മൂന്നു ദിവസം മുൻപ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ 17 കാരിയെ കണ്ടെത്തി

keralanews girl who were missing from wayand during train journey was found

വയനാട്:മൂന്നു ദിവസം മുൻപ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് സ്വദേശിനിയായ 17 കാരിയെ കണ്ടെത്തി.കൊല്ലം റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് കാക്കവയല്‍ സ്വദേശിനിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് വിഷ്ണുപ്രിയയെ കാണാതായത്.താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങി പോന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.മൂന്ന് ദിവസവും ട്രെയിനിലാണ് കഴിച്ച്‌ കൂട്ടിയതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.കൊച്ചിയിലെ അമ്മ വീട്ടില്‍ നിന്ന്  വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മേയ് 31ന് കോഴിക്കോടുവച്ചാണ് വിഷ്ണുപ്രിയയെ കാണാതാകുന്നത്. തുടര്‍ന്ന് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കൂടാതെ അച്ഛന്‍ ശിവജി തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക് പോസ്റ്റും ഇട്ടിരുന്നു.ഇതാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്.കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടി തനിച്ചിരിക്കുന്നത് കണ്ട ഒരു യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.അതേസമയം വിഷ്ണുപ്രിയയ്ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചതായി സൂചന

keralanews man who was under treatment in kochi has been diagnosed with nipah virus

തിരുവനന്തപുരം:കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചതായി സൂചന.പരിശോധനാഫലം അനൌദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോർട്ട്.മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. തൃശൂരില്‍ ആറ് പേര്‍ നിരീക്ഷണത്തിലാണെന്ന് ഡി.എം.ഒ അറിയിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രക്ത സാമ്പിൾ പരിശോധനക്കായി അയച്ചത്. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കുമാണ് രക്ത സാമ്പിള്‍ പരിശോധനക്കായി അയച്ചത്.അതേസമയം നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ എല്ലാ സജ്ജീകരമങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍നിന്നുള്ള ഐഎസ് ഭീകരന്‍ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി സൂചന

keralanews information that i s terrorist from kerala killed in afganisthan

കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള ഐഎസ്‌ ഭീകരൻ റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി സൂചന.അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു കാസര്‍കോടുകാരനായ റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്.നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി ലഭിക്കുന്നില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാഷിദ് കൊല്ലപ്പട്ടന്ന സന്ദേശം ലഭിച്ചത്. കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍.അമേരിക്കന്‍ സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയില്‍നിന്ന് ടെലഗ്രാം വഴിലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.2016 മെയ് മാസത്തിലാണ് കാസര്‍കോട് സ്വദേശി റാഷിദിന്റെ നേതൃത്വത്തില്‍ ഭാര്യ ഭാര്യ ആയിഷ, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ റിഫൈല, രണ്ട് വയസുള്ള കുഞ്ഞ്, ഇജാസിന്റെ സഹോദരനും എഞ്ചിനീയറുമായ ഷിഹാബ്, ഭാര്യ അജ്മല, ഹഫീസുദ്ദീന്‍, മര്‍വാര്‍ ഇസ്മായില്‍, അഷ്ഫാഖ്, മജീദ്, ഫിറോസ് എന്നിവരും പാലക്കാട്ടെ ഈസ, ഇയാളുടെ ഭാര്യ യഹ്യ, തിരുവനന്തപുരം സ്വദേശി കാസര്‍കോട് സെഞ്ച്വറി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിനി നിമിഷ തുടങ്ങിയവർ ഐഎസില്‍ ചേരാന്‍ നാടു വിട്ടത്.ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്ബുകളിലെത്തിയതായി ദേശീയ അന്വേഷണ ഏന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു.സലഫി പ്രഭാഷകന്‍ എംഎം അക്‌ബറിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്. എഞ്ചിനിയറിംങ് ബിരുദധാരിയാണ്. അഫ്ഗാനിസ്ഥാനിലെത്തിയതിന് ശേഷം ഇയാള്‍ വിവിധ ടെലിഗ്രാം അക്കൗണ്ടുകളിലുടെ ഐഎസിലേക്ക് ചേരാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ സന്ദേശം അയക്കാറുണ്ടായിരുന്നു.

