പീഡനക്കേസ്;ബിനോയ് കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

keralanews mumbai sessions court will consider the anticipatory bail application of binoy kodiyeri today

മുംബൈ: യുവതിയുടെ പീഡന പരാതിയിൽ അറസ്റ്റ് തടയാൻ ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് ഹർജി പരിഗണിക്കുക.കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. 2009 മുതൽ 2015 വരെ ബിനോയ്ക്കൊപ്പം ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചെന്ന് യുവതി പറയുമ്പോൾ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനിൽക്കുക എന്നാണ് പ്രതിഭാഗം അഭിഭാഷകൻ അശോക് ഗുപ്ത വാദിച്ചത്. അതേസമയം വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.കോടതി ഉത്തരവിന് ശേഷമാകും കേസിൽ തുടർ നടപടി സ്വീകരിക്കുക എന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്. ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരെ പരാതിക്കാരിയുടെ കുടുംബം കൂടുതൽ രേഖകൾ പുറത്തുവിട്ടിട്ടുണ്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകളാണ് കുടുംബം പുറത്തുവിട്ടത്. ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് നാല് ലക്ഷം, ഒരുലക്ഷം, അമ്പതിനായിരം എന്നിങ്ങനെ പലതവണകളായി ബിനോയ് പണം അയച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാസ്പോർട്ടിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.

ബിനോയ് കൊടിയേരിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം;2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചതിന് പിന്നാലെ അനുരജ്ഞന ചര്‍ച്ചകള്‍ക്കായി ബിനോയി കോടിയേരിയുടെ അമ്മ മുംബൈയിലെത്തി

keralanews tha family of lady with more revealation about binoy kodiyeri and binoys mother reached mumbai for compromise talk

മുംബൈ: ബിനോയി കോടിയേരിക്കെതിരായ പീഡന ആരോപണത്തില്‍ കോടിയേരി കുടുംബത്തെ വെട്ടിലാക്കി ബിഹാറി യുവതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസ് അയച്ചിതിന് പിന്നാലെ ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി യുവതിയുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നാണ് യുവതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.ബിനോയിയും അമ്മയ്‌ക്കൊപ്പം എത്തിയിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. പിന്നീടും വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ഒത്തുതീര്‍പ്പിന്ശ്രമിച്ചിരുന്നുവെന്നും പലപ്പോഴും ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.സഹായം ചോദിച്ച്‌ കോടിയേരിയോടും വിനോദിനിയോടും പലവട്ടം സംസാരിച്ചു.വിവാഹവാഗ്ദാനം നല്‍കി ബിനോയി വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും വ്യക്തമായി ചൂണ്ടിക്കാട്ടി.സുഹൃത്തുക്കളേക്കൊണ്ടും സംസാരിപ്പിച്ചു. പക്ഷേ ഫലമുണ്ടായില്ല. ‘നിങ്ങള്‍ എന്തുവേണമെങ്കിലും ആയിക്കോളൂ’ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിലപാടെന്നും യുവതിയും കുടുംബവും വെളിപ്പെടുത്തി.പരാതിക്കാരിയേയും തങ്ങളേയും ബിനോയ് നിരന്തം ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ ശബ്ദ രേഖ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. ബിനോയ്യുടെ അറസ്റ്റിന് ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും യുവതിയുടെ കുടുംബം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി

keralanews presence of nipah virus found in bats in kerala
ന്യൂഡൽഹി:കേരളത്തിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. കേരളത്തിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ 36 സാമ്പിളുകളിൽ 16 സാമ്പിളുകളിലും നിപ വൈറസ് കണ്ടെത്തി.കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധൻ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിലെ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. കേരളത്തിൽ തുടര്‍ച്ചയായി രണ്ട് വര്‍ഷം മനുഷ്യരിലേയ്ക്ക് പകര്‍ന്ന വൈറസിന്‍റെ ഉറവിടം ഏതെന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതാണ് പരിശോധനാഫലം.കേരളം ഉള്‍പ്പെടുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സുലഭമായി കാണുന്ന പഴന്തീനി വവ്വാലുകളാണ് നിപ വൈറസുകളുടെ സ്വാഭാവിക വാസസ്ഥലമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വൈറസ് വവ്വാലുകളിൽ നിന്ന് നേരിട്ട് മനുഷ്യരിലേയ്ക്കോ വവ്വാലുകളിൽ നിന്ന് മറ്റു മൃഗങ്ങളിലേയ്ക്ക് പടര്‍ന്ന ശേഷം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്കോ പകരാം. വവ്വാൽ പാതി ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയോ വൈറസ് ബാധയേൽക്കാം.2018 ല്‍ നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ പത്തെണ്ണത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. 2018 ല്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി 19 കേസുകളും 17 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റു

