കൊൽക്കത്ത:പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.24 മണിക്കൂറാണ് പണിമുടക്ക്.ഇന്ന് രാവിലെ ആറുമണി മുതല്‍ ചൊവ്വാഴ‌്ച രാവിലെ ആറുമണി വരെ അടിയന്തര സേവനങ്ങള്‍ ഒഴികെ മുഴുവന്‍ വിഭാഗവും പണിമുടക്കിൽ പങ്കെടുക്കും.എമര്‍ജന്‍സി, കാഷ്വാലിറ്റി സേവനങ്ങള്‍ പതിവുപോലെ നടക്കും. ഡോക്ടര്‍മാരുടെയും മെഡിക്കല്‍മേഖലയിലെ മറ്റ‌് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രതലത്തില്‍തന്നെ നിയമം രൂപീകരിക്കണമെന്നാണ‌് ഐഎംഎയുടെ ആവശ്യം.കേരളത്തില്‍ തിങ്കളാഴ‌്ച രാവിലെ ആറുമുതല്‍ ചൊവ്വാഴ‌്ച രാവിലെ ആറുവരെ ഡോക‌്ടര്‍മാര്‍ പണിമുടക്കും. കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുവരെ ഒപി ബഹിഷ്കരിക്കും. കെജിഎസ്ഡിഎയുടെ നേതൃത്വത്തില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഒപിയില്‍നിന്നു വിട്ടുനില്‍ക്കും. അത്യാഹിതവിഭാഗങ്ങളെ ബാധിക്കില്ലെങ്കിലും സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗം നിശ്ചലമാകും.
ചെറുകുന്നിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കണ്ണൂർ:ചെറുകുന്ന് മുട്ടിൽ റോഡിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.പള്ളിക്കര സ്വദേശികളായ കെ.ടി മുഹ്‌സിൻ(18),കെ.വി ജാസിം(18)എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടം നടന്നത്.കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ജാസിം,മുഹ്സിൻ എന്നിവർ ഏറെനേരം ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന.എസ്കവേറ്റർ ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.ഉടൻതന്നെ ചെറുകുന്നില്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ റിസ്‌വാൻ,സഫ്‌വാൻ എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിയാരം മെഡിക്കൽ കോളേജി മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.സെയ്തലവി-സാഹിദ ദമ്പതിലയുടെ മകനാണ് മരിച്ച ജാസിം.അബ്ദുല്ല-നസീമ ദമ്പതികളുടെ മകനാണ് മുഹ്സിൻ.
മാവേലിക്കരയിൽ പോലീസുകാരിയെ തീകൊളുത്തി കൊന്ന സംഭവം;പ്രതി അജാസിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മകൻ
മാവേലിക്കര:മാവേലിക്കരയിൽ പോലീസുകാരിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ സൗമ്യയുടെ മകന്റെ മക്കോഴി പുറത്ത്.കൊല്ലപ്പെട്ട സൗമ്യയ്ക്ക് പ്രതി അജാസിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മകൻ പറഞ്ഞു.എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകൻ പറയുന്നത്. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്‍റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകൻ പറയുന്നു.എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അജാസിനെ കൂടുതൽ ചോദ്യം ചെയ്താലെ വ്യക്തത വരു എന്നാണ് പൊലീസ് പറയുന്നത്.ഒന്നിൽ കൂടുതൽ തവണ ഫോണിൽ തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകൻ പറയുന്നുണ്ട്.ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തിയശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.ഇവര്‍ തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.അതേസമയം കൊല്ലപ്പെട്ട സൗമ്യ പുഷ്പകരന്‍റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‍മോർട്ടം നടക്കുക.സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് 9 പേർക്ക് പരിക്ക്
കൊട്ടാരക്കര:കൊട്ടാരക്കരയ്ക്ക് സമീപം ആയൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് 9 പേർക്ക് പരിക്ക്.റെഡിമിക്‌സ് ടാങ്കര്‍ വാഹനവുമായി ബസ് കൂട്ടിയിടിച്ചതാണ് അപകട കാരണം.കിളിമാനൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.സമീപത്തെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും വന്ന റെഡിമിക്‌സ് ടാങ്കറും കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ പ്രദേശത്ത് നടന്നു വരുന്ന റോഡ് പണിക്കായി കോണ്‍ക്രീറ്റുമായി വരികയിരുന്നു റെഡിമിക്‌സ് വാഹനം.അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ വാളകത്തുള്ള മേഴ്‌സി ഹോസ്പിറ്റലിലും രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.2 പേരുടെ നില ഗുരുതരമാണ്.ഇന്നലെ ഉച്ചതിരിഞ്ഞ് 2.45 ഓടെയായിരുന്നു അപകടം.അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
സി.ഐ നവാസിനെ കൊച്ചിയിലെത്തിച്ചു; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു
കൊച്ചി:കാണാതായ സി.ഐ നവാസിനെ ഇന്നലെ വൈകിട്ടോടെ കൊച്ചിയിലെത്തിച്ചു.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സി.ഐ നവാസിനെ കൊച്ചിയിലെത്തിച്ചത്. കളമശ്ശേരി റസ്റ്റ് ഹൌസിലെത്തിച്ച സി.ഐ നവാസിനെ ഡി.സി.പി പൂങ്കുഴലി രണ്ട് മണിക്കൂറിലധികം വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.തുടര്‍ന്ന് നവാസിനെ ഏഴരയോടുകൂടി അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കി.നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് നവാസിനെ പാലക്കാട് നിന്നും എറണാകുളത്ത് എത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സി.ഐ നവാസിനെ കൊച്ചിയില്‍ നിന്ന് കാണാതായത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കോയമ്പത്തൂരിന് സമീപം കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തിയത്.