നിപ രോഗലക്ഷണങ്ങളോടെ കൊച്ചിയിൽ യുവാവ് നിരീക്ഷണത്തിൽ;പരിശോധനാ ഫലം ഉച്ചയോടെ ലഭ്യമാകും

keralanews man under treatment with nipah symptoms the result of blood test available afternoon

കൊച്ചി:നിപ രോഗലക്ഷണങ്ങളോടെ കൊച്ചിയിൽ യുവാവ് നിരീക്ഷണത്തിൽ.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രക്ത സാംപിൾ പരിശോധനക്കായി അയച്ചു. മണിപ്പാൽ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.സംഭവത്തെ തുടർന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജില്ലയിലെ ആരോഗ്യ വിദഗ്ധരുടെ അടിയന്തര യോഗം വിളിച്ചു. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.അതേസമയം പരിശോധന ഫലം എന്തു തന്നെയായാലും എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുവാവിന് നിപ ബാധ സ്ഥിരീകരിക്കപ്പെട്ടാലും രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലവിലെ വിലയിരുത്തൽ.രോഗിക്ക് നിപാ ബാധ സ്ഥിരീകരിച്ചു എന്ന വ്യാജപ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തതാണ്. ഇനി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ;അപകടം നടന്ന സ്ഥലത്തു നിന്നും ഒരാൾ ഓടിപോകുന്നത് കണ്ടതായി കലാഭവൻ സോബി

keralanews new revealation in connection with the death of violinist balabhaskar by mimicry artist kalabhavan soby

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി മിമിക്രി കലാകാരൻ കലാഭവൻ സോബി.അപകടം നടന്ന സ്ഥലത്തുനിന്ന് ഒരാള്‍ ഒരാള്‍ ഓടിപ്പോകുന്നതു കണ്ടെന്ന് സോബി വെളിപ്പെടുത്തി. അപകടം നടന്നു പത്തുമിനിറ്റിനുള്ളില്‍ അവിടെ എത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടതെന്ന് സോബി പറയുന്നു.സംഭവം നടന്നു പത്തു മിനിറ്റിനുള്ളില്‍ അപകടം നടന്ന സ്ഥലത്തിന് അടുത്തുകൂടി 25 വയസിനടുത്തുള്ള ഒരാള്‍ ഓടിപ്പോകുന്നതു കണ്ടു. മറ്റൊരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു കാലുകൊണ്ടു തുഴഞ്ഞുപോകുന്നതും കണ്ടു. ഇവരുടെ മുഖത്ത് എന്തോ അസ്വസ്ഥത പ്രകടമായിരുന്നു. പിന്നീടാണ് അപകടത്തില്‍പ്പെട്ടതു ബാലഭാസ്കറാണെന്ന് അറിഞ്ഞത്.തുടർന്ന് ഇക്കാര്യം ഗായകൻ മധുബാലകൃഷ്ണനെ അറിയിച്ചു. മധു ബാലകൃഷ്ണന്‍ പ്രകാശ് തമ്പിയുടെ ഫോണ്‍ നമ്പർ  തന്നു. കണ്ട കാര്യങ്ങളെല്ലാം പ്രകാശ് തമ്പിയോട് പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും സോബി പറയുന്നു. ബാലഭാസ്കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണക്കടത്തുമായി പിടിയിലായതോടെയാണ് ഇക്കാര്യത്തില്‍ സംശയം തോന്നിയതെന്നും സോബി വെളിപ്പെടുത്തി.ബാലഭാസ്കറുമായി പരിചയമുള്ള പ്രകാശ് തമ്പിക്കും വിഷ്ണുവിനും സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.ഇരുവരും ബാലഭാസ്കറുമായുണ്ടായിരുന്ന ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളും മരണത്തിലെ ദുരൂഹതയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തെ പരാതി നല്‍കിയിരുന്നു.സ്വര്‍ണ കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്ബി ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജറായിരുന്നുവെന്നും വിഷ്ണു ബാലഭാസ്കറിന്റെ ഫിനാന്‍സ് മാനേജര്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവ് കെ.സി ഉണ്ണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രകാശന്‍ തമ്ബി‌യും വിഷ്ണുവും ബാലഭാസ്കറിന്റെ മാനേജര്‍മാര്‍ ആയിരുന്നില്ലെന്ന് ബാലഭാസ്കറിന്റെറെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല;മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് കെ സുരേന്ദ്രന്‍