keralanews actor tovino thomas injured while shooting stunt scene

കോഴിക്കോട്:സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റു.എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്. ചിത്രത്തിന്‍റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.പരിക്കേറ്റ ഉടനെ തന്നെ ടൊവീനോയ്ക്ക് വൈദ്യസഹായം എത്തിച്ചെന്നും ആശങ്കപ്പെടാനില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.നാല് വശത്തും തീ ഉപയോഗിച്ചുള്ള രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും ടൊവീനോ അതിന് സമ്മതിച്ചില്ല.ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും  രംഗം പൂര്‍ത്തിയാക്കാന്‍ ടൊവീനോയ്ക്കായില്ല. തുടര്‍ന്ന് വീണ്ടും ടൊവീനോ അഭിനയിക്കാന്‍ തയ്യാറായി. സംഘട്ടന രംഗം ഷൂട്ട് ചെയ്ത് പൂര്‍ത്തിയായതിന് ശേഷമാണ് താരം പിന്‍വാങ്ങിയത്. ഇതിനിടെ ശരീരത്തില്‍ തീ പടരുകയായിരുന്നു,

സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിനെത്തിച്ച മരുന്നിൽ കുപ്പിച്ചില്ല് കണ്ടെത്തി

keralanews broken glass pieces found in medicine bottle which brought to distribute in govt hospitals

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യുമോണിയ, മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കുത്തി വയ്ക്കുന്ന ആന്റിബയോട്ടിക്കില്‍ കുപ്പിച്ചില്ല് കണ്ടെത്തി. വിതരണം ചെയ്യാനായി കൊണ്ടു വന്ന മരുന്ന് കുപ്പിയിലാണ് ചില്ല് കണ്ടെത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രി, വയനാട് നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഈ മരുന്ന് വിതരണത്തിനായ് എത്തിച്ചിരുന്നു.കുത്തിവയ്ക്കുന്നതിനു മുൻപ് മരുന്നു കുപ്പിയില്‍ എന്തോ കിലുങ്ങുന്നത് കേട്ട് നടത്തിയ പരിശോധനയിലാണ് ചില്ല് കണ്ടെത്തിയത്.ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ മരുന്നു വിതരണം ചെയ്ത കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.സെഫോട്ടെക്‌സൈം എന്ന മരുന്ന് ഉപയോഗിക്കരുതെന്ന് കോര്‍പറേഷന്‍ എല്ലാ ആശുപത്രികള്‍ക്കും മുന്നറിയിപ്പു നല്‍കി.

എറണാകുളത്ത് യുവാവിനെ അയൽവാസിയുടെ ടെറസിനു മുകളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

keralanews youth was found shot dead on the roof of his neighbors terrace in ernakulam

കൊച്ചി:എറണാകുളം പോത്താനിക്കാട് യുവാവിനെ അയൽവാസിയുടെ ടെറസിനു മുകളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളാണ് മരിച്ചത്.അയല്‍വാസിയായ കാക്കൂച്ചിറ സജീവന്‍റെ വീടിന്‍റെ ടെറസിലാണ് ഇന്ന് രാവിലെ പ്രസാദ് മരിച്ചു കിടക്കുന്നത് കാരണപ്പെട്ടത്. പ്രസാദിന്‍റെ മൃതശരീരത്തിന് അടുത്ത് നിന്ന് ഒരു എയര്‍ഗണും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ എയര്‍ഗണ്‍ തകര്‍ന്ന നിലയിലാണ്. മരിച്ച പ്രസാദിന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ്.കൊല്ലപ്പെട്ട പ്രസാദ് സജീവന്‍റെ വീട്ടുജോലിക്കാരനാണെന്നാണ് വിവരം. സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലിസിനായിട്ടില്ല.

