പരാതിക്ക് പിന്നിൽ ബ്ലാക്ക് മെയിലിംഗ്;യുവതിയെ തനിക്കറിയാമെന്നും ബിനോയ് കോടിയേരി

keralanews binoy kodiyeri said he knows the lady and blackmailing is behind the complaint

മുംബൈ:വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതികരണവുമായി ബിനോയ് കോടിയേരി രംഗത്ത്.പരാതിക്കാരിയായ യുവതിയെ തനിക്ക് പരിചയമുണ്ട്.എന്നാൽ ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ ബ്ലാക്ക് മെയിലിംഗ് ശ്രമമാണെന്നും ബിനോയ് പറഞ്ഞു. 6 മാസം മുന്‍പ് യുവതിയെ താന്‍ വിവാഹം ചെയ്തുവെന്ന് കാണിച്ച് തനിക്ക് നോട്ടീസ് അയച്ചിരുന്നു.5 കോടി രൂപയാണ് അന്ന് യുവതി ആവശ്യപ്പെട്ടത്. സംഭവത്തില്‍ അന്ന് കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നുവെന്നും ബിനോയ് പറഞ്ഞു.ആരോപണത്തെ നിയമപരമായി നേരിടുമെന്നും ബിനോയ് പ്രതികരിച്ചു. എട്ട് വയസുള്ള കുട്ടിയുണ്ടെന്നാണ് യുവതിയുടെ ആരോപണം. ഇത് തെളിയിക്കാന്‍ ഇന്നത്തെ കാലത്ത് ശാസ്ത്രീയമായ പല മാര്‍ഗങ്ങളുമുണ്ട്.പരാതി വ്യാജമാണെന്നും ബിനോയ് വ്യക്തമാക്കി. അതിനിടെ യുവതിക്കെതിരെ നാല് മാസം മുൻപ് ബിനോയ് പരാതി നൽകിയിരുന്നതായി കണ്ണൂര്‍ റേഞ്ച് ഐ.ജി സ്ഥിരീകരിച്ചു.പരാതി തുടര്‍ നടപടിക്കായി എസ്.പിക്ക് കൈമാറിയിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.ബിനോയ് വിവാഹവാഗ്ദാനം നല്‍കി വർഷങ്ങളോളം പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയായ ബാർ ഡാൻസറുടെ പരാതിയിൽ അന്ധേരിയിലെ ഓഷിവാര പൊലീസ് ബിനോയ് കൊടിയേരിക്കെതിരെ കേസെടുത്തിട്ടുണ്ട്.പീഡനം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

keralanews actor vinayakan to be arrested in womans complaint regarding attempt to insult modesty

വയനാട്:ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും.ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി ഫോണിൽ വിളിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും കേട്ടാൽ അറയ്ക്കുന്ന രീതിയിൽ നടൻ തന്നോട് സംസാരിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോർഡ് പൊലീസിന് മുന്നിൽ യുവതി ഹാജരാക്കിയിരുന്നു.കൽപ്പറ്റ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആർഎസ്എസ്സിന്‍റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞിരുന്നു.ഇതിനു പിന്നാലെ രൂക്ഷമായ ജാതീയ അധിക്ഷേപമാണ് വിനായകന്‍ നേരിട്ടത്. ഇതിന് വിനായകന്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ദളിത് ആക്ടിവിസ്റ്റ് തനിക്ക് വിനായകനില്‍ നിന്ന് നേരിട്ട അനുഭവം വ്യക്തമാക്കി രംഗത്തെത്തിയത്.

ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി;വിവാഹ വാഗ്​ദാനം നല്‍കി പീഡിപ്പിച്ചതായി ബീഹാര്‍ സ്വദേശിനി

keralanews woman from bihar filed rape case against binoy kodiyeri

കൊച്ചി:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ബന്ധത്തില്‍ എട്ടുവയസ്സുകാരനായ മകനുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു.ഡാന്‍സ് ബാര്‍ ജീവനക്കാരിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.33 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13-ന് ബിനോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ‘ടൈംസ് ഓഫ് ഇന്ത്യ’ യാണ് റിപ്പോര്‍ട്ട് ചെയ്തത്.ദുബൈയില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്ബോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വെച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു. ജോലി ഉപേക്ഷിച്ച തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്ലാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി.ബിനോയ് പതിവായി ദുബൈയില്‍ നിന്നും വന്നുപോയിരുന്നു.എല്ലാ മാസവും പണവും അയച്ചിരുന്നു’ യുവതിയുടെ പരാതിയില്‍ പറയുന്നു.’2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു.വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി’യെന്നും യുവതി പരാതിയില്‍ പറയുന്നു.യുവതിയുടെ പരാതിയില്‍ ഓഷിവാര പോലീസ് എഫ്‌ഐആര്‍ രജിസിറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അരിയിൽ ഷുക്കൂർ വധക്കേസ്;വിചാരണ നടപടികൾ എറണാകുളം സിബിഐ കോടതിയിലേയ്ക്ക് മാറ്റി

keralanews ariyil shukoor murder case trial proceedings shifted to ernakulam c b i court