keralanews k surendran will not compete in byelections

കോഴിക്കോട്: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച്‌ പരാജയപ്പെട്ട കെ സുരേന്ദ്രന്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുളള കാസര്‍ഗോഡ് മഞ്ചേശ്വരത്ത് മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.എന്നാല്‍ മത്സരിക്കാനില്ല എന്നതാണ് സുരേന്ദ്രന്റെ നിലപാട്.മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മറ്റ് നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.മുസ്ലീം ലീഗിന്റെ എംഎല്‍എ പിബി അബ്ദുള്‍ റസാഖ് അന്തരിച്ച സാഹചര്യത്തിലാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നത്. 2016ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് രണ്ടാമത് എത്തിയത് കെ സുരേന്ദ്രന്‍ ആയിരുന്നു. വെറും 89 വോട്ടുകള്‍ക്കാണ് അന്ന് സുരേന്ദ്രന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടത്.ഇതേത്തുടര്‍ന്ന് മണ്ഡലത്തില്‍ കളളവോട്ട് നടന്നുവെന്ന് ആരോപിച്ച്‌ കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപണത്തിന് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ സുരേന്ദ്രന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരുന്നു.

സർക്കാർ വാക്ക് പാലിച്ചില്ല;നിപ വൈറസ് കാലത്ത് സേവനമനുഷ്ഠിച്ച താല്‍കാലിക ജീവനക്കാര്‍ വീണ്ടും സമരത്തില്‍

keralanews temporary staff who served during the nipah virus season were again on strike

കോഴിക്കോട്:സർക്കാർ തങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാത്തതിനെ തുടർന്ന് നിപ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച താൽക്കാലിക ജീവനക്കാർ വീണ്ടും സമരത്തിൽ. സേവനം അനുഷ്ഠിച്ച മുഴുവന്‍ താല്‍കാലിക ജീവനക്കാര്‍ക്കും സ്ഥിരം നിയമനം നൽകണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചുദിവസം പിന്നിട്ടു.മെഡിക്കൽ കോളേജിലെ താല്‍കാലിക ശുചീകരണ തൊഴിലാളികളാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. 47 പേരാണ് താല്‍കാലികാടിസ്ഥാനത്തില്‍ അന്ന് മെഡിക്കല്‍ കോളേജില്‍ സേവനം നടത്തിയത്. ജോലി സ്ഥിരപ്പെടുത്തുമെന്ന് അന്ന് ആരോഗ്യ മന്ത്രി ഇവര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു.എന്നാൽ സ്ഥിരപ്പെടുത്തിയില്ലെന്ന് മാത്രമല്ല കഴിഞ്ഞ ഡിസംബറില്‍ ഇവരെ പിരിച്ചു വിടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ജനുവരി നാലിന് തൊഴിലാളികള്‍ സമരം ആരംഭിച്ചു. താല്‍കാലിക അടിസ്ഥാനത്തിൽ നിയമിക്കുമെന്ന വ്യവസ്ഥയില്‍ സമരം ഒത്തു തീര്‍ന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ അധികൃതര്‍ പാലിച്ചില്ല. ഇതോടെയാണ് ഇവര്‍ വീണ്ടും സമരത്തിനിറങ്ങിയത്.മുഴുവന്‍ പേര്‍ക്കും സ്ഥിരം ജോലി നല്‍കിയാല്‍ മാത്രം സമരം അവസാനിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ ആറ് ദിവസമായി ഇ.പി രജീഷാണ് നിരാഹാര സമരം നടത്തുന്നത്.

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു

keralanews fever is spreading in the state

തിരുവനന്തപുരം:കാലവര്‍ഷം തുടങ്ങുന്നതിന് മുൻപ്  തന്നെ സംസ്ഥനത്ത് പകര്‍ച്ചപനി വ്യാപിക്കുന്നതായി റിപ്പോർട്ട്.പനി വ്യാപകമാകുന്നതോടെ മഴയ്ക്ക് മുൻപ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ശുചികരണകരണപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏലിപ്പനി ബാധിച്ച്‌ മൂന്ന് പേരാണ് മരിച്ചത്. 24 പേരില്‍ രോഗബാധ സ്ഥിരികരിച്ചു. ഡെങ്കിപ്പനി 17 പേരിലും മലേറിയ 12 പേരിലും സ്ഥിരികരിച്ചിട്ടുണ്ട്.പകര്‍ച്ചപനിബാധിതരുടെ എണ്ണം ഇനിയും കൂടിയാല്‍ താലൂക്ക് ആശുപത്രികള്‍ കേന്ദ്രികരിച്ചത് കൂടുതല്‍ പനി ക്ലിനിക്കുകള്‍ തുടങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;പ്രതികൾക്ക് ബാലഭാസ്‌ക്കറുമായി അടുത്ത ബന്ധം;വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിലും ദുരൂഹതയേറുന്നു;

keralanews thiruvananthapuram gold smuggling case the accused has close relation with violinist balabhaskar

