കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ടമെന്റിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. ദിലീപ് അടക്കമുള്ള പ്രതികള്‍ ഇവിടുത്തെ ഫ്ളാറ്റില്‍ വെച്ചും ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്.അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹർജിയും ഹൈക്കോടതി പരിഗണിക്കുകയാണ്. കൂടാതെ, ദിലീപിന്റെയും ഒപ്പമുള്ളവരുടേയും മൊബൈൽ ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ചും ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും.ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. അന്വേഷണം സംഘം ആവശ്യപ്പെട്ട ഫോണുകൾ മുഴുവൻ ദിലീപ് ഹാജരാക്കിയില്ല. ഇത് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെതിന്റെ തെളിവാണ്. അതിനാൽ വിശദമായ അന്വേഷണത്തിന് ദിലീപിനെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ജാമ്യം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടോ എന്നത് നിർണ്ണായകമെന്ന് ദിലീപിനോട് കോടതി പറഞ്ഞു.
ആലപ്പുഴ താമരക്കുളത്ത് അമ്മയേയും രണ്ട് പെൺമക്കളെയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ആലപ്പുഴ: താമരക്കുളത്ത് അമ്മയേയും രണ്ട് പെൺമക്കളെയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.കിഴക്കേമുറി കലാഭവനത്തില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ പ്രസന്ന(52), മക്കളായ കല(33),മിന്നു(32) എന്നിവരാണ് മരിച്ചത്.വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.പ്രസന്നയുടെ മക്കള്‍ക്ക് മാനസിക വൈകല്യമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസ്;മൊബൈല്‍ ഫോൺ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്നതില്‍ ഹൈക്കോടതി തീരുമാനം ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും ഒപ്പമുള്ളവരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനം ഇന്ന്.ഏത് ഫോറൻസിക് ലാബിലേയ്‌ക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി ഇന്ന് നിർദ്ദേശം നൽകും. ഉച്ചയ്‌ക്ക് 1.45നാണ് ഉപഹർജി പരിഗണിക്കുന്നത്. തന്റെ വീട്ടിൽ നിന്നും എടുത്ത എല്ലാ ഗാഡ്‌ജേറ്റുകളും പോലീസിന്റെ പക്കൽ ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. ഫോണുകളിൽ കൃത്രിമമായി എന്തെങ്കിലും കൂട്ടിച്ചേർക്കാനുള്ള സാധ്യതയും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈൽ ഫോണുകളിൽ ആറെണ്ണം ദിലീപ് കൈമാറിയിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോൺ താൻ ഉപയോഗിക്കുന്നതല്ലെന്ന് ദിലീപ് അറിയിച്ചു.2021ല്‍ വാങ്ങിയ ഈ ഐ ഫോണ്‍ 13 പ്രോ താനിപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇത് ഹാജരാക്കാന്‍ കഴിയില്ലെന്നും ദിലീപ് കോടതിയില്‍ ഉപഹര്‍ജി നല്‍കുകയായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.കൂടാതെ, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ഹർജി ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 4ന് വീണ്ടും പരിഗണിക്കും.
കണ്ണൂർ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ട് പേര്‍ പിടിയിൽ
കണ്ണൂർ: ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു.സൂഫി മക്കാനി ഹോട്ടലുടമ ജസീറാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഹോട്ടല്‍ അടച്ചതിന് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയാണ് കൊലപാതകം നടന്നത്. കാര്‍ രണ്ട് പേര്‍ തടഞ്ഞു നിര്‍ത്തിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും, ജംഷീറിന് കുത്തേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് കാരണം എന്താണെന്നുള്ളത് ഇപ്പോഴും പൂര്‍ണ്ണമായും വ്യക്തമായിട്ടില്ല. ആസൂത്രിത കൊലപാതകം അല്ലെന്നാണ് പോലീസിന്റെ നിരീക്ഷണം. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു;വാവ സുരേഷ് ഗുരുതരാവസ്ഥയില്‍
കോട്ടയം: ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയില്‍. കോട്ടയം കുറിച്ചി നീലംപേരൂര്‍ വെച്ചായിരുന്നു പാമ്പിന്റെ കടിയേറ്റത്.ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നില ഗുരുതരമായതിനാൽ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലേക്കാണ് മാറ്റുക. എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. ഒരു കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതിനെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ വാവ സുരേഷിനെ വിളിച്ച് വരുത്തിയത്. പാമ്പിനെ പിടികൂടി ചാക്കില്‍ ഇടന്നതിനിടെയാണ് മൂര്‍ഖന്‍ കറങ്ങിവന്ന് തുടയില്‍ കടിക്കുകയായിരുന്നു.