മാവേലിക്കരയില്‍ പൊലീസുകാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി കൊന്നു;പ്രതി പൊലീസുകാരന്‍
വള്ളിക്കുന്നം:മാവേലിക്കരയില്‍ പൊലീസുകാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി കൊന്നു.വള്ളിക്കുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യയാണ് കൊല്ലപ്പെട്ടത്. വള്ളിക്കുന്നം വട്ടയ്ക്കാട് സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാംപില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സൌമ്യ. കാറില്‍ പിന്തുടര്‍ന്ന അക്രമി സൌമ്യയെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തി. സ്കൂട്ടറില്‍ നിന്ന് വീണ സൌമ്യയുടെ കഴുത്തിന് വെട്ടി. മരണ വെപ്രാളത്തില്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച സൌമ്യയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്ക് സമീപത്തെ കവലയിലായിരുന്നു അക്രമം.ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസാണ് സൗമ്യയെ കൊലപ്പെടുത്തിയത്.സംഭവ സ്ഥലത്ത് വെച്ച് തന്നെ സൗമ്യ മരിച്ചു. അക്രമിക്കും സാരമായി പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.സൗമ്യയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.സൗമ്യയ്ക്ക് രണ്ട് മക്കളുണ്ട്. ഭര്‍ത്താവ് വിദേശത്താണ്.
ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു
കൊച്ചി:സംസ്ഥാന വ്യാപകമായി ഈ മാസം 18ന് നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് മാറ്റിവച്ചു.ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മോട്ടോർ വാഹന സംരക്ഷണ സമിതിയുടെ തീരുമാനം. പൊതു വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചതിനെത്തുടർന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് തൽക്കാലം നടപ്പാക്കില്ലെന്നും ആവശ്യമായ ഘട്ടത്തിൽ പൊതുമേഖല സ്ഥാപനത്തിൽനിന്ന് തവണ വ്യവസ്ഥയിൽ ഉപകരണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നതുൾപ്പെടെയുള്ള വിഷയങ്ങൾ 26ന് മന്ത്രിതല യോഗത്തിൽ ചർച്ചചെയ്ത് തീരുമാനിക്കാമെന്ന്ഉറപ്പുനൽകിയതിനെത്തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് മോട്ടോർ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ കെ.കെ ദിവാകരൻ പറഞ്ഞു.എല്ലാ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, ടാക്‌സികള്‍ പതിനഞ്ച് വര്‍ഷത്തെ ടാക്‌സ് ഒന്നിച്ചടക്കുക തുടങ്ങിയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെയായിരുന്നു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.ജൂണ്‍ മാസം ഒന്നാംതിയ്യതി മുതലാണ് പൊതുഗതാഗത വാഹനങ്ങളിലെല്ലാം ജിപിഎസ് നിർബന്ധമാക്കിയത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരാണ് ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതി പരിഹരിക്കാനുള്ള സഹായം എന്നിവ ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം നല്‍കും.മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്.കേരളത്തിലെ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുക. തീരുമാനം പിൻവലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല.മന്ത്രി ജി.സുധാകരൻ, ചീഫ് സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരനും ചർച്ചയിൽ പങ്കെടുക്കാനിടയുണ്ട്.
അടൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി
മുംബൈ:കഴിഞ്ഞ ദിവസം അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിംഗ് കോളേജിൽ നിന്നും കാണാതായ മൂന്ന് നഴ്സിംഗ് വിദ്യാർത്ഥിനികളെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നും കണ്ടെത്തി. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ രത്നഗിരിയിൽ വച്ച് റെയിൽവേ പോലീസാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.ഹോസ്റ്റലില്‍ നിന്നും മാര്‍ക്കറ്റിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാതാവുകയായിരുന്നു. മൂവരൂടേയും മൊബൈലുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇവരുടെ ഫോണ്‍ ഓണായിരുന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് ഇവരെ കണ്ടെത്താൻ സഹായിച്ചത്.ഇവരിൽ ഒരാളുടെ വീട് പൂനെയിലാണ്. മറ്റുള്ളവർ പത്തനംതിട്ട, മലപ്പുറം സ്വദേശികളാണ്.
കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വി.എസ് നവാസിനെ കണ്ടെത്തി
കൊച്ചി:കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വി.എസ് നവാസിനെ കണ്ടെത്തി.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി കോയമ്പത്തൂരിന് സമീപം കരൂരിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് റെയിൽവേ പോലീസ് നവാസിനെ കണ്ടെത്തിയത്.തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പാലക്കാട് നിന്നും കേരള പൊലീസിന്റെ ഒരു സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ നവാസിനെ കൊച്ചിയിൽ എത്തിക്കും.തുടർന്ന് നവാസിനെ കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ നവാസിനെ കാണാനില്ലെന്ന വാര്‍ത്ത പുറംലോകമറിഞ്ഞത്. നവാസിനെ കാണാനില്ലെന്ന് ഭാര്യയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നാലു സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കുകയായിരുന്നു.മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തില്‍ മനം മടുത്താണ് നവാസ് നാട് വിട്ടതെന്ന് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.