തിരുവനന്തപുരം:വിവാഹവാഗ്ദാനം നൽകി ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. മുംബൈ പൊലീസ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി ലഭിച്ചിട്ടും ഇതുവരെ ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണത്തിനായി കേരളത്തിലെത്തിയ മുംബൈ ഓഷ് വാര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി കണ്ണൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ബിനോയ് കോടിയേരിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള തിരുവനന്തപുരത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായി സംഘം തീരുമാനിച്ചത്.ഇതിനായി കണ്ണൂരിലെത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും എത്തി.ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ മുംബൈ ഡി.സി.പിക്ക് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സംബന്ധിച്ച തീരുമാനം എടുക്കുക. ബിനോയി കോടിയേരിയെ കസ്റ്റഡിയിലെടുത്ത് നല്‍കാന്‍ കേരള പൊലീസിനോട് മുംബൈ പോലീസ് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിനോയിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു നല്‍കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണന്ന നിലപാടിലാണ് കേരള പൊലീസ്.ഇതിനിടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.ജാമ്യാപേക്ഷ ഇന്ന് തന്നെ കോടതി പരിഗണിച്ചേക്കും.
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
കണ്ണൂർ:ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.മുനിസിപ്പല്‍ സെക്രട്ടറി ഗിരീഷ്, അസി. എന്‍ജിനീയര്‍ കലേഷ്, ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇരുവടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി തദ്ദേശമന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.ഇത് ഒറ്റപ്പെട്ട സംഭവമാണ്. ആന്തൂര്‍ നഗരസഭ ഭരണ സമിതി അംഗങ്ങള്‍ ഏതെങ്കിലും തലത്തില്‍ ഇടപ്പെട്ടിട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മാത്രമല്ല പി കെ ശ്യാമളയെ വര്‍ഷങ്ങളായി അറിയാം. അവര്‍ക്കെതിരെ എന്തെങ്കിലും പരാതികള്‍ ഉള്ളതായി തനിക്കറിയില്ല . രാഷ്ടീയക്കാര്‍ ഭീഷണിപ്പെടുത്തിയെങ്കില്‍ തെളിവുകള്‍ സാജന്റെ ബന്ധുക്കള്‍ക്ക് പോലീസിന് നല്‍കാമെന്നും മന്ത്രി പറഞ്ഞു.
വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീറിനെതിരായ വധശ്രമക്കേസ്;അന്വേഷണ സംഘത്തെ മാറ്റില്ലെന്ന് കണ്ണൂർ എസ്പി
കണ്ണൂർ:വടകരയിലെ സ്വതന്ത്രസ്ഥാനാർത്ഥിയായ സിഒടി നസീറിനെതിരായ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് കണ്ണൂർ എസ്പി. കേസിൽ കുറ്റപത്രം തയ്യാറാകുന്നത് വരെ തുടരാൻ ഫോണിൽ നിർദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം മേൽ ഉദ്യോഗസ്ഥരെയും അറിയിച്ചതായും കണ്ണൂർ എസ്പി വ്യക്തമാക്കി. അന്വേഷണ സംഘത്തെ മാറ്റിയെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എസ്പിയുടെ പ്രതികരണം.എസ് പിയുമായി സംസാരിച്ച് ഉദ്യോഗസ്ഥരെ തുടരന്‍ അനുവദിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചിരുന്നു.വധശ്രമത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ കേസന്വേഷിക്കുന്ന തലശ്ശേരി സിഐ വി കെ വിശ്വംഭരനും എസ്ഐ ഹരീഷും ചുമതല നിന്ന് ഇന്ന് ഒഴിയുമെന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരുന്നത്. വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കുമാണ് മാറ്റാണ് ഒരുങ്ങിയത്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും സ്ഥലം മാറി തലശ്ശേരിയിൽ എത്തിയതെങ്കിലും വാര്‍ത്ത പ്രധാന്യം നേടിയ കേസിന്‍റെ അന്വേഷണം നടക്കുന്നതിനിടെ അതിനെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം വലിയ വിവാദവും എതിർപ്പുമുയർത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് നീലേശ്വരം സ്കൂൾ വിദ്യാർത്ഥിക്കായി അധ്യാപകൻ പരീക്ഷയെഴുതിയ കേസ്;പ്രതി കീഴടങ്ങി
കോഴിക്കോട്: കോഴിക്കോട് മുക്കം നീലേശ്വരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാർത്ഥിക്കായി അധ്യാപകന്‍ പ്ലസ്ടു പരീക്ഷ എഴുതിയ കേസിൽ ഒരാൾ കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസലാണ് കീഴടങ്ങിയത്. ഫൈസലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍.മുക്കം നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാർത്ഥികൾക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. സ്കൂളിലെ പ്ലസ്ടു സയൻസ് വിഭാഗത്തിലെ മൂന്ന് കുട്ടികളുടെ ഉത്തരക്കടലാസുകൾ പൂർണ്ണമായും മാറ്റി എഴുതുകയെന്നും പ്ലസ് വണ്ണിലെ 32 ഉത്തരക്കടലാസുകളിൽ അധ്യാപകൻ തിരുത്തൽ വരുത്തിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്.സംഭവത്തില്‍ നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ റസിയ, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെ ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐപിസി 419,420,465,468 എന്നീ വകുപ്പുകൾ ചുമത്തി മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്.കേസില്‍ മറ്റ് രണ്ട് പേരും ഒളിവിലാണ്.
അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ എഎന്‍ 32 വിമാനം തകർന്നു മരിച്ച മലയാളി ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
തിരുവനന്തപുരം:അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ എഎന്‍ 32 വിമാനം തകർന്നു മരിച്ച മലയാളി ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.രാവിലെ 7.15ന് തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിൽ എത്തിച്ച അനൂപ് കുമാറിന്റെ ഭൗതിക ശരീരം മന്ത്രി കെ രാജുവിന്‍റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയാണ് നാട്ടിൽ എത്തിച്ചത്. അഞ്ചൽ ഇടമുളക്കലിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചു. അനൂപ് കുമാർ പഠിച്ച ഏരൂർ ഹൈസ്ക്കൂളിലും വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപ്പറൽ എൻ കെ ഷരിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിലാണ് എത്തിച്ചു. ഷരിൻ പഠിച്ച അഞ്ചരക്കണ്ടി വിശ്വവിനോദിനി എൽ പി സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.തൃശൂര്‍ സ്വദേശി വിനോദ് കുമാറിന്‍റെ മൃതദേഹം നിലവിലെ താമസസ്ഥലമായ കോയമ്പത്തൂരിലെ സിങ്കാനെല്ലൂരിലാണ് എത്തിച്ചത്.വിമാനാപകടത്തില്‍ മരിച്ച വ്യോമസേന സൈനികര്‍ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആദരവര്‍പ്പിച്ചു. ഡല്‍ഹിയിലെ പാലം വ്യോമസേന വിമാനത്താവളത്തിലാണ് പ്രതിരോധമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഈ മാസം ജൂണ്‍ 3നാണ് വ്യോമസേന വിമാനം അപകടത്തില്‍പെട്ടത്. അപകടം സംബന്ധിച്ചുള്ള വ്യോമസേന അന്വേഷണം തുടരുകയാണ്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സിന്‍റെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
പ്രവാസിയുടെ മരണം;ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സി.പി.എം
കണ്ണൂർ:പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സി.പി.എം.സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേതൃത്വം ആവശ്യപ്പെട്ടിട്ടും ശ്യാമള കണ്‍വെന്‍ഷന്‍ സെന്ററിനുള്ള അനുമതി വൈകിപ്പിച്ചുവെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എമ്മിന്റെ ജില്ലാ നേതൃയോഗം ഉടന്‍ ചേര്‍ന്നേക്കും.ഇന്നലെ സാജന്റെ വീട്ടിലെത്തിയ ജില്ലാ സെക്രട്ടറി എം.വിജയരാജനടക്കമുളള നേതാക്കളോട് രണ്ട് കാര്യങ്ങളാണ് സാജന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഒന്ന് അടിയന്തരമായി ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കുക,രണ്ട് പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കുക.രണ്ട് കാര്യങ്ങളിലും അനുകൂല നിലപാടെടുക്കുമെന്ന ഉറപ്പ് നേതാക്കള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അനുഭാവി കൂടിയായ സാജന്‍ നേരത്തെ സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു.എന്നാല്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും അനുമതി വൈകിപ്പിക്കുകയാണ് പി.കെ ശ്യാമള ചെയ്തത്. ഇക്കാര്യവും പാര്‍ട്ടി ഗൌരവത്തോടെയാണ് കാണുന്നത്.
