കോഴിക്കോട്: വിദ്യാർത്ഥിക്ക് വേണ്ടി അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ ഫൈസലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.സമൂഹത്തിന് മാതൃകയാവേണ്ട അധ്യാപകരുടെ ഇത്തരം നടപടികളെ നിസാരമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ആള്‍മാറാട്ടം നടത്തി അധ്യാപകര്‍ പരീക്ഷ എഴുതിയെന്ന ആരോപണം അതിഗുരുതരമാണെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ പറഞ്ഞു. കൂട്ടുപ്രതികളുടെ സാന്നിധ്യത്തിലും പ്രതിയെ ചോദ്യം ചെയ്യേണ്ടിവരും. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകര്‍ പരീക്ഷ എഴുതിയെന്നും 32 ഉത്തരക്കടലാസ് തിരുത്തിയെന്നുമാണ് മുക്കം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷ എഴുതിയ രണ്ടാം പ്രതി നിഷാദിന് സൗകര്യങ്ങള്‍ ഒരുക്കി നല്‍കി എന്നതാണ് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായിരുന്ന ഫൈസലിനെതിരായ കുറ്റം.
അടൂരിലെ സ്വകാര്യ നഴ്സിംഗ് സ്ഥാപനത്തിൽ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി
പത്തനംതിട്ട:അടൂരിലെ സ്വകാര്യ നഴ്സിംഗ് സ്ഥാപനത്തിൽ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി.സീതത്തോട്, മലപ്പുറം, പൂനെ സ്വദേശിനികളായ മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. പെൺകുട്ടികളെ കാണാനില്ലെന്ന് കാട്ടി ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകി.ഇന്നലെ വൈകിട്ട് സൂപ്പർ മാർക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടികൾ ഹോസ്റ്റിൽ നിന്ന് ഇറങ്ങിയത്.രാത്രി വൈകിയും മൂന്ന് പേരെയും കാണാത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൂന്ന് പെൺകുട്ടികളുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. മലപ്പുറം സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുവിനെയും ഇവർക്കൊപ്പം കാണാതായിട്ടുണ്ട്. ഇവർ കേരളം വിട്ടതായി സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.
‘വേണ്ടി വന്നാൽ നിയമം കയ്യിലെടുക്കാനും മടിക്കില്ല’;വിവാദ പ്രസംഗവുമായി കെ.സുധാകരൻ
കണ്ണൂർ:വിവാദ പ്രസംഗവുമായി വീണ്ടും കെ.സുധാകരൻ.സിഒടി നസീറിന്റെ വധശ്രമത്തില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന സമരത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് സുധാകരന്റെ വിവാദ പരാമർശം.സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പോലീസ് ശരിയായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ നിയമം കൈയിലെടുക്കേണ്ടി വരുമെന്നും സിപിഎമ്മിന് ഒരു നീതിയും പ്രതിപക്ഷത്തിന് മറ്റൊരു നീതിയുമാണെന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.കുടുംബത്തിന്റെ ഏകാവലംബമായ യുവാക്കളെയാണ് സിപിഎമ്മുകാര്‍ ഇല്ലാതാക്കിയത്. എന്നിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഒരു സംഭവത്തിലും തങ്ങള്‍ക്ക് പങ്കില്ല എന്നാണ് സിപിഎം ആദ്യം പറയുക. ഇപ്പോള്‍ സിഒടി നസീറിനെതിരായ ആക്രമണത്തിലടക്കം സിപിഎമ്മിന്റെ പങ്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തിലും പോലീസിലും വിശ്വാസം നഷ്ടപ്പെടുമ്പോള്‍ നിയമം കൈയിലെടുക്കേണ്ടിവന്നാല്‍ അതിനും കോണ്‍ഗ്രസ് മടിക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കി.
