്രീകലയും വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഇരുവരും വീടിന് പുറത്തിറങ്ങി അയല്‍വാസികളെ വിളിച്ചുകൂട്ടി വീടിനുചുറ്റം പരിശോധിച്ചപ്പോഴാണ‌് പിറകില്‍ ജനല്‍ തകര്‍ന്നതായി കണ്ടത‌്.ബോംബ് പൊട്ടിയതിന്റെ ഗന്ധം അനുഭവപ്പെട്ടു. ഉടന്‍ നീലേശ്വരം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ‌് നടത്തിയ പരിശോധനയില്‍ പൊട്ടിയത് ബോംബാണെന്ന് സ്ഥിരീകരിച്ചു. വീടിന് പിറകിലൂടെ പോകുന്ന റോഡില്‍നിന്നും വീടിന്റെ പിറകിലേക്കാണ് രണ്ട‌് ബോംബെറിഞ്ഞത്. ബോംബ് ചുമരില്‍ പതിച്ച പാടുകളുണ്ട്. ചുമരിന് വിള്ളലുണ്ട്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന് വീടിനകത്തേക്കാണ് വീണത്.സംഭവത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.
വയനാട്ടിലെ കർഷക ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം:വയനാട്ടിലെ കർഷക ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു.പനമരം പഞ്ചായത്തിലെ ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചിരുന്നു. വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് കൊണ്ടുണ്ടായ സമ്മര്‍ദ്ദവും, വിഷമവും താങ്ങാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായി രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.ഈ വര്‍ഷം ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നതായി രാഹുല്‍ഗാന്ധി കത്തില്‍ പറയുന്നു.ദിനേഷ് കുമാറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെടുന്നു.
ലഭ്യത കുറഞ്ഞു;സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
കൊച്ചി:ചുട്ടുപൊള്ളുന്ന വെയിലില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങിയതോടെ ലഭ്യതയില്‍ കുറവു വന്നതിനെ തുടർന്ന് പച്ചക്കറി വില കുതിക്കുന്നു.ബീന്‍സ്, പച്ചമുളക്, തക്കാളി, ചെറുനാരങ്ങ, കാരറ്റ്, ഇഞ്ചി, പാവക്ക തുടങ്ങിയവയ്ക്കൊക്കെ വില കുത്തനെ വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 55-60 രൂപ വിലയുണ്ടായിരുന്ന പച്ചമുളകിന് കിലോയ്ക്ക് 70 രൂപയാണ് ഇപ്പോഴത്തെ മൊത്തവില.ചില്ലറവില ഇതിലും കൂടും.കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 80 രൂപയാണ് വില. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായി.കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് പച്ചക്കറികള്‍ക്ക് 10 രൂപവരെ വില വര്‍ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറികളുടെ വരവിലും ഗണ്യമായ കുറവുണ്ടായി.ജൂണില്‍ മഴകൂടി എത്തുന്നതോടെ ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യത.
