ദുബായ് വാഹനാപകടം;മരിച്ച മലയാളികളുടെ എണ്ണം ഏഴായി

keralanews dubai bus accident the number of malayalees died raises to seven

ദുബായ്:ദുബായിയിലെ യാത്രാബസ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. അപകടത്തില്‍ ആകെ 17 പേരാണ് മരിച്ചത്.തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ സ്വദേശി ജമാലുദ്ദീൻ, കണ്ണൂർ തലശ്ശേരി സ്വദേശി ഉമർ ചോനോകടവത്ത്, മകൻ നബീൽ ഉമർ, കിരൺ ജോണി, രാജഗോപാലൻ, കോട്ടയം സ്വദേശി വിമല്‍ എന്നിവരാണ് മരിച്ച മലയാളികൾ. ദീപകുമാറിന്റെ ഭാര്യ ആതിരയും നാല് വയസുള്ള മകനും പരിക്കുകളോടെ ആശുപത്രിയിലുണ്ട്.വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം നടന്നത്.വൈകിട്ട് 5.40 ഓടെ റാഷിദീയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്സിറ്റിലെ ബാരിക്കേഡിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് ദുബൈ പൊലീസ് അറിയിച്ചു.മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങൾക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും മലയാളി സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.രണ്ടു ദിവസങ്ങൾക്കകം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി

keralanews rahul gandhi reach kerala to thank voters in wayanad

വയനാട്:തനിക്ക് വോട്ട് ചെയ്ത വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി.കരിപ്പൂരില്‍ വിമാനമിറിങ്ങിയ രാഹുലിനെ കോണ്‍ഗ്രസ് -യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു.ദേശീയതലത്തിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്കുശേഷം രാഹുല്‍ഗാന്ധി ആദ്യമായാണ് പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നത്.മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മടങ്ങുക.കേരളത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തുന്ന രാഹുല്‍ വയനാട് മണ്ഡലത്തിലെ ഗ്രാമങ്ങളും സന്ദര്‍ശിക്കും.ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയോടെയാണ് കരിപ്പൂരിൽ രാഹുൽ ഗാന്ധി എത്തിയത്. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലയിലെ കാളികാവ് നിലമ്പൂർ എടവണ്ണ അരീക്കോട് എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. ശേഷം ഇന്നുതന്നെ റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കുന്ന രാഹുൽ കൽപ്പറ്റയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് വിശ്രമിക്കുക.നാളെ വയനാട് ജില്ലയിൽ മാത്രം ആറിടങ്ങളിൽ രാഹുൽ വോട്ടർമാരെ നേരിൽ കാണും.രാവിലെ 9.10 ന് കലക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്റര്‍ സന്ദർശിച്ചശേഷം 10.10 ന് കൽപ്പറ്റയിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് കമ്പളക്കാട് പനമരം മാനന്തവാടി പുൽപ്പള്ളി സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. രണ്ടാം ദിവസവും വയനാട്ടിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന രാഹുൽ ഗാന്ധി കുട്ടിക്കാലത്ത് തന്നെ പരിചരിച്ച നഴ്സ് രാജമ്മയെ നേരിൽ കാണും. ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ് രാഹുലിനെ പര്യടനം. കാലത്ത് പത്തുമണിക്ക് ഈങ്ങാപ്പുഴയിലും 11.20ന് മുക്കത്തും പൊതുപരിപാടികൾ. ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂർ വഴി ഡൽഹിയിലേക്ക് തിരിക്കും.

ബാലഭാസ്‌ക്കറിന്റെ മരണം;ഡ്രൈവർ അർജുൻ കേരളം വിട്ടതായി സൂചന

keralanews death of balabhaskar hint that driver arjun left kerala

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയായ അപകടം നടക്കുമ്പോൾ കാർ ഓടിച്ചിരുന്നതായി സംശയിക്കുന്ന ഡ്രൈവർ അർജുൻ കേരളം വിട്ടതായി സൂചന.മൂന്നുമാസങ്ങള്‍ക്ക് മുൻപ് അസമിലേക്ക് കടന്ന അര്‍ജുനെ ഉടന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാക്കണമെന്ന് അന്വേഷണസംഘം വീട്ടുകാരോട് ആവശ്യപ്പെട്ടു. അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്ന കാര്യത്തില്‍ വ്യക്തതവരുത്താന്‍ ആരോപണവിധേയനായ അര്‍ജുനെ ക്രൈംബ്രാഞ്ചിന് വിശമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ലോക്കല്‍ പൊലീസിന് ഇയാള്‍ ആദ്യം നല്‍കിയ മൊഴികളില്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപകടസമയത്ത് കാറിലുണ്ടായിരുന്ന ലക്ഷ്മിയും അപകടസ്ഥലത്ത് ആദ്യം ഓടിയെത്തിയ സമീപവാസിയും ബാലഭാസ്കര്‍ പിന്‍സീറ്റിലായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരുന്നത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