കൊറോണ വ്യാപനം;സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റമില്ല;ഞായറാഴ്ച ലോക്ക്ഡൗൺ തുടരും
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം.ഇന്ന് ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഞായറാഴ്ച നടപ്പിലാക്കുന്ന ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ തുടരാനും യോഗത്തിൽ തീരുമാനമായി. ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കും മാറ്റമുണ്ടാകില്ല.നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനമാണ് ഉണ്ടായതെന്നും കൂടുതൽ കർശനമാക്കാൻ അധിക നിയന്ത്രണങ്ങൾ സർക്കാർ മുന്നോട്ട് വെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആരോഗ്യവകുപ്പ് മുന്നോട്ട് വെച്ച നിർദേശങ്ങൾ അവലോകന യോഗം പ്രധാനമായി പരിഗണിച്ചുവെന്നാണ് വിവരം.ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ തുടരും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈൻ പഠന രീതിയിൽ മുന്നോട്ടുപോകും. വരും ദിവസങ്ങളിലെ കൊറോണ കേസുകളുടെ സാഹചര്യം പരിഗണിച്ച് അടുത്ത അവലോകന യോഗം നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് ഇന്ന് 42,154 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടിപിആർ 42.40 ശതമാനം; 38,458 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,154 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂർ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂർ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസർഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 42.40 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 638 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 54,395 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 174 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,406 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3234 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 340 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,458 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 6827, കൊല്ലം 2353, പത്തനംതിട്ട 2244, ആലപ്പുഴ 1541, കോട്ടയം 1099, ഇടുക്കി 1317, എറണാകുളം 7632, തൃശൂർ 4538, പാലക്കാട് 2121, മലപ്പുറം 2165, കോഴിക്കോട് 2805, വയനാട് 927, കണ്ണൂർ 1260, കാസർഗോഡ് 1629 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,57,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കണ്ണൂർ പയ്യന്നൂരിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ
കണ്ണൂർ:പയ്യന്നൂരിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ. ചിറ്റാരിക്കൊവ്വലിലെ പി അബ്ഷാദ്, പെരുമ്പയിലെ അബ്ദുൾ മുഹൈമിൻ എന്നിവരാണ് പിടിയിലായത്. പയ്യന്നൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖിനു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.540 ഗ്രാം മെത്താഫിറ്റമിൻ പ്രതികളിൽ നിന്നും പിടിച്ചെടുത്തു.പ്രതികളെ അറസ്റ്റ് ചെയ്ത് പയ്യന്നൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്തു.
ആറളം ഫാമിൽ ചെത്തുതൊഴിലാളിയായ യുവാവിനെ ആന ചവിട്ടിക്കൊന്നു
കണ്ണൂർ:ആറളം ഫാമിൽ ചെത്തുതൊഴിലാളിയായ യുവാവിനെ ആന ചവിട്ടിക്കൊന്നു.മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷ് ആണ് ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ കള്ള് ചെത്താൻ എത്തിയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഒന്നാം ബ്ലോക്കിലാണ് സംഭവം. ഫാമിലെ കള്ള് ചെത്ത് തൊഴിലാളി ആണ് റിജേഷ്.അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.ഡിഎഫ്ഒ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരെ തടഞ്ഞുവെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ഇവരെ അനുനയിപ്പിക്കാനായി മുൻ മന്ത്രി കെ.കെ.ശൈലജ സ്ഥലത്തെത്തി ചർച്ച നടത്തുകയാണ്.അഞ്ച് കൊല്ലത്തിനിടെ പ്രദേശത്ത് കാട്ടാന ചവിട്ടിക്കൊന്നത് 11 പേരെയാണ്. ഇവിടെ ആനമതിൽ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ പല തവണ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടുകയാണ്. മാത്രമല്ല, മരിച്ച കള്ള് ചെത്ത് തൊഴിലാളിയുടെ മൃതദേഹം വിട്ട് താരാനാകില്ലെന്ന് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞു. തുടർന്ന് ബന്ധുക്കളും, നാട്ടുകാരും ഇടപെട്ടാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാട്ടുകാർ രോഷാകുലരായത്.
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം; സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്ന് ചാനൽ അധികൃതർ
കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം.ഫേസ്‌ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെയാണ് ചാനല്‍ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തല്‍ക്കാലം സംപ്രേഷണം നിര്‍ത്തുന്നുവെന്നും മീഡിയാവണ്‍ എഡിറ്റർ പ്രമോദ് രാമൻ വ്യക്തമാക്കി. നേരത്തെ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് 2020 മാര്‍ച്ച് 6 ന് അര്‍ധരാത്രിയാണ് സംപ്രേഷണം തടഞ്ഞത്.വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഈ ചാനലുകള്‍ വീഴ്ച വരുത്തിയെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.