സംസ്ഥാനത്ത് ഇന്ന് വിരമിക്കുന്നത് 5,000ത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വിരമിക്കുന്നത് 5,000ത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍.1960 കാലഘട്ടത്തില്‍ ജനിച്ച് വെള്ളിയാഴ്ച 56 വയസ്സ് പൂര്‍ത്തിയാകുന്നവരാണിവര്‍.ജനന രജിസ്‌ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്ത് സ്‌കൂളില്‍ ചേര്‍ക്കുന്ന ജനനത്തീയതി മേയ് 31 ആയി രേഖപ്പെടുത്തുന്ന പതിവിലൂടെയാണ് ഇവരില്‍ പലരുടെയും ജനനത്തീയതി ഔദ്യോഗിക രേഖകളില്‍ ഒരുപോലെയായത്. വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് 1600 കോടിയിലേറെ രൂപ വേണമെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ എല്ലാര്‍ക്കും നല്‍കണമെന്ന് ധനകാര്യവകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വൈകുകയാണെങ്കില്‍ പലിശയടക്കം പിന്നീട് നല്‍കേണ്ടി വരും. ഇത് സര്‍ക്കാരിന് ബാധ്യത ഉണ്ടാക്കുമെന്ന് കണ്ടതിനാലാണ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എത്രയും വേഗം നല്‍കാന്‍ ധനകാര്യവകുപ്പ് ഉത്തരവിട്ടത്.ഈ വര്‍ഷം വിരമിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുമെന്നാണ് സ്പാര്‍ക്കിന്റെ (സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള വിതരണത്തിനും മറ്റുമുള്ള ഓണ്‍ലൈന്‍ സംവിധാനം) വിവരശേഖരണത്തില്‍ കാണിക്കുന്നത്. ഇതുപ്രകാരം മെയ് മാസത്തില്‍ 56 വയസ് പൂര്‍ത്തിയാക്കുന്നവര്‍ അയ്യായിരത്തിലേറെപ്പേരുണ്ട്. സ്വാഭാവികമായും ഇവരെല്ലാം വിരമിക്കണം.എന്നാല്‍ ഇത് സംബന്ധിച്ച ക്രോഡീകരിച്ച കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല. വിരമിച്ചുവെന്ന് സോഫ്റ്റ് വേറില്‍ അടയാളപ്പെടുത്തിയാലെ കൃത്യമായ വിവരങ്ങള്‍ അറിയാനാവൂ. സ്പാര്‍ക്ക് സംവിധാനത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്. അവരുടെ കൂടി കണക്ക് വരുമ്ബോള്‍ വിരമിക്കുന്നവരുടെ സംഖ്യയും വര്‍ധിക്കും. സ്‌കൂള്‍ അധ്യാപകർ ഈ സംവിധാനത്തില്‍ ഇല്ല. മാര്‍ച്ച് 31-നാണ് അധ്യാപകര്‍ വിരമിക്കുന്നത്.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
തിരുവനന്തപുരം:പ്രണയാഭ്യർത്ഥന നിരസിച്ചതിന് തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.എസ്‌എടി ആശുപത്രിയിലെ ജീവനക്കാരി പുഷ്പ (39) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് നിധിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.എസ്‌എടി ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റാണ് ആക്രമണത്തിനിരയായ പുഷ്പ. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിധിന്‍ (34) പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രേമ നൈരാശ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയിരുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയിരുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി.ആഭിഭാഷകനായ ബിജു മനോഹര്‍ ആണ് കൊച്ചി ഡിആര്‍ഐയുടെ ഓഫീസിലെത്തി കീഴടങ്ങിയത്.തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് 25 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ മുഖ്യപ്രതിയാണ് അഭിഭാഷകനും കഴക്കൂട്ടം വെട്ടുറോഡ് കരിയില്‍ സ്വദേശിയുമായ ബിജു മനോഹര്‍ (45). ഇതേ കേസില്‍ ബിജുവിന്റെ ഭാര്യ വിനീത (38)യെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ബിജുവിനു വേണ്ടി തിരച്ചില്‍ ഈര്‍ജ്ജിതമാക്കിയ സമയത്താണ് ഇയാള്‍ കീഴടങ്ങിയത്.ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
കാസർകോട്ട് 80 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
കാസർകോഡ്:കാസർകോട്ട് 80 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി ബസില്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്.ആദൂര്‍ എക്‌സൈസ് സംഘമാണ് പണം പിടിച്ചെടുത്തത്.സംഭവത്തിൽ മുംബൈ സ്വദേശിയായ മയൂര്‍ ഭാരത് ദേശ്‌മുഖ് (23) എന്നയാളെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.പിടികൂടിയ പണം ആദൂര്‍ പോലീസിന് കൈമാറുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.ബസില്‍ മദ്യം കടത്തുന്നതിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് കുഴല്‍ പണം പിടികൂടാന്‍ കഴിഞ്ഞത്. കോഴിക്കോട്ടെ ഒരു സംഘത്തിന് കൈമാറാനാണ് പണം കൊണ്ടുവരുന്നതെന്ന് പിടിയിലായ യുവാവ് എക്‌സൈസ് അധികൃതരോട് വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് സംഘമാണ് കുഴല്‍പണകടത്തിന് പിന്നിലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.കോഴിക്കോട്ടെ ചില ജ്വല്ലറികളുമായി ബന്ധപ്പെട്ടാണ് സ്വര്‍ണകള്ളക്കടത്ത് ഇടപാട് നടന്നുവന്നിരുന്നതെന്നാണ് വിവരം.എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ പി വി രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, സുജിത്ത് ടി വി, പ്രഭാകരന്‍ എം എ, വിനോദ് കെ, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും വി മുരളീധരൻ കേന്ദ്രമന്ത്രിയാകും