keralanews pm narendra modi will reach kerala today to visit guruvayoor temple

തൃശൂർ:ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.വൈകുന്നേരം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 9 മണിയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.ക്ഷേത്രത്തിലെത്തുന്ന മോദി കണ്ണന് താമരപ്പൂവുകള്‍ കൊണ്ട് തുലാഭാരം നടത്തും.ഇതിനായി 112 കിലോ താമരപ്പൂക്കള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ . നാഗര്‍കോവിലില്‍ നിന്നാണ്‌ തുലാഭാരത്തിനാവശ്യമായ താമരപ്പൂക്കള്‍ ക്ഷേത്രത്തിലേക്കെത്തിക്കുന്നത്‌.ക്ഷേത്ര ദർശനത്തിന് ശേഷം അഭിനന്ദൻ സഭ എന്ന് പേരിട്ടിരിക്കുന്ന പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്.തന്റെ ദർശനത്തിന് വേണ്ടി ക്ഷേത്രത്തിലെ ആചാരങ്ങൾക്കോ സമയക്രമങ്ങൾക്കോ യാതൊരു മാറ്റവും വരുത്തരുതെന്നും ഭക്തരെ അനാവശ്യമായി നിയന്ത്രിക്കരുതെന്നും പ്രധാനമന്ത്രി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദർശനത്തോടമുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്ര നഗരിയിൽ ഒരുക്കിയിട്ടുള്ളത്.

കാൻസർ സ്ഥിതീകരിക്കാതെ കീമോ തെറാപ്പി നൽകിയ സംഭവം;യുവതിക്ക് കാൻസർ ഇല്ലെന്ന് അന്തിമ റിപ്പോർട്ട്

keralanews the incident of giving chemo therapy with out confirming cancer final report that lady does not have cancer

കോട്ടയം:കാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോ തെറാപ്പിയ്ക്ക് വിധേയയായ യുവതിയ്ക്ക് കാന്‍സര്‍ ഇല്ലെന്ന് അന്തിമ റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ പതോളജി ലാബിലെ പരിശോധന ഫലം പുറത്ത് വന്നതോടെയാണ് യുവതിയ്ക്ക് കാന്‍സര്‍ ഇല്ലെന്ന് സ്ഥിരീകരിച്ചത്. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ മെഡിക്കല്‍ കോളേജ് പതോളജി ലാബിലും, സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ കാന്‍സറുണ്ടെന്ന സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികിത്സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിര്‍ദേശിക്കുകയും ചെയ്തു.ആദ്യ കീമോ തെറാപ്പിയ്ക്ക് ശേഷമാണ് കാന്‍സര്‍ ഇല്ലെന്ന് പതോളജി ലാബില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് വീഴ്ച്ച ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ തിരുവനന്തപുരം ആര്‍സിസിയിലും പതോളജി ലാബിലും വീണ്ടും പരിശോധന നടത്തി.ക്യാന്‍സര്‍ ഇല്ലെന്ന് അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതോടെ ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് രജനി.

നിപ;എറണാകുളം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴാമത്തെയാളിനും നിപ ഇല്ലെന്ന് സ്ഥിതീകരിച്ചു

keralanews the seventh personnel who were under examination at ernakulam medical college confirmed no nipah infection

കൊച്ചി:നിപ ബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ അകലുന്നു.പനി ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴാമത്തെയാളിനും നിപ ഇല്ലെന്ന് സ്ഥിതീകരിച്ചു.വൈറസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 6 പേര്‍ക്കും നിപ ബാധയില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.പൂനെ വൈറോളജി ഇന്‍സ്റ്റിറ്യുട്ടില്‍ നടത്തിയ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.അതേസമയം നിപ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. യുവാവിന് ഇപ്പോള്‍ നേരിയ പനി മാത്രമേ ഉളളുവെന്ന് ആശുപത്രി അധികൃതരും ആരോഗ്യമന്ത്രിയും വ്യക്തമാക്കി.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം;കേരളത്തിൽ കാലവർഷം രണ്ടു ദിവസത്തിനകം