കോടിയേരി ബാലകൃഷ്ണൻ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി;രാജി സന്നദ്ധത അറിയിച്ചതായി സൂചന

keralanews kodiyeri met with pinarayi vijayan and ready to resign

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താൻ രാജിവെയ്ക്കാൻ തയ്യാറാണെന്ന് കോടിയേരി അറിയിച്ചതായാണ് സൂചന.എകെജി സെന്ററില്‍ നടന്ന പിണറായി-കോടിയേരി കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി തന്റെ നിലപാട് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ശാന്തിഗരി ആശ്രമത്തില്‍ ആയുര്‍വേദ ചികിത്സയിലായിരുന്ന കോടിയേരി ശനിയാഴ്ച രാവിലെയാണ് എകെജി സെന്‍ററിലെത്തിയത്. ‌എന്നാല്‍ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും നാളേയും മറ്റേന്നാളും ചേരുന്ന സംസ്ഥാന സമതിയിലും ബിനോയ് വിഷയം ചര്‍ച്ചയ്ക്ക് വന്നേക്കും.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർക്ക് പരിക്ക്

keralanews 50passengers injured when ksrtc buses collided in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം രണ്ടു കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച്‌ അന്‍പതോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം.തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സും കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് സൂചന.അപകടം നടന്ന ഉടനെതന്നെ നാട്ടുകാരും വഴിപോക്കരും വട്ടപ്പാറ പൊലീസും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപതിയിലെത്തിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന; മൊബൈല്‍ ഫോണുകളും കഞ്ചാവും മദ്യകുപ്പികളും പിടിച്ചെടുത്തു

keralanews raid in kannur central jail mobile phones sim cards liquor bottles and ganja seized

കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ ഡി.ജി.പി. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈല്‍ ഫോണുകളും കഞ്ചാവും മദ്യകുപ്പികളും പിടിച്ചെടുത്തു. ഐ.ജി അശോക് യാദവ്, കണ്ണൂര്‍ എസ് പി എന്നിവര്‍ സിംഗിന് ഒപ്പം ഉണ്ടായിരുന്നു.പുലര്‍ച്ചെ നാല് മണിക്ക് അപ്രതീക്ഷിതമായി ജയിലില്‍ എത്തി ഋഷിരാജ് സിംഗ് റെയ്ഡ് നടത്തുകയായിരുന്നു. റെയ്‌ഡില്‍ പിടിച്ചെടുത്ത സാധനങ്ങളുടെ എണ്ണവും മറ്റും ചിട്ടപ്പെടുത്തിയ ശേഷം ഇതിന്റെ കണക്കുകള്‍ ഡി.ജി.പി പുറത്ത് വിടും. ജയിലിനുള്ളില്‍ ഇത്തരത്തില്‍ അനധികൃതമായി വിവിധ സംഭവങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ തന്നെ ഋഷിരാജ് സിംഗിന് വിവരം ലഭിച്ചിരുന്നു. അതിനാലാണ് ഉടന്‍ തന്നെ റെയ്ഡ് നടത്തിയത്.തടവുകാര്‍ പിരിവിട്ട് ഇവിടെ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയിലില്‍ റെയ്ഡ് നടത്തിയത്.റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.റൈയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച്‌ തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.

കൊയിലാണ്ടി കീഴ്പ്പയൂര്‍ എൽ പി സ്കൂളിൽ ഭക്ഷ്യ വിഷബാധ;20 കുട്ടികൾ ആശുപത്രിയിൽ

keralanews food poison in kezhpayur l p school koyilandi 20 students admitted in hospital

കോഴിക്കോട്:കൊയിലാണ്ടി കീഴ്പ്പയൂര്‍ വെസ്റ്റ് എൽ പി  സ്കൂളിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.ഇതില്‍ 16 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീടാണ് ഇതേ കാരണത്താല്‍ കൂടുതല്‍ കുട്ടികള്‍ ഇന്ന് സ്‌കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നാവും വിഷബാധയുണ്ടായതെന്ന നിഗമനത്തിലേക്ക് എത്തിയത്.