കൊച്ചി:അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ നടപടികൾ എറണാകുളം സിബിഐ കോടതിയിലേയ്ക്ക് മാറ്റി.സിബിഐയുടെ ഹര്‍ജിയിലാണ് ഉത്തരവ്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളം സിബിഐ കോടതിയിലേയ്ക്ക് മാറ്റണമെന്ന സിബിഐയുടെ ഹര്‍ജിയിലായിരുന്നു ഇടക്കാല ഉത്തരവ്.തലശ്ശേരി സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കേസില്‍ പി ജയരാജൻ,ടിവി രാജേഷ് എന്നിവരടക്കം 34 പേരുടെ പ്രതിപ്പട്ടികയായിരുന്നു കോടതിയില്‍ സമര്‍പ്പിച്ചത്. വിചാരണ സിബിഐ കോടതിയിലേയ്ക്ക് മാറ്റുന്നതിനെ ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നേരത്തെ എതിര്‍ത്തിരുന്നു.

ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവി കോടതി സ്റ്റേ ചെയ്തു

keralanews court stayed the chairman post of jose k mani

തൊടുപുഴ:ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവി കോടതി സ്റ്റേ ചെയ്തു. തൊടുപുഴ മുന്‍സിഫ് കോടതിയാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.ജോസഫ് വിഭാഗം നല്‍കിയ ഹരജിയിലാണ് സ്റ്റേ.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹരന്‍ നടുവിലത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത്.ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ.സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കുകയും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്ത മാണി വിഭാഗത്തിന്റെ നടപടി നിയമപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും ജോസഫ് വിഭാഗം സമീപിക്കും.കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന പിജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു. യോഗത്തില്‍ 437 അംഗ സംസ്ഥാന സമിതിയിലെ 325 അംഗങ്ങളും പങ്കെടുത്തിരുന്നു.കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനാണെന്ന് കാണിച്ച് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഒരു തരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്ന നിലപാടിലായിരുന്നു പിജെ ജോസഫ്.

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

keralanews high court stayed the khader committee report

കൊച്ചി:ഹൈസ്കൂൾ-ഹയര്‍സെക്കന്‍ഡറി ഏകീകരണം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി.റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു.ലയനം ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണെന്നും ആരോപിച്ച്‌ നൽകിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.യോഗ്യത ഇല്ലാത്തവര്‍ക്കു ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പഠിപ്പിക്കാനും പ്രിന്‍സിപ്പലാകാനും അവസരമൊരുക്കുന്ന നടപടിക്കാണു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മനസിരുത്താതെ നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നും  ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കണമെന്നുമായിരുന്നു ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ.

കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി

keralanews the food minister said bottled water would be included in the essential commodity

തിരുവനന്തപുരം: കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. കുപ്പി വെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കും. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം പരാമർശിച്ചത്.ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണമില്ലാതാക്കാന്‍ സപ്ലൈകോ ഇടപെടല്‍ നടത്തിയിരുന്നു. സപ്ലൈകോയുടെ 1560 ഔട്ട്ലെറ്റുകള്‍ വഴി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുപ്പിവെള്ള നിര്‍മാണ കമ്ബനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ കുപ്പിവെള്ളമെത്തിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് സപ്ലൈകോ നടപടി സ്വീകരിച്ചത്.

ഷൊർണൂർ എംഎൽഎ പികെ ശശിയ്ക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് രാജി വച്ചു

keralanews dyfi women leader who raised sexual assault claim against p k sasi resigns

പാലക്കാട്:ഷൊർണൂർ എംഎൽഎ പികെ ശശിയ്ക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് രാജി വച്ചു.പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്വം മണ്ണാര്‍ക്കാട് ബ്ളോക്ക് സെക്രട്ടേറിയേറ്റ് അംഗം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളാണ് രാജിവെച്ചത്.ശശിക്കെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ നേതാക്കാള്‍ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുവതി പറഞ്ഞു.തന്റെ ഒപ്പം നിന്ന നേതാക്കളെ തരം താഴ്ത്തി, മാത്രമല്ല തന്നെ സമൂഹ മാദ്ധ്യമങ്ങളിലടക്കം അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തതായി വനിതാ നേതാവ് ആരോപിക്കുന്നു.വനിതാ നേതാവിനെ പരാതിയിൽ പി കെ ശശിയെ സസ്പെന്റ് ചെയ്ത പാർട്ടിയുടെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രെട്ടറിയേറ്റ് അംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നായിരുന്നു ശശിയെ സസ്പെൻഡ് ചെയ്തത്.

സൗമ്യയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി അജാസിന്റെ മൊഴി

keralanews accused ajas statement that he killed soumya because of love failure

മാവേലിക്കര:മാവേലിക്കരയിലെ പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി അജാസിന്റെ മൊഴി.സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം.സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോൾ ഒഴിച്ചു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്.ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

കണ്ണൂർ കതിരൂരിൽ സിപിഎം-ബിജെപി സംഘർഷം;ബോംബേറ്;7 പേര്‍ക്ക് പരിക്കേറ്റു

keralanews cpm bjp clash in kannur kathirur bomb attack 7 injured
കണ്ണൂർ: കതിരൂരിൽ സിപിഎം-ബിജെപി സംഘർഷം.ബോംബേറില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ക്കും 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഗൃഹപ്രവേശനം നടക്കുന്ന വീടിനു സമീപമുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.