കൊച്ചി സിറ്റി സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാനില്ലെന്ന് പരാതി
എറണാകുളം:കൊച്ചി സിറ്റി സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ പുലര്‍ച്ചെ മുതല്‍ സി.ഐയെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പൊലീസിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഇന്ന് രാവിലെ ചുമതലയേറ്റ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി വിജയ് സാക്കറെ അറിയിച്ചു.പുലർച്ചെ മൂന്നു മണിയ്ക്ക് സ്റ്റേഷനിലെത്തി ഔദ്യോഗിക സിമ്മും വയർലസ് സെറ്റും പൊലീസ് ജീപ്പിന്റെ താക്കോലും ഏൽപ്പിച്ച ശേഷം നവാസ് പോവുകയായിരുന്നു. താൻ പോകുന്നുവെന്ന് ഭാര്യയുടെ ഫോണിലേക്ക് സി.ഐ സന്ദേശവും അയച്ചിരുന്നു. മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരില്‍ നവാസ് മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും ആരോപണം ഉണ്ട്. നവാസിന്റെ തിരോധാനത്തിന് പിന്നില്‍ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.ഇത് ചൂണ്ടിക്കാട്ടി എ.സി.പിക്കെതിരെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. എ.സി.പി വയർലെസിലൂടെ വ്യക്തിഹത്യ നടത്തുകയും മോശമായി സംസാരിച്ചെന്നും പാരാതിയില്‍ പറയുന്നു.
കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യത;തീരദേശവാസികൾക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച രാത്രി വരെ കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്ന് മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്.വേലിയേറ്റ സമയമായ രാവിലെ ഏഴു മുതല്‍ പത്ത് മണി വരെയും വൈകിട്ട് ഏഴ് മണി മുതല്‍ എട്ടു മണി വരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി.
ക്യാന്‍സറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവം;യുവതിയുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി
കോട്ടയം ക്യാന്‍സറില്ലാതെ കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയയാകേണ്ടി വന്ന സംഭവത്തിൽ യുവതിയുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനിക്കാണ് സ്വകാര്യലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പി ചെയ്തത്. സർക്കാർ സഹായം ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മാറിടത്തില്‍ മുഴ കണ്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി 28-നാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളേജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലും നല്‍കി.ഒരാഴ്ചയ്ക്കുള്ളില്‍ രജനിക്ക് അര്‍ബുദമാണെന്ന സ്വകാര്യലാബ് റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ക്യാൻസറിനുള്ള കീമോതെറാപ്പി ചികിത്സ തുടങ്ങുകയായിരുന്നു.ആദ്യ കീമോ തെറാപ്പിക്കുശേഷമാണ് മെഡിക്കല്‍ കോളേജ് പതോളജി ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചത്.ഇതില്‍ അര്‍ബുദമില്ലെന്നായിരുന്നു കണ്ടെത്തല്‍.വീഴ്ച ബോധ്യപ്പെട്ടതോടെ ഡോക്ടര്‍മാര്‍ സ്വകാര്യലാബില്‍ നല്‍കിയ സാമ്പിള്‍ തിരികെവാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും അര്‍ബുദം കണ്ടെത്താനായില്ല.തുടർന്ന് സാമ്പിളുകൾ തിരുവനന്തപുരം ആർസിസിയിൽ അയച്ചു.അവിടുത്തെ പരിശോധനയിൽ രജനിക്ക് ക്യാൻസർ ഇല്ലെന്ന് സ്ഥിതീകരിച്ചു.തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കുകയായിരുന്നു.
സ്വർണ്ണക്കടത്ത് കേസ്;പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്‍.ഐ
തിരുവനന്തപുരം:സ്വർണകടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്‍.ഐ ഹൈക്കോടതിയില്‍. ബിജു, വിഷ്ണു, അബ്ദുള്‍ ഹക്കിം എന്നിവരാണ് സ്വര്‍ണ്ണക്കടത്തിലെ മുഖ്യ കണ്ണികളെന്നും ഡിആര്‍ഐ വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഡി.ആര്‍.ഐ ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളം വഴി തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വര്‍ണം പിപിഎം ചെയിന്‍സിലെ മാനേജറായ ഹക്കിമിന് എത്തിക്കുന്നത് പ്രകാശ് തമ്പിയാണെന്നാണ് ഡിആര്‍ഐയുടെ റിപ്പോര്‍ട്ട്. മെയ് 13 ആം തീയതി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 25 കിലോ സ്വര്‍ണ്ണവുമായി രണ്ടു പേര്‍ പിടിയിലായതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.
കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു
തിരുവനന്തപുരം:കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍(83)അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചകിത്സയിലായിരുന്നു.സംസ്‌കാരം നാളെ നടക്കും.പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടി അമ്മയുടെയും മകനാണ്.ഭാര്യ : സി രാധ. മക്കള്‍ : സൂര്യ സന്തോഷ്, സൗമ്യ.2019ലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക്(കവിതാസമാഹാരങ്ങള്‍), ഓര്‍മ്മയുടെ വര്‍ത്തമാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാരങ്ങള്‍), എന്നിവയാണ് പ്രധാന കൃതികൾ.കൗമുദി വീക്കിലിയില്‍ ആയിരുന്നു ആദ്യം ജോലി. തുടര്‍ന്ന് 1968ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിയായി. 1993 വരെ ഇവിടെ തുടര്‍ന്നു. പതിനാലാമത്തെ വയസില്‍ നാടകങ്ങള്‍ക്ക് ഗാനം എഴുതിക്കൊണ്ട് ഗാനരംഗത്തെത്തി. രമേശന്‍ പാട്ടെഴുതി റിലീസായ ആദ്യ ചിത്രം ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണ്. അഗ്നിയാവണമെനിക്കാളിക്കത്തണം എന്നതാണ് ആദ്യഗാനം. ആശംസകളോടെ, അങ്കിള്‍ ബണ്‍, മാളൂട്ടി, വസുധ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
മത്തി വില കുതിക്കുന്നു;കിലോയ്ക്ക് 300 രൂപ;അയിലയ്ക്ക് 340
കോഴിക്കോട്:സാധാരക്കാരന്റെ മൽസ്യം എന്നറിയപ്പെടുന്ന മത്തിയുടെ വില കുതിക്കുന്നു.ഒരു കിലോയ്ക്ക് 300 രൂപയാണ് ഇപ്പോഴത്തെ വില.കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ബുധനാഴ്ച 300 രൂപയായി.ഒരു കിലോ മത്തി വാങ്ങിയാല്‍ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്ബോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല.ഇതോടെ ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി. 120 രൂപമുതല്‍ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോള്‍ 280 രൂപയായി. ചെമ്ബല്ലി 260 രൂപയ്ക്കാണ് വില്‍ക്കുന്നത്.കടല്‍ക്ഷോഭം കാരണം മത്സ്യബന്ധനം തടസപ്പെടുന്നതും മത്സ്യത്തിന്റെ ലഭ്യത കുറയുന്നതുമാണ് വില കൂടാന്‍ കാരണം.കടല്‍ മീനിന്റെ വരവ് കുറഞ്ഞതോടെ വളര്‍ത്തുമീനുകള്‍ക്കും വില കൂടി.നേരത്തെ 130 രൂപയ്ക്ക് വിറ്റിരുന്ന കട്ലയുടെ വില 180 രൂപയായി.120 രൂപയുണ്ടായിരുന്ന വാളമീന്‍ കിലോയ്ക്ക് 200 രൂപയായി. തിലോപ്പിയയ്ക്ക് 200 രൂപയായി.നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്.
പെരിയ ഇരട്ടക്കൊലക്കേസ്;സർക്കാരിന് കോടതിയുടെ വിമർശനം
കൊച്ചി:പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് കോടതിയുടെ വിമർശനം.കേസിലെ രണ്ട്, മൂന്ന്, പത്ത് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി. ജാമ്യം സംബന്ധിച്ച വിവരങ്ങള്‍ ഡിജിപിയുടെ ഓഫീസ് പ്രോസിക്യൂഷനെ അറിയിക്കുന്നില്ലെന്നും കോടതി പറഞ്ഞു.ഡിജിപിയുടെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ടയുണ്ടോയെന്നും കോടതി ചോദിച്ചു.ഡി.ജി.പിയോ എ.ഡി.ജി.പിയോ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇനി അപേക്ഷ പരിഗണിക്കുന്നത് മാറ്റി വെക്കാന്‍ ആകില്ലെന്നും ഇന്ന് മൂന്ന് മണിക്ക് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേസ് നീട്ടി വയ്ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.