ന്യൂഡൽഹി:രണ്ടാം മോദി സര്‍ക്കാരില്‍ കേരളത്തിൽ നിന്നും വി മുരളീധരന്‍ മന്ത്രിയാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകുമെന്നാണ് സൂചന.ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തുകയായിരുന്നു. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.മുരളീധരന്‍ നിലവില്‍ രാജ്യസഭാംഗമാണ്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്.കേരളത്തില്‍ നിന്ന് ഒരു മന്ത്രി ഉണ്ടാകും എന്ന പ്രതീക്ഷ ബി.ജെ.പി സംസ്ഥാന ഘടകത്തിനുണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരില്‍ ഒരാള്‍ മന്ത്രിയാകുമെന്നായിരുന്നു സൂചന.
തലശേരി സ്വദേശിയായ മുരളീധരന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ നേടി. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പിഎസ്സി നിയമനം ലഭിച്ചു. എബിവിപിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്കു മാറ്റി.എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയിലും മുരളീധരന്‍ പ്രവര്‍ത്തിച്ചു. 1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനും പിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി.13 വര്‍ഷം ആര്‍എസ്‌എസ് പ്രചാരകനായിരുന്നു.2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായി.ചേളന്നൂര്‍ എസ്‌എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.
അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപ്പക്ഷി;വിമർശനവുമായി വീക്ഷണം ദിനപത്രം
തിരുവനന്തപുരം:ഫേസ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്നും മഞ്ചേശ്വരം സീറ്റ് കണ്ട് ബി.ജെ.പിയിലേക്ക് പോകാന്‍ ശ്രമിക്കുന്ന അബ്ദുള്ളക്കുട്ടിയെന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു.അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടില്‍ മുഖപ്രസംഗം എഴുതിയാണ് വീക്ഷണം നേതാവിനെ വിമര്‍ശിച്ചത്.കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ് എന്നും മുഖ്യപ്രസംഗം വിമര്‍ശിക്കുന്നു. ഇരിക്കുന്ന കൊമ്ബ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇങ്ങനെയൊരാളെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് സീറ്റില്‍ മോഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെ പോയതാണ് ഇപ്പോഴത്തെ കുറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നും മഞ്ചേശ്വം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന അബ്ദുള്ളക്കുട്ടിയെന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഉപദേശവും വീക്ഷണം നല്‍കുന്നുണ്ട്. നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്ബോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. മോദി അനൂകൂല പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.അതേസമയം ബിജെപിയില്‍ പോകുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. തന്നെ അതിനിശിതമായി വിമര്‍ശിക്കുന്ന വീക്ഷണം മുഖപ്രസംഗം കണ്ട് ഞെട്ടിയെന്നും വിശദീകരണം കേള്‍ക്കുന്നതിന് മുന്‍പ് വിധി പറയുകയാണ് വീക്ഷണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പറഞ്ഞു.
കേരളത്തിൽ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും
കോഴിക്കോട്:കേരളത്തിൽ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.ജൂലയ് 31 വരെയുള്ള 52 ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ (22 കി.മി) ദൂരത്തിലാണ് ട്രോളിംഗ് നടപ്പാക്കുക.ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.ഇതിന്റെ ഭാഗമായി തീരങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ കാലയളവില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി പ്രവര്‍ത്തിക്കും.രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിങും നിയമവിരുദ്ധമായ മറ്റ് എല്ലാ മത്സ്യബന്ധന രീതികളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ സാധാരണ വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പരമ്ബരാഗത മത്സ്യബന്ധനം നടത്താം.