ബിനോയ് കോടിയേരി യുവതിയുമായി മുംബൈയില്‍ ഒരുമിച്ച് താമസിച്ചതിന് തെളിവുണ്ടെന്ന് പോലീസ്; യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതില്‍ തെളിവുണ്ടെന്ന് പോലീസ്. ബിനോയ് കോടിയേരിയും ലൈംഗികാരോപണം ഉന്നയിച്ച യുവതിയും മുംബൈയില്‍ ഒരുമിച്ച് താമസിച്ചതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചു. ഹോട്ടലുകളിലും, ഫ്‌ലാറ്റിലുമാണ് ഇവര്‍ ഒരുമിച്ച് താമസിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കണ്ണൂരിലെത്തിയത്. എന്നാല്‍ ബിനോയിയെ കണ്ടെത്താനായില്ല. ബിനോയ് ഒളിവിലാണെന്നാണ് പോലീസ് നിഗമനം. ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരിക്ക് മുംബൈ പോലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഒളിവില്‍ പോയതായി സൂചന ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്.കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേരളത്തിലെത്തിയത്. രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷം സ്ഥലത്തുണ്ടെങ്കിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്.വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്.അതേ സമയം പോലീസ് യുവതിയെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തു. യുവതി പോലീസിന് നല്‍കിയ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പോലീസ് അവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞത്.
ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു
വയനാട്:ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. വിനായകൻ കൽപ്പറ്റ സ്റ്റേഷനിൽ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.അന്വേഷണസംഘം വിനായകന്റെ മൊഴി രേഖപ്പെടുത്തി.വിനായകന്‍ ഫോണിലുടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് ദളിത് ആക്ടിവിസ്റ്റായ യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ് യുവതി ആരോപിക്കുന്നത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ ഫേസ്ബുക്ക് കുറപ്പില്‍ പറയുന്നു.അതെ സമയം തന്നോട് അപമര്യാദയായി ഒരാള്‍ സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് നടന്‍ വിനായകന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. വിനായകനും യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക് പരിശോധനയും നടന്നുവരികയാണ്.
ഇന്ത്യൻ എയർഫോഴ്സ് വിമാനം തകർന്നു വീണ് മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
ന്യൂഡൽഹി:അരുണാചൽ പ്രദേശിൽ ഇന്ത്യൻ എയർഫോർസിന്റെ വിമാനം തകർന്നു വീണ് മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.ആറുപേരുടെ മൃതദേഹങ്ങളും ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളുമാണ് കണ്ടെടുത്തതെന്ന് വ്യോമസേനാവൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു.അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് അടുത്ത് ആണ് വ്യോമസേന വിമാനം എ.എന്‍ 32 തകര്‍ന്ന് വീണത്.ജൂണ്‍ 3 ന് കാണാതായ വിമാനം എട്ടാം ദിവസം കണ്ടെത്തിയിരുന്നുവെങ്കിലും പ്രതികൂലമായ കാലാവസ്ഥ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിന് തടസ്സമായിരുന്നു. മൂന്ന് മലയാളികള്‍ അടക്കം വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരുടെയും മൃതദേഹങ്ങളാണ് പതിനേഴ് ദിവസത്തിന് ശേഷം പൂര്‍ണ്ണമായി കണ്ടെടുക്കാനായത്.കണ്ടെടുത്ത മൃതദേഹങ്ങള്‍ അസമിലെ ജോര്‍ഹട്ടില്‍ എത്തിക്കും. മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെയാകും നാട്ടിലെത്തിക്കുക.തിരുവനന്തപുരം സ്വദേശി എസ്.അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ് കുമാര്‍, കണ്ണൂര്‍ സ്വദേശി എന്‍ കെ ഷെരിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന ഉദ്യോഗസ്ഥര്‍.അതേസമയം കണ്ടെടുത്ത വ്യോമസേന വിമാനത്തിന്‍റെ കോക്പിറ്റിലെ ശബ്ദരേഖയും ഡാറ്റ റെക്കോര്‍ഡിങും അടങ്ങിയ ബ്ലാക്ക് ബോക്സിന്‍റെ പരിശോധനയും നടക്കുകയാണ്.ഇത് വിശദമായി പരിശോധിച്ചാല്‍ മാത്രമേ അപകടകാരണം സംബന്ധിച്ച വ്യക്തത വരികയുള്ളു.
ഐഎസ് ഭീകരർ കേരളത്തിലേക്ക് കടന്നതായി സൂചന;കൊച്ചിയിൽ ഭീകരാക്രമണത്തിന് സാധ്യത
കൊച്ചി:ശ്രീലങ്കയില്‍ നിന്ന് മാല ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.കൊച്ചിയിലെ ഷോപ്പിംഗ് മാളുകൾ,പ്രധാനപ്പെട്ട മറ്റ് സ്ഥലമാണ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായും സൂചനയുണ്ട്.ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.ഐഎസുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് ഇന്റലിജൻസ് പൊലീസിന് കൈമാറിയിരിക്കുന്നത്.ഇതിലൊന്നിലാണ് കൊച്ചിയിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളം ഉൾപ്പെടെയുള്ള കൊച്ചിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.