keralanews low pressure over bay of bengal and rain starts in kerala in two days

തിരുവനന്തപുരം: ജൂൺ ഒൻപതോടുകൂടി കേരള-കർണാടക തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ രണ്ടുദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശക്തമായ മഴയുണ്ടാകുനുളള സാധ്യതയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഈ മാസം 9ന് കൊല്ലം,ആലപ്പുഴ ജില്ലകളിലും 10ന് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്.പത്തനംതിട്ട,കോട്ടയം,ഇടുക്കി,തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത മൂന്ന് ദിവസങ്ങളിലായി തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,തെക്ക്-കിഴക്ക് അറബിക്കടൽ,കേരള തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ കാറ്റ് വീശാനുളള സാധ്യയുളളതിനാൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ദുബായിൽ വാഹനാപകടത്തിൽ പത്ത് ഇന്ത്യാക്കാരടക്കം 17 പേർ മരിച്ചു;മരിച്ചവരിൽ ആറ് മലയാളികളും

keralanews 17 including ten indians died in an accident in dubai 6 malayalees also died

ദുബായ്:ദുബായിൽ വാഹനാപകടത്തിൽ പത്ത്  ഇന്ത്യാക്കാരടക്കം 17 പേർ മരിച്ചു.ആറ് മലയാളികളടക്കം എട്ട് ഇന്ത്യക്കാർ മരിച്ചവരിൽ ഉൾപ്പെടുന്നു.ഇതിൽ നാല് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപക് കുമാർ, ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം നടന്നത്.ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.വിവിധ രാജ്യക്കാരായ 31 ടൂറിസ്റ്റുകളാണ് ബസിലുണ്ടായിരുന്നത്.പരിക്കു പറ്റിയവരെ ഉടനടി റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. പലപ്പോഴും അപകടങ്ങളുണ്ടാവുന്ന പ്രദേശമാണിതെങ്കിലും സമീപ കാലത്ത് ദുബൈയിലുണ്ടായ ബസ് അപകടങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്നലെ സംഭവിച്ചത്.പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങിയെത്തിയവരാണ് അപകടത്തിൽ പെട്ടത്.

ഇരിട്ടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

keralanews two students die after drowning in iritty river

കണ്ണൂർ: ഇരിട്ടിക്കടുത്ത് കിളിയന്തറയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു.വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കല്‍ സ്വദേശി എമില്‍ സെബാന്‍ (19) എന്നിവരാണ് മരിച്ചത്.ബാരാപ്പോള്‍ പുഴയുടെ ഭാഗമായ ചരള്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം.നാല് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ കുളിക്കാനായി എത്തിയിരുന്നത്.നാലു പേര്‍ പുഴയില്‍ നീന്തുന്നതിനിടെ രണ്ട് പേര്‍ മുങ്ങിപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാരാണ് ആദ്യം എത്തിയത്. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

വിദ്യാർത്ഥിനി ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു;സംഭവം കോഴിക്കോട്

keralanews girl committed suicide by jumping infront of the train in kozhikkode

കോഴിക്കോട്:വിദ്യാർത്ഥിനി ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു.പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്.വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം.രാവിലെ 11 മണിയോടുകൂടി വെസ്റ്റ്ഹില്ലിലെ അക്ഷയ കേന്ദ്രത്തിൽ പോയ വന്ദന തിരികെ വരുമ്പോൾ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു.പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ വന്ദന നീറ്റ് പരീക്ഷ എഴുതിയിരുന്നു.പരീക്ഷയുടെ റിസൾട്ട് ഇന്നലെ വന്നിരുന്നു.പരീക്ഷ ജയിച്ചുവെന്നാണ് കുട്ടി വീട്ടില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വീട്ടില്‍ ഒത്തുകൂടുകയും ചെയ്തിരുന്നു.ജയിച്ചിരുന്നുവെങ്കിലും നീറ്റ് റാങ്കില്‍ താഴെയാണെന്ന് പറഞ്ഞിരുന്നതായി വന്ദനയുടെ സുഹൃത്തുക്കളായ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.റാങ്ക് താഴ്ന്നതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.’എന്റെ ആയുസ്സ് ഇത്രയേ ഉള്ളൂ, ഞാന്‍ ആഗ്രഹിച്ച നിമിഷമായിരുന്നു ഇത്, ഐ.ലവ്.യു അച്ഛന്‍ അമ്മ വൈഷ്ണവ്, വിഷ്ണു’ എന്നിങ്ങനെ കൈത്തണ്ടയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.വൈഷ്ണവും വിഷ്ണുവും വന്ദനയുടെ സഹോദരന്മാരാണ്.പള്ളിക്കണ്ടിയിലെ മത്സ്യ തൊഴിലാളിയാണ് വന്ദനയുടെ അച്ഛന്‍.