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രകാശന്‍ തമ്ബി, വിഷ്ണു എന്നിവര്‍ക്ക് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടയിരുന്നതായി റിപ്പോർട്ട്.ഇതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു.കേസില്‍ പിടിയിലായ പ്രകാശന്‍തമ്ബി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്ബത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരുന്നു.ബാലഭാസ്‌കറിന് അപകടം സംഭവിച്ചപ്പോള്‍ ആദ്യം സ്ഥലത്തെത്തിയത് പ്രകാശന്‍ തമ്ബിയായിരുന്നു.തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച്‌ ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല.അപകടമുണ്ടാകുന്നതിനു തൊട്ടുമുൻപ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച്‌ ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി പറയുന്നു.വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നതായും. പ്രകാശന്‍തമ്ബിയെ ഏഴെട്ടുവര്‍ഷംമുമ്ബ് ഒരുസ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നത്.പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച്‌ വിശദമായി പരിശോധിക്കും. ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

എ.ടി.എം കാര്‍ഡ് തട്ടിപ്പ്;കണ്ണൂരില്‍ ഹോട്ടലില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് മാനേജരുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപ തട്ടിയെടുത്തതായി പരാതി

keralanews atm scam in kannur 50000rupees withdrawn from hotel managers account

കണ്ണൂർ:കണ്ണൂരിൽ വീണ്ടും എടിഎം കാർഡ് തട്ടിപ്പ്.ഹോട്ടലില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് മാനേജരുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപ തട്ടിയെടുത്തതായി പരാതി.പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സന്‍സാര്‍ ഹോട്ടല്‍ മാനേജര്‍ നസീറാണ് പരാതി നല്‍കിയത്.മുപ്പതാം തീയതി രാത്രി ഏഴുമണിയോടെയാണ് സംഭവം.ഹിന്ദി സംസാരിക്കുന്ന ഒരാൾ നസീറിനെ വിളിച്ച്‌ മിലിട്ടറി ഓഫീസര്‍മാരടങ്ങിയ 20 അംഗ സംഘത്തിന് ഭക്ഷണം വേണമെന്നും പണം അക്കൗണ്ടിലേക്ക് അയക്കാമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പർ ഫോണിലൂടെ നല്‍കിയ നസീറിനെ ഇയാൾ വീണ്ടും വിളിച്ച്‌ തുക അക്കൗണ്ടിലേക്ക് കയറുന്നില്ലെന്നും നിങ്ങളുടെ എടിഎം കാര്‍ഡ് രണ്ട് ഭാഗവും ഫോട്ടോയെടുത്ത് വാട്‌സ്‌ആപ്പില്‍ അയച്ചാല്‍ പെട്ടെന്ന് തുക അക്കൗണ്ടില്‍ ഇടാമെന്നും പറഞ്ഞു.സംശയമൊന്നും തോന്നാത്തതിനാല്‍ നസീര്‍ അതുപോലെ ചെയ്തു.വീണ്ടും വിളിച്ച ഹിന്ദിക്കാരന്‍ മൊബൈലില്‍ ലഭിച്ച ഒ ടി പി നമ്പർ പറഞ്ഞു തരണമെന്നും എങ്കിലേ പണം വേഗത്തില്‍ നിക്ഷേപിക്കാനാവൂ എന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.ഒടി പി നമ്പർ നല്‍കി മിനുട്ടുകള്‍ക്കകം നസീറിന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 50,000 രൂപ ട്രാന്‍ഫര്‍ ചെയ്തതായി മെസേജ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പരിയാരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട 50,000 രൂപ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതതിന് നല്‍കിയതാണെന്ന് കണ്ടെത്തി.ബാങ്ക് തുക ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാത്തതിനാല്‍ പണം കുറച്ചു ദിവസത്തിനകം നസീറിന്റെ അക്കൗണ്ടിലേക്ക് തിരിച്ചു കിട്ടുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. പണം തട്ടിയെടുത്ത ആളെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.